Asianet News MalayalamAsianet News Malayalam

തമിഴ് രാഷ്ട്രീയത്തിലെ ഒളിപ്പോരാളികള്‍ തല ഉയര്‍ത്തി തുടങ്ങുമ്പോള്‍...

after jayalalithaas death tamilnad politics
Author
Thiruvananthapuram, First Published Dec 28, 2016, 10:51 AM IST

after jayalalithaas death tamilnad politics

ജയയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി

തമിഴ് രാഷ്ട്രീയത്തില്‍ ജ്വലിച്ചു നിന്ന ജയാമ്മയുടെ നിഴലായി ശശികല എന്നും ഉണ്ടായിരുന്നു. ആര്‍ക്കോട്ട് ജില്ലാ കളക്ടറായിരുന്ന വി ചന്ദ്രലേഖയുമായുള്ള അടുപ്പം  മുതലെടുത്താണ്, നടരാജന്‍ ശശികലയെ ജയക്ക് പരിചയപ്പെടുത്തുന്നത്.  (ജയയുടെ നീക്കങ്ങളില്‍ സംശയാലുവായ എംജി ആര്‍, ശശികലയെ, ചാരപ്പണിക്കായി ഉപയോഗിച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ട്). എണ്‍പതുകളുടെ മധ്യത്തോടെ എം ജി ആര്‍ രോഗബാധിതനായി. 87 ല്‍ അദ്ദേഹം മരിച്ചു. പാര്‍ട്ടിക്കുള്ളില്‍ അധികാരത്തിന്റെ പേരില്‍ പോര് രൂക്ഷമായപ്പോള്‍ ഒരു ഭാഗത്ത് ജയലളിതയും മറുഭാഗത്ത് ആര്‍ എം വീരപ്പനുമായിരുന്നു. ഇക്കാലത്താണ് ശശികല ജയലളിതയുടെ പോയസ് തോട്ടത്തിലെ വേദനിലയമെന്ന വീട്ടിലേക്ക് താമസം മാറുന്നതും അവര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കുന്നതും. തന്ത്രങ്ങളുടെ ആശാനായ നടരാജന്‍ ശശികലയിലൂടെയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. 89 ല്‍ മന്നാര്‍ഗുഡിയില്‍ നിന്ന് 40 ജോലിക്കാരെയാണ് വേദനിലയത്തിലേക്ക് കൊണ്ടുവന്നത്. വീട്ടുവേലക്കാര്‍, പാചക്കകാര്‍, സെക്യൂരിറ്റി, ഡ്രൈവര്‍മാര്‍, തുടങ്ങിയവരൊക്കെ ഇറക്കുമതി ചെയ്ത് ജയയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി ചോര്‍ത്തി നടരാജന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നേട്ടങ്ങള്‍ ഉണ്ടാക്കി.
ജയലളിതയോടൊപ്പമുണ്ടായിരുന്ന പലരും പല സമയങ്ങളിലും വിട്ടുപോയെങ്കിലും ഇടയ്ക്ക് ചില പ്രശ്‌നങ്ങങളൊഴിച്ചാല്‍, അവര്‍ക്കൊപ്പം സ്ഥിരമായുണ്ടായിരുന്നത്, തോഴി ശശികലമാത്രമായിരുന്നു. അങ്ങനെയാണ് ജയയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായി ശശികല മാറിയത്. തമിഴകം,'അമ്മ' എന്ന് ജയലളിതയെ വാഴ്ത്തിയപ്പോള്‍, 'ചിന്നമ്മ'എന്ന ഓമനപ്പേരിട്ടാണ് ശശികലയെ വിളിച്ചിരുന്നത്.

