Asianet News MalayalamAsianet News Malayalam

ജീവിതത്തിലേക്ക് ഒരു ഹെലികോപ്റ്റര്‍

തൊട്ടു മുന്നില്‍ രണ്ടു പോലീസ് കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അവ മാറിയാലേ ഞങ്ങള്‍ക്ക് പോകാനാവു. പോലീസുകാരോട് വഴി മാറാന്‍ പറയാന്‍ പറ്റില്ലല്ലോ. ഒരു വശത്തേക്ക് കഴിയുന്നത്ര ഒതുക്കിയിട്ടിട്ടു കാറില്‍ നിന്ന് ഞങ്ങളും പുറത്തിറങ്ങി. വെളിയിലിറങ്ങിയപ്പോള്‍ ചെകിട് പൊട്ടുന്ന ശബ്ദം.

A choper to life by Haritha Savithri
Author
Thiruvananthapuram, First Published Mar 29, 2017, 10:35 AM IST

ഗവണ്‍മെന്റ്‌ സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ബന്ധിത സ്ഥലംമാറ്റങ്ങളുടെ ഭാഗമായി ഇടയ്ക്കിടയ്ക്ക് എന്റെ ഭര്‍ത്താവിനും പുതിയ ജോലിസ്ഥലങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വരാറുണ്ട്. മുനിസ്‌ട്രോള്‍ എന്ന സ്ഥലത്തേയ്ക്ക് ഞങ്ങള്‍ക്ക് അങ്ങനെയാണ് താമസം മാറേണ്ടി വന്നത്. ഏറെ സങ്കടമുണ്ടാക്കിയ ഒരു വാര്‍ത്തയായിരുന്നു ആ സ്ഥലംമാറ്റത്തിന്റേത്.  താമസിച്ചിരുന്ന കൊച്ചു വീടുമായി ഞാന്‍ അത്രയേറെ ഇഴുകിച്ചേര്‍ന്നിരുന്നു. നാട്ടില്‍ നിന്ന് കൊണ്ട് വന്ന പാവല്‍ വിത്തുകള്‍ പന്തലിട്ടു ചുറ്റും പടര്‍ത്തിയും വാത്തുകളെ വളര്‍ത്തിയും ഞാന്‍ ആ വീടിനെ എന്റേതാക്കി മാറ്റിയിരുന്നു. മാറ്റത്തിനുള്ള ഓര്‍ഡര്‍ വന്ന ശേഷം ഒരു വാടക വീടന്വേഷിക്കാനും മറ്റുമായി പുതിയ സ്ഥലം ഒന്ന് സന്ദര്‍ശിക്കാമെന്ന് ഞാന്‍ സങ്കടത്തോടെ സമ്മതിച്ചു.  

മഴക്കാറുള്ള ഒരു വൈകുന്നേരമാണ് ഞങ്ങള്‍ പുറപ്പെട്ടത്. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരമേയുള്ളൂ. പെട്ടെന്ന്  തിരിച്ചെത്താം എന്നായിരുന്നു എന്റെ കണക്കു കൂട്ടല്‍. മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞപ്പോള്‍ തന്നെ റോഡിന്റെ ഭാവം മാറി. പേരിനു മാത്രം ടാറ് അവശേഷിക്കുന്ന ഒരു വഴി. ചുറ്റുപാടുമുള്ള കുന്നുകളുടെ വലിപ്പം ഭയാനകമായി കൂടി വരുന്നു. താമസിയാതെ റോഡ് കാടിനു നടുക്കുകൂടിയുള്ള ഒരു വഴിയായി മാറി. ഇടയ്ക്ക്  ഒരുപാടു കൃഷിസ്ഥലങ്ങള്‍. കല്ലുകള്‍ കൊണ്ട് കെട്ടിയ പുരാതനമായ വീടുകളായിരുന്നു കൃഷിക്കാരുടേത്. വര്‍ഷങ്ങള്‍ കഴിഞ്ഞു പോകുന്നതും ടെക്‌നോളജിയുടെ വളര്‍ച്ചയും അവരറിയുന്നുണ്ടെന്നു തോന്നിയില്ല. നൂറുകണക്കിന് വര്‍ഷങ്ങള്‍ പുറകിലേക്ക്, പഴയ റഷ്യന്‍ കഥകളില്‍ വായിച്ചിട്ടുള്ളത് പോലെയുള്ള ഒരു ലോകത്തിലേക്ക് ഞാന്‍   എടുത്തെറിയപ്പെട്ടത് പോലെ തോന്നി. ശരത്കാലത്തിന്റെ തുടക്കമായതു കൊണ്ട് പാടങ്ങളില്‍ വൈക്കോല്‍ കെട്ടുകള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളു. അവിടവിടെ ആരോഗ്യവാന്മാരായ കൂറ്റന്‍ കുതിരകള്‍ സ്വതന്ത്രമായി മേയുന്നത് കാണാം. വിളവെടുപ്പ് കഴിഞ്ഞ പച്ചക്കറിത്തോട്ടങ്ങളുടെ അവശിഷ്ടങ്ങള്‍  അവ സ്വാദോടെ അകത്താക്കുന്നു.

