കോഴിക്കോട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം വളയം സ്വദേശിയായ നിർമ്മാണ തൊഴിലാളിക്ക് സ്വന്തം. വളയം രണ്ടരപ്പള്ളി സ്വദേശി കേളപ്പൻ (63) എടുത്ത WO 197852 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എഴുപത്തഞ്ച് ലക്ഷം അടിച്ചത്. പ്രോത്സാസാഹന സമ്മാനമായ നാൽപ്പതിനായിരം രൂപയും ഇദ്ദേഹത്തിനാണ്. 

ടൈൽസ് ജോലിക്കാരനായ കേളപ്പൻ യുവാവായിരുന്ന കാലം മുതൽ ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു. സാധാരണയായി ചെറിയ സമ്മാനങ്ങൾ അടിക്കാറുമുണ്ട്. അമ്പതിനായിരം രൂപ വരെ ഇത്തരത്തിൽ അടിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പതിവ് പോലെ വളയത്തെ ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് നാൽപ്പത് രൂപ വിലയുള്ള ആറ് വിൻവിൻ ടിക്കറ്റുകൾ വാങ്ങിച്ചിരുന്നു. 

തിങ്കളാഴ്ച ഒളവിലത്തുള്ള മകളുടെ വീട്ടിലായിരുന്നു കേളപ്പൻ. ലോട്ടറി നറുക്കെടുപ്പ് വന്നതോടെ റിസൾട്ട് നോക്കുകയും ചെയ്തു. എടുക്കുന്ന ടിക്കറ്റുകളുടെ അവസാന നാല് നമ്പറുകൾ കേളപ്പൻ ഓർത്ത് വെക്കുക പതിവായിരുന്നു. ഇത്തവണ അവസാന നാലക്കവും ഒത്ത് വന്നതോടെ സമ്മാനം ഉറപ്പിച്ചിരുന്നു. എന്നാൽ താൻ എടുത്ത ടിക്കറ്റുകൾ വീട്ടിലായതിനാൽ ബാക്കി നമ്പറുകൾ കൂടി പരിശോധിച്ച ശേഷമേ എത്ര രൂപയാണ് അടിച്ചതെന്ന് അറിയാൻ കഴിയുമായിരുന്നുള്ളൂ. 

പിന്നാലെ രാത്രി എട്ട് മണിക്ക് വീട്ടിൽ തിരിച്ചെത്തിയ സമയത്ത് വളയം സ്വദേശിക്ക് ലോട്ടറി അടിച്ച വിവരം നാട്ടിൽ പാട്ടായിരുന്നു. അപ്പോഴും തനിക്കാണ് ഒന്നാം സമ്മാനമെന്ന കാര്യം കേളപ്പന് മനസ്സിലായിരുന്നില്ല. വീട്ടിൽ വന്ന ശേഷം നടത്തിയ പരിശോധനയിലാണ് ഒന്നാം സമ്മാനം തൻ്റെ ടിക്കറ്റിനാണെന്ന കാര്യം മനസ്സിലായത്. 

ചൊവ്വാഴ്‌ച രാവിലെ തന്നെ ടിക്കറ്റ് വളയം കോ-ഓപ്പറെറ്റിവ് എംപ്ലോയീസ് സൊസൈറ്റി അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തു. തുക എന്ത് ചെയ്യുമെന്ന ചോദ്യത്തിന് കടങ്ങൾ വീട്ടണം, വീട് പണി നടത്തണം എന്നായിരുന്നു കേളപ്പൻ്റ മറുപടി. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്തംഗം സിനില ഉൾപ്പടെയുള്ളവർ കേളപ്പൻ്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.