എന്നിരുന്നാലും, അവളുടെ ഭർത്താവിന്റെ ഒരു സൂചനയും ഇല്ല. 33 -കാരിയായ സ്ത്രീ ഇപ്പോൾ ഒറ്റപ്പെട്ട ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. അവൾ തന്റെ അനുഭവങ്ങൾ ഒരു നോട്ട്ബുക്കിൽ എഴുതി വച്ചു.
ഇറാഖിലെ സിഞ്ചാർ ജില്ലയിലായിരുന്നു ലൈല താലു ജനിച്ച് വളർന്നത്. ഐഎസിൽ നിന്ന് രക്ഷപ്പെടാനായി 2014 ഓഗസ്റ്റ് മൂന്നിന് രാവിലെ അവൾ തന്റെ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം വീടുവിട്ടിറങ്ങി. ആയിരക്കണക്കിന് യസീദികളെപ്പോലെ, അവരുടെ ലക്ഷ്യവും ഒരു പർവതത്തിന്റെ മുകളിൽ അഭയം തേടുക എന്നതായിരുന്നു. എന്നാൽ, അയൽവാസികൾ അവരെ ഒറ്റിക്കൊടുത്തു. അവർ പിടിക്കപ്പെട്ടു. പിന്നീടുള്ള കാലം തീയിൽ ചവിട്ടിയാണ് അവൾ നടന്നിരുന്നത്. ശാരീരിക പീഡനവും, മാനസിക തകർച്ചയും അവളെ ഉലച്ചു. എന്നിരുന്നാലും ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ മറ്റ് യസീദി സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ ലൈല "ഭാഗ്യവതിയാണ്" എന്ന് പറയാം. അവൾക്ക് ഒടുവിൽ ആ നരകത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു. അവിടെ നടന്ന ക്രൂരമായ പീഡനങ്ങളുടെ കഥകൾ പിന്നീട് അവൾ ലോകത്തോട് തുറന്നു പറഞ്ഞു.
തീവ്രവാദികൾ ആദ്യം പുരുഷന്മാരെ സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും വേർപെടുത്തി. പിടിക്കപ്പെട്ട അന്ന് വൈകുന്നേരം, ലൈലയെയും മക്കളെയും മറ്റുള്ളവരോടൊപ്പം ബാജ് ജില്ലയിലേക്ക് കൊണ്ടുപോയി. അവിടെ നാലുദിവസം തടവിലാക്കി. അവിടെ നിന്ന് താൽ അഫാറിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ബദുഷ് ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് അവരെ ഒരു സ്കൂളിൽ തടഞ്ഞുവച്ചു. അവിടെ നടന്ന ബോംബ് സ്ഫോടനത്തെ തുടർന്ന് അവരെ വീണ്ടും താൽ അഫാറിലേക്ക് തിരിച്ചയച്ചു. തങ്ങളെ മൃഗങ്ങളെ പോലെയാണ് അവർ കണക്കാക്കിയിരുന്നതെന്ന് ലൈല പറയുന്നു. സ്ത്രീകളെയും കുട്ടികളെയും അടിക്കുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും പട്ടിണി കിടത്തുകയും ചെയ്തിരുന്നു അവർ. പീഡനങ്ങൾക്കൊടുവിൽ പലരും രോഗികളായി. പലരും ആത്മഹത്യ ചെയ്തു. അവിടെ കഴിഞ്ഞ ഓരോ നിമിഷവും ദുഃഖത്തിന്റെ, വേദനയുടെ വേലിയേറ്റമായിരുന്നു. എട്ട് മാസത്തെ കൊടും പീഡനത്തിന് ശേഷം പിന്നീട് ഇവരെ സിറിയയിലെ തീവ്രവാദ ശക്തികേന്ദ്രമായ റാക്കയിലേക്ക് കൊണ്ടുപോയി.
“നൂറുകണക്കിന് യസീദി സ്ത്രീകൾക്കൊപ്പം വലിയ ബസുകളിൽ ഞങ്ങളെ റാക്കയിലേക്ക് കൊണ്ടുപോയി. അവർ ആടുകളെയും മൃഗങ്ങളെയും കൈകാര്യം ചെയ്യുന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. ഞങ്ങൾക്ക് വേണ്ടത്ര ആഹാരം പോലും അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങൾ തറയിൽ കിടന്നുറങ്ങി, ദിവസേന മൂന്ന് നേരം അല്പം ഭക്ഷണം മാത്രം ഞങ്ങൾക്ക് കിട്ടി. അതേസമയം ഐഎസ്‌ഐഎൽ പ്രവർത്തകരുടെ തലങ്ങും വിലങ്ങുമുള്ള അടികൾ മുടക്കമില്ലാതെ കിട്ടിക്കൊണ്ടിരുന്നു” ലൈല അനുസ്മരിക്കുന്നു. ലൈല തന്റെ രണ്ട് മക്കളോടൊപ്പം ജയിലിൽ 40 ദിവസം ചെലവഴിച്ചു. തുടർന്ന് റഖയിലെ അൽ-നൂർ പരിസരത്തുള്ള ഒരു അപ്പാർട്ട്മെന്റിലേക്ക് അവരെ മാറ്റി. ഐഎസ്‌എല്ലിലെ ഒരു മുതിർന്ന അംഗത്തിന്റെ വീടായിരുന്നു അത്.
