എത്രകണ്ട് ആരാധകരുണ്ടോ അത്രകണ്ട് വിമര്‍ശകരുമുണ്ട് ആംഗലാ മെര്‍ക്കല്‍ എന്ന, ലോകത്തിന് ഏറ്റവും പരിചിതമായ, മുഖത്തിന്. പക്ഷേ വ്യക്തിപരമായി മെര്‍ക്കലിനെക്കുറിച്ച് സ്വന്തം നാട്ടില്‍പോലും അധികമാര്‍ക്കും അറിയില്ല. 

ആംഗലാ മെര്‍ക്കല്‍ നാലാം തവണയും ജര്‍മ്മനിയുടെ ചാന്‍സലറായി. പ്രതിസന്ധികള്‍ ഒട്ടും കുറവായിരുന്നില്ല മെര്‍ക്കലിന്റെ ഭരണകാലത്ത്. പക്ഷേ അതെല്ലാം ഒട്ടും ചാഞ്ചല്യമില്ലാതെ നേരിട്ടു, മെര്‍ക്കല്‍. അവരാരെന്ന് അറിയണമെങ്കില്‍ അവരെ രൂപപ്പെടുത്തിയ സാഹചര്യം അറിയണം.

ബ്രിട്ടനില്ലാത്ത യൂറോപ്യന്‍ യൂനിയന്റെ ഭാവി, ട്രംപ് കാലത്തെ പുതിയ ആഗോള സഖ്യങ്ങള്‍ ഇതൊക്കെ മെര്‍ക്കലിന്റെ കൈയില്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നു, അനുയായികള്‍. എത്രകണ്ട് ആരാധകരുണ്ടോ അത്രകണ്ട് വിമര്‍ശകരുമുണ്ട് ആംഗലാ മെര്‍ക്കല്‍ എന്ന, ലോകത്തിന് ഏറ്റവും പരിചിതമായ, മുഖത്തിന്. പക്ഷേ വ്യക്തിപരമായി മെര്‍ക്കലിനെക്കുറിച്ച് സ്വന്തം നാട്ടില്‍പോലും അധികമാര്‍ക്കും അറിയില്ല. 

അറിയാത്ത കുടുംബകാര്യങ്ങള്‍
ഭര്‍ത്താവ് JOACHIM SAUER ശാസ്ത്രജ്ഞനാണ്, ആദ്യഭര്‍ത്താവിന്റെ പേരാണ് മെര്‍ക്കലിന്റെ പേരിലും വാലറ്റമെന്ന് മാത്രം. മെര്‍ക്കലിന്റെ കുടുംബവും ജീവനക്കാരും അവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നു. ഭര്‍ത്താവ് വളരെക്കുറച്ച് പൊതുചടങ്ങുകളിലേ പങ്കെടുക്കാറുള്ളു. മെര്‍ക്കലിനുചുറ്റും ഒരു വലയം തന്നെ സൃഷ്ടിച്ചിട്ടുണ്ട് ഇവരെല്ലാം ചേര്‍ന്ന്. 

മെര്‍ക്കല്‍ ജനിച്ചുവളര്‍ന്നത് കമ്മ്യൂണിസ്റ്റ് ജര്‍മ്മനിയിലാണ്. ബര്‍ലിന്‍ മതില്‍ വീണപ്പോള്‍  അതിന്റെ ആഹ്ലാദാരവങ്ങളിലൊന്നും പങ്കെടുക്കാന്‍ നില്‍ക്കാതെ പതിവ് ജോലികളില്‍ മുഴുകി എന്നാണ് മെര്‍ക്കലിന്റെ തന്നെ വാക്കുകള്‍.  മെര്‍ക്കല്‍ ജനിച്ചുവളര്‍ന്ന വീട് പഠനവൈകല്യമുള്ളവര്‍ക്കായി വിട്ടുകൊടുത്തിരിക്കയാണ്, ലൂതറന്‍ പാസ്റ്ററായിരുന്ന മെര്‍ക്കലിന്റെ അച്ഛന്‍. കമ്മ്യൂണിസ്റ്റ്് ഭരണത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും പടിഞ്ഞാറേക്ക് നീങ്ങിയപ്പോള്‍ മെര്‍ക്കലിന്റെ അച്ഛന്‍ കിഴക്കോട്ട് നീങ്ങി.അതിര്‍ത്തി അടയുന്നതിനു മുമ്പത്തെ കഥയാണത്. പക്ഷേ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ രൂക്ഷമായിരുന്നു. മക്കളെ സര്‍ക്കാരിന്റെ യുവജനസംഘടനയില്‍ അംഗങ്ങളാക്കിയത് മെര്‍ക്കലിന്റെ അച്ഛന്റെ തീരുമാനമനുസരിച്ചാണ്. പിന്നീട് മെര്‍ക്കല്‍ വിശദീകരണങ്ങള്‍ നല്‍കി കുഴഞ്ഞെങ്കിലും അന്ന് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം കിട്ടിയത് അതുകൊണ്ടാണ്.