വേദനിലയത്തില്‍ രാജകീയ ജീവിതം

വേദനിലയത്തില്‍ ഭാര്യക്കൊപ്പം നടരാജന് ആര്‍ഭാടപൂര്‍വമായ ജീവിതം. 1991 ല്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ ശശികലയുടേയും നടരാജന്റേയും ശുക്രദിശ തുടങ്ങി. തുടര്‍ന്ന് അഞ്ചുവര്‍ഷക്കാലം നടരാജന്‍ടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയാ സംഘമായിരുന്നു പാര്‍ട്ടിയെയും ഭരണത്തേയും നിയന്ത്രിച്ചിരുന്നത്. 91ലെ ജയമന്ത്രിസഭയില്‍, എംജിആറിനോട് അടുത്തബന്ധം പുലര്‍ത്തിയിരുന്ന കറുപ്പസ്വാമി പാണ്ഡിയനുള്‍പ്പെടെയുള്ളവരെ തഴഞ്ഞാണ് നടരാജന്‍ സ്വന്തക്കാരെ തിരുകി കയറ്റിയത്. ജയയുടെ ഭരണത്തിന്‍ടെ നിഴലില്‍ തമിഴ്‌നാട്ടിലാകമാനം ഇവര്‍ സാമ്രാജ്യം കെട്ടിപ്പെടുത്തി.

ശശികലയുടെ അനുവാദമില്ലാതെ ആര്‍ക്കും ജയാമ്മയെ കാണാനാവില്ല. ശശികലയുടെ സാന്നിധ്യത്തിലാണ്  ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കുമെല്ലാം തലൈവി ഭരണ കാര്യങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്.എല്ലാ നിര്‍ദ്ദേശങ്ങളും അപ്പപ്പോള്‍ തന്നെ നടരാജനിലെത്തും. അങ്ങനെ ഭരണത്തിലെയും പാര്‍ട്ടിയിലെയും ഓരോ ചലനങ്ങലും നടരാജന്‍ അവര്‍ക്കനപകൂലമാക്കിയെടുത്തു. ചിന്നമ്മയായിരുന്നു തമിഴകത്തെ അപ്രഖ്യാപിത ഉപ മുഖ്യമന്ത്രി. അവരുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടേതിന് തുല്ല്യമായി എല്ലാവരും അനുസരിച്ചു. പാര്‍ട്ടിയിലെ ഘടനയില്‍പ്പോലും അവര്‍ മാറ്റങ്ങള്‍ വരുത്തി.

ശശികലയുടെ തടവറയില്‍ ജയ

പണത്തോടുള്ള ശശികലയുടേയും നടരാജന്റേയും ആര്‍ത്തി വാനോളം വളര്‍ന്നു. എത്ര പിടിച്ചടക്കിയിട്ടും  അവര്‍ക്ക് മതിയായില്ല. മനസ്സിനിണങ്ങിയ ബംഗ്ലാവുകളും ഫാം ഹൗസുകളും പലരില്‍ നിന്നും ഭീഷണിപ്പെടുത്തി വാങ്ങിക്കൂട്ടി. കിട്ടിയതില്‍ ചെറിയൊരു പങ്ക് ജയലളിതക്കും നല്‍കി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും മറ്റും വമ്പിച്ച തുകയാണ് മാഫിയ കീശയിലാക്കിയത്. ഭരണത്തിന്റെ സിരാകേന്ദ്രവും വേദനിലയവും അഴിമതിയുടെ കൂടാരങ്ങളായി. സംസ്ഥാനത്തുടനീളം ഡി്സ്റ്റലറികള്‍, തീയേറ്റര്‍ കോപ്‌ളക്‌സുകള്‍, മാളുകള്‍ അങ്ങനെപോകുന്നു അഴിമതിക്കഥകള്‍. നടരാജന്‍ടെ നേത്രത്വത്തില്‍  അനധിക്യതമായി കോടികള്‍ വിലമതിക്കുന്ന വസ്തുവകകള്‍ സമ്പാദിച്ചതായി രഹസ്യാന്യേഷണവിഭാഗം കണ്ടെത്തി.

