ചേര്‍ത്തല: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വെല്‍ഡിങ് തൊഴിലാളിക്ക്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പാറയില്‍ രഞ്ജുഭവനില്‍ രഞ്ജുരത്തിനത്തിനാണ് ഭാഗ്യം തുണയായത്. എസ്.എം.864192 നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. 

ജോലിയുടെ ഭാഗമായി മുഹമ്മ ഷാപ്പുകവലയില്‍ എത്തിയപ്പോള്‍ എടുത്ത ടിക്കറ്റാണ് രഞ്ജുവിന് ഭാ​ഗ്യം കൊണ്ടുവന്നത്.   സമ്മാനാര്‍ഹമായ ടിക്കറ്റ് രഞ്ജുവിന്റെ അച്ഛന്‍ രാജരത്തിനം വെട്ടക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെത്തി സെക്രട്ടറി എസ്.ഗംഗപ്രസാദിനെ ഏല്‍പിച്ചു. ഗ്രാമപഞ്ചായത്ത് മുന്‍ അംഗം എം.എസ്.സുമേഷിന്റെ സാന്നിധ്യത്തിലായിരുന്നു ടിക്കറ്റ് കൈമാറിയത്. 

വല്ലപ്പോഴും മാത്രം ടിക്കറ്റെടുക്കുന്ന സ്വഭാവമാണ് രഞ്ജുവിന്. അവിവാഹിതനാണ്. നല്ലൊരു വീടുവയ്ക്കണം നന്നായി ജീവിക്കണം അതുമാത്രമാണു സ്വപ്‌നമെന്നും തൊഴില്‍ തുടരുമെന്നും രഞ്ജു പറഞ്ഞു.