ഡമോക്രാറ്റുകളും റിപബ്ലിക്കന്‍ അംഗങ്ങളും ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. വിന്‍ഫ്രേ ട്രംപിനോട് മല്‍സരിച്ചാല്‍ വിജയം വിന്‍ഫ്രേക്ക് തന്നെ. വിദേശനയവും ആഭ്യന്തരനയവും എത്രത്തോളം അറിയാമെന്നത് പിന്നത്തെ കാര്യം, അവിടെയാണ് ട്രംപിനെ ചൂണ്ടിക്കാണിച്ച് പലരും മുന്നറിയിപ്പ് നല്‍കുന്നത്. 

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരച്ചടങ്ങ് തികച്ചും അപ്രതീക്ഷിതമായി മറ്റൊരു ചര്‍ച്ചക്കും വഴിതുറന്നിരിക്കുന്നു. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഓപ്ര വിന്‍ഫ്രെയും സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയാണ് ചര്‍ച്ചയാവുന്നത്. ഓപ്ര വിന്‍ ഫ്രെയെ അനുകൂലിച്ച് മെറില്‍ സ്ട്രിപ്പിനെപ്പോലുള്ള നടികളും എത്തിയിട്ടുണ്ട്. പക്ഷേ ട്രംപ് പ്രതിനിധീകരിക്കുന്ന പോപ്പുലിസത്തിന്റെ മറ്റൊരു മുഖംമാത്രമാണ് ഓപ്ര എന്നാണ് മറുപക്ഷം പറയുന്നത്. നൂറ്റാണ്ട് കാണാന്‍ പോകുന്ന ഏറ്റവും വലിയ ചെളിവാരിയെറിയലാകും നടക്കുകയെന്ന് മാധ്യമങ്ങളും.. 
                     
ഓപ്ര വിന്‍ഫ്ര ഷോയുടെ അവതാരകയായി ശ്രദ്ധപിടിച്ചുപറ്റിയ ഓപ്ര വിന്‍ ഫ്രെ മാധ്യമരംഗത്തെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത്. ഏറ്റവും കൂടുതല്‍ റേറ്റിംഗുള്ള ടോക് ഷോയുടെ അവതാരക, ഏറ്റവും സമ്പന്നയായ ആഫ്രോ അമേരിക്കന്‍, അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരില്‍ ആദ്യത്തെ മള്‍ട്ടി ബില്യണയര്‍, സ്വാധീനശക്തിയില്‍ ലോകത്ത് ഒന്നാംസ്ഥാനം അങ്ങനെ പല വിശേഷണങ്ങളുണ്ട് ഓപ്ര വിന്‍ഫ്രേക്ക്.  പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചു, പോരാത്തതിന് ഹാര്‍വാര്‍ഡിലേതടക്കം ഓണററി ഡോക്ടറേറ്റുകള്‍ അങ്ങനെ പിന്നെയും നീളുന്നു പട്ടിക.

ഓപ്ര വിന്‍ ഫ്രെ മാധ്യമരംഗത്തെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത്

1996ല്‍ the colour purple എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കാര്‍ നോമിനേഷനും നേടിയിട്ടുണ്ട് വിന്‍ഫ്രേ. ഇപ്പോള്‍ സിബിഎസ് ന്യൂസിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആണ്, പല കമ്പനികളിലെയും നിക്ഷേപകയും. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട് വിന്‍ഫ്രേ. 14ാം വയസില്‍ ഗര്‍ഭിണിയായി, കുഞ്ഞ് പക്ഷേ മരിച്ചു. റേഡിയോ അവതാരകയായി തുടക്കം കുറിച്ച വിന്‍ഫ്രേ അതില്‍ കഴിവ് തെളിയിച്ചു പിന്നെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായി. ടോക് ഷോയുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു ഓപ്ര വിന്‍ഫ്രെ.

ഓപ്ര വിന്‍ഫ്രെ മത്സരിക്കാനുള്ള സാധ്യത ഗോള്‍ഡന്‍ ഗ്ലോബ് ഷോ അവതാരകന്‍ സെത്ത് മേയര്‍സാണ് സൂചിപ്പിച്ചത്. പ്രശസ്ത, സമ്പന്ന, സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ ഇത്രയൊക്കെ മതിയോ പ്രസിഡന്റാകാന്‍ എങ്കില്‍ ഓപ്ര വിന്‍ഫ്രെക്ക് യോഗ്യതയുണ്ട്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ ഒരു പുതിയ പുലരിയുടെ ഉദയം എന്നുതടങ്ങി വികാരതീവ്രതയുള്ള വാക്കുകള്‍ കൊണ്ട് കണ്ടിരുന്നവരെ മുഴുവന്‍ കൈയിലെടുത്ത വിന്‍ഫ്രേ ട്രംപിനുള്ള മറുമരുന്നാണ് എന്ന് പറയുന്നവര്‍ കുറവല്ല. പിന്തുണ്ച്ച്് ഹാഷ് ടാഗുകള്‍ ഇറങ്ങിക്കഴിഞ്ഞു. മത്സരിക്കാന്‍ താല്‍പര്യമില്ല എന്ന് ഓപ്ര വിന്‍ഫ്രേ മുമ്പും പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, പക്ഷേ ഒരു സാധ്യതയുമില്ലാതെ സെത്ത് മേയര്‍സ് അത് പറയാനും സാധ്യതയില്ല, ജനങ്ങളുടെ പ്രതികരണം എന്തെന്നറിയാന്‍ ഒരു സൂചന ഇട്ടതാവാം , ഓപ്ര വിന്‍ഫ്രേ അറിഞ്ഞുകൊണ്ടുതന്നെ. 

എന്തായാലും സോഷ്യല്‍ മീഡിയയും അതേറ്റെടുത്തു, മെറില്‍ സ്ട്രീപ്പ് പറഞ്ഞത്, ഇനി ഓപ്ര മത്സരിച്ചേ തീരു എന്നാണ്, ഡമോക്രാറ്റിക് ദേശീയ കമ്മിറ്റി അംഗമായ khary penebaker ട്വീറ്റ് ചെയ്തത് ഇപ്പോഴത്തെ പ്രസിഡന്റിനേക്കാള്‍ പ്രസിഡന്‍ഷ്യലായിരുന്നു വിന്‍ഫ്രേയുടെ ഗോള്‍ഡന്‍ ഗ്ലോബ് പ്രസംഗമെന്നാണ്. 2008ല്‍ ഒബാമയേയും 2016ല്‍ ഹിലരിയേയും പിന്തുണച്ച വിന്‍ഫ്രേയ്ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം കിട്ടാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. 

ട്രംപിന് വിന്‍ഫ്രേ നല്ല ഇരയാകുമെന്നാണ് പലരുടേയും മുന്നറിയിപ്പ്.

പക്ഷേ സ്ഥാനാര്‍ത്ഥിയാകാന്‍  ചില പതിവ് കടമ്പകളുണ്ട്, വാദപ്രതിവാദങ്ങള്‍, പ്രൈമറികള്‍, കോക്കസുകള്‍, സ്വകാര്യ ജീവിതം വരെ ഇഴ കീറി പരിശോധിക്കല്‍, ഒക്കെ മറികടക്കണം. 

അതിലാണ് ഒരു കനത്ത പോരാട്ടം ചിലരെങ്കിലും പ്രതീക്ഷിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വിന്‍ഫ്രേയെ പരിഗണിക്കാനാണ് ഇഷ്ടം എന്ന് പണ്ട് ട്രംപ് പറഞ്ഞിട്ടുണ്ട. അന്ന് വിന്‍ഫ്രേയുടെ ഗുണഗണങ്ങളും വാഴ്ത്തിപ്പാടിയതാണ്.  പക്ഷേ ഇപ്പോള്‍ പറയുന്നത് വിന്‍പ്രേയെ തോല്‍പ്പിക്കും എന്നാണ്. ചെളിവാരിയെറിയാന്‍ പ്രത്യേക സാമര്‍ത്ഥ്യമുള്ള ട്രംപിന് വിന്‍ഫ്രേ നല്ല ഇരയാകുമെന്നാണ് പലരുടേയും മുന്നറിയിപ്പ്.  ഓപ്ര വിന്‍ഫ്രേ പെണ്‍കുട്ടികള്‍ക്കായി തുറന്ന അക്കാഡമിയില്‍ ഉണ്ടായ ലൈംഗികാരോപണവിവാദങ്ങളും അതില്‍ വിന്‍ഫ്രേ നടത്തിയെന്ന് റിപ്പോര്‍ട്ടുചെയ്യപ്പെട്ട ഒത്തുതീര്‍പ്പുകളും എതിരാളികള്‍ക്ക് നല്ലൊരായുധമാണെന്ന് മാധ്യമങ്ങള്‍ തന്നെ പുറത്തുവിട്ടുകഴിഞ്ഞു. പിന്നെയുമുണ്ട്, Mehmet Oz എന്ന  ഡോക്ടറിനെ അമേരിക്കയുടെ ഡോക്ടറായി സ്വന്തം ഷോയില്‍ അവതരിപ്പിച്ചത്, ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത ചികിത്സാരീതികളും മരുന്നുകളും നിദ്ദേശിക്കുന്ന oz നെ പരാതികളെത്തുടര്‍ന്ന് വിന്‍ഫ്രേ പുറത്താക്കി, പക്ഷേ oz ഇന്നും തനിക്ക് കിട്ടിയ പ്രശസ്തി ഉപയോഗിച്ച് സ്വാധീനം നിലനിര്‍ത്തുന്നു.  മരുന്നുകളില്ലാതെ ചികിത്സയെന്ന രീതി പ്രചരിപ്പിക്കാന്‍ ശ്രമിച്ചതാണ് മറ്റൊരു വിവാദമായത്. ഭ്രാന്തിപശുരോഗം എയിഡ്‌സിനേക്കാള്‍ ഭീകരമാണ് എന്ന് ഷോയിലൂടെ വിന്‍ഫ്രേ പറഞ്ഞതോടെ ഇറച്ചിവില്‍പന  കുത്തനെ ഇടിഞ്ഞു, ഇറച്ചിവ്യാപാരികള്‍ കേസുകൊടുത്തു. 

