വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമം എന്ന് പറയുമ്പോൾ ഓലമേഞ്ഞ വീടുകളും, ഇടുങ്ങിയ കുഴികൾ നിറഞ്ഞ തെരുവുകളുമെല്ലാമാണ് ആദ്യം ഓർമ്മ വരിക. എന്നാൽ, ഗുജറാത്തിലെ പുൻസാരി എന്ന ഗ്രാമം സന്ദർശിച്ചാൽ ആ ധാരണയെല്ലാം മാറും. പുൻസാരിയെ ഒരു 'മാതൃകാ ഗ്രാമം' എന്നാണ് സംസ്ഥാന സർക്കാർ അഭിമാനത്തോടെ വിശേഷിപ്പിക്കുന്നത്. ഈ വർഷം ആദ്യം 6000 ആളുകൾ താമസിക്കുന്ന ഈ ഗ്രാമത്തെ 'ആദർശ് ഗ്രാമം' ആയി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. കാരണം രാജ്യത്തെ ഏത് മെട്രോപൊളിറ്റൻ നഗരമായും മത്സരിക്കാൻ ശേഷിയുള്ള എല്ലാ അത്യാധുനിക സൗകര്യങ്ങളും ആ കൊച്ചുഗ്രാമത്തിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വികസന മാതൃക പഠിക്കാനും രാജ്യത്തുടനീളം മാതൃകാ ഗ്രാമങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാനും പുൻസാരിയിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. ഏതൊരു നഗരത്തിലെയും പോലെ പുൻസാരിയിലും നല്ല റോഡുകൾ, ശുദ്ധജലം, വൈദ്യുതി, സിസിടിവി, ആർ‌ഒ വാട്ടർ പ്ലാന്റ്, മാലിന്യ ശേഖരണം, ആരോഗ്യ കേന്ദ്രം, ഡിജിറ്റൽ സ്കൂളുകൾ എന്നിവയുണ്ട്. ഗതാഗത സൗകര്യത്തിനായി എല്ലാ കവലകളിലും ബസ് സ്റ്റോപ്പുകളുമുണ്ട്. റോഡുകൾ വൃത്തിയുള്ളതും മാലിന്യരഹിതവുമാണ്. എല്ലാത്തരം വിവരങ്ങളും ആളുകൾക്ക് കൈമാറുന്നതിനായി പരസ്യ പ്രഖ്യാപനങ്ങൾ നടത്താൻ ഗ്രാമത്തിന്റെ ഓരോ കോണിലും ഒരു സ്പീക്കർ സ്ഥാപിച്ചിട്ടുണ്ട്.  

എന്നാൽ, ഇതെല്ലാം അത്ര എളുപ്പത്തിൽ ഉണ്ടായതല്ല. ഇന്ന് കാണുന്ന ഈ വികസനത്തതിന്റെയെല്ലാം പിന്നിൽ അവിടത്തെ മുൻ ഗ്രാമത്തലവൻ ഹിമാൻഷു പട്ടേലാണ്. മുൻപ് ആ ഗ്രാമത്തിൽ വൈദ്യുതിയോ, ശുദ്ധജലമോ, ക്രമസമാധാനപാലനമോ ഒന്നുമുണ്ടായിരുന്നില്ല. ഗുണ്ടായിസം കാരണം എല്ലാ മാസവും ഒരു പോലീസ് കേസെങ്കിലും അവിടെ ഉണ്ടായിരുന്നു. നിരവധി കുടുംബങ്ങൾ ഗ്രാമം ഉപേക്ഷിച്ച് പോയി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 328 കുടുംബങ്ങളായിരുന്നു അവിടെ താമസിച്ചിരുന്നത്. സ്വന്തം ഗ്രാമത്തെ ഇതിൽ നിന്നും കരയകറ്റാൻ ആഗ്രഹിച്ച് പല പദ്ധതികളും അദ്ദേഹം മുന്നോട്ടു വച്ചു. എന്നാൽ, ഒരു കൊച്ചു പയ്യൻ പറയുന്ന വിഡ്ഢിത്തങ്ങളായേ അധികാരികൾ അതിനെ കണ്ടുള്ളൂ. ഒരു സ്ഥാനം നേടിയാൽ മാത്രമേ തന്റെ വാക്കിന് ആളുകൾ കാതുകൊടുക്കൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. ബിരുദം പൂർത്തിയാക്കിയ ശേഷം 2006 -ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം 22 -ാം വയസ്സിൽ പുൻസാരിയുടെ ഏറ്റവും പ്രായം കുറഞ്ഞ സർപഞ്ചായി.

