പുനരുപയോഗത്തിലൂടെ പ്ലാസ്റ്റിക് മാലിന്യ വിപത്തിന് തടയിടാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് യുവാവിന്റെ കണ്ടുപിടുത്തം

കൂടരഞ്ഞി: പെയിന്‍റ് ഇളകിയും നിറംമങ്ങിയും വലിച്ചെറിയുന്ന ഫൈബര്‍ കസേരകള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ് കോഴിക്കോട് കൂടരഞ്ഞി സ്വദേശി ബിജു ജോര്‍ജ്ജ്. ഫൈബര്‍ കസേരകള്‍ പോളിഷ് ചെയ്യാനുള്ള വിദ്യയാണ് ഇദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. പുനരുപയോഗത്തിലൂടെ പ്ലാസ്റ്റിക് മാലിന്യ വിപത്തിന് തടയിടാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് യുവാവിന്റെ കണ്ടുപിടുത്തം.

നിറംമങ്ങിയ ഫൈബര്‍ കസേരകള്‍ ആക്രികടകളില്‍ വില്‍ക്കുകയും വലിച്ചറിയുകയും വേണ്ടെന്നാണ് ഈ യുവാവ് പറയുന്നത്. പോളിഷ് ചെയ്ത് പുതിയതാക്കി ഉപയോഗിക്കാനുള്ള വിദ്യയുമായി കൂടരഞ്ഞി സ്വദേശി മുല്ലയില്‍ ബിജു ജോര്‍ജ്ജാണ് രംഗത്തെത്തിയിരിക്കുന്നത്. പഴയ കസേര കത്തി ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുകയാണ് ആദ്യം നടപടി. പിന്നീട് പ്രൈമര്‍ സ്പ്രേ ചെയ്യും. 

അതിന് ശേഷമാണ് ബിജുവിന്‍റെ കണ്ടുപിടുത്തമായ പോളിഷ് ഉപയോഗിച്ച് കസേരകള്‍ പുത്തനാക്കി എടുക്കുന്നത്. 40 രൂപ മുതല്‍ 140 രൂപ വരെയാണ് ഒരു കസേര റീപോളിഷ് ചെയ്യാനുള്ള ചെലവ്. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാനാവുമെന്ന് ഇദ്ദേഹം പറയുന്നു. തന്‍റെ പോളിഷ് എല്ലാവരിലും സൗജന്യമായി എത്തിക്കാനുള്ള ശ്രമത്തിലാണിദ്ദേഹം.

പാലേരിയില്‍ സ്ഥിരതാമസമാക്കിയ ബിജു തന്‍റേ വീടിന് സമീപം കസേരകള്‍ പോളിഷ് ചെയ്യുന്ന കേന്ദ്രവും നടത്തുന്നുണ്ട്. നിരവധി വാടക സ്റ്റോറുകളുടേത് അടക്കം ആയിരക്കണക്കിന് കസേരകള്‍ ഇദ്ദേഹം റീപോളിഷ് ചെയ്ത് ഉപയോഗ യോഗ്യമാക്കിയിട്ടുണ്ട്.