കാര്യങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ പല സംവരണവിരുദ്ധ സവര്‍ണ്ണരുടെയും കുരു പൊട്ടും. കാരണം സ്വജാതി വിവാഹം ഒരു സംവരണമായിട്ടല്ല, വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായി അനുഭവിക്കുന്നവരാണല്ലോ അവര്‍. ഒരര്‍ത്ഥത്തില്‍ അറേന്‍ജ്ഡ് മേരിജ് എന്നോമനപ്പേരിട്ട് വിളിക്കുന്ന സംഗതി, സ്വന്തം യോനിയും ലിംഗവും മുതല്‍ കാറും വീടും വരെ സ്വജാതിയില്‍പെട്ടവര്‍ക്ക് സംവരണം ചെയ്യുന്ന സംഭവമാണല്ലോ. ഈയൊരു നിസ്സാര സംവരണം പോലും പൊളിച്ചെഴുതുവാന്‍ കഴിയാത്തവര്‍ ആണ്, തൊഴിലിടങ്ങളിലെ സംവരണം പോലെ വളരെ വിശാലമായ ജനാധിപത്യപ്രക്രിയയെ തച്ചുടക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്! എന്താലേ? 

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ 'ബ്രാഹ്മണ പയ്യന്മാരുടെ ഒരു കൂട്ടം' (a bunch of Brahmin boys) എന്ന് വിശേഷിപ്പിച്ചത് അംബേദ്കര്‍ ആയിരുന്നു. സംവരണത്തിനെക്കുറിച്ച് ഇക്കാലത്തും ഇടതുപക്ഷം സ്വീകരിച്ച നിലപാട് പരിശോധിച്ചാല്‍ എത്ര ദീര്‍ഘവീക്ഷണമുള്ള ഒരു നിരീക്ഷണമാണ് അംബേദ്കര്‍ നടത്തിയതെന്ന് നമ്മള്‍ അത്ഭുതം കൂറും. അംബേദ്കറിന്റെ കുറ്റപ്പെടുത്തലിന് ഇന്ന് പ്രസക്തിയില്ല എന്ന് ഇടതുപക്ഷം കരുതുകയാണെങ്കില്‍, താഴെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രമായ മറുപടി പറയുവാന്‍ ഇന്ത്യന്‍ ഇടതുപക്ഷം ബാധ്യസ്ഥരാണ്:

ആര്‍ എസ് എസുമായി ഇടതുപക്ഷം കൈകോര്‍ക്കുന്ന ഒരേ ഒരു ചിന്താപദ്ധതി സാമ്പത്തിക സംവരണം എന്ന ആശയം ആകുന്നതെന്തുകൊണ്ടാണ്?

എന്തുണ്ട് മറുപടി? 
1. ജനാധിപത്യത്തെ, പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ 'മെറിറ്റ്' എന്ന അസ്പൃശ്യതയുടെ ആധുനിക സംവിധാനത്തെ ഉപയോഗപ്പെടുത്തി ഇല്ലാതാക്കുവാന്‍ ഇന്നും ഇടതുപക്ഷം ശ്രമിക്കുന്നതെന്തുകൊണ്ടാണ്?

2. ഇന്ത്യയുടെ പ്രതിലോമകരമായ പാരമ്പര്യത്തിനെ മുറുകെപ്പിടിക്കുന്നവര്‍ എന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുന്ന, തങ്ങളുടെ പ്രത്യയശാസ്ത്ര വൈരികളായി ഇടതുപക്ഷം കരുതുന്ന ആര്‍ എസ് എസുമായി ഇടതുപക്ഷം കൈകോര്‍ക്കുന്ന ഒരേ ഒരു ചിന്താപദ്ധതിയും സാമ്പത്തിക സംവരണം എന്ന ആശയം ആകുന്നതെന്തുകൊണ്ടാണ്? വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ കണ്ടെത്തലും സനാതന സത്യത്തിന്റെ വക്താക്കളുടെ കണ്ടെത്തലും ഒന്നാകുന്നതിന്റെ യുക്തി ഒന്ന് വിശദീകരിക്കാമോ?

3. ദലിതര്‍ ഈഴവര്‍ തുടങ്ങിയ സംവരണാര്‍ഹരായ ജനങ്ങളുടെ സംവരണതോത് നിശ്ചയിച്ചിരിക്കുന്നത് ജനസംഖ്യാനുപാതത്തില്‍ ആണെങ്കില്‍, ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന നിയമനങ്ങളില്‍ 10% സംവരണം മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത് ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ്? കേരളത്തിലെ ആദിവാസി ദലിത് ജനവിഭാഗങ്ങളുടെ അത്ര തന്നെയെണ്ണം ജനങ്ങള്‍ മുന്നോക്കവിഭാഗത്തില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ അനുഭവിക്കുണ്ടെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നുണ്ടോ? ഇതിനെ സാധൂകരിക്കാവുന്ന ഏതെങ്കിലും ആധികാരിക പഠനങ്ങള്‍ ചൂണ്ടിക്കാണിക്കാമോ? അതല്ല, സവര്‍ണ്ണര്‍ക്ക് നല്‍കുമ്പോള്‍ ഒരു കണക്കുമില്ലാതെ വാരിക്കോരി നല്‍കലാണോ ഇടതുപക്ഷ നയം?

4. ജാതി പോലെ ജനനം മുതല്‍ മരണം വരെ ഒരാള്‍ പേറേണ്ട അവസ്ഥയാണ് ദാരിദ്ര്യം എന്ന് ഇടതുപക്ഷം ഏത് മാര്‍ക്‌സിയന്‍ കൃതിയില്‍ നിന്നാണ് കണ്ടെടുത്തത്?

5. ബ്രിട്ടീഷ് ഭരണം കൊണ്ട് വരുന്ന ചലനാത്മകമായ സാമ്പത്തിക ക്രമം ജാതി പോലുള്ള സാമ്പ്രദായികതകളെ ഇല്ലാതാക്കുമെന്ന മാര്‍ക്‌സിന്റെ ന്യൂ യോര്‍ക്ക് ഡെയിലി ട്രിബ്യൂണ്‍ തമാശകള്‍ ഇടതുപക്ഷം ഇപ്പോഴും ഗൗരവത്തോടെയാണോ കാണുന്നത്?

