'വലിയൊരു അപരാധ ബോധം എപ്പോഴും എന്നെ  ചൂഴ്ന്നു നിന്നു. അതിനെ മറികടക്കാനായി  രാത്രികളില്‍ ദീര്‍ഘമായ സുജൂദുകള്‍ ചെയ്തു. പാപമോചന പ്രാര്‍ത്ഥനകള്‍ത്തേടി മതപരമായ പുസ്തകങ്ങളില്‍ അലഞ്ഞു. ഉത്തരം ലഭിക്കാത്ത   വലിയ ചോദ്യങ്ങളെ  ഉള്ളിലിട്ടു നീറ്റി.  പ്രതിവിധിപോലെ എന്റെ സംശയങ്ങളെ ഉള്ളില്‍ നിന്നും നീക്കിക്കളയണമേയെന്ന് മനസ്സറിഞ്ഞു  പ്രാര്‍ത്ഥിച്ചു'. 

വേനല്‍ കത്തി നില്‍ക്കുന്ന ഒരു ഏപ്രിലിലാണ് ഞാനാദ്യമായി ഒറ്റയ്ക്ക് ഒരു ദീര്‍ഘദൂരയാത്ര ചെയ്യുന്നത്. 

എനിക്ക് കോഴിക്കോട് വരെ പോകേണ്ടതുണ്ടായിരുന്നു. 

ടാക്‌സിയില്‍ കസിന്‍ വാങ്ങാനേല്‍പ്പിച്ച കുറെ പുസ്തകങ്ങളുമായി ഞാന്‍ യാത്ര പുറപ്പെട്ടു. 

എ സി ഉണ്ടായിട്ടുപോലും കാറില്‍ അത്യാവശ്യം ചൂടുണ്ടായിരുന്നു. വഴിയരികിലെ കാഴ്ചകളിലേക്ക് കണ്ണ് നട്ടും ഇടയ്ക്കിടെ മൊബൈലില്‍ പാളിനോക്കിയും  ഞാനിരുന്നു. 

'എസി കുറച്ചൂടെ കൂട്ടിയിടാമോ?' 

'അതു മാക്‌സിമത്തിലാണ്'-ഡ്രൈവര്‍ സൗമ്യനായി പറഞ്ഞു. 

പിന്നെയെന്നെയൊന്നു നോക്കി തുടര്‍ന്നു-'കറുപ്പില്‍ ഇങ്ങിനെ മൂടിപ്പുതച്ചിരുന്നാല്‍ എങ്ങിനെയാണ് വേവാതിരിക്കുക?'. 

എന്റെ പര്‍ദ്ദയും ഹിജാബുമാണ് അയാളുദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായി. 

'അതോരോരുത്തരുടെ താല്‍പര്യങ്ങളല്ലേ'-ഞാന്‍ ചിരിച്ചു. 

'തെറ്റുധരിക്കില്ലെങ്കില്‍ ഞാന്‍ ചിലത് പറഞ്ഞോട്ടെ?'-അയാള്‍ മിററിലൂടെ എന്നെ പാളി നോക്കി. 

സമ്മതമെന്നര്‍ത്ഥത്തില്‍ ഞാന്‍ ചുമലിളക്കി. 

'ഇത് വിശ്വാസത്തിന്റെ ഭാഗമാണോ?'  

'അതേ..' 

'എന്റെ വീട്ടില്‍ ഞാനും അപ്പച്ചനും അമ്മച്ചിയും ചേച്ചിയും.  ചേച്ചിയുടെ കല്യാണം കഴിഞ്ഞു.  ഞാന്‍ മറൈന്‍ എഞ്ചിനീയറാണ്'. 

ഞാനയാളെ ഒന്നുകൂടെ നോക്കി. 

'എന്നിട്ടെന്തേ ടാക്‌സി ഡ്രൈവറായി എന്നല്ലേ  ഈ നോട്ടത്തിന്റെ അര്‍ത്ഥം. ഞാനതിലേക്കാണ് പറഞ്ഞുവരുന്നത്'. 

