തിരുവനന്തപുരം: കോവളം വെള്ളാർ സമുദ്ര ബീച്ചിലും വാഴമുട്ടത്തും വീടുകളും വാഹനങ്ങളും അടിച്ചു തകർത്ത എട്ടുപേരെ കോവളം പൊലീസ് പിടികൂടി. കോവളം അരിവാള്‍ കോളനിയില്‍ കാട്ടിലെ കണ്ണന്‍ എന്നു വിളിക്കുന്ന  വിമല്‍മിത്ര (19),  കെ. എസ് റോഡില്‍ തുണ്ടുവിള വീട്ടില്‍ വിഷ്ണു  (20),സമുദ്രാ തേരിവിളവീട്ടില്‍ അനികുട്ടൻ (19) വാഴാമുട്ടം സ്വദേശികളായ പഴയ പെട്രോള്‍ പമ്പിന് സമീപം കൈതവിള വീട്ടിൽ  ജിത്തു( 20) , കുഴിവിളാകത്ത് വീട്ടില്‍ സുമേഷ് (19),  ദ്വാരക വീട്ടില്‍ മനു ( 22), മേലെ വീട്ടില്‍ അജിത്ത് (18),കുഴിവിളാകം വീട്ടില്‍ വിഷ്ണു പ്രകാശ്‌(20),എന്നിവരെയാണ് കോവളം പൊലീസ്  അറസ്റ്റു ചെയ്തത്.

ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം അക്രമം അഴിച്ചുവിടുകയായിരുന്നു എന്നു കോവളം പൊലീസ് പറഞ്ഞു.  വയലിൻ കരവീട്ടിൽ സുരേഷ്, ഗിരിജ എന്നിവരുടെ വീടുകളിൽ ആക്രമണം അഴിച്ചുവിട്ട സംഘം ജനലുകളും വാതിലുകളും അടിച്ചു തകർത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സുരേഷിന്‍റെ മുഖത്ത് കമ്പി ഉപയോഗിച്ച് അടിച്ചു. സമീപവാസികളായ രഞ്ചിത്ത്, സുനിൽ എന്നിവരുടെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറും ബൈക്കും മനോജ് എന്നയാളിന്റെ മാരുതി ഓമ്നി വാനും സംഘം അടിച്ചു തകർത്തു. 

സമുദ്ര ബീച്ച്, വെള്ളാർ, കോവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും മോഷണവും പതിവാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് നിരന്തരം പ്രശ്നം സൃഷ്ടിച്ച ഇവരെ നാട്ടുകാർ ദിവസങ്ങൾക്ക് മുമ്പ് താക്കീത് ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്താലാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. കോവളം
ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാര്‍, എസ് ഐ അനീഷ്‌കുമാര്‍,  എ എസ് ഐ അശോകന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈന്‍ ജോസ്, പ്രിയന്‍കുമാര്‍, അരുൻ നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.