6. സംവരണവുമായി ബന്ധപ്പെട്ട മുഖ്യധാര ആഖ്യാനങ്ങളില്‍ സംവരണ ജാതികളെ പ്രതിപാദിക്കുമ്പോള്‍ ഉദ്യോഗസ്ഥരെക്കുറിച്ചു മാത്രവും, സവര്‍ണ്ണ ജാതികളെ പ്രതിപാദിക്കുമ്പോള്‍ ദരിദ്രരെക്കുറിച്ചു മാത്രവും പ്രതിപാദിക്കപ്പെടുന്നതിന്റെ 'അബോധരാഷ്ട്രീയം' അന്വേഷിക്കുവാന്‍ ആമ്പിയര്‍ ഉള്ള ആരെങ്കിലും ഇടതുപക്ഷത്തിലുണ്ടോ?

7. തകര്‍ന്ന ഇല്ലങ്ങളുടെയും തകര്‍ന്ന നായര്‍ തറവാടുകളുടെയും ധാരാളം കഥകള്‍ സിനിമ, നോവല്‍ രൂപങ്ങളില്‍ നാം അനുഭവിക്കുമ്പോള്‍, തകര്‍ന്ന ദലിത് ആദിവാസി ജീവിതം ഇവിടെ അത്രയൊന്നും ആവിഷ്‌ക്കരിക്കപ്പെടാത്തതെന്തുകൊണ്ടാണെന്ന് ഇടതുപക്ഷത്തിന് എന്തെങ്കിലും ഊഹമുണ്ടോ? സിനിമയിലെ സവര്‍ണ്ണ വേദനയുടെ തോത് കണ്ടിട്ടാണോ ദേവസ്വം വകുപ്പ് അത്തരക്കാര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയത്?

8. എയ്ഡഡ് സ്‌കൂള്‍, എയ്ഡഡ് കോളേജ് നിയമനങ്ങളില്‍ സംവരണം കൊണ്ടുവരണമെന്ന ദലിതരുടെയും പിന്നോക്കക്കാരുടേയും ദീര്‍ഘകാല ആവശ്യത്തിന് ഇതുവരെയും വേണ്ടത്ര പരിഗണന നല്‍കാത്ത ഇടതുപക്ഷം, പക്ഷെ സവര്‍ണ്ണരുടെ സംവരണ വിഷയത്തില്‍ എന്തുകൊണ്ടാണ് എളുപ്പത്തില്‍ വശംവദരാകുന്നത്, എളുപ്പത്തില്‍ തീരുമാനമെടുക്കുന്നത്?

9. തകര്‍ന്നടിഞ്ഞ നായര്‍ തറവാട്ടിലെ ഒരു നായര്‍ക്കാണോ ലക്ഷം വീട് കോളനിയിലെ ഒരു ദലിതനാണോ ഒരു ബാങ്ക് ലോണ്‍ എളുപ്പത്തില്‍ സാധ്യമാകുന്നത്? ഇനി ലോണ്‍ എങ്ങനെയെങ്കിലും ലഭ്യമായെന്നിരിക്കട്ടെ. ആ തുക ഉപയോഗിച്ച് രണ്ടുപേരും യഥാക്രമം 'നായര്‍ വിലാസം' ചായക്കടയും 'കുറവ വിലാസം' ചായക്കടയും നടത്തിയാല്‍ ആരാണ് കേരളമെന്ന സ്ഥിതിസമത്വ സുന്ദര ലോകത്തില്‍ രക്ഷപ്പെടുവാന്‍ സാധ്യത കൂടുതല്‍? ഈ രക്ഷപ്പെടലിനെയല്ലേ ഇവിടെ മെറിറ്റെന്നും കഴിവെന്നും കഠിനാദ്ധ്വാനമെന്നും ഒക്കെ ഓമനപ്പേരിട്ട് വിളിക്കുന്നത്?

10. ബാക്കി എല്ലാ കാര്യത്തിലും സി പി എമ്മുമായി പോരടിക്കുന്ന സി പി ഐ ഈ കാര്യത്തില്‍ പുലര്‍ത്തുന്ന മൗനത്തിനെന്തങ്കിലും വിശദീകരണം ഉണ്ടോ?

11. ചുരുക്കത്തില്‍, സംവരണം എന്താണെന്ന് ഇടതുപക്ഷത്തിന് ഇനിയും മനസ്സിലായിട്ടുണ്ടോ?

സംവരണം എന്ന ആശയം ഉരുത്തിരിഞ്ഞ് വന്നത് കഴിവ്/കഴിവില്ലായ്മ എന്നീ ദ്വന്ദ്വങ്ങളില്‍ നിന്നല്ല

സംവരണത്തിനെതിരായ മൂന്നു വാദങ്ങള്‍
ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഇതിന് കാരണം സംവരണത്തിനെക്കുറിച്ച് പൊതുബോധത്തിലൂടെ വിനിമയം ചെയ്യപ്പെടുന്ന മൂന്ന് സങ്കല്‍പങ്ങള്‍ പിന്‍പറ്റിയാണ് ഇടതുപക്ഷം അവരുടെ സംവരണനയം രൂപീകരിച്ചിട്ടുള്ളത് എന്നുള്ളതാണ്. ഏതൊക്കയാണാ ആ സങ്കല്‍പ്പങ്ങള്‍ എന്നും അവ എപ്രകാരം പ്രശ്‌നസങ്കീര്‍ണമാകുന്നുവെന്നുമാണ് താഴെ പറയുവാന്‍ ശ്രമിക്കുന്നത്.

ആദ്യത്തെ ആശയം ഇപ്രകാരമാണ്: സംവരണം എന്നത് മര്‍ദ്ദിതര്‍/പ്രാന്തവല്‍കൃതര്‍ എന്നവകാശപ്പെടുന്ന ജനതയ്ക്ക് ലഭിക്കുന്ന ആനുകൂല്യമാണ്. അതിനാല്‍ തന്നെ അത് കഴിവുള്ളവരെ, യോഗ്യരായവരെ, തള്ളി കഴിവ് കുറവുള്ളവര്‍ക്ക്, യോഗ്യരല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു സംവിധാനം ആണ്. കാരണം സ്വാഭാവിക നീതിയുടെ ചട്ടക്കൂടില്‍, എല്ലാ അവസരങ്ങളും കഴിവിന്, മികവിന് ലഭിക്കുന്ന/ലഭിക്കേണ്ട പ്രതിഫലമാണ്. അതായത്, ഓട്ടമല്‍സരത്തില്‍ അഞ്ചാം സ്ഥാനത്തായി ഓടിയെത്തിയ വ്യക്തിയെ നാം ഒന്നാം സ്ഥാനത്ത് അവരോധിക്കില്ലല്ലോ! പക്ഷെ സംവരണത്തിലൂടെ ഓട്ടമല്‍സരത്തില്‍ അഞ്ചും പത്തും അതിനപ്പറവുമുള്ള സ്ഥാനക്കാരെ ഒന്നാം സ്ഥാനത്ത് അവരോധിക്കുക എന്ന അക്രമമാണ് ചെയ്യുന്നത്.