രാഷട്രീയനിലപാടുകളുണ്ടായിരുന്ന അമ്മയുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പമെങ്കിലും അച്ഛന്റെ ലക്ഷ്യബോധവും മെര്‍ക്കലി സ്വാധീനിച്ചിരുന്നു എന്നാണ് കുടുംബസുഹൃത്തുക്കളുടെ പക്ഷം. ഒരു ചെസ് കളിക്കാരിയുടെ നീക്കങ്ങളാണെങ്കിലും മൂല്യബോധമുള്ള രാഷ്ട്രീയനേതാവ് എന്നാണ് മെര്‍ക്കലിനെക്കുറിച്ചുള്ള വിലയിരുത്തല്‍.

അവര്‍ ചിന്തിക്കുന്നതെന്തെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല എന്നാണ് നിരീക്ഷണം

ഉള്ളിലെന്തെന്ന് ആര്‍ക്കും പറയാനാവില്ല
രാഷ്ട്രീയത്തില്‍ സജീവമാകുംമുമ്പ വിവാഹിതയായി, വിവാഹമോചനവും നേടിയ മെര്‍ക്കലിന്റെ 35ാം വയസ്സിലാണ് ബെര്‍ലിന്‍ മതില്‍ വീഴുന്നത്. വ്യക്തിസ്വാതന്ത്ര്യം മെര്‍ക്കലിന് ഇന്നും പ്രിയപ്പെട്ട വിഷയമാണ്. ബര്‍ലിന്‍ മതില്‍ വീണപ്പോള്‍ ആഘോഷിക്കാനൊന്നും നിന്നില്ലെങ്കിലും രാജ്യത്തിന്റെ കലുഷിതമായ ചരിത്രമാണ് മെര്‍ക്കലിനെ രൂപപ്പെടുത്തിയതെന്ന് വ്യക്തം. 

എന്തു പ്രതിസന്ധിയിലും പിടിച്ചുനില്‍ക്കാനുള്ള കഴിവ് പ്രകടമായത് പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോഴാണ്. ഹെല്‍മുട്ട് കോള്‍ സര്‍ക്കാര്‍ ആണവമാലിന്യം നിക്ഷേപിക്കാനൊരുങ്ങിയ പട്ടണത്തിലെ താമസക്കാര്‍ മെര്‍ക്കലിനും സര്‍ക്കാരിനുമെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി, അവരെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു, മെര്‍ക്കല്‍ മന്ത്രിയായിതന്നെ തുടര്‍ന്നെങ്കിലും വിവാദം ദേശീയശ്രദ്ധ നേടി, അതിന്റെ കയ്പ് വര്‍ഷങ്ങള്‍ മെര്‍ക്കലിനെ പിന്തുടര്‍ന്നു. പക്ഷേ ഹെല്‍മുട്ട് കോളിന്റ ദത്തുപുത്രിയെപ്പോലയായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും മെര്‍ക്കല്‍.  