എന്നെ ഭയപ്പെടുത്താതിരിക്കാനാവും ഈ ഗ്രാമങ്ങളുടെ സ്വയം പര്യാപ്തതയെപ്പറ്റിയും അവിടെയുള്ള ആശുപത്രികളുടെയും സ്‌കൂളുകളുടെയും മേന്മയെപ്പറ്റിയും ഇവാന്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.എന്റെ ശ്രദ്ധ അതിലൊന്നുമല്ലായിരുന്നു. ഗ്രാമങ്ങളൊക്കെ കഴിഞ്ഞു . ഇപ്പോള്‍ കാര്‍ ഓടുന്നത് മലകളുടെ വശത്ത് പറ്റിപ്പിടിച്ചിരിക്കുന്നതെന്ന് തോന്നുന്ന ഒരു നേരിയ വഴിയിലൂടെയാണ്. അവസാനമില്ലാത്തതെന്നു തോന്നുന്ന ഉയരത്തില്‍ കുത്തനെയുള്ള മലകള്‍ ഒരു വശത്ത്. അറ്റം കാണാനാകാത്ത വിധം ആഴമുള്ള ഇടുങ്ങിയ കൊക്കകള്‍ മറു വശത്ത്. എതിര്‍ വശത്ത് കൂടി മറ്റൊരു  വാഹനം ഓര്‍ക്കാപ്പുറത്ത്  വന്നാലെന്തു ചെയ്യുമെന്ന ഓര്‍മ്മ പോലും എന്നെ നടുക്കി കളഞ്ഞു. മുനിസ്‌ട്രോളിലെക്കുള്ള വഴിയില്‍ വച്ച് ഇവാന്റെ ഒരു സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ച കഥ ഞാന്‍ നേരത്തെ കേട്ടിരുന്നു. ഇങ്ങനെയൊരു സ്ഥലത്ത് എങ്ങനെ താമസിക്കും എന്നോര്‍ത്ത് എനിക്ക് കരച്ചില്‍ വന്നു. 

കാര്‍ പെട്ടെന്ന് നിന്നപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വീണത്. തൊട്ടു മുന്നില്‍ രണ്ടു പോലീസ് കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അവ മാറിയാലേ ഞങ്ങള്‍ക്ക് പോകാനാവു. പോലീസുകാരോട് വഴി മാറാന്‍ പറയാന്‍ പറ്റില്ലല്ലോ. ഒരു വശത്തേക്ക് കഴിയുന്നത്ര ഒതുക്കിയിട്ടിട്ടു കാറില്‍ നിന്ന് ഞങ്ങളും പുറത്തിറങ്ങി. വെളിയിലിറങ്ങിയപ്പോള്‍ ചെകിട് പൊട്ടുന്ന ശബ്ദം. പോലീസുകാരുടെ വാഹനങ്ങളല്ലാതെ ഒന്നും കാണാനുമില്ല. കൊക്കയുടെ അടുത്തു താഴേക്ക് നോക്കി നില്‍ക്കുന്ന പോലീസുകാരോട് കാര്യമന്വേഷിച്ചു. ഭയവും പരിഭ്രമവും കലര്‍ന്ന ചുരുങ്ങിയ വാക്കുകളില്‍ അവര്‍ കാര്യം വിശദീകരിച്ചു. ആരോ താഴെ കൊക്കയില്‍ വീണിട്ടുണ്ട്. വീണയാളെ എടുക്കാന്‍ ഹെലികോപ്റ്റര്‍ താഴേക്ക് പോയിരിക്കുകയാണ്. 