രണ്ടാമത്തെ ആശയം മേല്‍പറഞ്ഞതില്‍ നിന്നും ഗുണപരമായി വ്യത്യാസമില്ലാത്ത അതിന്റെതുടര്‍ച്ച തന്നെയാണ്. സംവരണത്തിലൂടെ യോഗ്യരല്ലാത്തവരെയാണ് തന്ത്രപ്രധാനമായ രാഷ്ട്രീയഭരണ തല അധികാരത്തിലേയ്ക്ക് കൊണ്ടുവരുന്നത്. ഇത് ദേശതാത്പര്യത്തിനു വിരുദ്ധമാണ്. മെറിറ്റില്‍ വെള്ളം ചേര്‍ക്കുന്നതിനാല്‍, യോഗ്യരല്ലാത്തവര്‍ പല തന്ത്രപ്രധാന അധികാരസ്ഥാനത്തും വരുന്നതിനാല്‍, രാജ്യത്തിന്റെ വികസനം വേണ്ട രീതിയില്‍ നടക്കുന്നില്ല. രാജ്യം ഒരു ലോകശക്തിയായി മാറണമെങ്കില്‍ അയോഗ്യതയെ അംഗീകരിക്കുന്ന കാലഹരണപ്പെട്ടതും അശാസ്ത്രീയവുമായ ഇത്തരം സംഗതികള്‍ നിര്‍ത്തലാക്കണം.

മൂന്നാമത്തെ കാഴ്ചപ്പാടിലേക്കെത്തുമ്പോള്‍, സംവരണവിരുദ്ധര്‍ അവരുടെ സംവരണത്തിനോടുള്ള മുന്നേ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ മറികടന്നു കട്ട സംവരണാനുകൂലികള്‍ ആയി മാറുന്നത് കാണാം! ആ കാഴ്ചപ്പാട് പ്രകാരം സംവരണമെന്നത് സാമ്പത്തികമായി അവശത അനുഭവിക്കുന്ന ജനങ്ങളുടെ ഉന്നമനത്തിനായുള്ള ഒരു സാമ്പത്തിക പദ്ധതിയാണ്. അതിനാല്‍ ഒരു തവണ സംവരണം ലഭിച്ച് സാമ്പത്തികമായി പുരോഗതി പ്രാപിച്ച് അംബാനിമാരും അദാനിമാരും ആയ ദലിത് ആദിവാസി കുടുംബങ്ങളുടെ അടുത്ത തലമുറയ്ക്ക് രണ്ടാമതും സംവരണം നല്‍കേണ്ടതില്ല. ഇനി സംവരണം നല്‍കേണ്ടത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ആണ്. അതില്‍ നാം എന്തിനാണ് ജാതീയമായ ഈ പരിഗണന കൊണ്ടുവരുന്നത്? ഒരാള്‍ മുന്നോക്ക ജാതിയാണോ എന്നു പരിഗണിക്കാതെ സാമ്പത്തികമായി അസമത്വം അനുഭവിക്കുന്ന എല്ലാ ജനങ്ങളുടെയും സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി വേണം ഇനി നാം സംവരണം നല്‍കേണ്ടത്.

എന്താണ് യാഥാര്‍ത്ഥ്യം?
സംവരണം കൊണ്ട് പൊറുതിമുട്ടിയ എല്ലാ സംവരണ വിരുദ്ധരും സംവരണത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ള വൈരുദ്ധ്യാത്മക ഭൗതിക ദര്‍ശനങ്ങള്‍ അഥവാ സനാതന സത്യങ്ങള്‍ ഒന്നുകൂടി രേഖപ്പെടുത്തിക്കൊണ്ട് നമുക്ക് അവയെ വിശകലനം ചെയ്യാം. 

വൈരുദ്ധ്യാത്മക ദര്‍ശനം 
അഥവാ സനാതന സത്യം 1:


സംവരണം കഴിവില്ലാത്തവര്‍ക്ക് കഴിവുള്ളവരുടെ മേല്‍ ലഭിയ്ക്കുന്ന, സ്വഭാവിക നീതിയ്ക്ക് വിരുദ്ധമായ പ്രത്യേക ആനുകൂല്യമാണ്.

വൈരുദ്ധ്യാത്മക ദര്‍ശനം 
അഥവാ സനാതന സത്യം 2:


സംവരണം രാജ്യത്തെ ഒരു അന്തര്‍ദേശീയ ശക്തിയാക്കി മാറ്റുന്നതില്‍ നിന്നും തടയുന്ന പ്രതിലോമകരമായ ഒരു ദേശവിരുദ്ധ ആശയമാണ്.

വൈരുദ്ധ്യാത്മക ഭൗതിക ദര്‍ശനം 
അഥവാ സനാതന സത്യം 3: 


സംവരണം ഒരു സാമ്പത്തിക ഇടപാട് ആയതിനാല്‍ സംവരണം ലഭിയ്‌ക്കേണ്ടത് ഇതുവരെ സംവരണം ലഭിയ്ക്കാത്ത, ജാതി മത ഭേദമന്യേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്കാണ്.

സൂക്ഷ്മമായി നോക്കിയാല്‍ പ്രശ്‌നം കഴിവിന്‍േറതു മാത്രമല്ല എന്നു കാണാം

കഴിവും കഴിവില്ലായ്മയും
സംവരണം എന്ന ആശയം ഉരുത്തിരിഞ്ഞ് വന്നത് കഴിവ്/കഴിവില്ലായ്മ എന്നീ ദ്വന്ദ്വങ്ങളില്‍ നിന്നല്ല എന്നത് സംവരണത്തിനു വേണ്ടി കേരളത്തില്‍ നടന്ന ആദ്യ രാഷ്ട്രീയ നീക്കം പഠിച്ചാല്‍ത്തന്നെ വ്യക്തമാവുന്നതാണ്. മലയാളി മെമ്മോറിയല്‍ രൂപീകരിച്ച് തിരുവിതാംകൂറിലെ നായന്മാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടപ്പോള്‍, കഴിവു കുറഞ്ഞ യോഗ്യതയില്ലാത്ത നായന്മാര്‍, കഴിവേറിയ പരദേശി ബ്രാഹ്മണന്മാരെ പുറന്തള്ളുന്ന ഒരു ദേശവിരുദ്ധ പ്രവൃത്തിയായിട്ടല്ല അതിനെ വ്യാഖ്യാനിച്ചത്. മറിച്ച് സി.വി. രാമന്‍പിള്ളയുടെ കൃതിയുടെ തലക്കെട്ട് കൃത്യമായി രേഖപ്പെടുത്തിയതു പോലെ 'വിദേശ മേധാവിത്വ'ത്തിനെതിരെയുള്ള പ്രതിനിധാനത്തിന്റെ രാഷ്ട്രീയമായാണ് അവര്‍ അതിനെ സ്വയം മനസ്സിലാക്കിയത്. 

