ഫോണിലൂടെ ബന്ധപ്പെട്ട് ലോട്ടറി ടിക്കറ്റ് മാറ്റിവെക്കാന്‍ രാകേഷ് കുമാര്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. പിന്നീട് കടയില്‍ പോകുന്ന സമയത്ത് ലോട്ടറിയുടെ തുക കൈമാറുകയാണ് പതിവ്.

കോഴിക്കോട്: ഫോണിലൂടെ വിളിച്ചുപറഞ്ഞ ലോട്ടറി ടിക്കറ്റ് തന്നെ ഒന്നാം സമ്മാനത്തിന് അര്‍ഹമായപ്പോള്‍ വിവരം മറച്ചുവെക്കാതെ അവകാശിക്ക് തന്നെ നല്‍കിയ ലോട്ടറി ഉടമയുടെ സത്യസന്ധതക്ക് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആദരം. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെ ദീപം ലോട്ടറി ഏജന്‍സീസ് ഉടമ ടി.ആര്‍. വിജയകൃഷ്ണനാണ് ലക്ഷങ്ങള്‍ക്ക് മുന്‍പിലും കണ്ണുമഞ്ഞളിക്കാത്ത നിലപാടുമായി ഏവരുടെയും പ്രശംസക്ക് പാത്രമായത്. 

നടുവണ്ണൂര്‍ സ്വദേശിയായ രാകേഷ് കുമാര്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50ഓടെയാണ് സ്ത്രീശക്തി ലോട്ടറിയുടെ അവശേഷിക്കുന്ന ടിക്കറ്റുകള്‍ തന്റെ പേരില്‍ മാറ്റിവെക്കണമെന്ന് പറഞ്ഞ് കടയിലേക്ക് വിളിച്ചത്. ഇതനുസരിച്ച് കടയിലെ ജീവനക്കാരനായ രജീഷ് ലോട്ടറി ടിക്കറ്റുകള്‍ മാറ്റി വെക്കുകയും ചെയ്തു. മൂന്ന് മണിക്ക് നറുക്കെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വന്നപ്പോള്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായത് മാറ്റിവച്ച ടിക്കറ്റുകളില്‍ ഒന്നായിരുന്നു. മറ്റൊരു ചിന്തകള്‍ക്കും സ്ഥാനം കൊടുക്കാതെ ഉടന്‍ തന്നെ വിനയ കൃഷ്ണന്‍ രാകേഷിനെ ഫോണില്‍ ബന്ധപ്പെട്ട് സമ്മാനാര്‍ഹനായ വിവരം അറിയിച്ചു. 8000 രൂപയുടെ മൂന്ന് സമ്മാനങ്ങള്‍ കൂടി രാകേഷ് വിളിച്ചുപറഞ്ഞ ടിക്കറ്റുകള്‍ക്ക് ലഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ കടയില്‍ നേരിട്ടെത്തിയ രാകേഷിന് വിനയ കൃഷ്ണന്‍ തന്നെ ഈ ലോട്ടറികള്‍ കൈമാറി.

Read More... സഹോദരങ്ങളായ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ സാമ്പത്തികതട്ടിപ്പ് കേസ്

ഫോണിലൂടെ ബന്ധപ്പെട്ട് ലോട്ടറി ടിക്കറ്റ് മാറ്റിവെക്കാന്‍ രാകേഷ് കുമാര്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. പിന്നീട് കടയില്‍ പോകുന്ന സമയത്ത് ലോട്ടറിയുടെ തുക കൈമാറുകയാണ് പതിവ്. ഇതേ രീതിയില്‍ ചൊവ്വാഴ്ച എടുത്ത ടിക്കറ്റും വിനയ കൃഷ്ണന്റെ സത്യസന്ധതയും രാകേഷിന്റെ ഭാഗ്യത്തിലേക്ക് വെളിച്ചം വീശുകയായിരുന്നു. നാട്ടുകാരും ബസ് സ്റ്റാന്റിലെ കച്ചവടക്കാരും വിനയ കൃഷ്ണന്റെ നിലപാടിന് ആദരവ് നല്‍കി.