Asianet News MalayalamAsianet News Malayalam

തുര്‍ക്കിയില്‍ നടക്കുന്നത്

Analysis on Turkey militry coup
Author
Istanbul, First Published Jul 19, 2016, 6:07 AM IST

വിശ്വാസനിരാസത്തിന്റെ പടിഞ്ഞാറിനും  വിശ്വാസത്തിലേക്ക് വലിച്ചടുപ്പിക്കുന്ന കിഴക്കിനും ഇടയില്‍ ഉഴലുകയാണ് തുര്‍ക്കി.

ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമവും ഇങ്ങ് കേരളത്തിലെ മലയാളികളും തമ്മിലെന്ത് ബന്ധം? 
അത് അറിയണമെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മുന്‍പ് 1920 കളിലേക്ക് പോകേണ്ടി വരും. അന്ന് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍  കീഴിലായിരുന്ന മലബാറില്‍  നടന്ന കലാപം ചരിത്രപുസ്തകങ്ങളില്‍ വായിച്ച് ഏവര്‍ക്കും പരിചിതമാണ്. വായിച്ചിട്ടില്ലെങ്കില്‍ ഐവി ശശി സംവിധാനം ചെയ്ത് 1921 എന്ന സിനിമയെങ്കിലും കണ്ടിട്ടുണ്ടാകും. ഖിലാഫത്തും പരിചിതം. 

പക്ഷെ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്റെ ഭാഗമെന്ന് വിശേഷിക്കപ്പെടുന്ന ഖിലാഫത്തിന്റെ യഥാര്‍ത്ഥ കാരണം തുര്‍ക്കിയിലാണെന്നത് പലപ്പോഴും പലരും മറന്നുപോകാറുണ്ട്. ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിന് മേല്‍ ബ്രിട്ടനും മറ്റ് സഖ്യകക്ഷികളും നടത്തിയ കടന്നുകയറ്റമാണ്  കേരളത്തിലെ ഏറനാട്ടിലും വള്ളുവനാട്ടിലും ജനങ്ങളെ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്.  ഇസ്ലാമിന്റെ സ്ഥാപനത്തിനോളം  പഴക്കം കല്‍പ്പിക്കപ്പെടുന്ന കേരളീയ മുസ്ലീമിനെ ആഗോള മുസ്ലീം സ്വത്വബോധത്തിലേക്ക് അടുപ്പിച്ച സംഭവമായിരുന്നു ഓട്ടോമന്‍ സാമ്രാജ്യത്തിന് മേല്‍ പാശ്ചാത്യസഖ്യകക്ഷികള്‍  നടത്തിയ കടന്നുകയറ്റം.   

ഖിലാഫത്തും ഐസിസും
ലോകമുസ്ലീമുകളുടെ  ആകെ ഖലീഫ തുര്‍ക്കി ഓട്ടോമന്‍മാരാണെന്നും  അവര്‍ക്ക് നേരെ ബ്രിട്ടന്‍ നടത്തുന്ന അധിനിവേശത്തെ ചെറുക്കേണ്ടത് മുസ്ലീമിന്റെ കടമയാണെന്നും അന്ന് പ്രചരിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ മുസ്ലീമിനെ ഏകോപിപ്പിക്കാനും ബ്രിട്ടനെതിരെ അവരെ അണിനിരത്താനും ദേശീയ നേതാക്കളാല്‍ 'ഖിലാഫത്ത് 'ശക്തമായി ഉപയോഗിക്കപ്പെടുകയായിരുന്നു.   ഇന്ത്യ ഒഴികെ ലോകത്തില്‍ മറ്റൊരു രാജ്യത്തിലും ഓട്ടോമന്‍ സാമ്രാജ്യത്തിന് വേണ്ടിയുള്ള  യുദ്ധം ഇത്രകണ്ട്  ശക്തമായിരുന്നില്ല.  തുര്‍ക്കിയില്‍ പോലും!

കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് ഇന്ന് മലയാളികള്‍ക്ക് തോന്നില്ല. കാരണം ഐഎസില്‍ ചേരാന്‍ മലയാളികള്‍  പോകുന്നുണ്ടെന്ന വാര്‍ത്തകളുടെ പുകപടലത്തില്‍ നില്‍ക്കുമ്പോള്‍  അന്നത്തെ പരിതസ്ഥിതി പെട്ടെന്ന്  തിരിച്ചറിയാന്‍ കഴിയും. അന്ന് ഓട്ടോമന്‍മാരായിരുന്നു ഇസ്ലാമിന്റെ ആഗോള ഖലീഫമാരെങ്കില്‍ ഇന്ന് അത് ആരെന്ന ചോദ്യം ഉയര്‍ന്നുവരുന്നു. 1920 കളില്‍ നിന്ന് വ്യത്യസ്തമായി കേരള മുസ്ലീം സമൂഹത്തില്‍ വലിയൊരു പങ്ക്  ആഗോള ഇസ്ലാമിക  സ്വത്വത്തിലേക്ക്  അഭേദ്യമാം വിധം അടുത്ത സാഹചര്യത്തില്‍ ചോദ്യത്തിന് ശക്തി കൂടിയേക്കാം. ആ ചോദ്യത്തിന് ഇസ്ലാമിക് സ്റ്റേറ്റ് എന്ന് ഉത്തരം എവിടെ നിന്നൊക്കെയോ കടന്നുവരുന്നുണ്ടോയെന്ന് ഇസ്ലാമികസമൂഹം തന്നെ ഭയപ്പെടുന്നു. ആ ഭയമാണ്  വിശ്വാസ പലായനം എന്നപേരില്‍  കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്.  

പടിഞ്ഞാറ് പടിഞ്ഞാറാണെന്നും കിഴക്ക് കിഴക്കാണെന്നും പറഞ്ഞ റുഡ്യാഡ് കിപ്ലിംഗിന്റെ വാക്യം ഇവിടെ സ്മരണീയമാണ്.  കിഴക്കിന്റെയും  പടിഞ്ഞാറിന്റെയും കാഴ്ചപ്പാടുകളിലെ വ്യത്യാസമാണ് അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിച്ചത്.  അപ്പോഴും കിഴക്കിനും  പടിഞ്ഞാറിനും ഇടയിലെ മധ്യദേശം എങ്ങനെയെന്ന ചോദ്യം ബാക്കി. ഇസ്താംബുള്‍ നഗരത്തിന്റെ പേരുകള്‍ മാറി മാറി വന്നതുപോലെ  അതിന്റെ സംസ്‌കാരങ്ങളും മാറി. റോമാക്കാരും ബൈസെന്റീനിയന്‍മാരും  തുര്‍ക്കിയില്‍ അധികാരങ്ങള്‍ സ്ഥാപിച്ചു. 

മുസ്തഫ കമാല്‍

തുര്‍ക്കിയുടെ മതേതരജീവിതം
ഓട്ടോമന്‍മാരുടെ കാലത്ത് തുര്‍ക്കി ഇസ്ലാമിന് കുടക്കീഴില്‍ വന്നു. ഏഷ്യയുടെയും യൂറോപ്പിന്റെയും ആഫ്രിക്കയുടെയും വരെ ഭാഗങ്ങള്‍ ഒരു കാലത്ത്  ഓട്ടോമന്‍ സാമ്രാജ്യത്തിന് കീഴില്‍ ആയിരുന്നു. ഒട്ടോമന്‍മാര്‍ കടുത്ത യാഥാസ്ഥിതിക മുസ്ലംകള്‍ ആയിരുന്നില്ല. കീഴടക്കിയ ദേശങ്ങളിലെ ജനങ്ങളുടെ ദൈവവിശ്വാസങ്ങളെ അംഗീകരിക്കാനുള്ള സഹിഷ്ണുത ഓട്ടോമന്‍മാര്‍ വച്ചുപുലര്‍ത്തി.  അതിന് അവരെ പ്രാപ്തരാക്കിയത്  ഇസ്ലാമിലെ സൂഫി ധാരയാണ്.   

