പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മരക്കടവ് സ്വദേശിയായ റാഫി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം: കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി (33) ആണ് മരിച്ചത്. അപകടത്തില്‍ വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും പരിക്കേറ്റു. മുഹമ്മദ് കുട്ടി, അശ്റഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ടോടെയാണ് റാഫി ഉള്‍പ്പെടെ നാലു പേര്‍ 'മസ്ജിദു നബവി' എന്ന ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിനായി പൊന്നാനി ഹാര്‍ബറിന് സമീപം കടലിലേക്ക് പുറപ്പെട്ടത്. രാത്രിയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടാവുകയും വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ഏല്‍ക്കുകയുമായിരുന്നു. റാഫിക്കും മറ്റ് രണ്ടു പേര്‍ക്കുമാണ് മിന്നലേറ്റ് പരിക്കേറ്റത്.

അപകടം നടന്നയുടന്‍ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ റാഫിയെയും പരിക്കേറ്റ മറ്റുള്ളവരെയും കരയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഗുരുതരമായി പരിക്കേറ്റ റാഫിയെ ഉടന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ചികിത്സ തുടരുകയാണ്. മത്സ്യബന്ധനത്തിനിടെ അപ്രതീക്ഷിതമായി ഉണ്ടായ ഇടിമിന്നല്‍ അപകടം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ ആശങ്കയും ദുഃഖവും സൃഷ്ടിച്ചു. ഉപജീവനത്തിനായി കടലിലേക്ക് പോയ തൊഴിലാളികള്‍ക്ക് നേരിട്ട ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: പാത്തുട്ടി. സഹോദരങ്ങള്‍: കോയ (കബഡി കോയ), സാദിഖ്, സീനത്ത്, മുംതാസ്, ജമീല.