ജയാ-കരുണാനിധി പകപോക്കല്‍
തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായിമാറിയ ജയലളിത- കരുണാനിധി പകപോക്കലിന്‍ടെ തുടക്കം, നടരാജന്‍ടെ വീട്ടില്‍നിന്നും കണ്ടെടുത്ത ജയയുടെ രാജിക്കത്തായിരുന്നു. 1989 ലെ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ജയാ- ശശികലാ ബന്ധം കൂടുതലാര്‍ക്കുമറിയില്ലായിരുന്നു. എന്നാല്‍ അത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍, അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥിമോഹികളില്‍നിന്നും നടരാജന്‍ വന്‍ തോതില്‍ പണം കൈപ്പറ്റിയിരുന്നതായി പരാതിയുണ്ടായിരുന്നു. നടരാജന്‍ടെ വീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ജയലളിത നിയമസഭയില്‍നിന്നും രാജിവെച്ചുകൊണ്ടുള്ള നിര്‍ണായക കത്ത് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് 1989 മാര്‍ച്ച് 25ന്  നിയമസഭയില്‍ ഡിഎംകെ- അണ്ണാഡിഎംകെ സാമാജികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി കരുണാനിധിയുടെ കണ്ണട തകരുകയും ജയലളിതയയെ ദേഹോദ്രമേല്‍പ്പിക്കുകയും ചെയ്തു.മര്‍ദ്ദനമേറ്റ് മുടി അഴിച്ചിട്ട് നിയമസഭക്ക് പുറത്തേക്ക് വരുന്ന ജയയുടെ ചിത്രം, തമിഴ് രാഷ്ട്രീയത്തില്‍ വഴിത്തിരിവായി.
 
ജയ അറിയാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചോ ?

സ്ഥാനാര്‍ഥിപ്പട്ടികയുള്‍പ്പെടെ ആദ്യം ശശികലയുടെ കൈയിലൂടെ പോയതിന് ശേഷം, ശശികലയും നടരാജനും ചേര്‍ന്ന ഫില്‍ട്ടര്‍ ചെയ്‌തെടുത്ത സ്ഥാനാര്‍ഥികളെ, ജയലളിതയുടെ പക്കലെത്തിയിരുന്നുള്ളൂവെന്നാണ് ഒരു വാദം.
2011 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കാലം. ടുജി കുംഭകോണമുള്‍പ്പെടെയുള്ള അഴിമതികളില്‍പ്പെട്ട ഡിഎംകെയെ നിലംപരിശാക്കാന്‍ അണ്ണാഡിഎംകെക്ക് വീണുകിട്ടിയ അവസരം. എന്നാല്‍ ഡിഎംകെ ഭരണത്തിനെതിരായ വോട്ടുകള്‍, ജയക്കും, വിജയകാന്തിനും വിഭജിച്ചുപോകുമോയെന്ന ആശങ്ക. ജയയുടെ രാഷട്രീയ ഉപദേശകന്‍ ചോ രാമസാമിയുടെ ഇടപെടല്‍. വിജയകാന്തിന്‍ടെ ഡിഎംഡികെയുമായും ഇടതുക്ഷികളുമായും, സീറ്റ് വിഭജന ചര്‍ച്ച നടത്തുന്നു. ഇതിനിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അണ്ണാഡിഎംകെ ഏകപക്ഷീയമായി 160 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടു. ഇതില്‍ പ്രതിഷേധിച്ച് സഖ്യകക്ഷികള്‍ മുന്നണി വിടുമെന്നുപോലുമെത്തിയ അവസ്ഥ. ജയയറിയാതെയായിരുന്നു ഈ വിവാദ ലിസ്റ്റ് പുറത്തുവിട്ടത് എന്നായിരുന്നു വാര്‍ത്ത.

