Asianet News MalayalamAsianet News Malayalam

പൊലീസ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു, അഫ്‍ഗാനില്‍ സ്ത്രീക്ക് നേരെ വധശ്രമം, കാഴ്ച നഷ്‍ടമായി...

അവൾ തന്റെ ജോലിയെ വളരെ അധികം സ്നേഹിച്ചു. സമൂഹത്തിനെ എതിർത്ത്, ഒരുപാട് കഷ്ടപ്പെട്ട് നേടിയ ആ ജോലിയിൽ പക്ഷേ അധികനാൾ തുടരാൻ അവൾക്കായില്ല.

Afghan lady attacked for getting a job
Author
Afghanistan, First Published Nov 11, 2020, 11:16 AM IST

ഇന്നത്തെ കാലത്ത് ഭൂരിഭാഗം സ്ത്രീകളും സ്വന്തം കാലിൽ നിൽക്കാനും, സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ, ആ ആഗ്രഹത്തിന്റെ പേരിൽ 33 -കാരിയായ ഒരു അഫ്‍ഗാൻ യുവതിയ്ക്ക് നഷ്‍ടമായത് സ്വന്തം കണ്ണുകളാണ്. ജോലി തേടി വീടിന് വെളിയിലിറങ്ങിയതിന് ഖത്തേരക്ക് കിട്ടിയ ശിക്ഷ അതായിരുന്നു. ഒരുദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അവരെ ബൈക്കിലെത്തിയ മൂവർസംഘം ആക്രമിക്കുകയായിരുന്നു. 

കുട്ടിക്കാലം മുതലേയുള്ള അവളുടെ സ്വപ്‍നമായിരുന്നു സ്വന്തമായൊരു ജോലി. എന്നാൽ, എത്ര ശ്രമിച്ചിട്ടും അവളുടെ പിതാവ് ആ ആഗ്രഹത്തിന് വഴങ്ങിയിരുന്നില്ല. സ്ത്രീകൾ വീടിന് വെളിയിൽ പോയി ജോലി ചെയ്യുന്നതിനോട് അദ്ദേഹത്തിന് കടുത്ത എതിർപ്പായിരുന്നു. എന്നാൽ, വർഷങ്ങളോളം ലഭിക്കാതിരുന്ന പിന്തുണ കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവിൽ നിന്ന് അവൾക്ക് ലഭിച്ചു. അങ്ങനെ ഗസ്‍നി പൊലീസ് ക്രൈംബ്രാഞ്ചിൽ ഒരു ഓഫീസറായി അവൾ ജോലി ചെയ്യാൻ ആരംഭിച്ചു. 

അവൾ തന്റെ ജോലിയെ വളരെ അധികം സ്നേഹിച്ചു. സമൂഹത്തിനെ എതിർത്ത്, ഒരുപാട് കഷ്ടപ്പെട്ട് നേടിയ ആ ജോലിയിൽ പക്ഷേ അധികനാൾ തുടരാൻ അവൾക്കായില്ല. ഒരുദിവസം പതിവ് പോലെ ജോലി കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അവിചാരിതമായി മൂന്നുപേർ ബൈക്കിൽ വന്ന് അവളെ ആക്രമിക്കുന്നത്. അവളുടെ കണ്ണിൽ അവർ കത്തികൊണ്ട് കുത്തുകയും,  വെടിവയ്ക്കുകയും ചെയ്‌തു. അവളുടെ ലോകത്തെ എന്നെന്നേക്കുമായി ഇരുട്ടിലാഴ്ത്തി അവര്‍. ആശുപത്രിയിൽ ഉറക്കമുണർന്നപ്പോൾ അവൾക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അവളുടെ ജീവിതവും, സ്വപ്‍നങ്ങളും എല്ലാം ആ ഇരുട്ടിൽ ഇല്ലാതായി. “കുറഞ്ഞത് ഒരു വർഷമെങ്കിലും എനിക്ക് പൊലീസിൽ സേവനമനുഷ്ഠിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. അതിനുശേഷമാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ, ഇത്രയ്ക്ക് വേദനയുണ്ടാകില്ലായിരുന്നു. എന്റെ സ്വപ്‍നജീവിതത്തിന് വെറും മൂന്നുമാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ” അവൾ റോയിട്ടേഴ്സിനോട് പറഞ്ഞു.

തന്നെ ആക്രമിച്ചതിന്റെ പിന്നിൽ താലിബാൻ തീവ്രവാദികളാണ് എന്നവര്‍ ആരോപിക്കുന്നു. അതേസമയം തങ്ങൾ ഇതിനെ കുറിച്ചറിഞ്ഞുവെന്നും എന്നാൽ തങ്ങൾക്ക് അതിൽ പങ്കില്ലെന്നുമാണ് അവരുടെ വിശദീകരണം. വീടിന് പുറത്ത് ജോലി ചെയ്യുന്നതിനെ ശക്തമായി എതിർത്ത പിതാവിന്റെ നിർദ്ദേശത്തെ തുടർന്നാണ് അക്രമികൾ പ്രവർത്തിച്ചതെന്നാണ് അവരും, അധികൃതരും ആരോപിക്കുന്നത്. “ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോൾ പലതവണ എന്റെ പിതാവ് എന്നെ പിന്തുടരുന്നത് ഞാൻ കണ്ടു. അദ്ദേഹം താലിബാനുമായി ബന്ധപ്പെട്ടിരുന്നു. ഞാൻ ജോലിക്ക് പോകുന്നത് തടയാൻ അവരോട് പിതാവ് ആവശ്യപ്പെട്ടിരിക്കാം” അവര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. തന്റെ ഐഡി കാർഡിന്റെ ഒരു പകർപ്പ് അവളുടെ പിതാവ് താലിബാന് നൽകിയതായും, ആക്രമണം നടന്ന ദിവസം താൻ എവിടെയാണെന്ന് തിരക്കിയതായും അവര്‍ പറയുന്നു. 

ജോലി ചെയ്യുന്ന സ്ത്രീകൾക്ക്, പ്രത്യേകിച്ച് സമൂഹമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതിന്റെ പേരിൽ പലപ്പോഴും അക്രമപരമായ തിരിച്ചടികളാണ് ലഭിക്കുന്നത്. ഒരു സ്ത്രീ ഒരു പോലീസ് ഉദ്യോഗസ്ഥയാവുക എന്നത് താലിബാനെ പ്രകോപിപ്പിച്ചിരിക്കാം എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. അവളുടെപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആക്രമണത്തിൽ നിന്ന് കരകയറുന്ന ഖത്തേര ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം കാബൂളിൽ ഒളിവിലാണ്. അവളുടെ കുടുംബം അവളുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ച് മാറ്റിയിരിക്കയാണ്. അവൾ കാരണമാണ് പിതാവ് അറസ്റ്റിലായത് എന്നാണ് അവളുടെ മാതാവ് ആരോപിക്കുന്നത്.  

Follow Us:
Download App:
  • android
  • ios