നാസി ഭരണകാലത്തെ ഏറ്റവും കുപ്രസിദ്ധമായ ഒരു തടങ്കൽ കേന്ദ്രമായിരുന്നു ഓഷ്‌വിറ്റ്സ്. ആരും കേട്ടാൽ ഞെട്ടുന്ന കൊടിയ പീഡനങ്ങളാണ് അവിടെ തടവുകാർ അനുഭവിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ആ തടവുകാർ എഴുതിയതെന്ന് വിശ്വസിക്കുന്ന ഒരു കവിതാ പുസ്‍തകം പൊടിതട്ടി പുറത്തു കൊണ്ടുവന്നിരിക്കയാണ്. ആ കാലഘട്ടത്തിന്റെ വേദനിക്കുന്ന ഓർമ്മകൾ പേറുന്ന ആ പുസ്‍തകം പോളണ്ടിലെ ഒരു മുൻതടവുകാരിയുടെ വീടിന്‍റെ അലമാരയിൽ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് അവരുടെ മകൾ അത് മ്യൂസിയത്തിന് സംഭാവനയായി നൽകുകയായിരുന്നു.      

നാസി പട്ടാളക്കാർ കാണാതെ സൂക്ഷിച്ച ആ പുസ്‍തകം വളരെ വേദനിപ്പിക്കുന്ന ഒരു ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നതാണ്. കനത്ത കഷ്‍ടപ്പാടുകളുടെയും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹത്തിന്‍റെയും ആശയങ്ങൾ ഉൾകൊള്ളുന്ന 32 പേജുള്ള ആ പുസ്‍തകം സ്ത്രീ തടവുകാർ സമാഹരിച്ചതാണ്. അവിടെയുള്ള തടവുകാർ തന്നെ എഴുതിയിട്ടുള്ള 17 കവിതകളാണ് അതിലുള്ളത്. ഭയത്തെ കുറിച്ചും, കടുംചുവപ്പ് നിറമുള്ള രക്തത്തിന്റെ ഉറവകളെ കുറിച്ചും മാത്രമല്ല, ചെറുത്ത് നിൽപ്പിനെ കുറിച്ചും, തലകൾ ഉയർത്തിപ്പിടിക്കുന്നതിനെ കുറിച്ചും അവർ അതിൽ എഴുതിയിരിക്കുന്നു. ഓഷ്‌വിറ്റ്സ് മ്യൂസിയം ഡയറക്ടർ പിയോട്ടർ സിവിയസ്‍കി പറഞ്ഞു: 'ഇത് അസാധാരണമായ ഒരു കവിതാസമാഹാരമാണ്. ഓഷോവിറ്റ്സിൽ തടവിലാക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം കവിതകൾ അപമാനത്തെയും മനുഷ്യത്വമില്ലായ്‍മയെയും ചെറുക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു എന്നതിന്റെ തെളിവാണ് ഇത്.'

മുൻതടവുകാരിയായ ബൊസെന ജനിന സുഡുനെക്കിന്‍റെ കുടുംബമാണ് നോട്ട്ബുക്ക് കണ്ടെത്തിയത്. ബൊസെന ഓഷ്‌വിറ്റ്സിലും റാവൻസ്‌ബ്രൂക്കിലുമുള്ള തടങ്കൽപ്പാളയങ്ങളിലാണ് കഴിഞ്ഞിരുന്നത്. 1943 ജൂൺ 22 -ന് പിടികൂടിയ അവരെ ആദ്യം ഓഷ്‌വിറ്റ്സിലേക്ക് കൊണ്ടുപോയി. 1944 ഓഗസ്റ്റ് അവസാനം വരെ അവർ അവിടെ തന്നെ കഴിഞ്ഞു. തുടർന്ന് റാവൻസ്‌ബ്രൂക്കിലേക്ക് അവർ മാറ്റപ്പെട്ടു. 1945 ഏപ്രിലിൽ, സ്വീഡിഷ് റെഡ്ക്രോസ് ഓപ്പറേഷൻ വഴി അവരെ രക്ഷപ്പെടുത്തുകയും സ്വീഡനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. 2015 -ൽ മരണംവരെ അവർ അവിടെ തുടർന്നു. എന്നാൽ, ഈ പുസ്‍തകം കാവൽക്കാരുടെ കണ്ണിൽപ്പെടാതെ എങ്ങനെ സൂക്ഷിച്ചുവെന്നും, എങ്ങനെ ക്യാമ്പിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്നുവെന്നും വ്യക്തമല്ല. അതേസമയം അതിന്റെ കവറിലെ എഴുത്ത് സൂചിപ്പിക്കുന്നത് മരിച്ച തടവുകാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനുള്ള ഒരു രജിസ്റ്ററായി ഇത് ഉപയോഗിച്ചിരുന്നു എന്നാണ്.

