തൃശ്ശൂര്‍: ചാലക്കുടിയില്‍ യുവതിയെ ആക്രമിച്ച ശേഷം യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. ചാലക്കുടി പള്ളിപ്പാടന്‍ സ്വദേശിയായ നിറ്റോയാണ് കൂടെ താമസിച്ചിരുന്ന യുവതിയുടെ തലയ്ക്ക് എയര്‍ഗണ്‍ കൊണ്ട് അടിച്ച ശേഷം ജീവനൊടുക്കിയത്. 31 വയസുകാരനായ നിറ്റോ അവിവാഹിതനാണ്.

വൈപ്പിന്‍ സ്വദേശിയായ യുവതിയെയാണ് നിറ്റോ തോക്കുപോയഗിച്ച് ആക്രമിച്ചത്. അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. യുവതിയും നിറ്റോയും കഴിഞ്ഞ ഒരുമാസമായി ഒരുമിച്ചാണ് താമസം.  ഒരുമിച്ച് താമസിക്കുന്നതിനിടെ പരസ്പരം വഴക്കിടുകയും പ്രകോപിതനായ നിറ്റോ യുവതിയെ ആക്രമിക്കുകയുമായിരുന്നു.

വീട്ടിലുണ്ടായിരുന്ന എയര്‍ഗണ്‍ കൊണ്ട് നിറ്റോ യുവതിയുടെ തലയ്ക്ക് അടിച്ചു. ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി ചാലക്കുടി വെട്ടുകടവ്  പാലത്തിന് സമീപത്ത് നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.