മങ്കൊമ്പിൽ സിവിൽ സപ്ലൈസിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് വീണ് കൈനകരി സ്വദേശിയായ ശ്യാംലാൽ (32) മരിച്ചു. എൻജിൻ തകരാറിലായ വള്ളം കഴുക്കോൽ ഉപയോഗിച്ച് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം 

മങ്കൊമ്പ്: സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് നാലാം വാർഡിൽ പ്രശാന്ത് ഭവനിൽ പ്രഹ്ളാദന്റെയും തങ്കമണിയുടെയും മകൻ പി ശ്യാംലാൽ (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മങ്കൊമ്പ് അറുപതിൻചിറ ജെട്ടിക്കു സമീപമായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കിടങ്ങറ ഓഡേറ്റി തെക്കു പാടത്തു നിന്നു നെല്ല് ശേഖരിച്ചു മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലുള്ള കടവിലേക്കു വള്ളത്തിൽ എത്തിക്കുമ്പോഴാണ് സംഭവം. വള്ളത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നു ശ്യാമും ഒപ്പമുണ്ടായിരുന്ന സുഹൃത്തും കഴുക്കോൽ ഉപയോഗിച്ചു വള്ളം കടവിലേക്ക് അടുപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വള്ളത്തിന്റെ പിൻവശത്തു നിന്നു മുള ഉപയോഗിച്ചു ഊന്നുന്നതിനിടെ ശ്യാം വെള്ളത്തിലേക്കു വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുളിങ്കുന്ന് പൊലീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ടിൻസിമോൾ. മകൾ: ശിവനന്ദ.