 മണ്ണാര്‍ ഗുഡിമാഫിയയുടെ ഗൂഢാലോചന

സ്ഥാനാര്‍ത്ഥിപ്പട്ടിക വിവാദത്തിനു പിന്നാലെ മണ്ണാര്‍ഗുഡിമാഫിയ, തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി, രഹസ്യാന്യേഷണ വിഭാഗം ജയക്ക് റിപ്പോര്‍ട്ട് നല്‍കി. ജയ അനധിക്യത സ്വത്തു കേസില്‍ ജയിലിലായാല്‍, പകരം ആരെ മുഖ്യമന്ത്രിയാക്കണമെന്നതുസംബന്ധിച്ചാണ്, ശശികലയും സംഘവും ബംഗലൂരില്‍ ഗൂഢാലോചന നടത്തിയത്. എം തമ്പിദുരൈയെ മുഖ്യമന്ത്രിയാക്കാനുള്ള ജയയുടെ തീരുമാനമാണ് മണ്ണാര്‍ഗുഡിമാഫിയയെ മാറ്റിചിന്തിച്ചത്. മാത്രമല്ല മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പുകളിട്ട് പല വന്‍കിട കരാറുകളും ഇഷ്ടക്കാര്‍ക്ക് നല്‍കിയാതയും അന്യേഷണത്തില്‍ കണ്ടെത്തി. 
അണ്ണാഡിഎംകെയെ പിളര്‍ത്തി ഭരണം പിടിക്കാനും നീക്കം നടന്നു. തുടര്‍ന്നാണ് 2011 ഡിസംമ്പര്‍ 19ന് ശശികലയും നടരാജനുമടക്കം 14 പേരെ ജയലളിത പുറത്താക്കിയത്. ശശികല, നടരാജന്‍, ഇവരുടെ ബന്ധുക്കളായ രാവണന്‍, വി കെ സുധാകരന്‍, ടി ടി കെ ദിനകരന്‍, നടരാജന്റെ സഹോദരനായ എം രാമചന്ദ്രന്‍ , നടരാജന്റെ ബിസിനസ് പാര്‍ട്നര്‍ മിഡാസ് മോഹന്‍ തുടങ്ങിയവരാണ് പുറത്തായത്. തുടര്‍ന്ന് ജയലളിത, നടരാജനെതിരെ നിരവധി കേസുകളുടെത്ത് തുടര്‍ച്ചയായി വേട്ടയാടി. പോലീസ് രഹസ്യാന്യേഷണവിഭാഗം നടരാജനെതിരെ പുതിയ പരാതികള്‍ കണ്ടെത്തി കേസെടുത്തു. പുറത്തായി രണ്ടു മാസങ്ങള്‍ക്ക് ശേഷം ഭൂമി തട്ടിപ്പുകേസില്‍ അയാളെ തഞ്ചാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ജയയുടെ അറം പറ്റിയ വാക്കുകള്‍

മണ്ണാര്‍ഗുഡി മാഫിയയെ പുറത്താക്കി  ഒരാഴ്ചക്കുശേഷം പാര്‍ട്ടി പൊതുയോഗത്തില്‍ ജയ നടത്തിയ പ്രസ്ഥാവന ഇപ്പോഴത്തെ സംഭവങ്ങളുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നവരില്‍ ചിലര്‍, ഏത് വിധേയനയും തിരിച്ചെത്തി, നടപടി എടുത്തവര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്നാണ് ജയലളിത പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത്. ഒരു പക്ഷെ ജയയുടെ ഈ വാക്കുകള്‍ അറം പറ്റിയോ എന്നാണ്, പാര്‍ട്ടി അണികള്‍ സംശയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ജയയുടെ മരണത്തില്‍ ഇവര്‍ ദുരൂഹത ആരോപിക്കുന്നത്. ഒരു കാരണവശാലും അവരെ തിരിച്ചെടുക്കില്ലെന്ന് ജയ പ്രഖ്യാപിച്ചിരുന്നെങ്കിലും തന്‍ടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ശശികല കത്തെഴുതിയതോടെ ജയയുടെ മനസ്സലിഞ്ഞു. വേദനിലയത്തില്‍ നിന്ന് പുറത്തുവന്നതിനുശേഷമാണ് തന്‍ടെ ബന്ധുക്കള്‍ 'അക്ക'ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന കാര്യങ്ങള്‍ മനസ്സിലാക്കിയതെന്ന്, ശശികല കത്തില്‍ പറഞ്ഞിരുന്നു. തനിക്ക് പാര്‍ട്ടിയിലോ ഭരണത്തിലോ, ഒരു പദവിയും വേണ്ടെന്നും ശശികല കത്തില്‍ പറഞ്ഞിരുന്നത്രേ. (പാര്‍ട്ടിയിലും ഭരണത്തിലും പദവികളൊന്നും വേണ്ടെന്നു പറഞ്ഞ് തിരിച്ചെത്തിയ ശശികല, ഇപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമാകാനു ശ്രമിക്കുന്നത്, ജയയോടുള്ള വഞ്ചനയല്ലെയെന്നാണ് ഒരു വിഭാഗം പാര്‍ട്ടി അണികള്‍ ചോദിക്കുന്നത്.) ഭര്‍ത്താവുമായോ ബന്ധുക്കളുമായോ ഇനി യാതൊര് അടുപ്പവുമുണ്ടാകില്ലെന്നും കത്തില്‍ വിശദമാക്കിയിരുന്നു. സൂത്രശാലിയ നടരാജന്‍ടെ കത്ത് തന്ത്രം വിജയിച്ചു. ശശികലയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ജയ, തെറ്റുകുറ്റങ്ങള്‍ പൊറുത്ത്, 2012 മാര്‍ച്ച് 31 ന്, ശശികലയെ തിരിച്ചു വിളിച്ചു. 1996 ലും ഇതുപോലെ കുറച്ചുകാലത്തേക്ക് ഇവരെ പുറത്താക്കിയിരുന്നു. നിയമസഭാതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടര്‍ന്നാണ് വേദനിലയത്തില്‍നിന്നും ഇവരെ പുറത്താക്കിയത്. ഇനിമുതന്‍ വി എന്‍ സുധാകരന്‍ തന്‍ടെ ദത്തുപുത്രനല്ലെന്നും ജയ വ്യക്തമാക്കിയിരുന്നു.

