നിപ്പയും, കോറോണയും പോലുള്ള പകർച്ചവ്യാധികൾ തന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ വവ്വാലുകളെ ഒരല്‍പം ഭയത്തോടെയാണ് നാം കാണുന്നത് എന്ന് പറയാതിരിക്കാൻ തരമില്ല. നിപ്പയ്ക്ക് ശേഷം വൈറസുകളുടെ കലവറയായ വവ്വാലുകളിൽനിന്ന് അകലം പാലിക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ, അവയെ ഇപ്പോഴും സ്വന്തമായി കണ്ട് ഊട്ടിവളർത്തുന്ന ഒരു ഗ്രാമം നമ്മുടെ ഇന്ത്യയിലുണ്ട്. ഭുവനേശ്വറിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയഗ്രാമമായ കാബാതബന്ധ് ആണത്.

ആ ഗ്രാമത്തിലുള്ള ഒരു ശിവക്ഷേത്രത്തിനടുത്തുള്ള വൃക്ഷങ്ങളിൽ ആയിരക്കണക്കിന് വവ്വാലുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. കൊറോണ വൈറസ് പോലുള്ള അപകടകരമായ വൈറസുകളുടെ പ്രഭവകേന്ദ്രമായ വവ്വാലുകളെ പക്ഷേ ഗ്രാമീണർ തന്നെയാണ് അവിടെ സംരക്ഷിച്ചുപോരുന്നത്. അതിന് പിന്നിൽ 70 വർഷത്തോളം പഴക്കമുള്ള ഒരാചാരമുണ്ട്, വിശ്വാസമുണ്ട്. വവ്വാലുകൾ തങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് അവർ വിശ്വസിക്കുന്നു. അവയെ രക്ഷകരായാണ് ഗ്രാമത്തിലുള്ളവർ കാണുന്നത്. ബൈതരണി നദിയുടെ തീരത്തുള്ള ആൽമരങ്ങൾ സദാ ശബ്‌ദിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കലമ്പലുകൾ ഗ്രാമീണരുടെ കാതുകളിൽ മനോഹരസംഗീതമായി മുഴങ്ങുന്നു. 

വവ്വാലുകൾക്ക് പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമെന്നാണ് അവിടത്തുകാർ വിശ്വസിക്കുന്നത്. അതുകൊണ്ട്, അവയെ ദൈവത്തെ പോലെ കണ്ട് അവർ കുമ്പിടുന്നു. "1999 -ലെ ചുഴലിക്കാറ്റിൽ, വവ്വാലുകൾ മരങ്ങളിൽ നിന്ന് ഒന്നിച്ച് പറന്നുയർന്നു. ഒരു വലിയ പ്രകൃതിദുരന്തം സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ ഞങ്ങൾ,  അതിനെ നേരിടാൻ മുൻകൂട്ടി തയ്യാറെടുത്തു. കഴിഞ്ഞ 70 വർഷമായി ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമാണ് ഈ വവ്വാലുകൾ. അവയ്ക്ക് പതിവായി ഞങ്ങൾ ഭക്ഷണം നൽകുന്നു." ഒരു ഗ്രാമീണൻ പറഞ്ഞു. വവ്വാലുകളെ കഴിക്കുന്നത് ശ്വാസോച്ഛ്വാസ രോഗങ്ങൾ, ആസ്ത്മ പോലുള്ളവയ്ക്ക് നല്ല മരുന്നാണ് എന്നവർ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരുകാലത്ത് വവ്വാലുകളെ വേട്ടയാടുന്നത് അവിടെ പതിവായിരുന്നു. എന്നാൽ, പിന്നീട് ജനങ്ങൾ അതിനെതിരെ പ്രചരണം നടത്തുകയും വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്‍തു.  

വവ്വാലുകളെ സമൃദ്ധിയുടെയും നല്ല കാലത്തിന്റെയും പ്രതീകങ്ങളായാണ് ഗ്രാമീണർ കാണുന്നത്. ഇതൊന്നും കൂടാതെ, വവ്വാലുകളുടെ ഈ കൂട്ടം കാണാൻ അനേകം വിനോദ സഞ്ചാരികളും വർഷാവർഷം ആ ഗ്രാമത്തിൽ വരുന്നു. “ഞങ്ങളുടെ ഗ്രാമത്തെ എല്ലാ ദുരിതത്തിൽ നിന്നും കാക്കുന്നത് ഈ വവ്വാലുകളാണ്” മറ്റൊരു ഗ്രാമവാസിയായ സത്യ പറഞ്ഞു. ചൂടുകാലമായാൽ അവയെ കടുത്ത വെയിൽ നിന്ന് സംരക്ഷിയ്ക്കാൻ അഗ്നിശമന സേന വവ്വാലുകളുടെ മേൽ വെള്ളം തളിച്ചുകൊടുക്കുന്നു. കൊറോണ വൈറസ് എന്ന മഹാമാരി വവ്വാലുകൾ വഴി മനുഷ്യരിലേയ്ക്ക് നേരിട്ട് ബാധിച്ചതായി തെളിവുകളൊന്നുമില്ലെന്നും, പിന്നെ എന്തിനാണ് അവയെ ഭയക്കുന്നതെന്നാണ് അവിടത്തുകാരുടെ ചോദ്യം. നൂറ്റാണ്ടുകളായ വിശ്വാസത്തിന്റെ തണലിൽ ആ വവ്വാലുകളെ പൊന്നുപോലെ നോക്കിവളർത്തുകയാണ് ആ ഗ്രാമം. വവ്വാലുകളെ ദൈവമായി കണക്കാക്കുന്ന ആ സമൂഹം അവയെ സംരക്ഷിക്കാൻ വേണ്ടുന്നതെല്ലാം ചെയ്യുന്നു.