അപ്പോഴാണ് താഴേയ്ക്ക് നോക്കിയത്. രണ്ടു മലകള്‍ക്കിടയിലുള്ള അടി കാണാനാകാത്ത ഇടുങ്ങിയ കൊക്കയാണ് മുന്നില്‍. ഇടയ്ക്ക് പൊങ്ങുകയും താഴുകയും ചെയ്തു കൊണ്ട്  ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ഹെലികോപ്ടര്‍ അങ്ങ് താഴെ കാണാം. അതിന്റെ അലര്‍ച്ച  തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളില്‍ തട്ടി   ഉറക്കെ പ്രതിധ്വനിച്ചു. ആ കൊക്കയ്ക്കുള്ളില്‍ ലാന്‍ഡ് ചെയ്യുക അസാധ്യമാണ്. ആരെങ്കിലും തൂങ്ങിയിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുകയേ വഴിയുള്ളൂ.  ഏതുനിമിഷവും പ്രൊപ്പല്ലര്‍ കൊക്കയുടെ വശങ്ങളില്‍ തട്ടുമെന്നു തോന്നി. ആ ഹെലികോപ്ടര്‍  നിയന്ത്രിക്കുന്ന  പൈലറ്റിന്റെ നിശ്ചയദാര്‍ഢ്യമോര്‍ത്തു എനിക്ക് കുളിര് കോരി.മറ്റു രക്ഷാ സംഘങ്ങള്‍ക്ക് കാര്യങ്ങളുടെ ചുമതല വിട്ടു കൊടുത്തിട്ട് അയാള്‍ക്ക് തിരിച്ചു വരാവുന്നതേയുള്ളു. ചലനം ബാക്കിയുണ്ടോ എന്ന് പോലുമറിയാത്ത ഒരു ശരീരത്തിനായാണ് ഈ  ജീവന്‍മരണപോരാട്ടം. അറിയാവുന്ന എല്ലാ ദൈവങ്ങളെയും ഒറ്റയടിക്ക് ഞാന്‍ വിളിച്ചു. 

അതിനിടയ്ക്ക് അത്യന്താധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സുകളും ഫയര്‍ ഫോഴ്‌സിന്റെ വാഹനങ്ങളും  ചീറിപ്പാഞ്ഞു വന്നുനിന്നു. മറ്റൊരു ഹെലികോപ്ടര്‍ കൂടി ആകാശത്തു തുമ്പിയെപ്പോലെ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. സിഗരറ്റ് പുകയ്ക്കാന്‍ വേണ്ടി മാറിനിന്ന ഒരു പോലീസുകാരനോട് അടുത്ത് കൂടി,  എന്താണ് സംഭവിച്ചതെന്നു ഇവാന്‍ അന്വേഷിച്ചു. വാഹനാപകടമല്ല എന്ന് കേട്ട് ഞങ്ങള്‍ അമ്പരന്നു പോയി. മലകയറാന്‍ ഉള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഒരു സംഘം പര്‍വതാരോഹകര്‍ കൊക്കയുടെ താഴെയെത്തിയത്. എല്ലാ സുരക്ഷ ക്രമീകരണങ്ങളോടും കൂടിയാണ് സാധാരണ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് . എന്താണ് സംഭവിച്ചതെന്നറിയില്ല. ഒരാള്‍ താഴെ വീണു. നിര്‍വികാരമായി ഇത്രയും പറഞ്ഞിട്ട് അയാള്‍ വീണ്ടും കൂട്ടുകാരുടെ അടുത്തേക്ക് പോയി.     