അണിയറയിലിരുന്ന് കരുക്കള്‍ നീക്കുന്നു

ശശികല വേദനിലത്തിലേക്ക് വലതുകാല്‍ വച്ചെത്തിയ്‌പ്പോള്‍ ഏറെ സന്തോഷിച്ചത്, പുറത്തു നിന്ന നടരാജന്‍ടെ നേത്രത്വത്തിലുള്ള മണ്ണാര്‍കുടിമാഫിയിയാണ്. വേദനിലത്തില്‍ സദാസമയം ജയക്കൊപ്പമുള്ള ശശികലയെ ഉപയോഗിച്ചായിരുന്നു നടരാജന്‍ടെ പിന്നീടുള്ള കരുനീക്കങ്ങള്‍.  എന്നാല്‍ ഏറെക്കാലം നടരാജന്‍ അജ്ഞാതവാസത്തിലായിരുന്നു. അയാളെ ആരും പുറത്തെങ്ങും കണ്ടിരുന്നില്ല. നിരവധി വിദേശ യാത്രകളും നടത്തി. വിദേശയാത്രകള്‍ മണത്ത് ജയയുടെ പോലീസ് പിന്നാലെ പോയെങ്കിലും കുടുക്കാന്‍ പറ്റിയതൊന്നും ലഭിച്ചില്ല. ജയലളിത ആശുപത്രിയിലായ ആദ്യ ദിവസങ്ങളിലൊന്നും അപ്പോളോ പരിസരത്തെങ്ങും നടരാജന്‍ വന്നില്ല. പക്ഷേ ജയ തിരിച്ചുവരുല്ലെന്നുറപ്പായതോടെ, നടരാജന്‍ തലപൊക്കിത്തുടങ്ങി.

സൂക്ഷ്മതയോടെയുള്ള നീക്കങ്ങള്‍

അമ്മയുടെ മൃതദേഹം കിടത്തിയിരുന്ന രാജാജി ഹാളില്‍ നടരാജന്‍ പ്രത്യക്ഷപ്പെട്ടതോടെ അണികള്‍ അമ്പരന്നു.ജയയുടെ മ്യതദേഹത്തിനരികെ കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചുനില്‍ക്കുന്ന നടരാജനെയാണ് പിന്നീട് തമിഴകം കണ്ടത്. സംസ്‌കാരം നടന്ന മറീനാ ബീച്ചിലും നടരാജന്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു.നടരാജന്‍ടെ തിരക്കഥയിലായിരുന്നു സംസ്‌ക്കാരച്ചടങ്ങുകളുള്‍പ്പെടെ നടന്നതെന്ന് വ്യക്തം. 'സാദാരണക്കാരനായ ഒരാള്‍ക്ക് അണ്ണാ ഡിഎംകെയെ നയിക്കാനാവും'' എന്ന നടരാജന്‍ടെ അര്‍ത്ഥം വെച്ചുള്ള പ്രസ്ഥാവന, രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് കാണുന്നത്. ഇനിയുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലും അയാളുടെ ചെപ്പടി വിദ്യകളും തന്ത്രങ്ങളും ഉണ്ടാകും എന്നുതന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്.

