തൃശൂർ പൂരം കളറാക്കാൻ 'പൂത്തിരി' എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. മയക്ക് മരുന്ന് നേരിട്ട് തൃശൂരിലേക്ക് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ 'പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകും.

തൃശൂർ: തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസിന്‍റെ പിടിയിലായി. കുന്നംകുളം കൊട്ടോൽ ദേശത്ത് പൊന്നനേംകാട് വീട്ടിൽ ഹസൻ മകൻ ഹബീബ് എന്നയാളെയാണ് തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കയ്യിൽ നിന്നും 2.5 കിലോ ഹാഷിഷ് ഓയിലും, 200 ഗ്രാം കഞ്ചാവും പരിശോധവയിൽ കണ്ടെടുത്തു. വിപണിയിൽ 2.5 കോടി വില മതിക്കുന്ന ലഹരിമരുന്നാണ് എക്‌സൈസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാൽ വണ്ടിയിൽ ആണ് ഹബീബ് ഹാഷിഷ് ഓയിൽ കടത്തിയിരുന്നത്. തൃശൂർ പൂരം കളറാക്കാൻ 'പൂത്തിരി' എന്ന പ്രത്യേക കോഡിൽ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ലഹരി വിൽപ്പന. സമൂഹമാധ്യമങ്ങളിലൂടെ "പൂത്തിരി " എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്നാ മയക്ക് മരുന്ന് നേരിട്ട് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ' പൂത്തിരി ഓണായിട്ടുണ്ട് " എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും.

 ഓൺലൈനായി പണം സ്വീകരിച്ച ശേഷം മയക്ക് മരുന്ന് പ്രത്യേക രീതിയിൽ വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞ് സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ച ശേഷം അതിൻ്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുന്നതായിരുന്നു ചില്ലറ വിൽപ്പനയുടെ രീതി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സിജോ വർഗീസിനെ കൂടാതെ അസി. എസ്കൈസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ രാജു എൻആ‍ർ, രഞ്ജിത്ത്‌ ടിജെ, സുധീർ കുമാർ, സിജോമോൻ പിബി, നിതിൻ മാധവൻ, റെനിൽ രാജൻ, സിഇഒ മാരായ അനൂപ് ദാസ്, ധനുസ് ചന്ദ്രൻ , വുമൻ സിവിൽ എക്സൈസ് ഓഫീസർ സിജ എൻ കെ എന്നിവർ ഉണ്ടായിരുന്നു.