FULL OF SOUND AND FURY SIGNIFYING NOTHING...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ നല്‍കിയ വിശേഷണമാണിത്. ഐ ലവ് ഇസ്രയേല്‍ എന്ന് വിമാനമിറങ്ങിയയുടനെ ട്രംപ് പറഞ്ഞത് കുറിക്കുകൊണ്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇത്രയും സന്തോഷത്തോടെ ഒരു അമേരിക്കന്‍ പ്രസിഡന്റിനെയും സ്വീകരിച്ചിട്ടില്ല. 'ലോകത്തെ മികച്ച മധ്യസ്ഥന്‍' എന്നു സ്വയം വിലയിരുത്തുന്ന ട്രംപ് ഫലസ്തീന്‍ പ്രശ്‌നപരിഹാരം വളരെ എളുപ്പം എന്നാണ് യാത്രക്കുമുമ്പ് പറഞ്ഞിരുന്നത്. പക്ഷേ എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല, സന്ദര്‍ശനത്തിനുശേഷവും.

രണ്ട് സംസ്ഥാനം എന്നൊരു വാക്കേ ട്രംപ് പറഞ്ഞില്ല. നെതന്യാഹുവിന് സന്തോഷിക്കാന്‍ അതില്‍ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല. ഇറാനെ ആണവബോംബുണ്ടാക്കാന്‍ സമ്മതിക്കില്ല, ഭീകരവാദത്തെ പിന്തുണച്ചാല്‍ സമാധാനമുണ്ടാകില്ല, ജൂതകൂട്ടക്കൊലയേയും പരാമര്‍ശിച്ചു ട്രംപ്. പക്ഷേ മേഖലയില്‍ സമാധാനം കൊണ്ടുവരുന്നത് തന്നെ സംബന്ധിച്ച് എളുപ്പമാണെന്ന് യാത്രക്കുമുമ്പ് പലതവണ പറഞ്ഞിട്ടുള്ള ട്രംപ് അവിടെയത്തിയശേഷം ധാരണ ഉടനുണ്ടാകും എന്ന് പ്രതീക്ഷ മാത്രമാണ് പ്രകടിപ്പിച്ചത്. അതെങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കിയില്ല.  പൊതുകാര്യങ്ങള്‍ മാത്രം സ്പര്‍ശിച്ചുപോയി.

മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ട്രംപിന് വ്യക്തമായ ധാരണയുണ്ടെന്നു പോലും തോന്നിയില്ല എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യക്തമായി ഒന്നും പറയാത്തതുകൊണ്ട് വാചകങ്ങള്‍ പലതവണ വിശകലനം ചെയ്തുനോക്കി പലരും. ഒന്നും കിട്ടിയില്ല. നെതന്യാഹുവിന് അത്ര സ്വീകാര്യമല്ലാത്ത ഒരു കാര്യം ട്രംപ്  പറഞ്ഞത് ബെത്‌ലഹേമിലാണ്. ഐഎസിനെതിരായ സഖ്യത്തില്‍  സൗദി അറേബ്യയേയും കൂട്ടിയാല്‍ അത് ഇസ്രയേല്‍ ഫലസ്തീന്‍ സമാധാനത്തിനും സഹായകമാകും എന്നായിരുന്നു കണ്ടെത്തല്‍. 

രണ്ട് സംസ്ഥാനം എന്നൊരു വാക്കേ ട്രംപ് പറഞ്ഞില്ല. നെതന്യാഹുവിന് സന്തോഷിക്കാന്‍ അതില്‍ കൂടുതല്‍ ഒന്നും വേണ്ടിയിരുന്നില്ല.

അറബ് രാജ്യങ്ങളെ തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുത്തുന്നതില്‍ നെതന്യാഹുവിന് പണ്ടേ താത്പര്യമില്ല.. സൗദിയും ഇസ്രയേലും യോജിക്കുന്നത് ഒരൊറ്റക്കാര്യത്തിലാണ്. പൊതുശത്രുവായ ഇറാനെക്കുറിച്ചുള്ള ആശങ്ക. മേഖലയിലെ സമാധാനം ചര്‍ച്ചാവിഷയമല്ല, കാരണം സൗദി 15 വര്‍ഷംമുമ്പ് അവരുടെ സ്വന്തം പരിഹാരനിര്‍ദ്ദേശം മുന്നോട്ടുവെച്ചതാണ്. ഇസ്രയേലിന് പൂര്‍ണ അംഗീകാരം, അതിന് പകരം നല്‍കേണ്ടത് ഫലസ്തീന്‍. വെസ്റ്റ് ബാങ്കും ഗാസയും ഉള്‍പ്പടുന്ന സംസ്ഥാനത്തിന്റെ തലസ്ഥാനം കിഴക്കന്‍ ജറുസലേം. മതിയല്ലോ.. ഇസ്രയേലിന്റെ എതിര്‍പ്പിന് മതിയായ കാരണങ്ങളായി.

