മാവേലിക്കര: വില്‍ക്കാതെ കയ്യില്‍ അവശേഷിച്ച സ്ത്രീശക്തി ലോട്ടറിയുടെ പത്ത് ടിക്കറ്റുകളില്‍ ഒന്നിലായിരുന്നു ഭാഗ്യം കാത്തിരുന്നത്. ഭാഗ്യം കടാക്ഷിച്ചപ്പോള്‍ പണം കയ്യിലെത്തും മുമ്പേ മരണമെത്തി. 

മാവേലിക്കര-പന്തളം റോഡില്‍ കൊച്ചാലുംമൂട് ശുഭാനന്ദാശ്രമത്തിന് സമീപത്ത് പെട്ടിക്കടയ്ക്കൊപ്പം ലോട്ടറി കച്ചവടവും നടത്തി വരികയായിരുന്നു മാവേലിക്കര ഇറവങ്കര സവിത ഭവനത്തില്‍ സി തമ്പി(63). വില്‍ക്കാതെ കയ്യില്‍ ബാക്കി വന്ന സ്ത്രീശക്തിയുടെ പത്ത് ലോട്ടറികളിലൊന്നിനായിരുന്നു 60 ലക്ഷം രൂപ സമ്മാനം. ലോട്ടറിയ‍ടിച്ചതറിഞ്ഞ് ഏറെ സന്തോഷിച്ച തമ്പി ലഭിക്കുന്ന പണം കൊണ്ട് കട വിപുലീകരിക്കണമെന്നും മക്കളെ സഹായിക്കണമെന്നും ആഗഹിച്ചു.

പക്ഷേ പണം കയ്യിലെത്തുന്നതിന് മുമ്പ് വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തമ്പിയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ സരസ്വതി. മക്കള്‍ സരിത, സവിത.