Asianet News MalayalamAsianet News Malayalam

സൈനബ കൊലക്കേസ്; കൂട്ട് പ്രതിയെയും പിടികൂടി പൊലീസ്, കസ്റ്റഡിയിലെടുത്തത് സേലത്തുനിന്ന്

പ്രതിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. കേസില്‍ നേരത്തെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Zainaba murder case; The co-accused was also arrested by the police and taken into custody from Salem
Author
First Published Nov 15, 2023, 8:01 AM IST

മലപ്പുറം:കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ (57) കൊലപ്പെടുത്തിയ കേസില്‍ കൂട്ടി പ്രതിയെ പൊലീസ് പീടികൂടി. സേലത്തുവെച്ചാണ് കസബ പൊലീസ് പ്രതിയെ പിടികൂടിയത്.
സൈബർ സെൽ സഹായത്തോടെ ആണ് ഇയാള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കസബ പൊലീസ് തമിഴ്നാട്ടിലെ സേലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ പിടികൂടിയത്. പ്രതിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. കേസില്‍ നേരത്തെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദ് നല്‍കിയ മൊഴിയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍നിന്ന് കാണാതായ വീട്ടമ്മ സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സമദുമായി നടത്തിയ തെളിവെടുപ്പില്‍ കാണാതായ വീട്ടമ്മ സൈനബയുടെ മൃതദേഹം  നാടുകാണി ചുരത്തിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

പ്രതിയായ സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ചുരത്തിൽ പരിശോധന നടത്തിയത്. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നായിരുന്നു സമദിന്റെ മൊഴി. ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏഴാം തീയതി വൈകുന്നേരം മുതൽ സൈനബയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് മുഹമ്മദാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മലപ്പുറം സ്വദേശിയായ സമദിന്‍റെ മൊഴി. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊല നടത്തിയതെന്നാണ് സമദ് മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍, സ്വർണം കളവ് പോയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.

സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. അതേസമയം, അവരുടെ കയ്യിൽ പണവും ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൂടുതൽ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നാണ് പൊലീസ് പറയുന്നത്.സൈനബ വധത്തില്‍ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയായ സുലൈമാനും ചേര്‍ന്നാണെന്നാണ് പൊലീസ് എഫ്ഐആര്‍. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കാറില്‍ പോവുകയായിരുന്നു. മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കൊലപാതകം പൂര്‍ണമായും ആസൂത്രിതമായാണ്  നടത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.


വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവം; നാടുകാണി ചുരത്തില്‍നിന്ന് മൃതദേഹം കണ്ടെത്തി

Follow Us:
Download App:
  • android
  • ios