കേരളം കാത്തിരുന്ന ഓണം ബമ്പര്‍ ഭാഗ്യശാലിയെ ഉടനറിയാം. 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ലതീഷ്

കൊച്ചി: കേരളം കാത്തിരുന്ന ഓണം ബമ്പര്‍ ഭാഗ്യശാലിയെ ഉടനറിയാം. 12 മണിക്ക് ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ടിക്കറ്റ് വിറ്റ ഏജന്‍റ് ലതീഷ് വ്യക്തമാക്കി. ബമ്പറടിച്ച ആളെക്കുറിച്ച് ഏകദേശ സൂചന ലഭിച്ചിട്ടുണ്ടെന്നും അവരുടെ വീട് പൂട്ടിയിരിക്കുകയാണെന്നും ലതീഷ് പറഞ്ഞു. ലോട്ടറി അടിച്ചതെന്ന് കരുതുന്നയാളുടെ വീട് പൂട്ടിയിരിക്കുകയാണ്. വീട്ടിൽ ആരുമില്ലെന്നും ലതീഷ് പറഞ്ഞു. ഭാഗ്യശാലി സ്ത്രീയാണ് എന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇന്നലെ അവര്‍ ടിക്കറ്റുമായി കടയിൽ വന്നിരുന്നുവെന്നും തിരക്കും ബഹളവും കണ്ട് തിരികെ പോയെന്നുമുള്ള വിവരവും പുറത്തുവരുന്നുണ്ട്. എന്തായാലും നെട്ടൂര്‍ സ്വദേശിയാണ് എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. ടിക്കറ്റ് എടുക്കുന്നയാളല്ലെന്നും ഓണം ബമ്പര്‍ ആയത് കൊണ്ടാണ് ടിക്കറ്റെടുത്തതെന്നും ലതീഷ് പറഞ്ഞു. എന്തായാലും 12 മണി വരെ ക്ഷമിക്കൂ എന്നാണ് ലതീഷിന്‍റെ വാക്കുകള്‍. 

TH 577825 എന്ന നമ്പറിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് ആറ്റിങ്ങൽ ഭഗവതി ഏജൻസി എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആ ഭാ​ഗ്യ ടിക്കറ്റ് വിറ്റഴിച്ചത് ലതീഷ് എന്ന ഏജന്റാണ്. കഴിഞ്ഞ 30 വർഷമായി ലോട്ടറി കച്ചവടവുമായി മുന്നോട്ട് പോകുന്ന തനിക്ക് ലഭിച്ച മഹഭാ​ഗ്യമാണിതെന്ന് ലതീഷ് പറയുന്നു.

25 കോടി രൂപയിൽ പത്ത് ശതമാനമാണ് ലതീഷിന് ലഭിക്കുക. അതായത് 2.5 കോടി രൂപ. കമ്മീഷനെ കുറിച്ചുള്ള ചോ​ദ്യത്തിന്, "എന്‍റെ അറിവ് ശരിയാണെങ്കില്‍ പത്ത് ശതമാനം കിട്ടും. രണ്ടരക്കോടി രൂപ. എത്ര കിട്ടിയാലും ഞാന്‍ ഹാപ്പി ആണ്. രണ്ടര കോടിയൊക്കെ എനിക്ക് സ്വപ്നം കാണാൻ പറ്റാത്ത കാര്യമാണ്. ഞാനൊരു രാജാവിനെ പോലെ വാഴും. ഇപ്പോഴേ തലകറഞ്ഞുന്നു. 25 കോടി എനിക്കടിച്ചാല്‍ ചിലപ്പോള്‍ ഭ്രാന്തായി പോകും", എന്നാണ് ലതീഷ് രസകരമായി മറുപടി പറഞ്ഞത്. മലയാളികളാണ് തന്റെ കസ്റ്റമറുകളെന്നും ഇടയ്ക്ക് ഹിന്ദിക്കാർ ടിക്കറ്റ് എടുക്കാറുണ്ടെന്നും ലതീഷ് പറയുന്നുണ്ട്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്