തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് സീബ്രകൾ എത്തി. ഗുജറാത്തിലെ വൻതാരയിൽ നിന്നാണ് സീബ്രകൾ എത്തിയത്. മൃഗശാലയിൽ ഒൻപതു വർഷമായി സീബ്രകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. സീബ്രകളെ നൽകിയതിന് പകരമായി സിംഹവാലൻ കുരങ്ങിനെയും രാജവെമ്പാലയെയും കൈമാറും.

തിരുവനന്തപുരം: ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് സീബ്രകളെത്തി. റിലൈയ്ൻസിൻ്റെ വൻതാര മൃഗസംരക്ഷണകേന്ദ്രത്തിൽനിന്ന് തിരുവനന്തപുരം മൃഗശാലയിലേക്കാണ് മൂന്ന് സീബ്രകളെ എത്തിച്ചത്. ഓണക്കാലത്തെത്തിയ സീബ്രകളെ കാണാൻ കുട്ടികളും മുതിർന്നവരും കൂട്ടത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതർ.

ഒരു സിംഹവാലൻ കുരങ്ങിനെയും രാജവെമ്പാലയെയും പകരം നൽകിയാണ് വൻതാരയിൽനിന്ന് സീബ്രകളെ എത്തിച്ചത്. ഒരു ജോഡി സീബ്രകളെ നൽകാമെന്നായിരുന്നു ആദ്യത്തെ കരാർ. എന്നാൽ തിരുവനന്തപുരം മൃഗശാല അധികൃതരുടെ സമ്മ‍ർദത്തിനൊടുവിൽ ഒരു ആൺ സീബ്രയേയും രണ്ട് പെൺ സീബ്രകളെയും നൽകാൻ വൻതാര തയ്യാറായി.

പ്രത്യേക അനിമൽ ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ റോഡ് മാർഗം രണ്ടര ദിവസമെടുത്താണ് ഗുജറാത്തിൽനിന്ന് മൂവരെയും എത്തിച്ചത്. 21 ദിവസത്തെ ക്വാറൻറീനിലാണ് സീബ്രകൾ. എന്നാൽ തുറന്ന ക്വാറൻറീനിൽ ആയതിനാൽ സന്ദർശകർക്ക് ഇന്ന് മുതൽ തന്നെ സീബ്രകളെ കാണാനാകും

YouTube video player

തിമോത്തിഗ്രാസ് എന്ന തരം പുല്ലാണ് സാധാരണ സീബ്രകൾ കഴിക്കുന്നത്. ഒരാഴ്ചത്തേക്കുള്ള പുല്ല് വൻതാരയിൽനിന്ന് തിരുവന്തപുരത്ത് എത്തിച്ചു. പതിയെ വൈക്കോൽ നൽകി കേരളത്തിലെ സാഹചര്യത്തിലേക്ക് ഇണക്കിയെടുക്കും. തിരുവനന്തപുരം മൃഗശാലയിൽ എത്തിയാൽ ജിറാഫിനെയും സീബ്രകളെയും കുട്ടികൾ അന്വേഷിക്കുന്നത് സ്ഥിരമാണെന്ന് അധികൃതർ പറയുന്നു. അതിനാൽ അവർക്കായുള്ള ഓണക്കാല സമ്മാനമായി കൂടിയാണ് സീബ്രകളെ എത്തിച്ചത്. കർണാടകയിൽ നിന്ന് ഒരു കരടിയെ കൂടി ഉടൻ തിരുവനന്തപുരത്ത് എത്തിക്കും. ഇപ്പോൾ ഇല്ലാത്ത ജിറാഫിനെ മൃഗശാലയിൽ എത്തിക്കാൻ ആണ് മൃഗശാല അധികൃതരുടെ അടുത്ത ശ്രമം.