നാടരാജ നമ്പരുകള്‍ നടമാടുന്നു

ശശികലയെ ആദ്യം അണ്ണാഡി എംകെ ജനറല്‍സെക്രട്ടറിയും പിന്നീട് ജയയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ മല്‍സരിച്ച്ജയിപ്പിച്ച് മുഖ്യമന്ത്രിയുമാക്കാനാള്ള നീക്കത്തിലാണ് നടരാജന്‍. ഇതിനിടെ ആദ്ദ്യപടിയായി മന്ത്രിമാരോടും പ്രവര്‍ത്തകരോടും തന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ശശികല നിര്‍ദ്ദേശം നല്‍കി. ശശികലയുടെ നിയന്ത്രണത്തിലുള്ള ജയ ടിവിയില്‍, ശശികലയെ അമ്മയായി വാഴ്ത്താനുള്ള ശ്രമം തുടങ്ങി. വേദനിലത്തില്‍ നിരവധി പ്രവര്‍ത്തകരെ എത്തിച്ച് ശശികലയോട് ജനറല്‍ സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രിസ്ഥാനവും ഏറ്റെടുക്കെണമെന്നാവശ്യപ്പെടുന്ന ദ്യശ്യങ്ങളാണ്, ജയാ ടിവി സംപ്രേഷണം ചെയ്യുന്നത്. ശശികല മുഖ്യമന്ത്രിയാകണമെന്ന് മന്ത്രി ആര്‍ ബി ഉദയകുമാറിനെക്കൊണ്ട്, നടരാജന്‍ പരസ്യമായി പറയിച്ചതും അതിന്‍ടെ ഭാഗമാണ്. ഇതിനിടെ മുന്‍ മുഖ്യമന്ത്രിമാരായ സി എന്‍ അണ്ണാദുരൈക്കും എംജിഅറിനും ജയലളിക്കുമൊപ്പമുള്‌ല ശശികലുയുടെ വന്‍കട്ടൗട്ടുകള്‍ സംസ്ഥാനത്തുടനീളം നിരന്നുകഴിഞ്ഞു. എന്നാല്‍ ശശികലയുടെ ചിത്രത്തിനുമേല്‍ ചാണകവെള്ളം തളിച്ചാണ് ഒരു വിഭാഗം പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
  
ഏതായാലും 27 വര്‍ഷമായ ജയലളിത കയ്യാളുന്ന അണ്ണാഡിഎംകെ ജനറല്‍സെക്രട്ടറി സ്ഥാനം ശശികല ഉറപ്പിച്ചുകഴിഞ്ഞു. പാര്‍ട്ടിനിയമാവലിയില്‍ ഭേദഗതിവരുത്തി ഡിസംമ്പര്‍ 31ന് മുമ്പായി സ്ഥാനം ഏറ്റടുക്കാനുള്ള ശ്രമത്തിലാണ് ശശികല. ജനറല്‍ സെക്രട്ടറി സ്ഥാനമേറ്റെടുത്ത ശേഷം സംസ്ഥാനത്തുടനീളം സ്ഥീകരണയോഗങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ഇതിലൂടെ ജനമനസ്സുകളില്‍ അമ്മക്കു തുല്ല്യമായ സ്ഥാനം നേടിയെടുക്കാനാണ് ചിന്നമ്മയുടെ ശ്രമം. അതില്‍ വിജയിച്ചാല്‍ ആര്‍ കെ നഗറില്‍ മല്‍സരിച്ച് ജയിച്ച് മുഖ്യമന്ത്രിക്കസേരയിലേക്കെത്താനായിരിക്കും അടുത്ത നീക്കം.   എന്നാല്‍ ആരെയും പിണക്കാതെ പരമാവധി വിട്ട് വീഴ്ചയിലൂടെ നാലരവര്‍ഷത്തെ ഭരണം നിലനിര്‍ത്തി, മണ്ണാര്‍ഗുഡി മാഫിയക്ക് കഴിയുന്നത്ര നേട്ടമുണ്ടാക്കാനാണ് നടരാജന്റെ ലക്ഷ്യം. കാരണം അതിനുശേഷം അണ്ണാഡിഎംകെ തന്നെയുണ്ടാകുമോ, അതല്ലെങ്കില്‍ വീണ്ടും ഭരണം കിട്ടുമോ എന്നൊന്നും ഉറപ്പില്ലല്ലോ. 