എന്നാൽ, ഒരു മാറ്റം കൊണ്ടുവരുന്നത് എളുപ്പമായിരുന്നില്ല. ആളുകൾ പലപ്പോഴും അദ്ദേഹത്തിന്റെ ആശയങ്ങളുമായി സഹകരിക്കാൻ മടിച്ചു. 98 ശതമാനം ഗ്രാമീണരും വിദ്യാഭ്യാസമില്ലാത്തവരും കാർഷികമേഖലയിലോ ഡയറി ഫാം മേഖലയിലോ ജോലി ചെയ്യുന്നവരോ ആയിരുന്നു. പഞ്ചായത്തിനാണെങ്കിൽ ഫണ്ടില്ല. പകരം, 1.2 ലക്ഷം രൂപയുടെ കടമായിരുന്നു ഉണ്ടായിരുന്നത്. പുതിയ സർപഞ്ചിനെ എതിർക്കാൻ സ്വാധീനമുള്ള ആളുകൾ എപ്പോഴും തയ്യാറായിരുന്നു. എന്നാൽ, അദ്ദേഹം മുന്നോട് തന്നെ പോകാൻ തീരുമാനിച്ചു. അതിൽ ആദ്യപടി ആളുകളുടെ വിശ്വാസം ആർജ്ജിക്കുക എന്നതായിരുന്നു. ഗ്രാമീണരുടെ മുൻഗണനകളും അവർക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കാനും അദ്ദേഹം ശ്രമിച്ചു. തന്റെ ഭരണത്തിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ ഗ്രാമീണരുടെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചു. അപ്പോഴും ഒരു എൻ‌ജി‌ഒയുടെയോ സി‌എസ്‌ആറിന്റെയോ സഹായം തേടില്ലെന്ന് ഹിമാൻഷു തീരുമാനിച്ചിരുന്നു. പകരം, ഈ വിടവ് നികത്താൻ സർക്കാർ പദ്ധതികൾ അദ്ദേഹം ഉപയോഗപ്പെടുത്തി. 2008 ആയപ്പോഴേക്കും ഗ്രാമത്തിൽ വൈദ്യുതി വന്നു. ഉചിതമായ സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കപ്പെട്ടു. ജലവിതരണ സംവിധാനം, റോഡുകൾ എന്നിവ ഉണ്ടായി. ഗ്രാമത്തിലെ എല്ലാ വീടുകളിലും ടോയ്‌ലറ്റുകൾ നിർമ്മിച്ചു.

ഗ്രാമീണരുമായി ആശയവിനിമയം നടത്താൻ 2009 -ൽ ഹിമാൻഷു 12 സ്പീക്കറുകൾ ഗ്രാമത്തിൽ സ്ഥാപിച്ചു.  അതിലൂടെ ഒരാളുടെ മരണവിവരവും, ജന്മദിനാശംസകളും, മറ്റു വിശേഷങ്ങളും അറിയിക്കും. അതിനൊപ്പം ഗ്രാമീണരെ സഹായിക്കുന്ന സർക്കാർ പദ്ധതികളെ കുറിച്ചും അദ്ദേഹം അറിയിപ്പുകൾ നൽകും. ഇതോടെ ഗ്രാമവാസികളും ഗ്രാമപഞ്ചായത്തും തമ്മിലുള്ള അകൽച്ചയും കുറഞ്ഞു. ഗ്രാമത്തിന് വെളിയിൽ പോയാൽ ഉപയോഗിക്കാനായി തന്റെ മൊബൈൽ ഹിമാൻ‌ഷു സ്പീക്കറുകളുമായി ബന്ധിപ്പിച്ചിരുന്നു.   

ഗ്രാമത്തിൽ വൈഫൈ സൗകര്യവുമുണ്ട്. ഗ്രാമവാസികൾക്ക് പ്രതിമാസം 50 രൂപ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്താൽ മതി ഡാറ്റ കിട്ടാന്‍. ക്ലാസ് മുറികളും, ഗ്രാമത്തിലെ എല്ലാ സർക്കാർ ഓഫീസുകളും തുടങ്ങി വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകളിൽ നിന്നുള്ള ഫൂട്ടേജ് ഒരു അപ്ലിക്കേഷൻ വഴി മൊബൈൽ ഫോണുകളിൽ കാണാൻ കഴിയും. വെറും രണ്ട് രൂപയുടെ ടോക്കൺ എടുത്താൽ ഗ്രാമീണർക്ക് അവിടെയുള്ള മിനി ബസിൽ യാത്ര ചെയ്യാം. 2014 വരെ അദ്ദേഹം അധികാരത്തിൽ തുടർന്നു.  ഇപ്പോൾ അദ്ദേഹത്തിന് ശേഷമെത്തിയവർ അത് പിന്തുടർന്നു പോരുന്നു. പുൻസാരി ഗ്രാമത്തിന്റെ പ്രവർത്തനത്തിന് നിരവധി അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.