ലോകയുദ്ധത്തോടെ ഓട്ടോമന്‍ സാമ്രാജ്യഭരണത്തിന് അറുതിയായപ്പോള്‍ വിശ്വാസധാരകളിലും ഉലച്ചില്‍ സംഭവിച്ചു. അധിനിവേശത്തില്‍ നിന്ന്  തുര്‍ക്കി  1923ല്‍ മോചിതമായി. മുസ്തഫ കമാല്‍ എന്ന  മുന്‍സൈനികനും വിപ്ലവകാരിയുമാണ് അതിന് നേതൃത്വം നല്‍കിയത്.  ആധുനിക തുര്‍ക്കിയുടെ ആദ്യപ്രസിഡന്റായ മുസ്തഫ കമാലിനെ രാഷ്ട്രപിതാവ് എന്ന അര്‍ത്ഥത്തില്‍ ജനങ്ങള്‍ അത്താതുര്‍ക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്.

പാശ്ചാത്യ അധിനിവേശനുകത്തിന് കീഴില്‍ നിന്ന് മാറിയെങ്കിലും തുര്‍ക്കിയെ സാംസ്‌കാരികമായി പടിഞ്ഞാറിനോട് അടുപ്പിക്കാനായിരുന്നു മുസ്തഫ കമാലിന്റെ തീരുമാനം. ജനങ്ങളില്‍ 99 ശതമാനത്തോളം മുസ്ലിംകളായിരുന്നിട്ടും  തുര്‍ക്കിയെ മതേതര രാഷ്ട്രമായാണ് അദ്ദേഹം വിഭാവനം ചെയ്തത്.  

ഏവര്‍ക്കും വിശ്വാസ സ്വാതന്ത്യം അനുവദിക്കുന്ന കേവല മതേതര രാഷ്ട്രമായിരുന്നില്ല മുസ്തഫ കമാലിന്റെ സങ്കല്‍പ്പം. അതിനുമപ്പുറം  വിശ്വാസത്തിന്റെ നുകത്തിന് കീഴില്‍ നിന്ന്  ജനങ്ങള്‍ മോചിതരാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1938 വരെ തുടര്‍ന്ന ഭരണത്തിലൂടെ വിദ്യാഭ്യാസം,നിയമം, തുടങ്ങി അക്ഷരമാലയുടെ കാര്യത്തില്‍ വരെ ഉടച്ചുവാര്‍ക്കല്‍ ഉണ്ടായി. തുര്‍ക്കി ജനതയുടെ സംസ്‌കാരം തന്നെ പുനര്‍നിര്‍വചിക്കുന്ന തരത്തിലായിരുന്നു അത്തതുര്‍ക്കിന്റെ പരിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍.ഇതിന്റെ  ഏറ്റവും ഉയര്‍ന്ന ഘട്ടമായിരുന്നു 1925 ല്‍ കൊണ്ടുവന്ന ഹാറ്റ് ലോ. 

ഇസ്ലാമിക അഭിമാനമായി ചുവന്ന തുര്‍ക്കി തൊപ്പി ധരിച്ചിരുന്ന മനുഷ്യരെ കേരളത്തില്‍ പോലും മുന്‍കാലങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍  ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ അവശിഷ്ടമായ ചുവന്ന തൊപ്പികള്‍ ധരിക്കുന്നത് ഹാറ്റ് ലോ മൂലം തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ടു. പൊതുഇടങ്ങളില്‍  ഇത്തരം തൊപ്പികള്‍ക്ക് പകരം  പാശ്ചാത്യ രീതിയുള്ള തൊപ്പികള്‍  ധരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്തു.  ഇതിനെത്തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 30  പേര്‍ വധശിക്ഷക്ക് വിധേയരായെന്നത് ചരിത്രം.   നിരവധി പേര്‍ ജയിലിലുമായി. 