'അപ്പച്ചനും അമ്മച്ചിയും ഈയിടെ മുസ്ലിം  ആയവരാണ്. അപ്പച്ചന്‍  ഒരു സുപ്രഭാതത്തില്‍ പെട്ടന്നങ്ങു തീരുമാനിക്കുകയായിരുന്നു. അമ്മച്ചി മതം മാറിയില്ലെങ്കില്‍ ഉപേക്ഷിച്ചു കളയുമെന്നായിരുന്നു ഭീഷണി.വേറെ കെട്ടാന്‍  നിങ്ങളുടെ മതം അനുവദിക്കുന്നുമുണ്ടല്ലോ'  

'അമ്മച്ചീനെ ഞാന്‍ നോക്കിക്കോളാം, മതമൊന്നും മാറേണ്ടെന്ന് ഞാന്‍ പലതവണ പറഞ്ഞതാ. അമ്മച്ചിക്ക് അപ്പച്ചനില്ലാതെ ജീവിക്കാന്‍ വയ്യത്രേ.  പറഞ്ഞിട്ടും കാര്യമില്ല. അത്രേം സന്തോഷമായി കഴിഞ്ഞോരല്ലേ ഞങ്ങള്. വലിയ  ആഘാതമായിരുന്നു ഞങ്ങള്‍ക്കത്. ചേച്ചിയുടെ ഭര്‍ത്താവിന്റെ വീട്ടിലും പ്രശ്‌നങ്ങള്‍. നിന്ന നില്‍പ്പില്‍ കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോയ പോലെ. ഞാനെന്റെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോന്നു' 

'അപ്പാ.. എന്ന് വിളിച്ചു ശീലിച്ച ആള്‍ക്ക് പകരം രൂപത്തിലും സ്വഭാവത്തിലും  ആകെ മാറിയ മറ്റൊരാള്‍.  ഓര്‍മ്മവെച്ച കാലം മുതല്‍  അമ്മച്ചിയെ ഞാന്‍ സാരിയിലെ കണ്ടിട്ടുള്ളൂ. ഒരുങ്ങി നടക്കാന്‍ വല്യ ഇഷ്ടമാണ് അമ്മച്ചിക്ക്. ഇതിപ്പോ കറുപ്പില്‍ ആകെ മൂടിയ കോലം. കണ്ടാല്‍ നെഞ്ച് പൊട്ടും. മെനപ്പോസിന്റെ അവസ്ഥകളില്‍ കൂടി കടന്നുപോകുന്ന സമയം കൂടിയാണ് അമ്മച്ചിയുടേത്. ഹോര്‍മോണ്‍ ചേഞ്ച് കാരണം ശരീരത്തിന് ചൂട് താങ്ങാനും വയ്യ. അതൊന്നും അപ്പച്ചന് മനസ്സിലാവില്ല. ഡേവ്യെ ...  അമ്മച്ചിക്ക് മേലടാ എന്നിടയ്ക്കു കെട്ടിപ്പിടിച്ചു കരയും. ഇപ്പോള്‍ അപ്പച്ചന് എന്നെയും മതം മാറ്റണം. വീട്ടില്‍ നില്‍ക്കാനാവാതെ അവസ്ഥയാണ്. നാട്ടുകാരുടേം ബന്ധുക്കളുടെയും പരിഹാസം വേറെയും' 

'മതം ഓരോരുത്തരുടെ ജീവിതത്തില്‍ വരുത്തുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ലല്ലേ!' 
 
'ഞാനൊന്നു ചോദിക്കട്ടേ! നിങ്ങളിങ്ങനെ പുതച്ചു മൂടി നടക്കുന്നതെന്തിനാണ്? മൂടിക്കെട്ടിയ കറുത്ത വസ്ത്രം ദൈവത്തിനു ആനന്ദദായകമെന്നു ആരാണ് പറയുന്നത്? ഖുര്‍ആന്‍ അങ്ങിനെ പറയുന്നുണ്ടോ?'  

അയാളുടെ മുഖം ചുവന്നു. കണ്ണില്‍ നിന്നൊരു തുള്ളി കവിളിലേക്കൊഴുകി. 

എനിക്കെന്‍റേതായ ഉത്തരങ്ങളുണ്ടായിരുന്നു. ഉള്ളുലഞ്ഞു നില്‍ക്കുന്ന മനുഷ്യനോടത് പറയുന്നത് മര്യാദകേടാവുമെന്നു തോന്നി നിശ്ശബ്ദയായി കണ്ണടച്ച്  സീറ്റിലേക്ക് ചാരിക്കിടന്നു. 

ഇതേ ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചിരുന്ന ഒരുവള്‍ അന്നേരം ഓര്‍മ്മയിലേക്ക് ഓടിക്കയറി. 

അവളെന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്നു

അവളെന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്നു. പ്രണയത്തെ മുറുകെ പിടിക്കാന്‍ കുടുംബവും മതവും ഉപേക്ഷിച്ചവളായിരുന്നു. പലതവണ പലരാല്‍ നിര്‍ബന്ധിക്കപ്പെട്ടിട്ടും നിലപാടുകളില്‍ ഉറച്ചു നിന്നവളായിരുന്നു. 

അല്ലാഹുവിന്റെ കരുണയാല്‍ ജീവിക്കുന്ന പാവം മനുഷ്യജീവികളാണ് നാമെല്ലാമെന്ന തിരിച്ചറിയലുകളില്‍ നിന്നുടലെടുത്ത പരിഭ്രമം കടുത്ത മതനിഷ്ഠയുള്ള ജീവിതത്തിലേക്കാണ് അവളെ  കൊണ്ടെത്തിച്ചത്. ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പണം ചെയ്ത ജീവിതമാണ് ഏറ്റവും സ്വസ്ഥതയുള്ളതെന്ന്  ആരോ അവളെ വിശ്വസിപ്പിച്ചിരുന്നു. 

യാതൊരു സങ്കോചവുമില്ലാതെ പര്‍ദ്ദയിലേക്ക് അവള്‍ ശരീരത്തെ മൂടിയടച്ചു. എപ്പോഴും ചുണ്ടില്‍ മൂളിപ്പാട്ടുണ്ടായിരുന്ന, സിനിമ കാണാന്‍ ഇഷ്ടപ്പെട്ടിരുന്ന, പുസ്തകങ്ങള്‍ വായിച്ചിരുന്ന, ചിത്രം വരക്കാറുണ്ടായിരുന്ന, അവള്‍  അതെല്ലാം പാപങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തെഴുതി ഉപേക്ഷിച്ചു. 

ഇതുവരെ ജീവിച്ചതൊന്നുമായിരുന്നില്ല ജീവിതം, ഒന്നും ശരിയായിരുന്നില്ല. സ്വീകരിക്കപ്പെടുന്ന സത്കര്‍മ്മങ്ങളിലെത്തിച്ചേരാന്‍  ഇനിയുമൊരുപാടു പ്രയത്‌നിക്കേണ്ടി വരുമെന്ന ചിന്തയായിരുന്നു അവള്‍ക്ക്.

പരത്തിനു വേണ്ടി ഇഹത്തിലെ സന്തോഷങ്ങളെ പാടില്ലായ്മകളുടെ ഒരു വേലിയുണ്ടാക്കി  സ്വയമതില്‍ തളച്ചിട്ടു . ആത്മീയ പ്രഭാഷണങ്ങള്‍, ഖുര്‍ആന്‍ ക്ലാസുകള്‍ , ജീവിതത്തെ മതനിഷ്ഠയിലേക്ക് ഒതുക്കി നിര്‍ത്തി .

അങ്ങിനെ ഒരുവള്‍ പെട്ടെന്നൊരു ദിവസം അതെല്ലാം ഉപേക്ഷിച്ചു. ചോദ്യം ചെയ്തവരോടൊക്കെ തര്‍ക്കിക്കുന്നവളായി. കുടുബാന്തരീക്ഷം കലുഷിതമായി.  

ഒരു കല്യാണവീട്ടില്‍ വെച്ചാണ് പിന്നീട് ഞാനവളെ കാണുന്നത്. 

സ്വകാര്യതയെ മാനിക്കുന്നത് കൊണ്ടു ഒന്നും ചോദിക്കേണ്ടെന്നു ഞാനുറപ്പിച്ചിരുന്നു. 

പക്ഷേ, ആളൊഴിഞ്ഞൊരു നേരം കിട്ടിയപ്പോള്‍ അവള് പറയാന്‍ തുടങ്ങി. 

'ആമീ...  നീയെന്താണ് ഒന്നും ചോദിക്കാത്തത്?'  

'ഒന്നുമില്ല.  വെറുതെ  സങ്കടപ്പെടുത്തേണ്ടെന്ന് കരുതി.' 

'നിനക്കറിയാമോ! നരകത്തിന്റെ ഭയങ്ങള്‍ക്കും സ്വര്‍ഗ്ഗത്തിന്റെ പ്രലോഭനങ്ങള്‍ക്കുമിടയില്‍ ഒന്നു പൊട്ടിച്ചിരിക്കാതെ വികാരങ്ങളൊന്നും പ്രകടിപ്പിക്കാതെ എല്ലാവരുടേതുമായ ലോകത്തില്‍ നിന്നകന്നു മാറി ദീനിയാകാന്‍ ശ്രമിക്കുമ്പോഴും,  ഉള്ളിലുയരുന്ന ചോദ്യങ്ങളെ പലപ്പോളും എനിക്ക് ഉപേക്ഷിച്ചു കളയാന്‍ കഴിഞ്ഞിരുന്നില്ല'.  

'വലിയൊരു അപരാധ ബോധം എപ്പോഴും എന്നെ  ചൂഴ്ന്നു നിന്നു. അതിനെ മറികടക്കാനായി  രാത്രികളില്‍ ദീര്‍ഘമായ സുജൂദുകള്‍ ചെയ്തു. പാപമോചന പ്രാര്‍ത്ഥനകള്‍ത്തേടി മതപരമായ പുസ്തകങ്ങളില്‍ അലഞ്ഞു. ഉത്തരം ലഭിക്കാത്ത   വലിയ ചോദ്യങ്ങളെ  ഉള്ളിലിട്ടു നീറ്റി.  പ്രതിവിധിപോലെ എന്റെ സംശയങ്ങളെ ഉള്ളില്‍ നിന്നും നീക്കിക്കളയണമേയെന്ന് മനസ്സറിഞ്ഞു  പ്രാര്‍ത്ഥിച്ചു'. 

'പടച്ചവന് ഉള്ളിലുള്ള തോന്നലുകളെല്ലാം അറിയാമെന്നിരിക്കേ, പ്രാര്‍ത്ഥനകള്‍ വിഫലമല്ലേയെന്ന് ഒരുവേള തോന്നി. വിശ്വാസിയുടെ കണ്ണട അഴിച്ചു വെച്ചപ്പോള്‍  ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ഞാന്‍ കുഴങ്ങി'.  

'ഒന്നിലും മനസ്സുറയ്ക്കുന്നില്ല. ചുറ്റും പടര്‍ന്നു കിടക്കുന്ന നിറങ്ങളിലേക്ക് താദാത്മ്യം ചെയ്യുമ്പോള്‍ നിറം കെട്ടുപോയ വരണ്ട ചിത്രമാണ് തെളിയുന്നത് .
മനസ്സിന്റെ ഓരോ ചാഞ്ചാട്ടങ്ങള്‍. പുറത്തു കടക്കാന്‍ കഴിയാത്ത വിധമുള്ള വിലക്കുകള്‍ കാണുമ്പോള്‍ വിമ്മിഷ്ടം. ശരിയെന്ന് തോന്നിയതാണ് ഞാനിതുവരെ ചെയ്തത്. ഇന്ന് അതിലും വലിയൊരു ശരി കണ്ടെത്തിയിട്ട് മിണ്ടാതെ വാ മുറുക്കി കെട്ടേണ്ടി വരുമ്പോള്‍ തോന്നുന്ന അസ്വസ്ഥത, അത് മനസ്സിന്റേതുകൂടിയാണ്.'

'നിരാശയാണോ സങ്കടമാണോ ശൂന്യതയാണോ-ഒന്നും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല.  ഞാന്‍ ഞാനല്ലതായി തീര്‍ന്നതുപോലുണ്ട്. ഇങ്ങനെപോയാല്‍ എനിക്ക് ഭ്രാന്തുപിടിക്കും.'

തീര്‍ത്തും നിസ്സഹായയും നിശ്ശബ്ദയുമായി ഞാനവളുടെ കൈ കവര്‍ന്നു. 

പിന്നീട്  കുറെ കാലം ഞാനവളെ കണ്ടിട്ടേയില്ലായിരുന്നു.അവള്‍ക്കൊരു കുഞ്ഞുണ്ടായെന്നും പ്രവാസത്തിലേക്കു പറിച്ചു നടപ്പെട്ടുവെന്നും ഞാനറിഞ്ഞിരുന്നു.  
ഒന്നുരണ്ടു കൊല്ലങ്ങള്‍ക്കു ശേഷം വിവാഹമോചനത്തിന് അപേക്ഷിച്ചിരിക്കുന്ന അവളോട്  സംസാരിക്കാന്‍ സുഹൃത്ത് പറഞ്ഞു വിട്ടതനുസരിച്ചാണ് ഞാനവളെ പിന്നീട് കാണുന്നത്. 

സ്വാതന്ത്ര്യവും, വര്‍ണ്ണങ്ങളും, ഈണങ്ങളും, പ്രണയവുമില്ലാത്ത ലോകത്തെ ഒരു ദൈവം സ്വപ്നം കാണുമെന്ന് നീ കരുതുന്നുണ്ടോ?'  

'ഞങ്ങള്‍ തമ്മിലല്ല പ്രശ്‌നം. കാരണങ്ങള്‍ മുഴുവന്‍ മതവുമായി ബന്ധപ്പെട്ടതാണ്'. 

'അവനും കുടുംബത്തിനും വേണ്ടത് മതാന്ധയായി ജീവിക്കുന്ന ഒരുവളെയാണ്' .  

'ഞാന്‍ വായിക്കുകയും അറിയുകയും ചിന്തിക്കുകയും ചെയ്യുമ്പോള്‍ ദീന്‍ എന്നത് അടിച്ചമര്‍ത്തലല്ല എന്ന്  ബോധ്യപ്പെടുന്നുണ്ട്.  അവിടെ സാധ്യതകള്‍ ഉണ്ടെന്നു തിരിച്ചറിയുന്നുണ്ട്. അതേയെന്നോട് പാടരുത്, ജോലി ചെയ്യരുത് എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ?. അല്ലെങ്കില്‍ തന്നേ ദൈവം അങ്ങിനൊരാളാണെന്നു നീ കരുതുന്നോ?'  

'തന്റെ സൃഷ്ടിയുടെ ദൗര്‍ബല്യങ്ങള്‍ അറിയാത്ത സര്‍വ്വ ശക്തന്‍ എന്താണെന്നാണ് ആലോചിക്കുന്നത്? 'അസ്തിത്വം എന്താവുമെന്ന് നീ എപ്പോഴെങ്കിലും ഓര്‍ത്ത് നോക്കിയിട്ടുണ്ടോ?  'എടീ..  സത്യങ്ങളെ മൂടിയെഴുതിയ കാലങ്ങളുടെ പുറത്താണ് എന്റെയും നിന്റെയും നിയമങ്ങള്‍ അന്തിയുറങ്ങുന്നത്'.

'ഓരോ അനക്കത്തിലും നമ്മെ ഞെട്ടിപ്പിച്ചു കൊണ്ടിരുന്നാല്‍ മാത്രമേ അവക്ക് നിലനിപ്പുള്ളൂ എന്നറിയാവുന്ന അതിബുദ്ധി അതിനു പിന്നിലുണ്ട്' 

'നീ പഠിക്കാനൊരുങ്ങുക എന്ന് ഞാന്‍ പറയാമോ? മറ്റുള്ളവര്‍ ചിന്തിക്കുന്നത് പോലെ പഠിക്കാതിരിക്കുക എന്നും പറയാമോ?'

'സ്വാതന്ത്ര്യവും, വര്‍ണ്ണങ്ങളും, ഈണങ്ങളും, പ്രണയവുമില്ലാത്ത ലോകത്തെ ഒരു ദൈവം സ്വപ്നം കാണുമെന്ന് നീ കരുതുന്നുണ്ടോ?'  

ഇതെല്ലാം നിന്റെ ചിന്തകളുടെ സ്വാതന്ത്ര്യത്തിനു വിടുന്നു.

'വായിക്കേണ്ട രീതിയില്‍ വായിക്കുകയും പഠിക്കുകയും ചെയ്യാത്തത്  കൊണ്ടാണ്  ഞാന്‍ കുറേകാലം തുണികള്‍ക്കുള്ളിലേക്കു സ്വപ്നങ്ങളെ മൂടി ഇട്ടിരുന്നത് '.  

'സ്ത്രീകളെ അടച്ചിടാന്‍ എല്ലാ മതങ്ങളും ഉപയോഗിക്കുന്ന സൂത്രവാക്യങ്ങളൊക്കെ തന്നെ മാത്രമേ ഇവിടെയും ഉപയോഗിക്കപ്പെടുന്നുള്ളൂ. വായിക്കുകയും ചിന്തിക്കുകയും ചെയ്തപ്പോള്‍  മാത്രമാണ് എനിക്കിത് പാരതന്ത്ര്യമായി അനുഭവപ്പെട്ടത്'. 

'ആമിക്കറിയാമോ, മതം വളരെയധികം തെറ്റിദ്ധാരണാജനകമായ രീതിയില്‍ പരത്തപ്പെടുന്നത് തന്നെ നൂറ്റാണ്ടു മുതല്‍ക്കുള്ള പലരുടെയും അധികാര ധനമോഹത്തിന്റെ ഭാഗമായിരുന്നു. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. സ്വാതന്ത്ര്യം അനുഭവിക്കാനാവാതെ നാളെ ലഭിക്കുന്ന ഒരു സ്വര്‍ഗ്ഗം എന്ന സങ്കല്പത്തിലേക്കു തെറ്റായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതയുടെ ഭാഗമാണ് ഞാനും നീയും.'

നീയിനി എന്തുചെയ്യാനാണ് ഭാവം?' എന്റെ ചോദ്യത്തില്‍ ആശങ്ക നിഴലിട്ടിരുന്നു. 

അവള്‍ പതിയേ ചിരിച്ചു. 

'നമ്മുടെയൊക്കെ ജീവിതം എന്തൊക്കെ വഴികളിലൂടെയാണ് പോവുന്നത്'

'നമുക്ക് ഇഷ്ടമില്ലാത്ത വഴികള്‍. ഇഷ്ടമുള്ള വഴികള്‍. അപ്രതീക്ഷിത വഴികള്‍. അങ്ങനെയങ്ങനെ. ജീവിച്ചേ പോകണം. ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിതത്തിന്റെ നിറങ്ങള്‍ നമ്മളാണ് കൊടുക്കുന്നതെന്ന് തോന്നുമെങ്കിലും പലപ്പോഴും അത് ശരിയല്ല. ആത്മാവില്‍ ഒരാളായി ഇരിക്കുകയും, മറ്റുള്ളവരെ ജീവിപ്പിക്കാനും സന്തോഷിപ്പിക്കാനും വേറെ ഒരാളായി പരിണാമപ്പെടുകയും ചെയ്യുന്ന ഒരാവസ്ഥാവിശേഷം നമുക്കെല്ലാമിടയിലുണ്ട്. എഴുതപ്പെട്ട നിയമങ്ങളുടെ പറയപ്പെട്ട ശരികളാണ് എന്നെയും നിന്നെയും നയിക്കുന്നത്. എന്നെ സംബന്ധിച്ച് കുറച്ചു കാലം മുന്നേ വരെ വല്ലാത്ത നിരാശയും നിസ്സംഗതയും ഒക്കെ തോന്നിയിരുന്നു. പിന്നീടങ്ങോട്ട് തീരുമാനിച്ചു - ഇതാണ് വഴി എന്ന്'

'അപ്പോള്‍ വിവാഹമോചനം?  നീ മുന്നോട്ടു പോകുന്നോ?'   

അതിന്റെ ഉത്തരത്തിന് പകരം മറ്റൊന്നാണ് അവള്‍ പറഞ്ഞത്. 

'പരസ്പര സ്‌നേഹത്തില്‍ ഊന്നി പങ്കു വെക്കപ്പെടുന്ന വിഭവങ്ങളിലൂടെ ചിരിച്ചു കളിച്ചും ഉല്ലസിച്ചും തീരേണ്ട ഈ ജന്മത്തിനു ആരൊക്കെ എന്തൊക്കെ നിര്‍ വചനങ്ങളും നിയമങ്ങളുമാണ് നല്‍കിയിട്ടുള്ളതല്ലേ' 

'ഇതെല്ലാം കേള്‍ക്കാനും പറയാനും നീയെങ്കിലുമുണ്ടല്ലോ. എല്ലാം കേള്‍ക്കാനൊരാള്‍. അതൊരു സമാധാനമാണ് എന്ന് ഇപ്പോള്‍ തോന്നാന്‍ തുടങ്ങുന്നുണ്ട്. നിനക്കതു മനസ്സിലാകുന്നു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്. ഒരു അമരത്തണലില്‍ ഇരുന്നു കുറ്റപ്പെടുത്താതെ മനസ്സിലാക്കുന്ന ഒരാള്‍ - അങ്ങനെ ഒരാള്‍ക്കു കഴിയുമെന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസം ഉണ്ടായിരുന്നു' 

'നിനക്കതിനു കഴിയുന്നു എന്ന് വിശ്വസിക്കട്ടെ - ഇതൊക്കെ ആരോട് പറഞ്ഞിട്ടെന്ത് എന്നൊക്കെയുള്ള തോന്നല്‍ അല്പം മാറുന്നുണ്ട്.'  

'നീയെന്തു കരുതും എന്ന് ആദ്യമൊക്കെ ഉണ്ടായിരുന്ന തോന്നല്‍ മാറുകയാണ്.  ഇടയ്‌ക്കൊക്കെ അച്ഛനും അമ്മയും വീടും ഓര്‍മ്മയിലേക്കങ്ങിനെ തിങ്ങി വരും. ഞങ്ങളുടെ സന്തോഷത്തിന്റെ നാളുകള്‍. ഇന്ന് അവര്‍ക്കെന്നെക്കുറിച്ചു  വേവലാതികളില്ല. അന്വേഷണങ്ങളില്ല, തിരിച്ചു വരണമെന്ന് അവര്‍ ചിന്തിക്കുന്നുമുണ്ടാവില്ല. ഞാനെന്നത് അവരുടെ അഭിമാനത്തിന് മേല്‍ ഏറ്റ പ്രഹരമായിരുന്നു. എന്റെ ചിന്തകള്‍, എന്റെ പ്രണയം, ഉറച്ച ശരികളാണ് എന്ന് തന്നെ ഞാന്‍ ആവര്‍ത്തിച്ചു. ഇന്നെനിക്കു തോന്നുന്നു പ്രണയത്തിന് എന്നല്ല മറ്റു യാതൊന്നിനും വേണ്ടി സ്വീകരിക്കേണ്ട ഒന്നല്ല മതം. വൈകിപ്പോയി ആമീ...  ചില തിരിച്ചറിവുകള്‍ കാലം കാത്തുവെക്കുന്നതാണ്'

കണ്ണീരൊതുക്കി ചിരിച്ച് അവളിരിട്ടിലേക്കു ഇറങ്ങിപ്പോയി. 

പിന്നീട് അവളുടെ ചോദ്യങ്ങളെ പലപ്പോളും ഞാനുള്ളിലിട്ടുരുട്ടിയിട്ടുണ്ട്.  ഉത്തരങ്ങള്‍ തേടിയിട്ടുണ്ട്.  

ഓരോ മതത്തിലും ഉള്‍പ്പെട്ട ജനം ഒട്ടുമുക്കാലും അതത് മതത്തില്‍ ആയിരിക്കുന്നത് അവരവരുടെ മാതാപിതാക്കളില്‍ നിന്ന് കിട്ടുന്നതുകൊണ്ടാണ്.  ജനിച്ച മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് മറ്റ് മതങ്ങളുമായി അതിനെ താരതമ്യപ്പെടുത്തിയതിന് ശേഷം തന്റെ മതം ആണ് ശ്രേഷ്ഠമതം എന്ന ഉത്തമബോധ്യത്തിലെത്തി, അതില്‍ ഉറച്ചു നില്‍ക്കുന്നവര്‍ എണ്ണത്തില്‍ ഏറെ ഉണ്ടാകാനിടയില്ല. താന്‍ ജനിച്ച മതം തനിക്ക് ശാന്തി നല്‍കുന്നില്ല എന്ന തിരിച്ചറിവോടെ ബൗദ്ധിക തീര്‍ത്ഥാടനത്തിന് ഇറങ്ങിത്തിരിച്ച് തന്റെ മതം നല്‍കാത്തത് നല്‍കുന്ന മറ്റൊരു മതം സ്വീകരിക്കുന്നവരുടെ എണ്ണവും  കുറവായിരിക്കും. ലളിതമായ സത്യം തിരിച്ചറിയുമെങ്കില്‍ ഒരു മതം മാറ്റത്തിന്  ഇതരമതസ്ഥരായ മനുഷ്യരെ യുക്തിയുള്ള ഒരാള്‍ക്ക് നിര്‍ബന്ധിക്കാനാവില്ല . അതെന്തിന്റെ പേരിലായാലും. 

അക്കാര്യത്തില്‍ ഏറെ ബഹുമാനം തോന്നിയിട്ടുള്ള ആളാണ് അബൂക്ക.  അദ്ദേഹം കടുത്ത  വിശ്വാസിയാണ്. പ്രസ്ഥാനപ്രവര്‍ത്തകനാണ്.  ഒരേ ഒരു മകന്‍ അന്യജാതിക്കാരിയുമായി പ്രണയത്തില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ പലരും കളിയാക്കി.  വിശ്വാസിക്ക് എട്ടിന്റെ പണി കിട്ടിയതാണെന്നു പരിഹസിച്ചു. പക്ഷേ  അബൂക്ക  എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു വിവാഹത്തിന് സമ്മതം നല്‍കി. നാടൊട്ടുക്ക്  വിളിച്ചു  അന്തസ്സായി കല്യാണം നടത്തി. മരുമകള്‍ മതം മാറിയില്ലേ  എന്ന് മുഖം ചുളിച്ചവരെയൊക്കെ  'പ്രേമത്തിന് വേണ്ടി മാറ്റിയുടുക്കാനുള്ള കുപ്പായമല്ല മതമെന്ന് ' തിരിച്ചടിച്ചു. 

'ഞാനൊരു വിശ്വാസിയാണ്. പക്ഷേ പക്വതയും പ്രായപൂര്‍ത്തിയും എത്തിയ എന്റെ മകന്റെ മേല്‍ അതു പ്രയോഗിക്കാനുള്ള അവകാശം  എനിക്കില്ല. ഓരോരുത്തരേയും അവരവരുടെ വിശ്വാസത്തിനു വിടുക എന്നല്ലേ ഖുര്‍ആനില്‍ പറയുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം.  ഇനി മറ്റൊരു മതക്കാരിയെ അവന്‍ വിവാഹം ചെയ്‌തെന്നു കരുതി അവനെന്റെ മകനാകാതെയുമിരിക്കുന്നില്ല'

അബൂക്ക പറയുമ്പോലെ ഒരാളെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് കൊണ്ട് വരല്‍ അസാധ്യം തന്നെയാണ്. കാരണം ഖുര്‍ആനിലും അതിന്റെ പ്രഥമവും പ്രധാനവുമായ വ്യാഖ്യാനമായ ഹദീസിലും  പറയുന്നത്; ഈമാന്‍ എന്നാല്‍ സാങ്കേതികമായി ഹൃദയം കൊണ്ടുള്ള 'തസ്വ് ദീഖ്' ഉം നാവു കൊണ്ടു 'ഇഖ്‌റാര്‍' ഉം ആണെന്നാണ്. ഇതിലെ 'തസ്വ് ദീഖ്' എന്നതിന്റെ അര്‍ത്ഥം മനസാ അംഗീകരിക്കുക എന്നാണ്. 'ഇഖ്‌റാര്‍' എന്നാല്‍ മനസാ അംഗീകരിച്ച സത്യം നാവു കൊണ്ട് മൊഴിയുക എന്നുമാണ്. അപ്പോള്‍ പിന്നെ നിര്‍ബന്ധിച്ചാല്‍ ബാഹ്യമായ മൊഴി ഉണ്ടായെന്ന് വരാമെങ്കിലും മനസ്സു കൊണ്ടുള്ള അംഗീകാരമുണ്ടാവില്ല.

ഈമാന്‍ എന്നത് ഈ തിരിച്ചറിവ് കൂടിയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഓരോരുത്തരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു വാഖ്യാനങ്ങള്‍ നല്കുന്നതാണ് കുഴപ്പമെന്നും മനസ്സിലാക്കുന്നു. 

ഡ്രൈവര്‍ സീറ്റില്‍ അയാളുണ്ട്. അതേ ഇരിപ്പ്. 

വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. ഡ്രൈവര്‍ സീറ്റില്‍ അയാളുണ്ട്. അതേ ഇരിപ്പ്. 

ഞാനയാളെ കണ്‍തുറന്നു നോക്കി. മുഖം കണ്ടാലറിയാം, കാറ്റ് പിടിച്ച പതാകപോലെയാണിപ്പോള്‍ അയാളുടെ  മനസ്സ്.

ജീവിതത്തിന്റെ താഴ്ചകളിലൂടെ നടന്നു പോകുന്ന ഒരാള്‍ക്ക്  പ്രതീക്ഷകളുടെ ആകാശം പോലും എത്ര  അകലെയായിരിക്കും.  

ഈ മനുഷ്യനോട് ഞാനെന്താണ് പറയുക. അല്ലെങ്കില്‍ ഞാന്‍ പറയുന്നതിനെ എതര്‍ത്ഥത്തിലാണ് അയാളുള്‍കൊള്ളുക?  

ഏതുപ്രതിസന്ധിഘട്ടത്തിനും ചില പരിഹാരങ്ങളുണ്ട്. അതുതന്നെയാണ്  താങ്കളുടെ ചോദ്യത്തിന്  എനിക്ക് പറയാനുള്ള ഉത്തരവും.

എങ്കിലും  ഞാനാ ഉത്തരം പറയുകയില്ല. 

ചിലനേരം മൗനമാണ് ഏറ്റവും നല്ല മറുപടി. 

എന്റെ മൗനത്തിനു എന്തു വാഖ്യാനമാണ് നിങ്ങള്‍  കൊടുക്കാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. 

വിശ്വാസമെന്നാല്‍  എനിക്കിപ്പോള്‍ ഇത്രമാത്രമാണ്. സംശയങ്ങള്‍ ഉള്ളിലിരുന്ന് പൊള്ളുമ്പോഴും  മനസ്സ് സ്വസ്ഥമാക്കുന്ന ആത്മീയമായ ഒരുണര്‍വ്.

 

ആമി അലവി എഴുതിയ മറ്റ് കുറിപ്പുകള്‍

എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

ഞാന്‍ വീട്ടിലേക്ക് മടങ്ങി; അവള്‍ മരണത്തിലേക്കും!

തീ പോലൊരു രാജകുമാരന്‍; തീ കൊണ്ടൊരു രാജകുമാരി!

പ്രണയത്തിന്റെ ആദ്യപാഠം

എന്തിനാണ് നാമിങ്ങനെ  ശരീരത്തെ  ഭയക്കുന്നത്?

 മറിയം, എന്റെ വലിയ പൂമ്പാറ്റ!

കത്തിമുന പോലെ പിന്തുടരുന്ന മുഖമായിരുന്നു  ജീവിതത്തിലുടനീളം അയാള്‍!'നീ മരിച്ചാല്‍  ആ വിവരം  ഞാനറിയണമെന്നില്ല'

ഈ പാക്കിസ്ഥാനി അയക്കുന്ന  ചില്ലിക്കാശിനാലാണ് ഒരു  മലയാളി കുടുംബം  ജീവിക്കുന്നത്

ചാച്ചന്റെ അവസാനത്തെ ഗേള്‍ ഫ്രണ്ട്

താരാ, നമുക്കിടയിലെ ഈ  അകലം കുറയാതിരിക്കട്ടേ...