ഓഗസ്റ്റ് 20 ന് മറ്റം സെന്റ് ജോർജ് സ്കൂളിലായിരുന്നു സംഭവം. പ്രതികൾ സ്കൂളില്‍ കാർ ഓടിച്ചു കയറ്റിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്
മാവേലിക്കര: മദ്യലഹരിയിൽ കാറിൽ അഭ്യാസം നടത്തി സ്കൂളിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ച യുവാക്കളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തി. സംഭവത്തില്‍ തെക്കേക്കര തഴക്കര വാർഡിൽ സഹ്യാദ്രി വീട്ടിൽ അനീഷ് എം വി, കണ്ണമംഗലം കൈതതെക്ക് മുറിയിൽ തേവലപ്പുറത്ത് കിഴക്കത്തിൽ വീട്ടിൽ അവിനാശ് എന്നിവരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 20 ന് മറ്റം സെന്റ് ജോർജ് സ്കൂളിലായിരുന്നു സംഭവം. പ്രതികൾ സ്കൂളില്‍ കാർ ഓടിച്ചു കയറ്റിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കുട്ടികളുടേയും പിടിഎ മീറ്റിങ്ങിന് വന്നവരുടെയും ഇടയിലൂടെ അതിവേഗതയിൽ ഗ്രൗണ്ടിനുള്ളിൽ വട്ടം കറക്കി കാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചോദിക്കാൻ ചെന്ന സ്കൂളിലെ കായികാധ്യാപകനെ കാർ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ദേഹോപദ്രവം ഏൽപ്പിച്ചു. എന്നാൽ പൊലീസ് പ്രതികളെ പിടികൂടി. തുടര്‍ന്ന് പ്രതികളുടെ കാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് അതിനകത്ത് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


