ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ ​ഗുരുതരമായി പൊള്ളലേറ്റ ശരീരവുമായി തൂങ്ങിമരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. 

പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ പാതിവെന്ത ശരീരവുമായി കിണറിൽ തൂങ്ങിമരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പിൽ 35 വയസുള്ള ഷൈബു ആണ് ദാരുണമായി മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാൻ കരിമ്പ പാലക്കപ്പീടികയിലെ ഭാര്യ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് ഷൈബു എത്തുന്നത്.

ഭാര്യ കൂടെ വരാൻ തയ്യാറാവാതിരുന്നതോടെ വീടിൻ്റെ മുറ്റത്ത് നിന്ന ഷൈബു കയ്യിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ ബന്ധുക്കൾ മോട്ടോർ പമ്പ് ചെയ്തും വെള്ളം കോരി ഒഴിച്ചും തീ കെടുത്തുകയായിരുന്നു. തീ അണഞ്ഞ ഉടൻ തന്നെ യുവാവ് പാതി കത്തിയ ശരീരവുമായി താൻ വന്ന ഇരുചക്ര വാഹനത്തിൽ കയറി ഓടിച്ച് പോവുകയായിരുന്നു. 

ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും റോഡിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ വെള്ളിയാഴ്ച പുലർച്ചെയോടെ ഷൈബുവിൻ്റെ ബൈക്ക് പാലക്കപ്പീടികയിലെ കച്ചവട സ്ഥാപനത്തിൻ്റെ പുറക് വശത്തെ കിണറിന് സമീപം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറിൽ തൂക്കിയിട്ടിരുന്ന മോട്ടോറിൻ്റെ കയർ ഉപയോഗിച്ച് കിണറിനകത്ത് തുങ്ങി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തുന്നത്.

പട്ടാമ്പി ഫയർ യൂണിറ്റ് സ്ഥലത്തെത്തിയാണ് മൃതദേഹം കിണറിൽ നിന്നും പുറത്തെത്തിച്ചത്. ചാലിശ്ശേരി പോലീസും ഫോറൻസിക്ക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates