റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ ക്രിസ്‌മസ്‌ ട്രീ വഴികാട്ടിയായി മാറി 1.2 കോടി രൂപയുടെ ലോട്ടറിയടിച്ചിരിക്കുകയാണ് ഒരു യുവതിക്ക്. 

വിർജീനിയ സ്വദേശിയായ ഫൈലിസ് ഹൂസ്റ്റൺ എന്ന യുവതിക്കാണ് നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നത്. എല്ലാ ഡിസംബർ മാസവും ക്രിസ്മസ് ട്രീ ഒരുക്കുന്നത് ഫൈലിസിന്റെ പതിവാണ്. ഈ വർഷം എല്ലാവരേയും പോലെ ഫൈലിസും സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. അതുകൊണ്ട് കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ട്രീ പുതിക്കി പണിയാനായിരുന്നു ഫൈലിസിന്റെ തീരുമാനം.

ട്രീ ഒരുക്കിയ ശേഷം സ്വിച്ചിട്ടപ്പോൾ ബൾബുകൾ കത്തുന്നില്ല. പുതിയ ബൾബ് വാങ്ങിക്കാനായി ടൗണിലേക്ക് പോയ ഫൈലിസിനെ കാത്തിരുന്നതാകട്ടെ കോടി ഭാഗ്യവും. കടയിലേക്ക് പുറപ്പെട്ട താൻ വഴിയിലുള്ള ലോട്ടറിക്കട കണ്ട് ടിക്കറ്റ് എടുക്കുകയായിരുന്നുവെന്ന് ഫൈലിസ് പറയുന്നു. ഒടുവിൽ ആ ടിക്കറ്റിലൂടെ ഭാ​ഗ്യം തേടിയെത്തുകയും ചെയ്തു. 

നറുക്കെടുപ്പില്‍ 1.2 കോടി($171,000) രൂപയാണ്‌ സമ്മാനമായി ലഭിച്ചത്‌. ലോട്ടറിയടിച്ചെന്ന അറിയിപ്പ്‌ വിശ്വസിക്കാനായില്ലെന്നും അത്ഭുതകരമാണെന്നും ഫൈലിസ് പറയുന്നു. പുതിയ ഒരു ക്രിസ്‌മസ്‌ ട്രീ വീട്ടില്‍ സ്ഥാപിക്കാനാണ് ഫൈലിസിന്റെ തീരുമാനം.