അബുദാബി: പാവപ്പെട്ടവരെ സഹായിക്കാന്‍ സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കുമെന്ന് 40 കോടിയോളം രൂപ ലോട്ടറി സമ്മാനം നേടിയ അബ്ദു സലാം. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹമാണ് കോഴിക്കോട് സ്വദേശിയായ 28 വയസുകാരന്‍ എന്‍വി അബ്ദുസലാമിനെ തേടിയെത്തിയത്.  ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ ഷോപ്പിങ് സെന്റര്‍ നടത്തുകയാണ്. ഒന്നാം സമ്മാനം നേടിയ ജേതാവിനെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ബിഗ് ടിക്കറ്റെടുക്കുമ്പോള്‍ നല്‍കിയ ഒമാനിലെ ഫോണ്‍ നമ്പറിനൊപ്പം അറിയാതെ ഇന്ത്യന്‍ ടെലിഫോണ്‍ കോഡ് (+91) നല്‍കിയതാണ് വിനയായത്.

ഞായറാഴ്ചയിലെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ ബിഗ് ടിക്കറ്റ് സംഘാടകര്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. രണ്ട് നമ്പറുകളിലൊന്നില്‍ വിളിച്ചപ്പോള്‍ കോള്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന സന്ദേശം മലയാളത്തിലാണ് ലഭിച്ചത്. ഇതോടെ വിജയി കേരളത്തിലാണെന്നായിരുന്നു ധാരണ. 40 കോടിയുടെ സമ്മാനം ലഭിച്ച വിവരം അബ്ദുസലാമിനെ അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ പൊതുസമൂഹത്തിന്റെ സഹായവും തേടിയിരുന്നു.

ഒരു സുഹൃത്താണ് അബ്ദുസലാമിനെ നറുക്കെടുപ്പില്‍ വിജയിച്ച വിവരം അറിയിച്ചത്. ഇന്ത്യന്‍ ടെലഫോണ്‍ കോഡാണ് ഫോണ്‍ നമ്പറിനൊപ്പം നല്‍കിയതെന്ന് അദ്ദേഹം ഓര്‍ത്തിരുന്നില്ല. ആറ് വര്‍ഷമായി മസ്‌കത്തില്‍ താമസിക്കുന്ന അബ്ദുസലാം 2020 ഡിസംബര്‍ 29നാണ് ഓണ്‍ലൈന്‍ വഴി 323601 നമ്പറിലെ ടിക്കറ്റെടുത്തത്. ഇത് നാലാമത്തെയോ അഞ്ചാമത്തെയോ തവണയാണ് ബിഗ് ടിക്കറ്റ് എടുക്കുന്നതെന്ന് അറിയിച്ച അബ്ദുസലാം സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെയ്ക്കും.

കുടുംബത്തോടൊപ്പം മസ്‌കത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹം, കൊവിഡ് ഭീതി പരന്നതോടെ ഗര്‍ഭിണിയായിരുന്ന ഭാര്യയെ നാട്ടിലേക്ക് അയക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയതെന്ന് അബ്ദുസലാം പറഞ്ഞു. ഈ സന്തോഷത്തോടൊപ്പമാണ് ബിഗ് ടിക്കറ്റ് വിജയവുമെത്തുന്നത്.