2017ലാണ് പവര്‍ബോളിലൂടെ ജോഷ്വാ വിന്‍സ്‌ലെറ്റ് എന്ന പ്ലംബർ കോടിപതിയായത്.

ലോട്ടറി ടിക്കറ്റുകളിലൂടെ നിരവധി പേരുടെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറി മറിഞ്ഞ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ആദ്യമായി ലോട്ടറി എടുക്കുന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടായിരിക്കും. എന്നാൽ പണം കൃത്യമായി ഉപയോ​ഗിക്കാൻ അറിയാതെ ലോട്ടറി അടിച്ച് വർഷങ്ങൾക്ക് ശേഷം ദരിദ്രരായവരുടെയും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. പണം കൃത്യമായി ഉപയോ​ഗിച്ചില്ലെങ്കിൽ ചിലപ്പോൾ ജയിലിലും ഭാ​ഗ്യവാന് കിടക്കേണ്ടി വരും. അത്തരത്തിലൊരു സംഭവമാണ് ഓസ്‌ട്രേലിയയില്‍ നടന്നത്. 

2017ലാണ് പവര്‍ബോളിലൂടെ ജോഷ്വാ വിന്‍സ്‌ലെറ്റ് എന്ന പ്ലംബർ കോടിപതിയായത്. 22 ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏകദേശം 117 കോടി ഇന്ത്യന്‍ രൂപ) ജോഷ്വയ്ക്ക് ലോട്ടറി അടിച്ചത്. ലോട്ടറി അടിച്ച് കഴിഞ്ഞ ഇദ്ദേഹത്തിന് പക്ഷേ ജയിൽ വാസമായിരുന്നു വിധിച്ചിരുന്നത്. 

22ാമത്തെ വയസിലാണ് ജോഷ്വോയ്ക്ക് ലോട്ടറി അടിക്കുന്നത്. അപ്രതീക്ഷിതമായി കോടികൾ കയ്യിൽ വന്നപ്പോൾ ഇയാളുടെ കണ്ണ് മഞ്ഞളിച്ചു. ആഢംബര ജീവിതം തുടങ്ങി. വീട്ടിൽ ദിവസേന പാർട്ടികൾ നടത്തി. നിരോധിത ലഹരി മരുന്നുകൾ പാർട്ടികളുടെ ഭാ​ഗമായി. ഇതേകുറിച്ച് വിവരം ലഭിച്ച പൊലീസ് ജോഷ്വോയുടെ വീട്ടിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 

ഭാര്യ പലചരക്ക് കടയിൽ കയറാൻ പറഞ്ഞു, തിരികെ വന്നത് ഒന്നരക്കോടിയുടെ ലോട്ടറിയും നേടി

2.16 ഗ്രാം കൊക്കെയ്‌നും 27.3 ഗ്രാം എംഡിഎംഎയും ലൈസന്‍സില്ലാത്ത ഒരു കൈത്തോക്കും പൊലീസ് പിടിച്ചെടുത്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോട്ടറി തുകയുടെ ഒരുഭാ​ഗം ഇയാളുടെ മാതാപിതാക്കളാണ് കൈകാര്യം ചെയ്യുന്നത്. ഈ തുക കൊണ്ട് ട്രസ്റ്റ് തുടങ്ങിയിട്ടുണ്ട്. ഭൂമി വാങ്ങാനും പണം വിനിയോഗിച്ചിട്ടുണ്ട്. ബാക്കി തുക കൊണ്ടാണ് ജോഷ്വോ ആഢംബര ജീവിതം നയിച്ചത്. റെയ്ഡിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.