Asianet News MalayalamAsianet News Malayalam

​അച്ഛനും അമ്മയുമില്ല, സ്വന്തമായി അധ്വാനിച്ച്, സ്വന്തമായി പാകംചെയ്ത് കഴിച്ച് തനിച്ച് താമസിക്കുന്ന 12 -കാരന്‍

അവന്റെ മുത്തശ്ശി പുതിയ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. വീട്ടിലെ തിരക്കുകൾ കാരണം കഴിഞ്ഞ വർഷം രണ്ടുതവണ മാത്രമേ അവർക്ക് പേരക്കുട്ടിയെ സന്ദർശിക്കാൻ കഴിഞ്ഞുള്ളൂ. 

12 year old boy lives all alone in a house
Author
Vietnam, First Published Jan 31, 2021, 9:15 AM IST
  • Facebook
  • Twitter
  • Whatsapp

അവന്റെ പേര് ഡാങ് വാൻ ഖുയാൻ എന്നാണ്. വയസ്സ് വെറും 12. വിയറ്റ്നാമിലെ ഒരു വിദൂര ഗ്രാമത്തിൽ താമസിക്കുന്ന അവന് കൂട്ടായി ആരുമില്ല. അച്ഛനും അമ്മയും നഷ്‌ടമായ ശേഷം അവൻ മറ്റൊരു വീട്ടിൽ പോകാൻ വിസ്സമ്മതിച്ച് ആരുമില്ലാത്ത ആ വീട്ടിൽ ഒറ്റക്കാണ് കഴിയുന്നത്. സ്കൂൾ പഠനത്തിനൊപ്പം പകൽ അവൻ വയലുകളിൽ ജോലി ചെയ്യുന്നു. അവന്റെ വിചിത്രമായ ഈ ജീവിതത്തെ കുറിച്ചുള്ള വാർത്ത ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിനെ ഉരുക്കി.

സ്കൂളിൽ ഇരിക്കുമ്പോഴാണ് അവന്റെ അച്ഛൻ ഒരു റോഡപകടത്തിൽ മരണപ്പെട്ടതായി അമ്മാവൻ വന്നു പറയുന്നത്. അവൻ കരച്ചിൽ അടക്കാൻ പാടുപെട്ടു. അധ്യാപകനോട് മൂന്ന് ദിവസത്തെ അവധി ചോദിച്ചു അവൻ സ്കൂളിൽ നിന്നിറങ്ങി. നാല് കുന്നുകൾ കടന്ന് മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെ അവൻ തന്റെ പഴയ സൈക്കിൾ ചവിട്ടി വീട്ടിലെത്തി. വീട്ടിൽ, അമ്മാവനും അയൽവാസികളുമുണ്ടായിരുന്നു. അഞ്ച് വർഷം മുമ്പാണ് പിതാവ് ഗ്രാമം വിട്ട് ജോലിക്ക് വേണ്ടി പുറത്ത് പോകുന്നത്. ഖുയാന്റെ അമ്മ മുൻപേ മരിച്ചിരുന്നു. വീട്ടിലെ കാര്യങ്ങൾക്കായി അച്ഛൻ പതിവായി പണം അയക്കുമായിരുന്നു. അവൻ മുത്തശ്ശിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അവർ ഒരുമിച്ച് പച്ചകറികൾ നട്ടും, പാചകം ചെയ്തും ജീവിച്ചു. എന്നാൽ, മൂന്ന് വർഷം മുൻപ് മുത്തശ്ശി വീണ്ടും വിവാഹം കഴിച്ച് 60 കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്ഥലത്തേക്ക് മാറി. അതിനുശേഷം ആ കുട്ടി തനിച്ചാണ്. 

അച്ഛന്റെ മരണസമയത്ത് ശവശരീരം കൊണ്ടുവരാൻ അവന്റെ കൈവശം പണമൊന്നും ഇല്ലായിരുന്നു. ഒടുവിൽ ദയ തോന്നി അധ്യാപകരാണ് അവനുവേണ്ടി പണം സ്വരൂപിച്ചത്. ഖുയീൻ പണവുമായി പിതാവിന്റെ മൃതദേഹം സ്വീകരിക്കാൻ പോയി. യാത്രയിൽ നിന്ന് മടങ്ങിയെത്തിയ അവൻ പിതാവിന്റെ ഛായാചിത്രം കെട്ടിപ്പിടിച്ച് നിശബ്ദനായി ഇരുന്നു. "കറുത്ത ഷർട്ടിൽ അവൻ 12 മണിക്കൂറോളം നിശ്ചലനായി ആ ഇരുപ്പ് ഇരുന്നു. ഒടുവിൽ മുത്തശ്ശി വന്നപ്പോൾ മാത്രമാണ് അവൻ ഒന്ന് ശരിയായത്" അമ്മായി ലി തി ചുങ് പറഞ്ഞു. ഇപ്പോൾ വിശപ്പടക്കാൻ അവൻ തന്റെ വീടിന് ചുറ്റുമുള്ള വയലുകളിൽ പച്ചക്കറികൾ നട്ടുപിടിപ്പിക്കുന്നു. അവൻതന്നെ അവനുള്ള ആഹാരം വയ്ക്കുന്നു. അവൻ രാവും പകലും ആ കുടിലിലാണ് ചെലവഴിക്കുന്നത്. എന്നിരുന്നാലും മറ്റൊരു കുടുംബത്തിലേക്ക് പോകാൻ പക്ഷേ അവൻ ആഗ്രഹിക്കുന്നില്ല. അവന്റെ വീട്ടിൽ ഫർണിച്ചറുകളൊന്നുമില്ല. മറ്റുള്ളവർ നൽകിയ കുറച്ച് കലങ്ങളും കൊട്ടകളും പാത്രങ്ങളുമാണ് അവന്റെ ആകെയുള്ള സ്വത്ത്. 

