പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് കൃഷ്ണൻ കുട്ടി. ജന്മനാ കേൾവിയും സംസാര ശേഷിയും ഇല്ലാത്ത അദ്ദേഹം കൂലിപ്പണിക്കാരനാണ്.
ഒരിക്കലെങ്കിലും ഭാഗ്യം പരീക്ഷിച്ച് നോക്കാത്തവർ വളരെ വിരളമാകും. ഏറ്റവും കൂടുതൽ പേരും അത് തിരയുന്നത് വിവിധ ലോട്ടറികളിലൂടെ ആണ് എന്ന കാര്യത്തിൽ തർക്കവുമില്ല. ആദ്യമായി ലോട്ടറി എടുത്തവരും വർഷങ്ങളായി ഭാഗ്യ പരീക്ഷണം നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ടാകും. നിനച്ചിരിക്കാതെെ ലോട്ടറികളിലൂടെ കോടിപതികളായവരും നിരവധിയാണ്. അത്തരത്തിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറിയിലൂടെ കോടിപതി ആയിരിക്കുകയാണ് പാലക്കാട് സ്വദേശിയായ കൃഷ്ണൻ കുട്ടി.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് കൃഷ്ണൻ കുട്ടി. ജന്മനാ കേൾവിയും സംസാര ശേഷിയും ഇല്ലാത്ത അദ്ദേഹം കൂലിപ്പണിക്കാരനാണ്. വർഷങ്ങളായി മിക്ക ദിവസവും മൂന്നും നാലും ലോട്ടറി ടിക്കറ്റുകൾ എടുക്കുന്ന ആളായിരുന്നു കൃഷ്ണൻ കുട്ടി. പതിവ് പോലെ ഇക്കഴിഞ്ഞ ശനിയാഴ്ചയും അദ്ദേഹം ടിക്കറ്റെടുത്തു. അതും സമൃദ്ധി ലോട്ടറിയുടെ നാല് ടിക്കറ്റുകൾ. മുൻപ് ചെറിയ സമ്മാനങ്ങൾ അടിച്ചിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം കൃഷ്ണൻ കുട്ടിയെ തേടി എത്തുന്നത് ഇത് ആദ്യമായാണ്. MV 122462 എന്ന നമ്പറിലൂടെയാണ് കൃഷ്ണന്‍ കുട്ടി ഭാഗ്യശാലി ആയത്.
"കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് അച്ഛന് ലോട്ടറി അടിച്ച വിവരം അറിയുന്നത്. വളരെ സന്തോഷം ഉണ്ട്. ഞങ്ങൾ സാധാ കൂലിപ്പണിക്കാരാണ്. അച്ഛനും എനിക്കും കൂലിപ്പണി ആണ്. ഈ ഭാഗ്യം വന്നതിൽ ഒരുപാട് സന്തോഷം", എന്നായിരുന്നു അച്ഛന്റെ ഭാഗ്യത്തിൽ മകന്റെ പ്രതികരണം.
ഭാര്യയും മൂന്ന് മക്കളും ചെറുമക്കളും അടങ്ങുന്നതാണ് കൃഷ്ണൻ കുട്ടിയുടെ കുടുംബം. മൂത്ത മകൻ അനീഷിന്റെ വീട് പാലുകാച്ചൽ ചടങ്ങിനിടെ ആയിരുന്നു ഭാഗ്യദേവത അദ്ദേഹത്തെ തേടി എത്തിയത്. ഇത് കൃഷ്ണൻ കുട്ടിയ്ക്ക് ഇരട്ടി മധുരമേകുകയും ചെയ്തു. ലോട്ടറി അടിച്ച സ്ഥിതിയ്ക്ക് ഇനി എന്താണ് പ്ലാൻ എന്ന് ചോദിച്ചതിന്, കൈക്കോട്ടുമായി പറമ്പിലേക്ക് പോയി പണി തുടരുകയാണ് അദ്ദേഹം ചെയ്തത്.
ഒരുകോടിയില്‍ എത്ര കയ്യില്‍ കിട്ടും ?
ഒരുകോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.



