അമേരിക്കയെ സംബന്ധിച്ചിടത്തോളം 2020 ഒട്ടും ഒരു അനുകൂല വർഷമല്ല എന്ന് പറയാം. അവിടെ നിലനിൽക്കുന്ന സങ്കീർണ്ണ രാഷ്ട്രീയ സാഹചര്യങ്ങളും, മഹാമാരി ഉയർത്തുന്ന ആശങ്കകളും, ജനങ്ങളുടെ പ്രക്ഷോഭങ്ങളും എല്ലാം രാജ്യത്തെ കലുഷിതമാക്കുകയാണ്. അമേരിക്കയിലുള്ള ഒട്ടുമിക്ക ജനങ്ങൾക്കും അവിടത്തെ താമസം മടുത്ത മട്ടാണ്. അവരെ സംബന്ധിച്ചിടത്തോളം സ്ഥിതി അസഹനീയമായിത്തീർന്നിരിക്കുന്നു, അവർ രാജ്യവുമായുള്ള ബന്ധം മൊത്തത്തിൽ വിച്ഛേദിക്കാൻ തീരുമാനിക്കുകയാണ്. അടുത്തകാലത്തായി പുറത്തിറങ്ങിയ ഒരു സർവേ പ്രകാരം, പൗരത്വം ഉപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. സർക്കാർ ഡാറ്റ അനുസരിച്ച് 5816 അമേരിക്കക്കാരാണ് 2020 -ന്റെ ആദ്യ ആറുമാസത്തിനുള്ളിൽ പൗരത്വം ഉപേക്ഷിച്ചത്.

2019 -ന്റെ അവസാന ആറുമാസവുമായി തട്ടിച്ചു നോക്കുമ്പോൾ, പത്തിരട്ടിയിലധികം വർദ്ധനവാണ് ഇത് കാണിക്കുന്നത്. 444 പൗരന്മാർ മാത്രമാണ് 2019 -ന്റെ അവസാനത്തിൽ അവരുടെ പാസ്‌പോർട്ട് ഉപേക്ഷിച്ചത്. 2016 -ൽ ഇതുപോലെ 5,409 അമേരിക്കക്കാർ പൗരത്വം ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ, 2020 -ലെ ഈ കണക്ക് 2016 -ൽ ഉണ്ടായ റെക്കോർഡ് നിരക്കിനെപ്പോലും മറികടക്കുന്നു. ന്യൂയോര്‍ക്ക് കേന്ദ്രീകൃതമായിട്ടുള്ള ബാംബ്രിജ് അക്കൗണ്ടന്റ്‌സാണ് ഈ പഠനം നടത്തിയത്.  

ആളുകൾക്ക് അമേരിക്കയെ മടുക്കാൻ പല കാരണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. കൊവിഡ് മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്‍ത രീതിയും, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്‍മയും, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും എല്ലാം അതിന് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. മറ്റൊരു പ്രധാന പ്രശ്‌നമായി അവിടത്തുകാർ ഉയർത്തിക്കാണിക്കുന്നത് നികുതിയാണ്. ഏകദേശം 9 ദശലക്ഷം അമേരിക്കക്കാരാണ് യുഎസിന് പുറത്ത് താമസിക്കുന്നത്. ഓരോ വർഷവും അവർക്ക് നികുതി റിട്ടേൺ സമർപ്പിക്കുകയും അവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, പെൻഷനുകൾ എന്നിവയുടെ വിവരങ്ങൾ നൽകുകയും വേണം. ഇതിന്റെ പേരിൽ പൗരന്മാർക്ക് 1,200 ഡോളറും, ഓരോ കുട്ടിക്കും 500 ഡോളറും അവകാശപ്പെടാമെങ്കിലും, പലർക്കും ഈ വാർഷിക യുഎസ് ടാക്സ് റിപ്പോർട്ടിംഗ് താങ്ങാവുന്നതിലും അധികമാണ് എന്ന് കമ്പനി പറഞ്ഞു.  

മഹാമാരി, വ്യക്തികൾക്ക് യുഎസുമായുള്ള ബന്ധത്തെ വിശകലനം ചെയ്യാനും, നിലവിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും, വാർഷിക യുഎസ് ടാക്സ് റിപ്പോർട്ടിംഗിനെക്കുറിച്ചും കൂടുതൽ ആഴത്തിൽ ചിന്തിക്കാനും വഴിയൊരുക്കി എന്ന് സ്ഥാപനത്തിന്റെ പങ്കാളിയായ അലിസ്റ്റര്‍ ബാംബ്രിജ് പറഞ്ഞു. നവംബറിലെ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയാണ് പലരും ഇരിക്കുന്നത്. ആ തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചാൽ, രാജ്യം ഉപേക്ഷിക്കുന്നവരുടെ എണ്ണം പിന്നെയും കൂടുമെന്നാണ് കണക്കാക്കുന്നത്. മഹാമാരിയെ തുടർന്ന് പ്രഖ്യാപിക്കപ്പെടുന്ന ഉത്തേജക പേയ്‌മെന്റുകൾക്ക് പൗരത്വമുള്ളവർ മാത്രമേ യോഗ്യരായി തീരുകയുള്ളൂ.  

ഇങ്ങനെയൊക്കെയാണെങ്കിലും ആർക്കും അങ്ങനെ എളുപ്പത്തിൽ പൗരത്വം ഉപേക്ഷിച്ച് പോകാൻ സാധിക്കില്ല അവിടെ. പൗരത്വം ഉപേക്ഷിക്കുന്നവർ അതിന് മുൻപായി, 2,350 ഡോളർ സർക്കാർ ഫീസ് അടക്കണം. കൂടാതെ വിദേശത്ത് നിന്നുള്ളവർ അതാതു രാജ്യത്തെ യുഎസ് എംബസിയിൽ വ്യക്തിപരമായി ഹാജരാവുകയും വേണം. പൗരത്വം ഉപേക്ഷിക്കുന്ന എല്ലാ അമേരിക്കക്കാരുടെയും പേരുകൾ ഓരോ മൂന്നുമാസത്തിലും യുഎസ് സർക്കാർ പ്രസിദ്ധീകരിക്കും. ഈ പൊതുഡാറ്റ പരിശോധിച്ചത്തിന്റെ അടിസ്‌ഥാനത്തിലാണ് ഈ വിവരങ്ങൾ കമ്പനി പുറത്തു വിട്ടത്.