ഏവര്‍ക്കും വിശ്വാസ സ്വാതന്ത്യം അനുവദിക്കുന്ന കേവല മതേതര രാഷ്ട്രമായിരുന്നില്ല മുസ്തഫ കമാലിന്റെ സങ്കല്‍പ്പം. അതിനുമപ്പുറം  വിശ്വാസത്തിന്റെ നുകത്തിന് കീഴില്‍ നിന്ന്  ജനങ്ങള്‍ മോചിതരാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

കമാല്‍ ഭരണത്തിനുശേഷം
ഇസ്ലാമിക സമൂഹവും ആധുനികവത്കരണവും എന്ന പ്രശ്‌നം ആധുനിക തുര്‍ക്കിയുടെ ആരംഭകാലത്ത് തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍ മുസ്തഫ കമാലിന്റെ ഭരണകാലം വരെ അതിനെ എതിര്‍ക്കാന്‍ തക്ക ശക്തമായ ശബ്ദങ്ങള്‍ ഉണ്ടായിരുന്നില്ല. ഉയര്‍ന്നുവന്ന ശബ്ദങ്ങള്‍ ശക്തമായി അടിച്ചമര്‍ത്തപ്പെട്ടു.  രാജ്യം നേരിട്ടുകൊണ്ടിരുന്ന മറ്റ് പ്രശ്‌നങ്ങളില്‍  വിശ്വാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നില്ലെന്നും പറയാം. കമാല്‍ ഭരണത്തിന് ശേഷമാണ് എതിര്‍സ്വരങ്ങള്‍ ശക്തി പ്രാപിക്കുന്നത്.  

1950 കള്‍ തൊട്ട് ഈ അവസ്ഥ കാണാം.  മുസ്തഫ കമാലിന്റെ കാലശേഷം ഉണ്ടായ തെരഞ്ഞെടുപ്പുകളില്‍ വലതുപക്ഷ കക്ഷികളാണ് പലപ്പോഴും അധികാരത്തില്‍ എത്തിയത്.  1950 ല്‍ അധികാരത്തിലെത്തിയ  ഡെമോക്രാറ്റിക് പാര്‍ട്ടി അത്താത്തുര്‍ക്കിന്റെ മതനയങ്ങളില്‍ വെള്ളം ചേര്‍ത്തു.   വിദ്യാഭ്യാസം,  പുതിയ പള്ളികളുടെ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍  അതുവരെയുള്ള ഭരണകൂടം നിലനിര്‍ത്തിയിരുന്ന കാര്‍ക്കശ്യങ്ങളില്‍ ഇളവ് വരാന്‍ തുടങ്ങി . ഇതാണ് 1960 മേയിലെ പട്ടാള അട്ടിമറിയിലേക്ക് നയിച്ചത്. 

അധികാരം പിടിച്ചെടുത്ത ജനറല്‍ ജമാല്‍ ഗൂര്‍സലി ഭരണഘടന ലംഘിച്ചെന്ന കുറ്റത്തിന് ഡെമോക്രാറ്റിക് നേതാവായിരുന്ന അദ്‌നാന്‍ മെന്‍ദരിസിനെ തൂക്കിക്കൊന്നു. കമാലിസത്തിന്റെ  കാവല്‍ക്കാരായാണ് സൈന്യം സ്വയം വിശേഷിപ്പിക്കുന്നത്.  പിന്നീടും പല തവണ ഇസ്ലാമിക വത്കരണത്തിനുള്ള ശ്രമം നടന്നു.  അപ്പോഴൊക്കെ സൈന്യം അധികാരം പിടിക്കുകയും ചെയ്തു. 

സൈനിക അട്ടിമറികളുടെ പിന്നിലെന്ത്?
1940 കള്‍ മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഇസ്ലാമികവത്കരണമെന്ന ആവശ്യം   യാഥാര്‍ത്ഥ്യമാകാതെ പോകുന്നതിനുളള കാരണങ്ങള്‍  രാജ്യത്തെ സൈനിക നേതൃത്വവും, കോടതികളുമാണ്.  വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ പാര്‍ട്ടി പോലും ഭരണഘടനാ ലംഘനത്തിന് നിരോധിക്കപ്പെട്ട ചരിത്രമാണ് തുര്‍ക്കിക്കുള്ളത്. പിന്നീട് ഈ പാര്‍ട്ടികള്‍ പേര് മാറി മറ്റൊരു പേരില്‍ എത്തും. ഇപ്പോള്‍ അധികാരത്തിലുള്ള അക് പാര്‍ട്ടിയും അങ്ങനെ നിരോധിക്കപ്പെട്ടൊരു പാര്‍ട്ടിയുടെ പുനര്‍ജന്‍മമാണ്. പ്രസിഡന്റ് റെജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മതനിലപാടുകളുടെ പേരില്‍  ജയിലില്‍ അടയ്ക്കപ്പെട്ട നേതാവും.  