ജെയിംസ് ഫ്രേ എന്നയാളെ അതിഥിയാക്കി അയാളുടെ അനുഭവക്കുറിപ്പുകള്‍ക്ക് നല്ല പ്രചാരണം നല്‍കിയ വിന്‍ഫ്രേ.  20 ലക്ഷം കോപ്പികള്‍ വിറ്റ പുസ്തകതതിലെ അനുഭവക്കുറിപ്പുകള്‍ പലതും ഭാവനയില്‍ വിരിഞ്ഞതാണെന്ന് തെളിഞ്ഞു. ഒരു തവണകൂടി എഴുത്തുകാരനെ അതിഥിയായി വിളിച്ചുവരുത്തി അയാളെ കുറ്റവിചാരണചെയ്തു വിന്‍ഫ്രേ, അതിനുനേര്‍ക്കും ആരോപണമുയര്‍ന്നപ്പോള്‍ പിന്നെും അതിഥിയാക്കി മാപ്പുചോദിച്ചു.

ഹാവി വെസിന്‍സെ്‌റ്റെയിനുമായുള്ള സൗഹൃദം മറ്റൊന്ന്. പിന്തുണച്ചിട്ടില്ലെന്നുമാത്രം, തള്ളിപ്പറയുകയും ചെയ്തു. അങ്ങനെ ഒരടുക്ക് കാര്യങ്ങളുണ്ട് പ്രതിപക്ഷത്തിന് ആയുധമാക്കാന്‍.

പ്രസിഡന്റകാനുള്ള അടിസ്ഥാനയോഗ്യത താരപ്പൊലിമയാവുകയാണോ എന്നാണ് സംശയം. 

ഡമോക്രാറ്റുകള്‍ക്ക് ട്രംപിനെ തോല്‍പ്പിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ വേണം, അതിന് ട്രംപിനേക്കാള്‍ പ്രശസ്തയായ, സംസാരിക്കാന്‍ കഴിവുള്ള ഒരാള്‍ എന്ന നിലക്ക് ഓപ്ര വിന്‍ഫ്രേ നല്ല സ്ഥാനാര്‍ത്ഥിയാണ്.  പക്ഷേ വൈറ്റ് ഹൗസിലെത്തിക്കഴിഞ്ഞാല്‍ ഭരണകാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോഴേയുണ്ട്. 

മറ്റൊരു സ്ഥാനാര്‍ത്ഥി സാധ്യതയെക്കുറിച്ചും പറഞ്ഞുതുടങ്ങിയിരിക്കുന്നു അമേരിക്ക, നടനായ dwayne rock johnosn. വെറുതേ പറഞ്ഞുതുടങ്ങിയത് ഇപ്പോള്‍ നടനും ഏറ്റെടുത്തു എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ അമേരിക്കന്‍ പ്രസിഡന്റകാനുള്ള അടിസ്ഥാനയോഗ്യത താരപ്പൊലിമയാവുകയാണോ എന്നാണ് സംശയം. 

കൂടുതല്‍ അപകടത്തിലേക്കാണോ പോക്ക് അതോ രക്ഷപ്പെടലാണോ എന്നാര്‍ക്കും ഉറപ്പില്ല.പക്ഷേ ഡമോക്രാറ്റുകളും റിപബ്ലിക്കന്‍ അംഗങ്ങളും ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. വിന്‍ഫ്രേ ട്രംപിനോട് മല്‍സരിച്ചാല്‍ വിജയം വിന്‍ഫ്രേക്ക് തന്നെ. വിദേശനയവും ആഭ്യന്തരനയവും എത്രത്തോളം അറിയാമെന്നത് പിന്നത്തെ കാര്യം, അവിടെയാണ് ട്രംപിനെ ചൂണ്ടിക്കാണിച്ച് പലരും മുന്നറിയിപ്പ് നല്‍കുന്നത്.