കടമ്പകളേറെ

ഏതായാലും നിരവധി കടമ്പകള്‍ ചിന്നമ്മക്ക് മുന്നിലുണ്ട്. ഇതില്‍ പ്രധാനം തമിഴ് ജനത ശശികലയുടെ ശബ്ദം ഇതുവരെ കേട്ടിട്ടില്ല. കാരണം മറ്റൊന്നുമല്ല, അവര്‍ ഇതുവരെ പൊതുവേദികളില്‍ പ്രസംഗിച്ചിട്ടില്ല എന്നതുതന്നെ. (ശശികല വേദനിലയത്തില്‍ വിദഗ്ധരുടെ നേത്രത്വത്തില്‍ പ്രസംഗ പരിശീലനം തുടങ്ങിയെന്നാണ് വിവരം). എതിരായ കോടതി വിധികളും, മാഫിയപോലെ പ്രവര്‍ത്തിക്കുന്ന കുടുംബാംഗങ്ങളും, പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കലും എല്ലാം ചേര്‍ന്ന് അത്ര നല്ല ഒരു ഇമേജ് അല്ല പൊതുജനങ്ങള്‍ക്ക് മുന്നില്‍ ശശികലയ്ക്കുള്ളത്. അവര്‍ ശശികലയെ അംഗീകരിക്കുമോ എന്നാണ് അറിയാനുള്ളത്.

സുപ്രീം കോടതിയിലുള്ള അനധിക്യത സ്വത്തുകേസില്‍ ശശികല രണ്ടാം പ്രതിയാണ്. എപ്പോള്‍ വേണമെങ്കിലും വിധി വരാം. വിധി പ്രതികൂലമായാല്‍ സ്വപ്‌നങ്ങള്‍ക്ക് തല്‍ക്കാലം വിടനല്‍കി ശശികലക്ക്, ജയിലിലേക്ക് പോകേണ്ടിവരും. ജയലളിതയുടെ മണ്ധലമായ രാധാക്യഷ്ണനഗറിലാണ് ശശികല ജനവിധി തേടേണ്ടത്. മാസങ്ങളുടെ വ്യത്യാസത്തിന് അവിടെ നിന്ന് മല്‍സരിച്ച് ജയിച്ച ജയക്ക്, ഭൂരിപക്ഷം ഒന്നര ലക്ഷത്തില്‍നിന്നും നാല്‍പ്പതിനായരമായി കുറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേകിച്ചൊരു  ഇമേജില്ലാത്ത ശശികലക്ക് ജയിച്ച് കയറാനാകുമോയെന്നത് കണ്ടുതന്നെ അറിയണം ജയയോട് രൂപസാദ്യശ്യമുള്ള ജയയുടെ അനന്തരവള്‍ ദീപയുടെ കടന്നുവരവും വളരെ ശ്രദ്ധയോടയാണ് ശശികലയും കൂട്ടരും നിരീക്ഷിക്കുന്നത്. ദീപക്ക് രഹസ്യപിന്തുണയുമായി പലരും എത്തുന്നുവെന്നാണ് വാര്‍ത്ത.

Follow Us:
Download App:
  • android
  • ios