കാര്‍ട്ടൂണിസറ്റായ സകുറായി മെര്‍ക്കലില്‍ കണ്ട ഏറ്റവും വലിയ സവിശേഷത പകുതി അടഞ്ഞ കണ്ണുകളാണ്. അവര്‍ ചിന്തിക്കുന്നതെന്തെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല എന്നാണ് സകുറായിയുടെ നിരീക്ഷണം. രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള ഈ കഴിവും കമ്മ്യൂണിസ്റ്റ് ജര്‍മ്മനിയിലെ ജനനവും തമ്മില്‍ ബന്ധമുണ്ടാവാമെന്ന് തമാശ പറയുന്നത് ചരിത്രകാരന്‍മാരാണ്. പക്ഷേ ഈ രഹസ്യം സൂക്ഷിക്കുന്ന സ്വഭാവം ചാന്‍സലര്‍ കോള്‍ മനസ്സിലാക്കിയത് വളരെ താമസിച്ചാണ്, അതിന് വലിയ വിലയും കൊടുക്കേണ്ടിവന്നു. ഒരഴിമതിക്കേസില്‍ കുടുങ്ങിയ കോളിനെയും പാര്‍ട്ടി അംഗങ്ങളേയും മെര്‍ക്കല്‍ കൈവിട്ടു. ചതിവായി കോള്‍ വ്യാഖ്യാനിച്ച നടപടിക്ക് കോള്‍ ഒരിക്കലും മെര്‍ക്കലിന് മാപ്പുനല്‍കിയില്ല. 

അച്ഛനില്‍നിന്ന് കിട്ടിയ ലക്ഷ്യബോധം പ്രകടമായത് ഈ പ്രശ്‌നത്തിലാണ്. കോളിന്റെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ മെര്‍ക്കലും കൂട്ടുനിന്നുവെന്നാണ് ആരോപണം. ഒരു വാഗ്‌നര്‍ ഓപ്പറയുടെ കഥാതന്തുവിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു സംഭവവികാസങ്ങള്‍. രാഷ്ട്രീയ മാറ്റങ്ങളില്‍ കോള്‍, തന്റെ ചെറിയ കുട്ടി എന്നു വിളിച്ചിരുന്ന മെര്‍ക്കല്‍ ശക്തയായ നേതാവായി രൂപംമാറി. 

ക്യാമറകള്‍ക്കുമുന്നില്‍ ചിരിക്കാത്ത മെര്‍ക്കലിന് ചിരിക്കാനിഷ്ടമാണെന്ന് പറയുന്നു ചില സഹപ്രവര്‍ത്തകര്‍

എങ്കിലും മെര്‍ക്കലിന് ചിരിക്കാനിഷ്ടമാണ്
വര്‍ഷങ്ങള്‍ കഴിഞ്ഞ് കോളിന്റെ സംസ്‌കാരച്ചടങ്ങില്‍ സംസാരിക്കുന്നതില്‍നിന്നും മെര്‍ക്കലിനെ തടയാന്‍ കോളിന്റെ ഭാര്യ ശ്രമിച്ചിരുന്നു, പരാജയപ്പെട്ടെന്നുമാത്രം. 

മുട്ടി എന്ന് ജര്‍മ്മന്‍കാര്‍ വിളിച്ചിരുന്ന മെര്‍ക്കല്‍ പതുക്കെപതുക്കെ വിശ്വാസ്യത നേടിയെടുത്തു. സുരക്ഷിതമായ കൈകള്‍ എന്ന വിശേഷണവും. അമേരിക്കയില്‍ ഹിലരി മത്സരിച്ചപ്പോള്‍ ചര്‍ച്ചചെയ്യപ്പെട്ട ഗ്ലാസ് സീലിങ്, കണ്ണാടി മേല്‍ക്കൂര, മെര്‍ക്കലിനൊരിക്കലും വിഷയമായിട്ടില്ല. സ്ത്രീയെന്നത് പരിമിതിയേ ആകാത്ത രാഷ്ട്രീയനേതാവായി, മെര്‍ക്കല്‍. വിവാദങ്ങളില്‍നിന്ന് അകന്നുനില്‍ക്കുമെങ്കിലും ഒന്നുരണ്ടുതവണ രാജ്യത്തെയും നിരീക്ഷകരേയും മെര്‍ക്കല്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫുകുഷിമ ദുരന്തത്തിനുശേഷം ആണവപദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതാണ് ഒന്ന്, 2015ല്‍ അഭയാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നത് മറ്റൊന്ന്. ക്യാമറകള്‍ക്കുമുന്നില്‍ ചിരിക്കാത്ത മെര്‍ക്കലിന് ചിരിക്കാനിഷ്ടമാണെന്ന് പറയുന്നു ചില സഹപ്രവര്‍ത്തകര്‍. പക്ഷേ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരോട് അഹിതം വ്യക്തമാക്കുന്നതാണ് ശീലം. 