ഇരമ്പിയിരമ്പി താഴെ ആടിയുലഞ്ഞു നിന്ന ഹെലികോപ്ടര്‍ പതുക്കെ മുകളിലേക്കുയരുന്നത് കണ്ട എന്റെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. സര്‍വാംഗം മൂടിപ്പൊതിഞ്ഞ ഒരു ശരീരം ഹെലികോപ്ടറില്‍ നിന്ന് തൂങ്ങിക്കിടക്കുന്നത് കാണാം. പതുക്കെ അവരത് മുകളിലേക്ക് വലിച്ചെടുത്തു. ഞങ്ങളുടെ അടുത്ത് നിന്ന പൊലീസുകാര്‍ ആര്‍ത്തു വിളിച്ചു കൊണ്ട് പരസ്പരം .കെട്ടിപ്പിടിച്ചു. പറന്നു പൊങ്ങുന്ന ഹെലികോപ്ടറിന് നേരെ കൈകള്‍ വീശിക്കൊണ്ട് കൂട്ടത്തിലെ ചെറുപ്പക്കാര്‍ തുള്ളിച്ചാടി. ആഹ്ലാദാരവങ്ങള്‍ക്കു ശേഷം വലിച്ചു കൊണ്ടിരുന്ന സിഗരറ്റുകള്‍ ചവിട്ടിയരച്ചിട്ടു അവര്‍ തിടുക്കത്തില്‍ കാറുകളിലേക്ക് നടന്നു.

അങ്ങ് ദൂരെ ഒരു പൊട്ടുപോലെ ആ ഹെലികോപ്റ്റര്‍ മാഞ്ഞു പോകുന്നത് വരെ മനസ്സും കണ്ണും നിറഞ്ഞു ഞാന്‍ നോക്കിനിന്നു. തിരിഞ്ഞു നടക്കും മുമ്പ് താഴേക്ക് ഒന്ന് കൂടി നോക്കിയ എന്റെ ഹൃദയമിടിപ്പ് നിന്ന് പോയി.  അങ്ങ് താഴെ കുത്തനെയുള്ള പാറമടക്കുകളിലൂടെ ചെറിയ പല്ലികളെപ്പോലെ ചില  രൂപങ്ങള്‍ മുകളിലേക്ക് പിടിച്ചു കയറുന്നു. താഴെ പരുക്കേറ്റു വീണവന്റെ കൂട്ടുകാര്‍! ദേഷ്യവും സങ്കടവും കൊണ്ട് ഞാന്‍ വിറച്ചു. ഇത്രയായിട്ടും മതിയായില്ലേ നിനക്കൊന്നും എന്ന് ചീറിക്കൊണ്ട്  പിടിച്ചു രണ്ടു പൊട്ടിക്കാനാണ് തോന്നിയത്. ഇത് കണ്ടില്ലേ എന്ന് താഴേക്ക് വിരല്‍ ചൂണ്ടി തറഞ്ഞു നിന്ന എന്നെ പതുക്കെ കാറിനടുത്തേയ്ക്ക് ഇവാന്‍ പിടിച്ചു കൊണ്ട് പോയി. 

പിന്നീടുള്ള യാത്രയില്‍ ചുറ്റുമുള്ളതൊന്നും ഞാന്‍ കണ്ടില്ല. ജീവന്‍ പണയം വച്ച് താഴേക്കിറങ്ങിയ ആ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവരുടെയും, കണ്‍ മുമ്പില്‍ കൂട്ടുകാരന്‍ പിടഞ്ഞു വീണിട്ടും ദൗത്യം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച സുഹൃത്തുക്കളുടെയും നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവന്‍. ചെറിയ ചില വളവുകളും തിരിവുകളും കണ്ടു പേടിച്ച എന്നെയോര്‍ത്ത് എനിക്ക് തന്നെ ലജ്ജ തോന്നി