അതായത് ഒരു ജനതയെ രാഷ്ട്രീയ, ഉദ്യോഗ തലങ്ങളില്‍ ആരു പ്രതിനിധാനം ചെയ്യുമെന്നതായിരുന്നു മര്‍മ്മപ്രധാനമായ ചോദ്യം. സംവരണത്തിന്റെ , പ്രതിനിധാനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ഏറ്റവുമാദ്യം കയറിപ്പറ്റിയവരുടെ പിന്‍തലമുറക്കാരാണ് ഇന്നു സംവരണം കഴിവുകുറഞ്ഞ വരെ അധികാരത്തിലെത്തിക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് മലര്‍ന്നു കിടന്ന് തുപ്പുന്നത്.

എന്താണ് പ്രതിനിധാനത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്നത്? 

കോഴിക്കോട് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കടകളിലും മറ്റും ജോലി ചെയ്തിരുന്ന സ്ത്രീകള്‍ ഉയര്‍ത്തിയ ഒരു സമരമോര്‍ത്താല്‍ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം എന്താണെന്ന് കൃത്യമായി മനസ്സിലാവും. അവര്‍ സമരം നടത്തിയത് തൊഴില്‍ മേഖലയില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന പല വിധത്തിലുള്ള ചൂഷണങ്ങളെപ്രതി ആണെങ്കിലും മുഖ്യമായും അവര്‍ പ്രതിക്കൂട്ടിലാക്കിയത് സുരക്ഷിതബോധത്തോടെ മലമൂത്ര വിസര്‍ജ്ജനം ചെയ്യാനിടമില്ലാത്ത തൊഴിലിടങ്ങളെയാണ്. അത്തരം തൊഴിലിടങ്ങളെ പ്രതിക്കൂട്ടിലാക്കുക എന്നതിന്റെ വിശാലമായ അര്‍ത്ഥം ആണ്‍കോയ്മയില്‍ ഊന്നിയ ആവശ്യങ്ങളെ മാത്രം മുന്‍നിര്‍ത്തിക്കൊണ്ട്, ആണ്‍കോയ്മയിലധിഷ്ഠിതമായ തൊഴിലാളി വിരുദ്ധ കാഴ്ചകളെ പിന്‍പറ്റിക്കൊണ്ട് നമ്മുടെ തൊഴില്‍ മന്ദിരങ്ങളെ രൂപകല്പന ചെയ്തവരെ പ്രതിക്കൂട്ടിലാക്കുക എന്നതാണ്. നാട്ടിലെ ഭൂരിഭാഗം പൊതു കെട്ടിടങ്ങളെയും സ്ത്രീവിരുദ്ധവും ഭിന്നശേഷി വിരുദ്ധവും പരിസ്ഥിതി വിരുദ്ധവും ആക്കി മാറ്റിയത് വളരെ മെറിറ്റോറിയസ് ആയ എന്‍ജിനീയര്‍മാരും ആസൂത്രകരുമൊക്കെ ആണ്.

ഇത് ഇവരുടെ കഴിവു കുറവായി രേഖപ്പെടുത്താത്തത് കഴിവിനെ നമ്മള്‍ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കുമായി തുല്യതപ്പെടുത്തുന്നതിനാലാണ്. സൂക്ഷ്മമായി നോക്കിയാല്‍ പ്രശ്‌നം കഴിവിന്‍േറതു മാത്രമല്ല എന്നു കാണാം. അതു പ്രതിനിധാനത്തിന്‍േറതുകൂടിയാണ്. ഒരു കെട്ടിടം ആസൂത്രണം ചെയ്യുന്ന സമയത്ത് സ്ത്രീകളുടേയോ ഭിന്നശേഷിയുള്ള വ്യക്തികളുടേയോ സവിശേഷമായ ശാരീരിക, മാനസിക, സാമൂഹിക ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആസൂത്രണം ചെയ്യാത്തതിന്റെ പോരായ്മകളാണ് നമ്മുടെ കെട്ടിടങ്ങളെ ഇത്രയും മനുഷ്യവിരുദ്ധമായി നിലനിര്‍ത്തുന്നത്. സ്ത്രീകളുടെ, അന്ധരായ വ്യക്തികളുടെ, വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വ്യക്തികളുടെ കാഴ്ചപ്പാടുകള്‍ അധികാരത്തിന്റെ വിവിധ തലങ്ങളില്‍ വേണ്ട രീതിയില്‍ പ്രതിനിധാനം ചെയ്യപ്പെടുകയും, അത്തരം പരിപ്രേഷ്യങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നമ്മുടെ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമായിരുന്നെങ്കില്‍ നമ്മുടെ കെട്ടിടങ്ങള്‍ ഇത്രയ്ക്ക് അടഞ്ഞതാകുമായിരുന്നോ?

ഇതാണ് സംവരണത്തിന്റെ, പ്രാതിനിധ്യ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന തത്വം. കൂടുതല്‍ കാഴ്ചകള്‍ കണ്ടുകൊണ്ട്, കൂടുതല്‍ ശബ്ദങ്ങള്‍ ശ്രവിച്ചുകൊണ്ട്, അടഞ്ഞുകിടക്കുന്ന നമ്മുടെ മനസ്സും കെട്ടിടങ്ങളും സംവിധാനങ്ങളും കൂടുതല്‍ വിശാലമാക്കുക . പ്രാതിനിധ്യത്തിന്റെ അഭാവം എന്ന നിലയില്‍ പരികല്പന ചെയ്യേണ്ട സംവരണം എന്ന സങ്കല്‍പത്തെ കഴിവ് / കഴിവിന്റെ അഭാവം എന്ന നിലയ്ക്ക് പരുവപ്പെടുത്തി ചര്‍ച്ച ചെയ്യുന്നത് മനസ്സിന്റെയും ലോകത്തിന്റെയും തുറവിനെയല്ല കാണിക്കുന്നത്. മറിച്ച് തന്റെ തന്നെ ഉറപ്പുകളുടെ ശുഷ്‌കമായ ചട്ടക്കൂട്ടിലേയ്ക്ക് വീണ്ടും വീണ്ടുംചുരുങ്ങുന്ന മനസ്സിന്റെ അല്‍പത്തരത്തെയാണ് അതു കാണിക്കുന്നത്. 

അച്ചടി, ദൃശ്യ ശ്രാവ്യ മേഖലയേയും ഇത് വളരെ പ്രശ്‌നസങ്കീര്‍ണ്ണമാക്കുന്നുണ്ട്

പ്രതിനിധാനത്തിന്റെ അഭാവം
രാഷ്ട്രീയ, ഉദ്യോഗസ്ഥ അധികാരതലത്തില്‍ മാത്രമല്ല പ്രതിനിധാനത്തിന്റെ അഭാവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ അച്ചടി, ദൃശ്യ ശ്രാവ്യ മേഖലയേയും ഇത് വളരെ പ്രശ്‌നസങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഒരു നിസ്സാര ചോദ്യത്തിലൂടെ ഇതിന്റെ സങ്കീര്‍ണ്ണത കൃത്യമാക്കാം: ഇന്ത്യയിലെ എത്ര അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ ആദിവാസി/ദലിത് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം കാണാം? അതില്‍ എത്ര പേര്‍ക്ക് തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും സ്വാതന്ത്ര്യം ഉണ്ട്? ദലിത്/ആദിവാസി മാധ്യമ പ്രവര്‍ത്തകരുടെ അഭാവം നമ്മുടെ ന്യൂസ് റൂമുകളേയും മാധ്യമങ്ങളേയും എത്രമാത്രം ജനാധിപത്യ രഹിതമാക്കുന്നുവെന്ന് രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നും ജിഷയുടെ കൊലപാതകത്തെ തുടര്‍ന്നും നമ്മുടെ അച്ചടി ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ കുറച്ച് ദിവസങ്ങളില്‍ പുലര്‍ത്തിയ നിശ്ശബ്ദതയും നിസ്സംഗതയും ഓര്‍ത്താല്‍ മനസ്സിലാകും. 

പിന്നീട് സോഷ്യല്‍ മീഡിയകളില്‍ ആദിവാസി/ദലിത്/കീഴാള സാമൂഹിക പ്രവര്‍ത്തകര്‍ ഈ കൊലപാതകങ്ങളേയും നാണം കെട്ട മീഡിയ നിശ്ശബ്ദതയേയും കുറിച്ച് വലിയ ചര്‍ച്ചകള്‍ മുന്നോട്ടുവച്ചപ്പോഴാണ് ന്യൂസ് റൂം ജനാധിപത്യവാദികള്‍ക്ക് ഇതെല്ലാം അവരുടെ ദന്ത ഗോപുരത്തിലെ ചിന്താവിഷയങ്ങളാക്കി മാറ്റുവാന്‍ കഴിഞ്ഞത്. അതില്‍ത്തന്നെ ആദ്യത്തെ ശ്രമങ്ങളില്‍ തൊട്ടുകൂടായ്മയുടെ യുക്തി ഭംഗിയായി നിറവേറ്റപ്പെട്ടിരുന്നു. രണ്ട് അവസരങ്ങളിലും ചര്‍ച്ചയ്ക്ക് വിളിച്ചത് ഇത്തരം ജീവിത സാഹചര്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന, അവരുടെ ജീവിതങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന ദലിത്/ആദിവാസി സാമൂഹിക പ്രവര്‍ത്തകരേയല്ല, മറിച്ച് ദലിത് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ വളരെ ഉപരിപ്ലവമായി മാത്രം ഉള്‍ക്കൊണ്ടിട്ടുള്ള മുഖ്യധാരാ കാഴ്ചകള്‍ക്ക് അനുരോധമായ വ്യക്തികളെയാണ്. ചര്‍ച്ചയാക്കിക്കൊണ്ടുവന്നത് കുറ്റവാളികളുടെ ലിംഗം വെട്ടണം, തല വെട്ടണം എന്നിങ്ങനെയുള്ള സുരേഷ് ഗോപി, മേജര്‍ രവി തുടങ്ങിയ നടന്മാരുടെ ആക്രോശങ്ങളും.

സ്വാതന്ത്ര്യമുള്ള ഒരു ആദിവാസി/ദലിത് മാധ്യമ പ്രവര്‍ത്തകന്‍/ പ്രവര്‍ത്തക ഈ വിഷയങ്ങളെ അവതരിപ്പിക്കുന്നതും അതിന് കാരണമായ വിഷയങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നതും ഈ രീതിയിലായിരിക്കില്ല എന്നു കാണുവാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ ദലിതരും ദലിതരല്ലാത്ത വ്യക്തികളും ആഷ്ടിവിസ്റ്റുകളും ഇടപെട്ട വ്യത്യാസം നോക്കിയാല്‍ ഇത് വ്യക്തമാവും. മിക്കവാറും ദലിത് ചിന്തകര്‍ ഈ വസ്തുതയുടെ സത്യം വെളിച്ചത്ത് കൊണ്ടുവരാനും സംഘപരിവാര്‍ തീര്‍ക്കുന്ന നുണകളെ പ്രതിരോധിക്കാനും മാധ്യമ നിശ്ശബ്ദത, വക്രീകരണം എന്നിവയോട് പ്രതികരിക്കാനും ശ്രമിച്ചപ്പോള്‍ ചില ഔദ്യോഗിക ബുദ്ധിജീവികള്‍ വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് സ്വയം അനുഭവിച്ച ആത്മനിന്ദയെ ആഘോഷമാക്കുകയായിരുന്നു. ഞാന്‍ ഇതുവരെ എന്തു ചെയ്തു/എന്തു ചെയ്യും, ഞാനിനി എന്തു വിപ്ലവം ചെയ്യും എന്നിങ്ങനെ ആത്മരതിയില്‍ വ്യാപൃതരാവാനാണ് പലരും താത്പര്യം കാട്ടിയത്.

എന്താണ് സവര്‍ണ്ണര്‍ക്ക് മാത്രം ലഭിക്കുന്ന ആ സവിശേഷ മാനസിക അനുഭവം?

മെറിറ്റില്‍ വെള്ളം ചേര്‍ക്കുന്നുവോ?
ഇനി സംവരണവിരുദ്ധരുടെ രണ്ടാമത്തെ വിലാപത്തിനു കാരണമായതെന്തെന്ന് പരിശോധിക്കാം. മെറിറ്റില്‍ വെള്ളം ചേര്‍ക്കുന്നു എന്ന ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാം. സംവരണ വിരുദ്ധരായ പല ഇരകളുടെയും സ്വയം ബോധ്യം എന്താണെന്നുവെച്ചാല്‍പരീക്ഷകളില്‍ ധാരാളം മാര്‍ക്ക് വാങ്ങി ജയിച്ചതിനാല്‍, അവര്‍ സ്വാഭാവികമായും എല്ലാ ജോലിക്കും പറ്റിയ കഴിവുള്ളവര്‍ ആയി എന്നാണ്. അങ്ങനെ കഴിവ് ഏറി ജീവിക്കുന്ന അവരെ പുറം തള്ളിയാണ് കഷ്ടി പാസുകാര്‍ ഇവിടെ സസുഖം വാഴുന്നത്.

കാര്യങ്ങളെ ഇങ്ങനെ മനസ്സിലാക്കുന്നതിനാല്‍ പല സംവരണവിരുദ്ധര്‍ക്കും സംവരണം എന്ന പ്രക്രിയയെ ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അനീതിയായി സ്വയം അനുഭവിക്കുവാന്‍ കഴിയുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പീഡാനുഭവം ഏറ്റ് വാങ്ങുന്ന ഒരു സവിശേഷ ജനതയായി സ്വയം അവതരിപ്പിക്കുവാനും ഇതിലൂടെ അവര്‍ക്ക് കഴിയുന്നുണ്ട്. യേശു ക്രിസ്തു കഴിഞ്ഞാല്‍ പീഡാനുഭവം ഏറ്റ് ഇത് പോലെ ചോരവാര്‍ന്നൊലിച്ച മറ്റൊരു ശരീരങ്ങളും ലോകത്ത് കാണാന്‍ കിട്ടില്ല എന്ന രീതിയിലൊക്കെയാണ് കാര്യങ്ങളെ വിലയിരുത്തുന്നത്. 

ഫ്യൂഡല്‍ ആയ ഒരു രാഷ്ട്രീയ അവബോധം ഇപ്രകാരം കാര്യങ്ങളെ മനസ്സിലാക്കുന്നതിന് കാരണമാകുന്നുണ്ട്. അതായത്, ദലിതര്‍ക്കും മറ്റു പല പിന്നോക്കജനവിഭാഗങ്ങള്‍ക്കും ഇന്നും സാധ്യമല്ലാത്ത ഒരു മാനസിക അനുഭവം ആണ് ഈ രീതിയില്‍ കാര്യങ്ങളെ അനുഭവിക്കുവാന്‍ അവരെ പ്രാപ്തരാക്കുന്നത്. എന്താണ് സവര്‍ണ്ണര്‍ക്ക് മാത്രം ലഭിക്കുന്ന ആ സവിശേഷ മാനസിക അനുഭവം? അതിതാണ്: ലോകത്തില്‍ അവനവന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു ഉല്‍കൃഷ്ട ബോധ്യം. ലോകത്തില്‍ കാര്യങ്ങള്‍ ശരിയായി നടക്കണമെങ്കില്‍ ലോകത്തിന് ഞാന്‍ അനിവാര്യനാണെന്ന ഈ അഹംബോധം സവര്‍ണ്ണര്‍ക്ക് മാത്രം സാധ്യമാകുന്ന ഒരു ആര്‍ഭാടമാണ്. ജനനമെന്ന ആകസ്മികത തന്നെ സാമൂഹ്യ ബഹിഷ്‌കരണത്തിന് കാരണമാകുന്നുവെന്ന് വളരെ ചെറുപ്പം മുതല്‍ തിരിച്ചറിഞ്ഞ കീഴ്ജാതിക്കാര്‍ക്ക്, അവനവന്റെ സ്വത്വത്തിനെക്കുറിച്ച് സവര്‍ണ്ണര്‍ പേറുന്ന ഉത്തമ ഉല്‍കൃഷ്ട ബോധ്യം പേറി നടക്കുക എളുപ്പമല്ല. ഉന്നതജാതി ഉദോഗസ്ഥന്‍ ഇരിക്കുന്ന ഒരു കസേരക്ക് സമീപം നിന്ന് 'ഞാനിരിക്കേണ്ട കസേരയിലാണ് ഇവനിരിക്കുന്നതെന്ന്' കീഴുദ്യോഗസ്ഥനായ ഒരു ദലിതന്‍ ചിന്തിക്കുവാനുള്ള സാധ്യത വളരെ വിരളമാണ്, ആ ഉദ്യോഗസ്ഥന്‍ എത്ര തന്നെ അഴിമതിയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍പോലും. കാരണം ജീവിതത്തില്‍ ആകസ്മികത എന്നത് ഒരു വലിയ ഘടകമാണെന്ന് സ്വന്തം ജീവിതത്തില്‍ നിന്ന് പാഠം പഠിച്ചവരാണവര്‍. അല്ലാതെ പൂര്‍വ്വജന്മത്തില്‍ മെറിറ്റോറിയസ് ആയി ജോലി നിര്‍വഹണം നടത്തിയതിന്റെ ഗുണഫലമായി സിദ്ധിച്ച ഒന്നായി ഈ ജീവിതത്തിനെ, പല സവര്‍ണ്ണ വിശ്വാസികളും കാണുന്നത് പോലെ ഒരു ദലിതനും കാണുന്നുണ്ടാവില്ല. അതുകൊണ്ടുതന്നെ ആര്‍ക്കും എന്തും ആവാനുള്ള സാധ്യത അംഗീകരിക്കുവാന്‍ ഒരു ദലിതന് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല, ആകസ്മികത, ഭാഗ്യം തുടങ്ങിയ വാക്കുകള്‍ ഭാഷയില്‍ ഉള്ളിടത്തോളം!

തിരിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ. ഉന്നത ഉദ്യോഗസ്ഥന്‍ ദലിതനും കീഴുദ്യോഗസ്ഥന്‍ ഒരു സവര്‍ണ്ണ മാടമ്പി പശ്ചാത്തലത്തില്‍ നിന്നുമാണെങ്കില്‍ എന്ത് സംഭവിക്കും? അപ്പോള്‍ എന്ത് സംഭവിക്കുമെന്ന് നമ്മുടെ വായ്‌മൊഴി വഴക്കം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്: 'പുലയന് അധികാരപണി കിട്ടിയ പോലെ' എന്ന ചൊല്ല് സവര്‍ണ്ണന്റെ ആത്മബോധത്തെയും ദലിതനെക്കുറിച്ചുള്ള അപരബോധത്തെയും കൃത്യമായി രേഖപ്പെടുത്തുന്ന ഒന്നാണ്. പുലയനല്ല ആ കസേരയില്‍ ഇരിക്കേണ്ടത്, അവനുള്ളതല്ല അധികാരപണി, അവന്‍ അവിടെയിരുന്ന് ജാഡയേ കാണിക്കൂ. അവിടെയിരിക്കുവാന്‍ സര്‍വഥാ യോഗ്യര്‍ ഞാനും, എന്റെ മകനും എന്റെ മരുമകനും ആണ്. ഇതല്ലെങ്കില്‍ പിന്നെ എന്താണാ പാടിപ്പതിഞ്ഞ ചൊല്ലിന്റെ അര്‍ത്ഥം? 'ഞാന്‍ വലിയ സംഭവം' ആണെന്ന അഹന്ത തന്നെയാണ് സംവരണം ലോകത്തിലെ ഏറ്റവും വലിയ പീഡാനുഭവമാക്കി ഇവര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കുന്നത്. 