ദുരന്തങ്ങളുടെ ഒരു നീണ്ട ചരിത്രമുള്ള സ്ഥലമാണ് ഓഷ്‌വിറ്റ്സ്. തെക്കൻ പോളണ്ടിൽ സ്ഥിതി ചെയ്യുന്ന ഓഷ്‌വിറ്റ്സ് തുടക്കത്തിൽ ഒരു നാസി തടങ്കൽ കേന്ദ്രമായിരുന്നു. എന്നാൽ, പിന്നീട് അത് ജൂതന്മാരുടെ മരണക്ക്യാമ്പായി മാറുകയായിരുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ബലഹീനർ എന്നിവരുൾപ്പെടെ ജോലി ചെയ്യാൻ സാധിക്കാതിരുന്ന തടവുകാരെ ഗ്യാസ് ചേമ്പറുകളിൽ അടക്കുമായിരുന്നു. ബാക്കി തടവുകാർ അമിതജോലി, രോഗം, അപര്യാപ്‍തമായ പോഷകാഹാരം അല്ലെങ്കിൽ ക്രൂരമായ ജീവിത സാഹചര്യങ്ങൾ എന്നിവ മൂലവും മരണപ്പെട്ടു. അനിയന്ത്രിതമായ വധശിക്ഷ, പീഡനം, പ്രതികാര നടപടികൾ എന്നിവയും തടവുകാരുടെ ജീവനെടുത്തു. ഓരോ ദിവസവും അവരെ സംബന്ധിച്ചിടത്തോളം തീരാത്ത വേദനയുടെയും, കഷ്ടപ്പാടിന്റെയും, ദിനങ്ങളായിരുന്നു.

ഇതിന് പുറമെ, ചില തടവുകാരെ മനുഷ്യത്വരഹിതമായ മെഡിക്കൽ പരീക്ഷണങ്ങൾക്കും വിധേയമാക്കിയിരുന്നു. 1943 -ൽ ഓഷ്‌വിറ്റ്സിൽ എത്തിയ ജർമ്മൻ ഡോക്ടർ ജോസെഫ് മെംഗലെയായിരുന്നു നിഷ്ഠൂരമായ ഈ ഗവേഷണത്തിന്റെ മുഖ്യ കാരണക്കാരൻ. 'മരണത്തിന്റെ മാലാഖ' എന്നറിയപ്പെടുന്ന മെൻ‌ഗെലെ തടവുകാരിൽ നിരവധി പരീക്ഷണങ്ങൾ നടത്തി. ഉദാഹരണത്തിന്, കണ്ണിന്റെ നിറം പഠിക്കാനുള്ള ശ്രമത്തിൽ, ഡസൻ കണക്കിന് കുട്ടികളുടെ കണ്ണുകളിൽ അദ്ദേഹം സെറം കുത്തിവയ്ക്കുകയും അവർ വേദന സഹിക്കാനാകാതെ വാവിട്ട് കരയുകയും ചെയ്യുമായിരുന്നു. രണ്ട് ഇരട്ടകൾ ഒരേസമയം ഒരേ രീതിയിൽ മരിക്കുമോ എന്ന് മനസ്സിലാക്കാനായി അദ്ദേഹം ഇരട്ടകളുടെ ഹൃദയത്തിൽ ക്ലോറോഫോം കുത്തിവച്ചു. 

കണ്ടെത്തിയ ഈ കവിതാസമാഹാരം അതിന്‍റെയെല്ലാം വേദനിപ്പിക്കുന്ന ഓർമ്മയായി നിലകൊള്ളുന്നു. പ്രശസ്‍ത ഓഷ്‌വിറ്റ്സ് കവി ക്രിസ്റ്റീന വൈൽസ്‍കയുടെ കവിതകളും അക്കൂട്ടത്തിലുണ്ട്. ഒരു കവിതയിൽ ഹൃദയത്തെ സ്‍പർശിക്കുന്ന ചില വരികൾ അടങ്ങിയിരിക്കുന്നു: 

'കത്തുന്ന ആ തീജ്ജ്വാലയിലേക്ക് അവർ ഒന്ന് നോക്കി. വലിഞ്ഞ് മുറുകിയ ഹൃദയം, നിരാശ, ഓർമ്മകളുടെ മിന്നലുകൾ, അപരിചിതമായ ഒരു ഗന്ധം - ഭയം അവരെ മരവിപ്പിച്ചു, അവർ വിറച്ചു, ഭയന്നു കല്ലായി മാറി.'