അടുത്ത ദിവസത്തെ പത്രങ്ങളില്‍ മലമടക്കുകളില്‍ വച്ചുണ്ടായ ആ അപകടത്തെ പറ്റി ചെറിയൊരു വാര്‍ത്ത!യുണ്ടായിരുന്നു. എല്ലുകളെല്ലാം ഒടിഞ്ഞു നുറുങ്ങി അല്‍പ്പം ശ്വാസം മാത്രമായ ഒരു ശരീരമാണ് രക്ഷാസംഘത്തിനു വീണ്ടെടുക്കാനായത്. പരുക്കേറ്റ യുവാവിനു അനേക മാസങ്ങള്‍ ആശുപത്രി വാസവും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ വര്‍ഷങ്ങളുടെ തുടര്‍ചികിത്സയും വേണ്ടി വരും. ദുര്‍ഘടമായ കാട്ടുപാതയില്‍ സമയത്തിനെത്തിയ പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും പത്ര വാര്‍ത്തയില്‍ അഭിനന്ദിച്ചിട്ടുണ്ട്. പക്ഷെ ആ സംഭവത്തിലെ യഥാര്‍ത്ഥ ഹീറോയെപ്പറ്റി ഒരക്ഷരം പോലുമില്ല. 

മലമടക്കുകള്‍ക്ക് നടുവിലുള്ള ആ ചെറിയ ഗ്രാമത്തില്‍ അടുത്ത ഒരു വര്‍ഷം ഞങ്ങള്‍ താമസിച്ചു.ഇവാന്‍ പറഞ്ഞത് ശരിയായിരുന്നു, ആശുപത്രിയും സ്‌കൂളും സുപ്പര്‍മാര്‍ക്കറ്റുകളും ഉള്ള സ്വയം പര്യാപ്തമായ സ്ഥലമായിരുന്നു അത്.  തടിച്ച കൈവിരലുകളും വെയിലേറ്റു ചുവന്ന മുഖവുമുള്ള  കര്‍ഷകരായിരുന്നു ആ ഗ്രാമം നിറയെ. തീക്ഷ്ണമായി സ്‌നേഹിക്കാനും  അതിനെക്കാള്‍ തീക്ഷ്ണമായി പിണങ്ങാനും കഴിവുള്ള പച്ചയായ മനുഷ്യര്‍. നടക്കാനിറങ്ങുന്ന എനിക്ക് ലാവണ്ടര്‍ പൂക്കളുടെ കെട്ടുകളും പഴക്കൂടകളും ഒരുപാടു പുഞ്ചിരിയും സ്‌നേഹവും അവര്‍ തന്നു. ചിരിക്കുന്ന മുഖം മൂടികള്‍ക്ക് പിന്നിലെ മരവിച്ച മുഖങ്ങള്‍ കണ്ടു മടുത്ത എനിക്ക്  ആ ഗ്രാമവും അവിടെയുള്ളവരും ഒരു പുതിയ അനുഭവമായിരുന്നു.

പിന്നോട്ടില്ല ഞാന്‍ എന്ന് ഈ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ട്  ഇരമ്പിയുയരുന്ന ആ ഹെലികോപ്ടറിനെയും അതിന്റെ പൈലറ്റിനെയും ഞാന്‍ ഇടയ്ക്കിടയ്ക്ക് ഓര്‍ക്കാറുണ്ട്.  മരിച്ചാലും സാരമില്ല, ലക്ഷ്യം കണ്ടേ അടങ്ങു എന്നായിരിക്കുമോ കോക്പിറ്റിലിരുന്നു അയാള്‍ ആ സമയത്ത് ചിന്തിച്ചത്?  ഇനി ഒരടി പോലും മുന്നോട്ടു വയ്ക്കാനാവില്ല എന്ന് തോന്നുന്ന നിമിഷങ്ങളില്‍ സ്വയം ലജ്ജ തോന്നിപ്പിച്ചു കൊണ്ട് എന്നെ മുന്നോട്ടു നയിക്കുന്ന തീവ്രമായ ഒരോര്‍മ്മയാണ് ആ മനുഷ്യന്‍. 

 

മനോലോയുടെ ബിക്കിനി

Follow Us:
Download App:
  • android
  • ios