ചെന്നൈ : ഏറക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് എ ജയശീലന് തങ്ങളുടെ കുടുംബത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ് ലഭിച്ചത്. എന്നാല്‍ കാര്‍ഡ് കൈയ്യിലെടുത്തു നോക്കിയ ജയശീലന്‍ മൂത്തമകന്‍റെ പേര് കണ്ടില്ല. തുടര്‍ന്നുള്ള പരിശേോധനയിലാണ് അദ്ദേഹവും കുടുംബവും ഞെട്ടിയത്.
കാര്‍ഡില്‍ 14കാരനായ മകന്റെ പേര് അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത് കുടുംബനാഥന്റെ സ്ഥനത്തായിരുന്നു. കൃത്യമായ രീതിയില്‍ വിവരങ്ങള്‍ നല്‍കിയിട്ടും ഇത്തരത്തില്‍ തെറ്റായ രീതിയില്‍ കാര്‍ഡ് കിട്ടിയതില്‍ ഞെട്ടിയിരിക്കുകയാണ് ഈ കുടുംബമെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍ഡിന് ആവശ്യമായ വിവരങ്ങള്‍ അധികൃതര്‍ വളരെ മുന്‍പ് തന്നെ ശേഖരിച്ചിരുന്നുവെന്ന് ജയശീലന്‍ പറയുന്നു. കുട്ടിയുടെ വിവരങ്ങള്‍ തെറ്റായി ചേര്‍ത്തതിനൊപ്പം കാര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന ഫോട്ടോയ്ക്ക് വ്യക്തതയില്ലെന്നും കുടുംബം പറയുന്നു. ഇതുള്‍പ്പെടെയുള്ള പരാതികള്‍ അധകൃതരെ അറിയിച്ചിട്ടും ഒരുനടപടിയും ഉണ്ടായിട്ടില്ലെന്നും ജയശീലനും വിദ്യാര്‍ത്ഥിയായ മകന്‍ പങ്കജും പറയുന്നു.