ജീവിക്കാനായി തന്നെകൊണ്ടാവും വിധത്തിൽ ചെറിയ ജോലികൾ അവൻ ഏറ്റെടുക്കുന്നു. മിക്കവാറും അവൻ അടുത്തുളള കുന്നിൽ പോയി കപ്പ ശേഖരിച്ച് കൊണ്ട് വന്ന് വിൽക്കും. ഒരിക്കൽ അവൻ അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു കുന്നിൻ മുകളിൽ കയറി ഒരു ചാക്ക് കപ്പ ശേഖരിച്ചു. താഴേക്കിറങ്ങുമ്പോൾ പക്ഷേ വഴുതി വീഴുകയും മുറിവ് പറ്റുകയും ചെയ്തു. വേനൽക്കാലത്ത് അവൻ മറ്റ് ഗ്രാമവാസികളോടൊപ്പം മുള ചിനപ്പുകൾ ശേഖരിക്കാൻ പോകും. പരുക്കൻ, മൂർച്ചയുള്ള മുള നാമ്പുകൾ അവന്റെ കൈകളെ മുറിപ്പെടുത്തും. എന്നിരുന്നാലും ഒരു യാത്രയിൽ 3-4 കിലോഗ്രാം മുള നാമ്പുകൾ വരെ അവൻ കൊണ്ടുവരും. അത് വിറ്റാൽ ഒരു തുക അവന് കൈയിൽ കിട്ടും. എന്നാൽ, മുള ചിനപ്പുകൾ വേനൽക്കാലത്ത് മാത്രമേ കിട്ടൂ. അതേസമയം വർഷം മുഴുവൻ കപ്പ ലഭ്യമാണ്. അതുകൊണ്ട് അവന്റെ പ്രധാന വരുമാന മാർഗ്ഗവും അത് തന്നെ. ഇത് കൂടാതെ ഒഴിവുസമയങ്ങളിൽ അവൻ മറ്റുള്ളവർക്കായി അരിയും ചുമക്കും. കൂലിയായി ആളുകൾ അവന് പാകം ചെയ്യാനായി അരി നൽകും. വിയറ്റ്നാമീസ് പുതുവത്സരത്തിലും, മറ്റ് ഉത്സവ സമയത്തും ഗ്രാമവാസികൾ അവന് ഇതുപോലെ അരി സമ്മാനമായി നൽകും.  

2018 -ലാണ് അവന്റെ മുത്തശ്ശി ദൂരെ താമസിക്കുന്ന ഒരാളെ വിവാഹം കഴിച്ചത്. എന്നാൽ, അപ്പോഴൊക്കെ എല്ലാ രാത്രിയിലും ഖുയാൻ കരയുമായിരുന്നു. മൂന്നുമാസത്തോളം അമ്മാവൻ അവനെ പരിപാലിക്കാൻ എല്ലാ ദിവസവും അവിടെ വന്നു. തന്നോടൊപ്പം വന്ന് താമസിക്കാൻ അദ്ദേഹം ഖുയാനോട് പറഞ്ഞെങ്കിലും, അവൻ വിസമ്മതിച്ചു. "എന്റെ അമ്മാവന്റെ കുടുംബം ദരിദ്രമാണ്, ഞാൻ അവർക്ക് ഒരു അധിക ഭാരമാവും" അവൻ പറയുന്നു. തുടക്കത്തിൽ, പാചകം ഒന്നുമറിയാത്ത ഖുയാൻ നൂഡിൽസ് ഉണ്ടാക്കി കഴിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അവന് ഒരു റൈസ് കുക്കർ ഉണ്ട്. ചില അടിസ്ഥാന വിഭവങ്ങൾ ഉണ്ടാക്കാൻ അവൻ പഠിച്ചു കഴിഞ്ഞു. എന്നാലും കൂടുതലും ഉപ്പും എള്ളും ചേർത്ത ചോറാണ് അവൻ ഉണ്ടാക്കുന്നത്. ഈ ധീരനായ 12 വയസുകാരനെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം, ഈ പ്രയാസങ്ങൾക്കിടയിലും, അവൻ ഒരിക്കൽ പോലും സ്കൂളിൽ പോകാതിരുന്നിട്ടില്ല എന്നതാണ്. എല്ലാ ദിവസവും രാവിലെ സൈക്കിളിൽ പോയി ക്ലാസുകളിൽ പങ്കെടുക്കുകയും തിരിച്ച് വന്ന് ദൈനംദിന ജോലികൾ ചെയ്യുകയും ചെയ്യുന്നു.

അവന്റെ മുത്തശ്ശി പുതിയ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. വീട്ടിലെ തിരക്കുകൾ കാരണം കഴിഞ്ഞ വർഷം രണ്ടുതവണ മാത്രമേ അവർക്ക് പേരക്കുട്ടിയെ സന്ദർശിക്കാൻ കഴിഞ്ഞുള്ളൂ. അവൻ ഇപ്പോൾ ഒരു സ്വപ്നം മാത്രമേയുള്ളൂ - മുത്തശ്ശിക്കൊപ്പം ജീവിക്കുക. "മുത്തശ്ശി എന്റെ തലമുടിയിൽ തലോടുമ്പോൾ, ഞാൻ  പെട്ടെന്ന് ഉറങ്ങും" അവൻ പറയുന്നു.

 ചിത്രം: pinterest

Follow Us:
Download App:
  • android
  • ios