ജൂതരുടെ വിശുദ്ധ കേന്ദ്രമായ പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. അത് ഇസ്രയേലിനുള്ള പിന്തുണയായി കണക്കാക്കപ്പെട്ടു.  50 കിഴക്കന്‍ ജറുസലേം ഇസ്രയേല്‍ പിടിച്ചെടുത്തതാണ്. പക്ഷേ ലോകം അത് അധിനിവേശമായാണ് കണക്കാക്കുന്നത്. എങ്കിലും തനിക്കൊപ്പമാകാം സന്ദര്‍ശനമെന്ന ഇസ്രയേലി പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രസിഡന്റ് സ്വീകരിച്ചില്ല. സ്വീകരിച്ചെങ്കില്‍ അത് അധിനിവേശത്തിനുള്ള അമേരിക്കയുടെ പിന്തുണയായി വ്യാഖ്യാനിക്കപ്പെട്ടേനെ. 

തനിക്കൊപ്പമാകാം സന്ദര്‍ശനമെന്ന ഇസ്രയേലി പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രസിഡന്റ് സ്വീകരിച്ചില്ല.

മ്യൂസിയം സന്ദര്‍ശനത്തിനിടെ നെതന്യാഹു നടത്തിയ ഫലസ്തീന്‍ വിരുദ്ധ അഭിപ്രായപ്രകടനവും ട്രംപ് ഏറ്റെടുത്തില്ല, മാത്രമല്ല, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെയും ലക്ഷ്യം സമാധാനമാണെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു. ഇസ്രയേല്‍ നേതാക്കള്‍ക്ക് അത് തീരെ രസിച്ചില്ല, വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടെ അബ്ബാസ് നുണകള്‍ ഒരുപാട് പറഞ്ഞുകൂട്ടി എന്നാണ് അവരുടെ പക്ഷം. ഇനിയെങ്ങാനും ട്രംപ് സമാധാനചര്‍ച്ചകളുമായി മുന്നോട്ടുപോയാല്‍ ഈ തര്‍ക്കങ്ങളൊക്കെ വെളിച്ചത്തുവരും. അതുമാത്രമല്ലല്ലോ, കിഴക്കന്‍ ജറുസലേമിന്റെ ഉടമസ്ഥാവകാശം, ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അതിര്‍ത്തി, ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവ്, ഇതൊക്കെയാണ് ഇരുപക്ഷവും തമ്മിലെ പ്രധാന തര്‍ക്കവിഷയങ്ങള്‍. സമാധാനം നടപ്പിലാകാന്‍ ഇതിലൊക്കെയും പരിഹാരം കാണണം.

ഇതിനെല്ലാമിടെ ഗാസയില്‍ ഹമാസും ഫലസ്തീന്‍ അതോറിറ്റിയും തമ്മിലെ അധികാര വടംവലി രൂക്ഷമായിരിക്കയാണ്. ഗാസ ഇരുളിലാണ്, വൈദ്യുതി ഇല്ല. 10 വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പിലെ വിജയത്തെത്തുടര്‍ന്ന് ഹമാസ്  അബ്ബാസ് അനുകൂലികളെ പുറത്താക്കി ഗാസ പിടിച്ചെടുത്തിരുന്നു.  വെസ്റ്റ് ബാങ്ക് ആസ്ഥാനമാക്കിയ അബ്ബാസ് സര്‍ക്കാര്‍ സാമ്പത്തിക വെട്ടിച്ചുരുക്കലിലൂടെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയാണ്. 60,000 സര്‍ക്കാരുദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. ആകെയുള്ള വൈദ്യുതി പ്ലാന്റ് അടച്ചുപൂട്ടി, വിദേശസഹായം കുറയുന്നു എന്നാണ് പലസ്തീന്‍ അതോറിറ്റിയുടെ ന്യായീകരണം.  ആശുപത്രികളില്‍ അത്യന്താപേക്ഷിതമായ സര്‍ജറികള്‍ മാത്രമേ നടക്കുന്നുള്ളു. ഉപ്പുവെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റുകളും പകുതിയേ പ്രവര്‍ത്തിക്കുന്നുള്ളു, ശുദ്ധജലവും കമ്മിയെന്നര്‍ത്ഥം. പരസ്പരമുള്ള വൈരം ഫലസ്തീന്‍ അവസാനിപ്പിച്ചാലേ സമാധാനമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിയൂ. ചര്‍ച്ചകളിലെ മധ്യസ്ഥര്‍ക്ക് അതുമൊരു കീറാമുട്ടിയാണ്.