കഞ്ചാവുമായി ആര്യങ്കാവ് സ്വദേശി എക്സൈസ് കസ്റ്റഡിയിൽ

കെട്ടാരക്കര: കഞ്ചാവുമായി ആര്യങ്കാവ് സ്വദേശി എക്സൈസ് കസ്റ്റഡിയിൽ. ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ തെങ്കാശി- കൊട്ടാരക്കര തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായ പത്തനംതിട്ട പാലയ്ക്കൽ വീട്ടിൽ അനിൽകുമാർ എന്ന വിഷ്ണുവാണ് പിടിയിലായത്.

28-കാരനായ അനിൽകുമാർ 7.400 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് കണ്ടെടുത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തു. തെങ്കാശിയിൽ നിന്നും കഞ്ചാവ് വാങ്ങി പത്തനംതിട്ടയിൽ എത്തിക്കാൻ ഏൽപ്പിച്ച പത്തനംതിട്ട സ്വദേശി ഷാജഹാനാണ് രണ്ടാം പ്രതി. സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജുവിനൊപ്പം എക്സൈസ് ഇൻസ്പെക്ടർ എസ്. ബൈജു, പ്രിവ. ഓഫീസർ അജയകുമാർ പി.എ, സി.ഇ.ഒ. മാരായ അജയൻ.എ, ഹരിപ്രസാദ്.എസ്, രജീഷ്. എച്ച് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Read more:  കൊല്ലത്തെ വീട്ടിൽ പിടികൂടിയത് ഒന്നും രണ്ടുമല്ല, 40 ചാക്കിൽ 880 കിലോ!, പത്ത് ലക്ഷത്തിന്റെ പുകയില ഉൽപ്പന്നങ്ങൾ

അതേസമയം, കോട്ടയം കുമാരനെല്ലൂരില്‍ പട്ടികളെ സംരക്ഷണത്തിന് നിർത്തി കഞ്ചാവ് കച്ചവടം. സ്ഥലത്ത് ഇന്നലെ അര്‍ധരാത്രിയില്‍ റെയ്ഡിനെത്തിയ പോലീസുകാര്‍ക്കുനേരെ പട്ടികളെ അഴിച്ചുവിട്ട് ആക്രമിക്കാന്‍ ശ്രമിച്ചു. കുമാരനെല്ലൂരില്‍ വാടകക്ക് എടുത്ത വീട്ടില്‍ പട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനം നടത്തുന്നതിന്‍റെ മറവില്‍ റോബിന്‍ എന്നയാളാണ് ലഹരി ഇടപാട് നടത്തിയിരുന്നത്.

പൊലീസ് റെയ്ഡ് നടത്തി 17.8 കിലോ കഞ്ചാവ് ഉള്‍പ്പെടെ പിടിച്ചെടുത്തെങ്കിലും പ്രതി റോബിന്‍ രക്ഷപ്പെട്ടു. റെയ്ഡിനുശേഷം രാവിലെയാണ് നാട്ടുകാര്‍ പട്ടികളെ സംരക്ഷിക്കുന്ന സ്ഥലത്ത് കഞ്ചാവ് കച്ചവടം നടത്തുന്ന അസാധാരണ സംഭവത്തെക്കുറിച്ച് അറിഞ്ഞത്. സ്ഥലത്ത് കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം