കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി 2020 മാർച്ചിൽ നമ്മുടെ ഇന്ത്യ ലോക്ക്ഡൗണിലേയ്ക്ക് പോയപ്പോൾ, രാജ്യം ഒരുപാട് ഭയന്നു. എന്നാൽ, ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ ആശങ്കയോടെയാണ് അതിനെ നേരിട്ടത്. ഇത്തരമൊരു വൈറസ് നമുക്ക് പുതിയതായിരുന്നു. എന്നാൽ, യാദൃച്ഛികമായി കൊറോണ വൈറസിന് തുല്യമായ മറ്റ് പല വൈറസിനെ കുറിച്ചും മുൻപും പല നോവലിലും, സിനിമകളിലും പരാമർശമുണ്ടായിട്ടുണ്ട്. അത്തരം നോവലുകളുടെ ശ്രേണിയിൽ എടുത്തു പറയേണ്ട ഒന്നാണ് പോൾ ട്രെംബ്ലെയുടെ ഹൊറർ നോവലായ 'സർവൈവൽ സോങ്'. ഈ മഹാമാരി പിടിമുറുക്കുന്നതിന് മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം ഈ നോവൽ എഴുതിയത്. എന്നിട്ടും ഇന്ന് നമ്മൾ നേരിടുന്ന പല സാഹചര്യങ്ങളും ആ നോവലിലും പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നത് അത്ഭുതമുളവാക്കുന്ന കാര്യമാണ്.  

കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറങ്ങിയ ട്രെംബ്ലെയുടെ എട്ടാമത്തെ നോവൽ വേഗത്തിൽ പടരുന്ന റാബിസ് പോലുള്ള ഒരു വൈറസ് ആളുകളെ മാംസദാഹികളാക്കി മാറ്റുന്ന കഥയാണ്. ട്രെംബ്ലേയുടെ നോവലിലെ പല വിശദാംശങ്ങളും നമ്മുടെ ഇന്നത്തെ ജീവിതവുമായി കൂട്ടിയിണക്കാവുന്നതാണ്. പുതിയ വൈറസിനെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഓൺ‌ലൈനിൽ, ഇതിനെ കുറിച്ച് എത്രമാത്രം ആശങ്കാകുലരാകണമെന്നത് ആളുകൾ ചർച്ച ചെയ്യുന്നു. മെഡിക്കൽ ഓഫീസർമാർ അവരുടെ ആശുപത്രികളുടെ ദുർബലമായ ആരോഗ്യസംവിധാനങ്ങളെ കുറിച്ച് സംസാരിക്കുന്നു. സംരക്ഷണ ഉപകരണങ്ങളുടെ അഭാവത്തെക്കുറിച്ചും (പിപിഇ) അവർ ആശങ്കാകുലരാകുന്നു. അങ്ങനെ ഇന്ന് നമ്മൾ നേരിടുന്ന പല ജീവിതസാഹചര്യങ്ങളും നോവലിന്റെയും ഭാഗമാണ്. ട്രെംബ്ലെ സ്വയം ഒരു പ്രവാചകനാകാൻ ശ്രമിച്ചതൊന്നുമല്ല. പക്ഷേ, 2019 ഒക്ടോബറോടെ സർവൈവർ സോങ് പുറത്തിറങ്ങിയപ്പോൾ ഒരു വർഷത്തിനപ്പുറം ആ കഥയ്ക്ക് ജീവിതവുമായി ഇത്രത്തോളം സാമ്യമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ഈ മഹാമാരി ലോകമെമ്പാടും പ്രധാനവാർത്തയാകുന്നതിന് വളരെ മുൻപായിരുന്നു ഈ നോവൽ എഴുതപ്പെട്ടത്.    

“എൺപതുകളിൽ ഒരു കൗമാരക്കാരനെന്ന നിലയിൽ, എന്‍റെ ഏറ്റവും വലിയ ഭയം അപ്പോകാലിപ്‍സും ന്യൂക്ലിയർ യുദ്ധവുമായിരുന്നു” ഇപ്പോൾ 48 വയസുള്ള ട്രെംബ്ലെ പറഞ്ഞു. “പിന്നീട് ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ എല്ലാം അവസാനിക്കുമെന്നുള്ള എന്‍റെ ഭയത്തെക്കുറിച്ചായിരുന്നു ഞാൻ കൂടുതലും പറഞ്ഞത്." അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം വെറുതെ ഭാവനയിൽ നിന്ന് ഉണ്ടാക്കിയെടുത്തതല്ല ഈ നോവലിലെ സംഭവവികാസങ്ങൾ. മറിച്ച് ട്രെംബ്ലെയുടെ സാഹചര്യത്തിന്റെ കൃത്യത അദ്ദേഹത്തിന്റെ ഗവേഷണത്തിന്‍റെ ഫലമാണ്. പ്രത്യേകിച്ച് 2014 എബോള പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരു ആശുപത്രിയിൽ ജോലി ചെയ്‍തിരുന്ന ബന്ധുവായ ഒരു നഴ്‍സ് വഴി അദ്ദേഹം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി.   

മഹാമാരി അമേരിക്കയിൽ വ്യാപിച്ചതിനെ തുടർന്ന്, മാർച്ചിൽ സ്റ്റേ-അറ്റ്-ഹോം ഓർഡറുകൾ വ്യാപകമായപ്പോൾ, ട്രെംബ്ലേയും മിക്കവരെയും പോലെ പാടുപെട്ടു. ഒരു എഴുത്തുകാരൻ എന്നതിനുപുറമെ, ഒരു സ്വകാര്യ സ്‍കൂളിൽ അദ്ദേഹം കണക്ക് പഠിപ്പിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ മോശം ആരോഗ്യസംവിധാനത്തെ കുറിച്ചും, അസുഖം അതിവേഗത്തിൽ പടരുന്ന പ്രവണതയെ കുറിച്ചും അദ്ദേഹം വളരെ വേവലാതിപ്പെടുന്നു. ജോയിസ് കരോൾ ഓട്‍സ്, സ്റ്റീഫൻ കിംഗ് എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ട്രെംബ്ലെ തന്റെ ഇരുപതുകളിൽ എഴുത്തിന്‍റെ ലോകത്തേക്ക് കാലെടുത്തു വച്ചത്.