2002 ലാണ് ഉര്‍ദുഗാന്റെ അക് പാര്‍ട്ടി തുര്‍ക്കിയില്‍ അധികാരത്തില്‍ എത്തുന്നത്.  രാഷ്ട്രീയപ്രവര്‍ത്തനത്തിന് നിരോധനം ഉണ്ടായിരുന്നതിനാല്‍ അന്ന് ഉര്‍ദുഗാന് അധികാരത്തില്‍ എത്താനായില്ല.  2003ല്‍ ഈ നിരോധനം നീക്കി കിട്ടിയ ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. 

സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകള്‍ തലമൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് തുര്‍ക്കി ഭരണഘടന നിരോധിച്ചിട്ടുണ്ട്. ഭരണഘടനാ ഭേദഗതിയിലൂടെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക്  തലമൂടിയുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം നേടി നല്‍കുമെന്ന് 2007 തെരഞ്ഞെടുപ്പ് സമയത്ത് എര്‍ദോഗന്റെ അക് പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നു.  അധികാരത്തില്‍ എത്തിയപ്പോള്‍ പാര്‍ലമെന്റിലെ 70 ശതമാനം അംഗങ്ങളുടെയും  പിന്തുണയോടെ ഭരണഘടനാ ഭേദഗതിയിലൂടെ  നിരോധനം നീക്കുകയും ചെയ്തു.  എന്നാല്‍ പാര്‍ലമെന്റിന്റെ നടപടി ഭരണഘടനയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ കോടതി നിരോധനം പുനസ്ഥാപിച്ചു.  

2008ല്‍   ഉര്‍ദുഗന്റെ അക് പാര്‍ട്ടി തന്നെ  നിരോധനത്തിന്റെ വക്കോളമെത്തിയതാണ്.  ഇതിനെ അതിജീവിച്ച ഉര്‍ദുഗന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള ഭീഷണി ഇല്ലാതാക്കാനുള്ള  ശ്രമവും നടത്തി.   2008 - 2010 കാലഘട്ടത്തിനിടയ്ക്ക് നിരവധി സൈനിക ഓഫീസര്‍മാരെയും  മുന്‍സൈനിക ഓഫീസര്‍മാരെയും അട്ടിമറി നീക്കം ആരോപിച്ച് ഉര്‍ദുഗന്‍ ജയിലില്‍ അടച്ചു. പക്ഷെ അന്നെല്ലാം  പൊലീസിലും ജുഡീഷ്യറിയിലും ശക്തമായ സ്വാധീനം ഉണ്ടായിരുന്ന ഇസ്ലാമിക നേതാവ് ഫത്ഹുല്ല ഗുലന്റെ പിന്തുണ  അദ്ദേഹത്തിന് ഉണ്ടായിരുന്നു.  പിന്നീട് ആ പിന്തുണ നഷ്ടമായി.  ഇപ്പോഴത്തെ അട്ടിമറി നീക്കത്തിന് പിന്നില്‍ ഇതേ ഫത്ഹുല്ല ഗുലന്‍ ആണെന്നാണ് ഉര്‍ദുഗന്റെ ആരോപണം.  

