ചിത്രദുര്‍ഗ(കര്‍ണാടക): ഉദ്വേഗജനകമായ സിനിമ തിരക്കഥയെ വെല്ലുന്നതാണ് കര്‍ണാടകയിലെ ചിത്രനായകനഹള്ളി സ്വദേശിയായ 80കാരന്‍ സന്ന എരണ്ണയുടെ ജീവിതം. ട്വിസ്റ്റുകളാലും ടേണുകളാലും സമ്പന്നമായ ജീവിതം. അവസാനം എല്ലാം കലങ്ങിത്തെളിഞ്ഞിരിക്കുകയാണ്, 50 വര്‍ഷം മുമ്പ് 'മരിച്ച' സന്ന എരണ്ണ ഇത്തവണത്തെ ദീപാവലി ആഘോഷിച്ചത് കുടുംബത്തോടൊപ്പമാണ്. 

50 വര്‍ഷം മുമ്പാണ്, തന്‍റെ 30ാം വയസ്സില്‍ ചിത്രനായകനഹള്ളിയിലെ സന്ന എരണ്ണ 'മരിക്കുന്നത്'. ബന്ധുക്കളും നാട്ടുകാരും അദ്ദേഹത്തിന്‍റെ മൃതദേഹം സംസ്കരിച്ചതുമാണ്. രണ്ടാഴ്ച മുമ്പ് വരെ അദ്ദേഹത്തിന്‍റെ കുടുംബം വിശ്വസിച്ചതും സന്ന എരണ്ണ മരിച്ചുവെന്നായിരുന്നു. എന്നാല്‍, കാര്യങ്ങള്‍ മാറിമറിയുന്നത് പെട്ടെന്നാണ്. 50 വര്‍ഷം മുമ്പ് മരിച്ച സന്ന എരണ്ണ ആന്ധ്രപ്രദേശിലെ ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്നുവെന്ന് കുടുംബങ്ങള്‍ക്ക് സൂചന കിട്ടി. ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നെങ്കിലും അന്വേഷണത്തിന് ശേഷം ആന്ധ്രയിലെ ഗ്രാമത്തില്‍ ജീവിക്കുന്നത് 50 വര്‍ഷം മുമ്പ് മരിച്ചുപോയ സന്ന എരണ്ണ തന്നെയാണെന്ന് കുടുംബത്തിന് ബോധ്യപ്പെട്ടു. 

മുപ്പതാം വയസ്സില്‍ ഓര്‍മ നഷ്ടപ്പെട്ടാണ് സന്ന എരണ്ണയെ ഗ്രാമത്തില്‍നിന്ന് കാണാതാകുന്നത്. എന്നാല്‍, തിരിച്ചറിയാനാകാത്ത ഒരു മൃതദേഹം എരണ്ണയുടേതാണെന്ന് കരുതി കുടുംബാംഗങ്ങള്‍ അടക്കം ചെയ്തു. പക്ഷേ എരണ്ണ മരിച്ചിരുന്നില്ല. ആന്ധ്രയിലെ യാപലപാര്‍ത്തി ഗ്രാമത്തില്‍ ജോഗി ആദിവാസികളുടെ അടുത്തെത്തി. ഓര്‍മ നഷ്ടപ്പെട്ട താന്‍ എങ്ങനെയാണ് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് എരണ്ണക്കറിയില്ല. കര്‍ണാടകയിലെ ചിത്രനായകഹള്ളിയില്‍നിന്നാണ് ഇവിടെ എത്തപ്പെട്ടതെന്നും എരണ്ണക്കറിയില്ല. എന്നാല്‍, ആളുകളെയും ചില സംഭവങ്ങളെയും ഓര്‍മയുണ്ട്. ആദിവാസി ഗ്രാമത്തില്‍ സ്ഥിര താമസമാക്കിയ എരണ്ണ രണ്ട് വിവാഹം കഴിച്ചു. മക്കളും പേരമക്കളുമൊക്കെയായാണ് ഇപ്പോള്‍ താമസം. 

ഭര്‍ത്താവ് ജീവിച്ചിരിക്കുന്നുണ്ടെന്ന് ചിത്രനായകഹള്ളിയിലെ ഭാര്യയായിരുന്ന എറജ്ജിക്ക് വിശ്വസിക്കാനായില്ല. മുന്നില്‍നില്‍ക്കുന്നത് ഭര്‍ത്താവാണോ എന്നും ഉറപ്പില്ല. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളയാക്രമിച്ചപ്പോള്‍ തോളിനേറ്റ മുറിവിന്‍റെ അടയാളം പറഞ്ഞതോടെ ഭാര്യയുടെ സംശയവും അവസാനിച്ചു. അവര്‍പോലും മറന്ന സംഭവമായിരുന്നു അത്. 50 വര്‍ഷം മുമ്പ് മരിച്ചെന്ന് കരുതിയ ഭര്‍ത്താവ് ജീവനോടെ തിരിച്ചെത്തിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.