അമ്പലപ്പുഴ: കാറിന് സൈഡ് നൽകിയില്ലെന്ന കാരണം പറഞ്ഞ് ഒരു സംഘം യുവാക്കളെ ആക്രമിച്ച് സ്വർണവും ഫോണും കവർന്നതായി പരാതി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ദേവസ്വം പറമ്പിൽ മധുവിന്റെ മകൻ അജേഷിനെയും സുഹൃത്തുക്കളെയുമാണ്  ഒരു സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്ന് അജേഷും സുഹൃത്തുക്കളും അമ്പലപ്പുഴയിലേക്ക് കാറിൽ വരുന്നതിനിടെയാണ് മറ്റൊരു കാറിന് ഇവർ സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് തർക്കം നടന്നത്.

ഒടുവിൽ വണ്ടാനം മെഡിക്കൽ കോളേജിന് എതിർവശമുള്ള ചെറുറോഡിലേക്ക് അജേഷ് കാർ കയറ്റി. പുറകെ മറ്റൊരു കാറിലെത്തിയ സംഘം അജേഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ അജേഷിന്റെ മാലയുടെ ഒരു ഭാഗം അക്രമികൾ തട്ടിയെടുത്തു. അജേഷിന്റെ ഐപ്പോഡും കവർന്നു.സുഹൃത്ത് സുഭാഷിന്റെ ഫോണും ഇവർ നശിപ്പിച്ചു.കാറിനും കേടുപാടുകള്‍ വരുത്തി.

സംഭവത്തിനു ശേഷം പ്രതികൾ കാറ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ആകെ 2,94,800 രൂപയുടെ നഷ്ടം സംഭവിച്ചതായി പുന്നപ്ര പോലീസിൽ നൽകിയ പരാതിയിൽ അജേഷ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.