പടിഞ്ഞാറോട്ട്  ചായുന്നവരും കിഴക്കോട്ട് ചായുന്നവരും. 
പൊതുവില്‍ ശാന്തമെന്ന് തോന്നുമെങ്കിലും തുര്‍ക്കി ജനത പല ധ്രുവങ്ങളിലാണ്.  ജനസംഖ്യയുടെ 72 ശതമാനത്തോളം സുന്നിമുസ്ലിമുകളാണ്. ബാക്കി വരുന്നവര്‍ വിവിധ ഷിയ വിഭാഗങ്ങളിലും,കുര്‍ദ്ദ്,  ക്രിസ്ത്യന്‍, ജൂത ന്യൂനപക്ഷങ്ങളിലും പെടുന്നു. രാജ്യത്തെ മതകാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ദിയാനെറ്റ്  എന്ന സര്‍ക്കാര്‍ സംവിധാനമാണ്. എല്ലാ പള്ളികളിലെയും ഇമാമുമാരുടെ നിയന്ത്രണവും ഇവര്‍ക്കാണ്.   മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളില്‍  ഉള്ളതുപോലെ സുന്നി, ഷിയ സംഘര്‍ഷങ്ങള്‍ തുര്‍ക്കിയില്‍ ഇല്ല. എന്നാല്‍ സ്വയംഭരണത്തിന് വേണ്ടി പോരാടുന്ന കുര്‍ദ്ദുകള്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.  

ഇത് മാറ്റി നിര്‍ത്തിയാല്‍ തുര്‍ക്കി പ്രധാനമായും രണ്ട് പക്ഷത്താണ്.  പടിഞ്ഞാറോട്ട്  ചായുന്നവരും കിഴക്കോട്ട് ചായുന്നവരും.  പടിഞ്ഞാറിനോട് അടുപ്പം കാണിക്കുന്ന കമാലിസ്റ്റുകള്‍ വിശ്വാസങ്ങളെ എല്ലാ അര്‍ത്ഥത്തിലും പൊതുഇടത്ത് നിന്ന് അകറ്റണമെന്ന് വിശ്വസിക്കുന്ന. മുസ്തഫ കമാല്‍ വിഭാവനം ചെയ്യുന്ന തരത്തില്‍ തുര്‍ക്കിയെ ആധുനിക സ്റ്റേറ്റായി നിലനിര്‍ത്തണമെന്നതാണ് ഇവരുടെ ആവശ്യം.  ഉന്നത സൈനികര്‍, ന്യായാധിപന്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയവരാണ് ഈ വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നത്.  യൂണിവേഴ്‌സിറ്റികളുള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം തലമൂടിയുള്ള വസ്ത്രങ്ങള്‍ക്കുള്ള നിരോധനം ശക്തമായി നടപ്പിലാക്കണമെന്ന് വാദിക്കുന്നവര്‍ ഇവരാണ്.  

കമാലിസം ആധുനികമായ ഒരു മതവത്കരണം പോലെ നടപ്പിലാക്കണമെന്ന് ഇവര്‍ ശഠിക്കുന്നു. ഈ ശാഠ്യങ്ങളില്‍ നിന്നാണ്  തലപ്പാവ് സമരം പോലുള്ളവ തുര്‍ക്കിയില്‍ ഉദയം ചെയ്തത്.  മുസ്ലീം സ്വത്വം ഉയര്‍ത്തി പൊതുസമൂഹത്തില്‍ ജീവിക്കാന്‍ അവകാശം വേണമെന്നതാണ്  സമരക്കാരുടെ ആവശ്യം . 
നാറ്റോ സഖ്യകക്ഷിയാണെങ്കിലും  ഇസ്ലാമികതുര്‍ക്കിയെ  ക്രിസ്ത്യന്‍ കേന്ദ്രീകൃതമായ യൂറോപ്പിന് പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല.   യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം എന്ന തുര്‍ക്കിയുടെ ആവശ്യം ഇന്നും പടിക്ക് പുറത്താണ്. മതനിരാസത്തിന്റെ പേരില്‍ ഒരു പരിധിവരെ അറബ് ലോകത്ത് നിന്നും തുര്‍ക്കിക്ക് അകലം പാലിക്കേണ്ടിവരുന്നു.  ഇതിന് മാറ്റം വരണമെന്നാണ് മതവാദികള്‍ പറയുന്നത്.  