ഇന്നത്തെ രീതിയില്‍ പരീക്ഷയില്‍ മാര്‍ക്കു വാങ്ങുന്നത് ഒരു വിദ്യാര്‍ഥിയുടെയും കഴിവിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒന്നുമല്ല. ഒരാളുടെ വിദ്യാഭ്യാസത്തെ നിര്‍ണയിക്കുന്നതില്‍ അയാളുടെ ഭൗതിക സാമൂഹ്യ സാമ്പത്തിക സാഹചര്യം, മാതാപിതാക്കന്‍മാരുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം, പഠിക്കുന്ന സ്‌കൂള്‍/കോളേജ്, ലഭ്യമാകുന്ന ബന്ധങ്ങള്‍, സാധ്യതകള്‍ എല്ലാം വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് ഏത് വിഡ്ഢിക്കും മനസ്സിലാവുന്ന കാര്യമാണ്. 24 മണിക്കൂര്‍ ഇന്റര്‍നെറ്റും വളരെ ശാന്തമായ സാഹചര്യവും ലഭിക്കുന്ന, മികച്ച സ്‌കൂളില്‍ പഠിക്കുന്ന, ഒരു ഡോക്ടര്‍ ദമ്പതികളുടെ മകളും, അത്രയൊന്നും ഭൗതിക സാഹചര്യം ഇല്ലാതെ പഠിക്കുന്ന, അയല്‍ക്കാരും നാട്ടുകാരും ബഹളം വച്ച് കഴിയുന്ന ഒരു അന്തരീക്ഷത്തില്‍ നിന്നും വരുന്ന ഒരു വിദ്യാര്‍ത്ഥിയും തുല്യരല്ല. അവര്‍ പരീക്ഷയെഴുതുന്നത് ഈ സാഹചര്യത്തില്‍ ഒരുപോലെ അല്ല. എന്നാല്‍ സ്വയം പ്രഖ്യാപിത മെറിറ്റ് വാദികളുടെ കാഴ്ച്ചപ്പാടില്‍ അവസര സമത്വം നിഷേധിക്കപ്പെടുന്നത് ഒരേയൊരു കാര്യത്തിലാണ് സംവരണത്തിന്റെ കാര്യത്തില്‍. തങ്ങള്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ട, തങ്ങള്‍ക്ക് തറവാട്ടു സ്വത്തായി ലഭിക്കേണ്ട ജോലികള്‍ മ്ലേഛജാതിക്കാര്‍ തട്ടിയെടുക്കുന്നു എന്നുള്ള വ്യാകുലത, ധാര്‍മികരോഷം, മറ്റു തലങ്ങളില്‍ തങ്ങള്‍ക്കനുകൂലമായി നില്‍ക്കുന്ന അവസര സമത്വ ധ്വംസനങ്ങളില്‍ പ്രകടിപ്പിക്കില്ല എന്നുള്ളതാണ് ഒരു ശരാശരി മെറിറ്റ് വാദിയുടെ ഏറ്റവും പ്രകടമായ സ്വഭാവം. പലതരം സ്‌കൂളുകള്‍ നിലനില്‍ക്കുന്നത്, പലതരം വിദ്യാഭ്യാസം നല്‍കുന്നത്, ചില വിഭാഗങ്ങള്‍ ക്ലാസ് മുറികളില്‍ സാമൂഹികമായും സാംസ്‌കാരികമായും ഭാഷാപരമായും പുറന്തള്ളപ്പെടുന്നത്, അധ്യാപന രീതിശാസ്ത്രങ്ങള്‍ ചിലരെ പുറംതള്ളുന്നത്, പരീക്ഷാ സമ്പ്രദായം ചിലര്‍ക്കനുകൂലപ്പെട്ടിരിക്കുന്നത്, എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അസമത്വങ്ങള്‍ക്ക് മേല്‍ പൊക്കി ഉണ്ടാക്കിയാണ് നമ്മുടെ സാമൂഹ്യവ്യവസ്ഥ. പക്ഷെ ഇതൊന്നും ഇവര്‍ക്ക് അവസരസമത്വധ്വംസനം ആയി അനുഭവപ്പെടില്ല.

അതുകൊണ്ട് തന്നെ എന്‍ട്രന്‍സ് കോച്ചിംഗ് കിട്ടുന്നവരും കിട്ടാത്തവരും തമ്മിലുള്ള വ്യത്യാസം ഒന്നും ഇക്കൂട്ടര്‍ക്ക് അവസര സമത്വ ധ്വംസനമായി തോന്നുകയില്ല. അതെല്ലാം സ്വാഭാവികമാണ്. അതെല്ലാം അങ്ങിനെ തന്നെ സംഭവിക്കേണ്ടതാണ്.

അവസര സമത്വധ്വംസനം ജോലിയില്‍ മാത്രമല്ലേ ഉള്ളൂ! അതിന്റെ വിശുദ്ധ ഇരകളാണ് ഞങ്ങള്‍!

തങ്ങള്‍ പിന്‍പറ്റുന്ന ആനുകൂല്യങ്ങളെ സ്വാഭാവികവും മറ്റുള്ളവര്‍ക്കുള്ള ആനുകൂല്യങ്ങളെ പേരെടുത്തും വിളിക്കുന്നത് ജാതി യുക്തിയുടെ ഒരു പരിഷ്‌കൃത പതിപ്പാണ്. പുലയന്‍ പാടത്ത് പണിയെടുത്തുണ്ടാക്കിയ ഭക്ഷണം മേലനങ്ങാതെ തിന്ന് പുലയന് കൊടുക്കുന്ന അരിയെക്കുറിച്ച് അവനെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്ന സവര്‍ണ്ണ തമ്പുരാക്കന്മാരില്‍ നിന്ന് അല്പം പോലും ഭിന്നരല്ല സ്വയം പ്രഖ്യാപിത മെറിറ്റ് വാദികള്‍. സ്വന്തം പ്രിവിലേജുകളെ സ്വാഭാവികമായി കണക്കാക്കലും മറ്റൊരുവന്റെ അവകാശങ്ങളെ കളിയാക്കലും ആണ് ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇവര്‍ ചെയ്യുന്ന ഗൗരവമായ രാഷ്ട്രീയ പ്രവര്‍ത്തനം.

