നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കല്ലൂര്‍ കോട്ടായി സ്വദേശി ചിങ്ങിനിക്കാടന്‍ വീട്ടില്‍ ഡെന്നീസ്, കല്ലൂര്‍ പാലയ്ക്കപറമ്പ് സ്വദേശി കോന്നത്ത് പറമ്പില്‍ വീട്ടില്‍ രജീഷ് എന്നിവരാണ് അറസ്റ്റിലായത്

തൃശൂര്‍: പുതുക്കാട് ആമ്പല്ലൂരിലെ ബാറില്‍വച്ച് ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നത് കണ്ട് ചിരിച്ചതിലുള്ള ദേഷ്യത്തില്‍ യുവാക്കളെ ആക്രമിച്ച രണ്ടുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കല്ലൂര്‍ കോട്ടായി സ്വദേശി ചിങ്ങിനിക്കാടന്‍ വീട്ടില്‍ ഡെന്നീസ്, കല്ലൂര്‍ പാലയ്ക്കപറമ്പ് സ്വദേശി കോന്നത്ത് പറമ്പില്‍ വീട്ടില്‍ രജീഷ് എന്നിവരാണ് അറസ്റ്റിലായത്. 

ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി കിഴക്കൂട്ട് വീട്ടില്‍ അഭിരാം, കല്ലൂര്‍ സ്വദേശി മണപ്പെട്ടി വീട്ടില്‍ നിധിന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

ആമ്പല്ലൂരിലെ ബാറിൽ വെച്ച് ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നത് കണ്ട് യുവാക്കള്‍ ചിരിച്ചിരുന്നു. ഇതിൽ പ്രകോപിതരായി ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്ന രണ്ടുപേരും യുവാക്കളെ ആക്രമിക്കുകയായിരുന്നു.

പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, മോഷണം, ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് ഡെന്നീസ്. ഇയാള്‍ക്കെതിരെ പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂര്‍, പേരാമംഗലം, വിയ്യൂര്‍ സ്റ്റേഷനുകളിലായി കേസുകളുണ്ട്. പുതുക്കാട് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര സിംഹന്‍, എസ്.ഐ.എന്‍. പ്രദീപ്, സീനിയര്‍ സി.പി.ഒമാരായ ഷമീര്‍, ഫൈസല്‍, സി.പി.ഒ. കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.