Asianet News MalayalamAsianet News Malayalam

'കടങ്ങൾ വീട്ടണം, ചെറിയൊരു ബിസിനസ് തുടങ്ങണം': 75 ലക്ഷത്തിന്റെ ലോട്ടറി ക്ഷീര കർഷകന്

സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന ആളാണ് അയ്യപ്പൻ.

malappuram native man won kerala win win lottery first prize nrn
Author
First Published Jul 14, 2023, 6:53 PM IST

മലപ്പുറം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം മലപ്പുറത്തെ ക്ഷീരകർഷകന്. പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട് കൃഷ്ണപ്പടി ഒലിയത്ത് അയ്യപ്പനാണ് 75 ലക്ഷത്തിന്റെ സമ്മാനം നേടിയത്. WC 112188 എന്ന ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്.

സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന ആളാണ് അയ്യപ്പൻ. ഏറെ നാളത്തെ ഭാ​ഗ്യപരീക്ഷണത്തിന് ഒടുവിൽ ലഭിച്ച സൗഭാ​ഗ്യത്തിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് അയ്യപ്പനിപ്പോൾ. ആനമങ്ങാട്ടെ ശ്രീകൃഷ്ണ ലോട്ടറി ഏജൻസീസിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് കേരള സ്റ്റേറ്റ് കോർപ്പറേഷൻ ബാങ്കിന്റെ അലനല്ലൂർ ശാഖയിൽ ഏൽപ്പിച്ചിട്ടുണ്ട്. 

അയ്യപ്പനും ഭാര്യ അമ്മിണിയും ക്ഷീരകർഷകരാണ്. മക്കളായ അനിത, അനില, അനിഷ എന്നിവരെ വിവാഹം കഴിപ്പിച്ചയച്ചു. ലോട്ടറിയിൽ നിന്ന് സമ്മാനത്തുക ലഭിച്ചാൽ കടബാധ്യതകൾ തീർക്കണം. സ്ഥിരമായി വരുമാനം കണ്ടെത്താൻ എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്നുമാണ് അയ്യപ്പന്റെ ആഗ്രഹം.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് വിൻ വിൻ. 40 രൂപയാണ് ടിക്കറ്റ് വില. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

'ബന്ധുക്കൾ പങ്ക് ചോദിക്കും'; യുവാവിന് ലോട്ടറി അടിച്ചത് 424 കോടി, ആരും അറിയാതെ 10 വർഷം !

അതേസമയം, ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 ആണ് ടിക്കറ്റ് വില. നറുക്കെടുപ്പ് ഈ മാസം നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Follow Us:
Download App:
  • android
  • ios