അടിയന്തരഘട്ടങ്ങളില്‍ മെര്‍ക്കലിന് അടിപതറില്ല, ജര്‍മ്മനി ലോകത്തെ എണ്ണപ്പെട്ട ശക്തികളിലൊന്നായതില്‍ മെര്‍ക്കലിനുള്ള പങ്ക് ചെറുതല്ല. 12 വര്‍ഷത്തെ ഭരണത്തിനുശേഷം മെര്‍ക്കല്‍ അവഗണിക്കപ്പെടാനാകാത്ത ശക്തിയായിരിക്കുന്നു. ഡബ്ലിന്‍ കരാര്‍ മരവിപ്പിച്ച് അഭയാര്‍ത്ഥികള്‍ക്കായി ജര്‍മ്മനിയുടെ വാതില്‍ തുറന്നത്  മെര്‍ക്കലിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ ചൂതാട്ടമായിരുന്നു.  മാനുഷികപ്രതിസന്ധിക്കുള്ള പരിഹാരം എന്ന് വ്യാഖ്യാനിക്കാമെങ്കിലും അതും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള യാഥാര്‍ത്ഥ്യബോധത്തോടെയുള്ള തീരുമാനമെന്നാണ് വിലയിരുത്തല്‍.  അതും ജര്‍മ്മനിയുടെ മുഖം മെച്ചപ്പെടുത്തി. ലോകമഹയുദ്ധകാലത്തെ ജര്‍മ്മനിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു മുഖം. 

പക്ഷേ ഇങ്ങനെ ഒരു പ്രവാഹം മെര്‍ക്കലും പ്രതീക്ഷിച്ചിരുന്നിരിക്കില്ല. എല്ലാ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ചുമതല പങ്കിടണം എന്ന മെര്‍ക്കലിന്റെ അഭ്യര്‍ത്ഥന ആരും ചെവികൊണ്ടില്ല. അവിടെയാണ് മെര്‍ക്കലിന് പിഴച്ചതും സ്വന്തം നാട്ടിലും അഭയാര്‍ത്ഥികള്‍ക്കെതിരായും മെര്‍ക്കലിനെതിരായും പ്രകടനങ്ങള്‍ തുടങ്ങിയതും. 2015 പുതുവര്‍ഷ ദിനത്തില്‍ കൊളോണില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതോടെ മെര്‍ക്കലിന് അടിതെറ്റിയെന്ന് എതിരാളികള്‍ പറഞ്ഞുതുടങ്ങി. പക്ഷേ മെര്‍ക്കല്‍ നിയമങ്ങള്‍ കര്‍ശനമാക്കി, കുറ്റവാളികളായ അഭയാര്‍ത്ഥികളെ നാടുകടത്തി. തുര്‍ക്കിയുമായി ധാരണയിലെത്തി. ബാല്‍ക്കന്‍ രാജ്യങ്ങള്‍ വാതിലടച്ചതും മെര്‍ക്കലിന് രക്ഷയായി, അതോടെ ജമ്മനിയിലേക്കുള്ള പ്രവാഹം കുറഞ്ഞു. 

നായകളെ പേടിക്കുന്ന മെര്‍ക്കലിനെ സ്വീകരിക്കുന്നതിനിടെ പുചിന്‍ തന്റെ ലാബ്രഡോര്‍ നായയെ അടുത്തുവിളിച്ച് ഓമനിച്ചു

നായ നയതന്ത്രം
ബ്രക്‌സിറ്റിനും ട്രംപ് ജയത്തിനുശേഷം യൂറോപ്യന്‍ യൂണിയനിലെ ശക്തയായ നേതാവായി അവരോധിക്കപ്പെട്ടിരിക്കയാണ് മെര്‍ക്കല്‍. മെര്‍ക്കിലിന്റെ ഒരു വാക്ക് രാജ്യങ്ങളെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുമെന്നായി. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നല്ല സൗഹൃദം സ്ഥാപിച്ചു മെര്‍ക്കല്‍, പരസ്പരം ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. അമേരിക്ക ഫോണ്‍ ചോര്‍ത്തിയ സംഭവം പോലും അതിന് കല്ലുകടിയായില്ല. പക്ഷേ ട്രംപ് ഭരണകൂടവുമായി അതുണ്ടാവില്ലെന്നും വ്യക്തം. 

