ഹരിപ്പാട്: മക്കളെ ഉപേക്ഷിച്ച് കാമുകിയോടൊപ്പം പോയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.  അയൽവാസിയായ യുവതിയോടൊപ്പം കടന്ന യുവാവിനെതിരെ ജുവനൈൽ ജസ്റ്റീസ് അക്ട് പ്രകാരം കരീലക്കുളങ്ങര പൊലീസാണ് കേസെടുത്ത് കസ്റ്റഡിയിലെടുത്തത്. പന്ത്രണ്ട് വയസ്സുളള കുട്ടിയെയും എട്ട് വയസ്സുളള ഇരട്ട കുട്ടികളെയും സംരക്ഷിക്കുന്നില്ലെന്ന് കാണിച്ചാണ് ഭാര്യ പരാതി നൽകിയത്. 

ചെങ്ങന്നൂർ സ്വദേശിയായ 36 കാരനായ യുവാവ് ചിങ്ങോലിയിലുളള ഭാര്യ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. കഴിഞ്ഞ ആറിനാണ് ഇയാൾ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പോയത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ഇയാളോടൊപ്പം പോയ 20-വയസ്സുളള യുവതിക്കെതിരെ പ്രേരണാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മയും പരാതി നൽകിയിരുന്നു.