ആ മനുഷ്യൻ ഒരു ശസ്ത്രക്രിയാ വിദഗ്ധനായിരുന്നു. "അയാളുടെ ക്രൂരതയ്ക്ക് വഴങ്ങാൻ ഞാൻ വിസമ്മതിച്ചു. നാൽപതുകളിൽ എത്തിനിൽക്കുന്ന അയാൾ അതിന്റെ പേരിൽ എന്നെ കെട്ടിയിട്ട് ചാട്ടകൊണ്ട് അടിക്കുകയായിരുന്നു. ഒടുവിൽ അയാൾ എന്നെ ബലാത്സംഗം ചെയ്തു” അവൾ പറയുന്നു. പിന്നീട് അയാൾ അവളെ മറ്റൊരു പുരുഷന് വിറ്റു. അയാൾ മൊസൂളിൽ നിന്നുള്ള മുപ്പതുകളിൽ എത്തിനിൽക്കുന്ന ഒരാളായിരുന്നു. അവിടെയും അവളുടെ അനുഭവം മറ്റൊന്നായിരുന്നില്ല. അയാളുടെ കൈയിൽ അവൾ പല തവണ പീഡിപ്പിക്കപ്പെട്ടു. ഒടുവിൽ പണത്തിനായി അയാൾ അവളെ മറ്റൊരാൾക്ക് വിറ്റു. അങ്ങനെ ലാഭത്തിനായി പലതവണ അവൾ വിൽക്കപ്പെട്ടു.
പിന്നീട് അവളെ വാങ്ങിയയാൾ ബാഗ്ദാദിൽ നിന്നുള്ളയാളാണെന്നും ഏകദേശം 40 വയസ് പ്രായമുണ്ടെന്നും ലൈല പറയുന്നു. ലൈല ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രം നടത്താൻ അയാൾ അവളെ നിർബന്ധിച്ചു. “അവർ ഞങ്ങളെ സ്പാഗെട്ടി എന്നാണ് വിളിക്കാറുള്ളത്. നിങ്ങൾ മരണമല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്നും, നിങ്ങൾ ഞങ്ങളുടെ അടിമകളാണെന്നും അവർ പറഞ്ഞു" ലൈല ഓർക്കുന്നു. ഇതിനുശേഷം, അവളെ വീണ്ടും ഒരാൾ ബലാത്സംഗം ചെയ്തു. അയാൾ ഒരു ചാട്ടകൊണ്ട് അവളെ അടിക്കുമായിരുന്നു. അവൾ വീണ്ടും ഗർഭിണിയായപ്പോൾ അവളുടെ ഗർഭം വീണ്ടും നിർബന്ധിതമായി നശിപ്പിച്ചു. ഈ സമയത്ത്, ലൈല തന്റെ രണ്ട് കുട്ടികളോടൊപ്പം ഒരു ചെറിയ വീട്ടിൽ താമസിക്കുകയായിരുന്നു. പുറംലോകത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു, ഭർത്താവിനും കുടുംബത്തിലെ മറ്റുള്ളവർക്കും എന്ത് സംഭവിച്ചുവെന്ന് അറിയാതെ അവൾ അവിടെ കഴിഞ്ഞു. 33 -കാരിയായ ലെബനൻ സ്വദേശിയാണ് പിന്നീട് അവളെ വാങ്ങിയത്. അയാൾ മാത്രമല്ല, മറ്റ് പല പുരുഷന്മാരും ആ സമയം തന്നെ ബലാത്സംഗം ചെയ്തുവെന്ന് ലൈല പറഞ്ഞു. റാക്കയിൽ രണ്ടുവർഷത്തോളം ഇതുപോലെ കടന്ന് പോയി. കുടുംബത്തിന്റെയും സിറിയൻ പ്രവർത്തകരുടെയും ശ്രമങ്ങളുടെ ഫലമായി ലൈലയെയും മക്കളെയും 20,000 ഡോളർ മോചനദ്രവ്യത്തിന് വിട്ടയച്ചു.
എന്നിരുന്നാലും, അവളുടെ ഭർത്താവിന്റെ ഒരു സൂചനയും ഇല്ല. 33 -കാരിയായ സ്ത്രീ ഇപ്പോൾ ഒറ്റപ്പെട്ട ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. അവൾ തന്റെ അനുഭവങ്ങൾ ഒരു നോട്ട്ബുക്കിൽ എഴുതി വച്ചു. അതിൽ, താനും മറ്റ് യസീദി സ്ത്രീകളും പെൺകുട്ടികളും അനുഭവിച്ച ദുരിതങ്ങളുടെ ഭയാനകമായ ചില വിശദാംശങ്ങൾ ഉൾപ്പെടുന്നു. ബന്ദികളാക്കിയവർ അത് കണ്ടെത്തിയാൽ അവൾക്ക് വലിയ അപകടമുണ്ടാകുമെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ, അവളെ സംബന്ധിച്ചിടത്തോളം, അടുത്ത തലമുറയ്ക്ക് മുൻപിൽ അടിച്ചമർത്തലിന്റെയും പീഡനത്തിന്റെയും കഥകൾ തുറന്ന് കാണിക്കേണ്ടതിന്റെ ആവശ്യകത ഇതിലും വലുതാണ്. ഇത് ഇരകൾക്ക് നീതി ലഭ്യമാക്കാൻ സഹായിക്കുമെന്ന് അവൾ പ്രതീക്ഷിക്കുന്നു.
