ശക്തമായ ഒഴുക്കും  ചുഴിയും ഉള്ള ഭാഗമാണിത്. സുരേഷ് ഇറങ്ങിയ ഭാഗത്ത് നിന്നും ഏകദേശം 50 മീറ്റര്‍ മാറി പൊങ്ങുന്നത് കണ്ടവരുണ്ട് . തമാശ കാണിക്കുകയാണെന്നാണ് കണ്ടു നിന്നവര്‍ കരുതിയത്.

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂരില്‍ വരട്ടാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. നന്നാട് മാങ്ങത്തറയില്‍ എം കെ കൃഷ്ണന്‍കുട്ടിയുടേയും ചന്ദ്രമതിയമ്മയുടേയും മകന്‍ കെ എം സുരേഷ് (39) നെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 1.25 ഓടെയാണ് സുരേഷ് നന്നാട് തെക്കുംമുറിയില്‍ പാലത്തിനു സമീപം കുളിക്കാനിറങ്ങിയത്. 

ശക്തമായ ഒഴുക്കും ചുഴിയും ഉള്ള ഭാഗമാണിത്. സുരേഷ് ഇറങ്ങിയ ഭാഗത്ത് നിന്നും ഏകദേശം 50 മീറ്റര്‍ മാറി പൊങ്ങുന്നത് കണ്ടവരുണ്ട് .തമാശ കാണിക്കുകയാണെന്നാണ് കണ്ടു നിന്നവര്‍ കരുതിയത്. വീണ്ടും മുങ്ങിത്താഴുന്നത് കണ്ട് ഉടന്‍ തന്നെ ചെങ്ങന്നൂര്‍ പോലീസിലും തുടര്‍ന്ന് ഫയര്‍ഫോഴ്‌സിലും നാട്ടുകാര്‍ വിവരം അറിയിച്ചു.

ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയില്‍ നിന്നും ഫയർഫോഴ്സ് യൂണിറ്റുകളെത്തി. ഇവർക്കൊപ്പം പോലീസും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തി. പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തെരച്ചില്‍ രാത്രി 7 മണി വരെ തുടര്‍ന്നുവെങ്കിലും ഫലം കണ്ടില്ല. ശക്തമായ ഒഴുക്കും ആഴവും വെളിച്ചമില്ലായ്മയും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ഇന്ന് നിർത്തി വച്ച തിരച്ചിൽ നാളെ രാവിലെ വീണ്ടും തെരച്ചില്‍ തുടരുമെന്ന് ഫയര്‍ ആന്റ് റിസ്‌ക്യൂ ടീം അറിയിച്ചു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഇവിടെ അന്യസംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്ന് കുളിക്കാറുണ്ടായിരുന്നു.