Asianet News MalayalamAsianet News Malayalam

കുപ്പാത്തൊട്ടിയിൽ നിന്നും ജാഫറിനെ തേടിയെത്തിയത് ലക്ഷങ്ങൾ !

കുറച്ച്‌ സ്ഥലം വാങ്ങി സ്വന്തമായി ഒരു വീടു വയ്ക്കണമെന്നതാണ് ജാഫറിന്റെ ആഗ്രഹം. 

malappuram native man wins lottery
Author
Malappuram, First Published Mar 25, 2021, 5:01 PM IST

മലപ്പുറം: സമ്മാനം ഒന്നും ഇല്ലെന്ന് കരുതി കുപ്പത്തൊട്ടിയില്‍ എറിഞ്ഞു കളഞ്ഞ ലോട്ടറി ടിക്കറ്റിന് 75 ലക്ഷം രൂപയുടെ സമ്മാനം. സ്ത്രീശക്തി ലോട്ടറിയുടെ 23ന് നടന്ന നറുക്കെടുപ്പിലാണ് കട്ടുപ്പാറ സ്വദേശിയായ ജാഫറിനെ തേടി ഭാ​ഗ്യം എത്തിയത്.

പുലാമന്തോള്‍ ടൗണിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയിലെ വട്ടപ്പറമ്പിൽ ശശികുമാറിന്റെ കയ്യില്‍ നിന്നാണ് ജാഫർ ലോട്ടറി ടിക്കറ്റെടുത്തത്. ആറ് ടിക്കറ്റുകള്‍ ഒന്നിച്ച്‌ എടുത്തിരുന്നു. നറുക്കെടുപ്പിന് പിന്നാലെ 5000 രൂപ മുതല്‍ താഴേക്ക് ഉള്ള ചെറിയ സമ്മാനങ്ങളുമായി ഒത്തു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. വലിയ സമ്മാനങ്ങള്‍ കിട്ടില്ലെന്ന വിശ്വാസത്തില്‍ ടിക്കറ്റ് വീട്ടിലെ കുപ്പത്തൊട്ടിയില്‍ ഇടുകയായിരുന്നു. 

പുലാമന്തോളില്‍ വച്ചു വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞ് ടിക്കറ്റ് കുപ്പത്തൊട്ടിയില്‍ നിന്നുമെടുത്ത് ഒരിക്കല്‍ കൂടി പരിശോധിച്ചപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ജാഫർ അറിയുന്നത്. സ്ഥിരമായി ടിക്കറ്റെടുക്കുന്നയാളാണ് ജാഫര്‍. പൊതുവെ ആറ് ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കുകയാണ് ജാഫറിന്റെ രീതി. ഒരു വര്‍ഷം മുമ്പ് മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്നീട് പലപ്പോഴായി 5,000 വരെയും കിട്ടിയിട്ടുണ്ട്. 

മുമ്പൊരിക്കൽ ഒന്നുമില്ലെന്ന് കരുതി കത്തിച്ചു കളഞ്ഞ 3 ടിക്കറ്റുകളില്‍ 1,000 രൂപ വീതം സമ്മാനമുണ്ടെന്ന് പിന്നീട് മനസ്സിലാക്കിയ സംഭവവും ജാഫറിന് ഉണ്ടായി. കട്ടുപ്പാറയിലെ കെഎസ്‌ഇബി സെക്ഷന്‍ ഓഫിസില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ് ജാഫര്‍. ഭാര്യയും മൂന്ന് മക്കളുമുണ്ട്. 

നിലവില്‍ സഹോദരനും മൂന്ന് സഹോദരിമാര്‍ക്കുമൊപ്പം തറവാട്ടു വീട്ടിലാണ് താമസം. കുറച്ച്‌ സ്ഥലം വാങ്ങി സ്വന്തമായി ഒരു വീടു വയ്ക്കണമെന്നതാണ് ജാഫറിന്റെ ആഗ്രഹം. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നലെ പുലാമന്തോളിലെ കട്ടുപ്പാറ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. 

Follow Us:
Download App:
  • android
  • ios