പ്രതിമാസം ആയിരം രൂപ അമ്മയ്ക്ക് ജീവനാംശം നല്‍കണമെന്നായിരുന്നു വിധി. ഇതില്‍ വീഴ്ച വരുത്തിയതിനാണ് മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടില്‍  രാജുവിനെ മാനന്തവാടി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്.

കല്‍പ്പറ്റ: അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് വീട്ടില്‍ നിന്ന് ഇറക്കിവിട്ട കേസില്‍ കോടതി വിധിച്ച ജീവനാംശം നല്‍കാത്ത മകന് ഒരുമാസം തടവ്. പ്രതിമാസം ആയിരം രൂപ ജീവനാംശം നല്‍കണമെന്നായിരുന്നു വിധി. ഇതില്‍ വീഴ്ച വരുത്തിയതിനാണ് മേപ്പാടി കോട്ടപ്പടി വട്ടപ്പാറ വീട്ടില്‍ പരേതനായ കറുകന്റെ മകന്‍ രാജുവിനെ മാനന്തവാടി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്. കറുകന്റെ ഭാര്യ മാധവിയാണ് പരാതിക്കാരി. 

2018 ഏപ്രില്‍ മുതല്‍ പ്രതിമാസം ആയിരം രൂപ വീതം ജീവനാംശം നല്‍കാനും മാതാവിനെ വീട്ടില്‍ താമസിപ്പിക്കാനും മാര്‍ച്ച് 18ന് കോടതി വിധിച്ചിരുന്നു. മുതിര്‍ന്ന പൗരനമാരുടെയും മാതാപിതാക്കളുടെയും ക്ഷേമത്തിന് വേണ്ടിയുള്ള നിയമപ്രകാരമാണ് മാനന്തവാടി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്‍.എസ്.കെ ഉമേഷ് വിധി പ്രഖ്യാപിച്ചത്. എന്നാല്‍ പത്ത് മാസം പിന്നിട്ടിട്ടും ജീവനാംശം നല്‍കിയിരുന്നില്ല. താനും ഭര്‍ത്താവും ഒരുമിച്ച് സമ്പാദിച്ച വീടും മറ്റു സ്വത്തുക്കളും മകന്‍ രാജു, മരുമകള്‍ ശോഭ, സഹോദരിയുടെ മക്കളായ പ്രസാദ്, രവി എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുത്ത് വീട്ടില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു മാധവി 2017ല്‍ പരാതി നല്‍കിയിരുന്നത്.