ഉര്‍ദുഗന്‍

ഉര്‍ദുഗന്റെ ശ്രമം
ഉര്‍ദുഗന്റെ അക് പാര്‍ട്ടി ഒരു പരിധിവരെ ഇസ്ലാമികവത്കരണത്തെ അനുകൂലിക്കുന്നവരാണ്.  വിമര്‍ശകരുടെയും എതിരാളികളുടെയും വായടപ്പിച്ചുള്ള ഏകാധിപത്യരീതിയിലുള്ള ഭരണമാണ് ഉര്‍ദുഗന്റേത്.  മദ്യനയം, ഇന്റര്‍നെറ്റ് , സമൂഹ മാധ്യമങ്ങളുടെ ഉപയോഗം  എന്നിവയിലെല്ലാം മതപരമായ നിലപാടുകള്‍ ഉര്‍ദുഗന്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്നു.  

പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങളുള്ള അമേരിക്കന്‍ മോഡലിലേക്ക് രാജ്യത്തെ പതിയെ അടുപ്പിക്കുകയാണ് ഉര്‍ദുഗന്‍. ശക്തമായ ഭരണത്തിലൂടെ മറ്റൊരു അത്തത്തുര്‍ക്കായി ഉയര്‍ന്നുവരാനാണ് അദ്ദേഹത്തിന്റെശ്രമം. ഇതിനെതിരെയുള്ള പ്രതികരണമായി അട്ടിമറി നീക്കത്തെ കാണുന്നവരുണ്ട്.   ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ത്തുന്ന ഭീഷണിയും അതുമൂലമുള്ള അഭയാര്‍ത്ഥിപ്രവാഹവുമാണ് മറ്റൊരു പ്രശ്‌നം. വിശ്വാസനിരാസത്തിന്റെ പടിഞ്ഞാറും  വിശ്വാസത്തിലേക്ക് വലിച്ചടുപ്പിക്കുന്ന കിഴക്കിനും ഇടയില്‍ ഉഴലുകയാണ് തുര്‍ക്കി.

കേരളത്തോട് തുര്‍ക്കി പറയുന്നത് 
സാമൂഹികപുരോഗതിയും ചിലപ്പോള്‍ ചാക്രികമാകുമെന്ന സന്ദേശമാണ് തുര്‍ക്കി നല്‍കുന്നത്. ഒരു പരിധിക്ക് അപ്പുറം പഴമ പുതുമയെ കീഴടക്കുന്നു.   മറ്റൊരു രീതിയില്‍  സമാനമായ സംഘര്‍ഷം നമുക്കിടയിലും നടക്കുന്നുണ്ട്.  കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് പൊതു ഇടത്തില്‍ നിന്ന് നിര്‍ബന്ധിതമായല്ലെങ്കിലും മതബോധത്തെ ഒഴിച്ചുനിര്‍ത്താന്‍ കഴിഞ്ഞ അവസ്ഥയില്‍ നിന്ന് നമ്മളും മാറുകയാണ്.  മതബോധം ശക്തമായി തിരികെ വരുന്ന കാഴ്ച.  കൂടുതല്‍ സ്വാതന്ത്ര്യങ്ങളും വിശാലമായ അവസരങ്ങളുമുള്ള സൈബര്‍ ഇടത്തിലാണ് ഇന്ന് ഇത് ശക്തമായി നടക്കുന്നത്.  

തുര്‍ക്കിയില്‍ വിശ്വാസവും വിശ്വാസനിരാസവും തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്. പക്ഷെ ഇന്ത്യ പോലെ പല മതങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ മതബോധം കൂടുന്നുവെന്നാല്‍ അതിന് അര്‍ത്ഥം മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുന്നുവെന്ന് കൂടിയാണ്.  അതിനെ വ്യക്തമായി മനസ്സിലാക്കി  ഒഴിവാക്കാന്‍ ആയില്ലെങ്കില്‍  നമ്മുടെ ജനാധിപത്യവും അപകടത്തില്‍ ആകുമെന്നതില്‍ സംശയമില്ല. അതിന് സൈന്യമാകില്ല കാരണം എന്ന വ്യത്യാസം മാത്രമേ ഉണ്ടാകൂ. 

Follow Us:
Download App:
  • android
  • ios