റഷ്യന്‍ പ്രസിഡന്റ് പുചിനുമായി നടന്ന കൂടിക്കാഴ്ചയിലെ ഒരു സംഭവം ആരും മറക്കില്ല. നായകളെ പേടിക്കുന്ന മെര്‍ക്കലിനെ സ്വീകരിക്കുന്നതിനിടെ പുചിന്‍ തന്റെ ലാബ്രഡോര്‍ നായയെ അടുത്തുവിളിച്ച് ഓമനിച്ചു, ഇഴകള്‍ തുന്നിച്ചേര്‍ക്കാനാവാത്ത ഒരു നയതന്ത്ര ബന്ധത്തിന്റെ സൂചനയായിരുന്നു അത്. ഇഷ്ടമല്ലെങ്കിലും പരസ്പരം ഒരളവുവരെ ബഹുമാനിക്കുന്നു ഇരുവരും. ചരിത്രപരമായ ഒരു ബന്ധവുമുണ്ട്, കിഴക്കന്‍ ജര്‍മ്മനിയില്‍ വളര്‍ന്ന മെര്‍ക്കലിന് റഷ്യന്‍ ഭാഷ അറിയാം. കിഴക്കന്‍ ജര്‍മ്മനിയിലെ കെജിബി ഓഫീസറായിരുന്നു പുചിന്‍, ജര്‍മ്മന്‍ ഭാഷ സംസാരിക്കാനറിയാം. യുക്രൈനിലെ പ്രതിസന്ധിയില്‍ ഇടെപട്ട മെര്‍ക്കല്‍ റഷ്യയുമായി കരാറിലുമെത്തി, അത് നടപ്പായില്ലെങ്കലും ഒരു പരിധി വരെ യുക്രൈനിലെ രക്തച്ചൊരിച്ചില്‍ കുറഞ്ഞു. 

തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാനോടെടുത്ത കടുത്ത നിലപാടും ചര്‍ച്ചവിഷയമായെങ്കിലും അഭിനന്ദിക്കപ്പെട്ടു. പുതിയ ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായും നല്ല ബന്ധം സ്ഥാപിച്ചുകഴിഞ്ഞു മെര്‍ക്കല്‍, മക്രോണിന്രെ ജനപ്രീതി കുറഞ്ഞുവരികയാണെങ്കിലും.

ഇനി വരാനിരിക്കുന്നത് ബ്രക്‌സിറ്റ് ചര്‍ച്ചകളാണ്. ട്രംപ്, സിറിയ, കുടിയേറ്റം ഇതൊക്കെയും പ്രതിസന്ധികളാണ്. അതൊക്കെയും നേരിടാന്‍  യൂറോപ്യന്‍ യൂണിയന്‍ മെര്‍ക്കലിന്റെ നേതൃത്വം പ്രതീക്ഷിക്കുന്നു എന്ന് വ്യക്തം. പക്ഷേ ഒറ്റക്കാര്യത്തിലേ ആശങ്കയുള്ളു, ഇത്തവണ വലതുപക്ഷം ശക്തമായ സാന്നിധ്യമായി പാര്‍ലമെന്റിലെത്തുകയാണ്. അവര്‍ക്ക് കിട്ടിയ വോട്ടുകള്‍ തിരിച്ചുപിടിക്കുമെന്ന് മെര്‍ക്കല്‍ ഉറപ്പുനല്‍കിയെങ്കിലും അതത്ര എളുപ്പമല്ല, ഇതുവരെ ജര്‍മ്മനി തള്ളിപ്പറഞ്ഞിരുന്ന തീവ്ര ദേശീയവാദം ഒരു സ്ഥാനം നേടുകയാണ് രാജ്യത്ത്. സ്ഥിരത എന്നൊന്ന് ഇനി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല എന്നാണ് പ്രവചനം.