ഇനി ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സംവരണാനുകൂല്യം ഇല്ലാതെ കയറിപ്പറ്റിയ മെറിറ്റോറിയസ് ഉദ്യോഗസ്ഥര്‍ എല്ലാവരും അവര്‍ സ്വയം വിചാരിക്കുന്നതുപോലെയും മെറിറ്റ് വാദികള്‍ വിചാരിക്കുന്നത് പോലെയും അത്രയൊക്കെ മെറിറ്റ് ഉള്ളവര്‍ ആണോ? കഴിഞ്ഞ 60 വര്‍ഷമായി കേരളത്തിലെ ആദിവാസികളും ദലിതരും ഭൂരഹിതരും ദരിദ്രരും അനുഭവിക്കുന്ന എത്ര പ്രശ്‌നങ്ങളെ ക്രിയാത്മകമായി എത്ര മെറിറ്റോറിയസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തു? അവരുടെ ജീവിതത്തില്‍ ക്രിയാത്മകമായ ഒരു മാറ്റവും കൊണ്ടുവരാന്‍ ശേഷിയില്ലാത്ത ഉദ്യോഗസ്ഥന്മാര്‍ മെറിറ്റ് ഉള്ളവരാണെന്ന് അവരോട് സംവരണ വിരുദ്ധര്‍ ആഹ്വാനം ചെയ്താല്‍ അവര്‍ അത് മുഖവിലയ്ക്ക് എടുക്കുമോ? ചുരുക്കത്തില്‍, സവര്‍ണ്ണര്‍ മെറിറ്റോറിയസ് എന്ന് വാഴ്ത്തുന്ന പല ഉയര്‍ന്ന മാര്‍ക്കുകാരും ദലിത്/ആദിവാസി ജീവിത കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍, അഹന്ത നിറഞ്ഞ, പരപുച്ഛം പേറുന്ന, അഴിമതിക്കാരായ, സ്വജനപക്ഷക്കാരായ, സാമൂഹ്യ ബഹിഷ്‌കരണം അനുഭവിക്കുന്ന ജനങ്ങളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കുന്ന ശരാശരിക്കാരായ കുറെ കെട്ടുകാഴ്ചകള്‍ മാത്രം ആണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 'ഓഖി' ചുഴലിക്കാറ്റ് തീര്‍ത്ത ഒഴിവാക്കാവുന്ന മനുഷ്യദുരന്തം. ചിഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും മറ്റും മെറിറ്റുള്ളവരാണ് എന്ന് ദയവുചെയ്ത് ഇനിയും തള്ളരുത്. അത് കൊണ്ട് മെറിറ്റ് എന്ന സവര്‍ണ്ണ പരിപ്പ് ദലിത് അടുപ്പില്‍ വേവിക്കാന്‍ നോക്കണ്ട. 

യഥാര്‍ത്ഥത്തില്‍, സമത്വം ഇല്ലായ്മയെ മറച്ചുപിടിക്കുന്ന ഒരു പടുവാക്കാണ് മെറിറ്റ്. തന്റെ ഭൗതിക സാഹചര്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും സാംസ്‌കാരിക മൂലധനത്തെയും ജോലി സാധ്യത മുന്‍നിര്‍ത്തി സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ കിട്ടുന്ന ഒരു സംഭവമാണ് മെറിറ്റ് .

സംവരണം ഏറ്റവും പ്രബലമായി കാണുന്ന ഒരു മേഖല ദായക്രമമാണ്

അപ്പോള്‍ അത് സംവരണമല്ലേ? 
ഇനിയാണ് ഏറ്റവും മൗലികമായ ചോദ്യം ചോദിക്കുവാനുള്ളത്. ഒരു ശരാശരി സംവരണവിരുദ്ധന്‍ എല്ലാ അര്‍ത്ഥത്തിലും എല്ലാ തലത്തിലും ഉള്ള സംവരണങ്ങള്‍ക്കെതിരാണോ? ഈ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് സംവരണവിരുദ്ധരുടെ സംവരണവിരുദ്ധത എന്നത് തൊലിപ്പുറം ചൊറിയുന്ന ഒരേര്‍പ്പാട് മാത്രമാണെന്ന് മനസ്സിലാവുക. സംവരണം അല്ല ഇവരെ അലട്ടുന്ന യഥാര്‍ത്ഥ പ്രശ്‌നം. ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കും നല്‍കുന്ന സംവരണം മാത്രമാണ് ഇവരെ അലട്ടുന്ന വിഷയം. ജോലിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണത്തെക്കാള്‍ ശക്തമായും ഫലവത്തായും സംവരണം മറ്റ് പല രീതികളിലും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം സംവരണത്തെക്കുറിച്ച് ഒന്നുകില്‍ ഇവര്‍ക്ക് ഒന്നും അറിഞ്ഞുകൂട. അല്ലാത്തപക്ഷം അവര്‍ അതിനെക്കുറിച്ച് തികഞ്ഞ മൗനികളാണ്.

സംവരണം ഏറ്റവും പ്രബലമായി കാണുന്ന ഒരു മേഖല ദായക്രമമാണ് (inheritance). ഒരാളുടെ അച്ഛന്റെ/അമ്മയുടെ സ്വത്തും വസ്തുവകകളും, മറ്റൊരു വിധത്തില്‍ അവര്‍ വില്‍പ്പത്രം എഴുതാത്ത പക്ഷം, അച്ഛന്റെ/അമ്മയുടെ മക്കള്‍ക്ക് വന്ന് ഭവിക്കുന്ന രീതിയിലാണ് നമ്മുടെ പിന്തുടര്‍ച്ചാവകാശം നിലനില്‍ക്കുന്നത്. ഇത് ഭൂമിയും സ്വത്തും അടുത്ത തലമുറക്ക് സംവരണം ചെയ്യുന്ന ഒരേര്‍പ്പാടാണെങ്കിലും, അതിനെ അപ്രകാരം അല്ല പൂര്‍വാര്‍ജിതസ്വത്തിന്റെ ഗുണഭോക്താക്കളായ പല സംവരണവിരുദ്ധരും മനസ്സിലാക്കുന്നത്. പൂര്‍വ്വാര്‍ജ്ജിതസ്വത്ത് എന്നത് ഒരു നിയമപരിരക്ഷയും ആവശ്യം ഇല്ലാത്ത, ചരിത്രാതീതകാലം മുതല്‍ അനുവര്‍ത്തിച്ചവരുന്ന ഒരു സ്വാഭാവിക നീതി സമ്പ്രദായമായിട്ടാണ് ഇവര്‍ മനസ്സിലാക്കുന്നതെന്ന് തോന്നുന്നു. മെറിറ്റോക്രസിയുടെ അപ്പോസ്തലന്മാരും ഇവിടെയെത്തുമ്പോള്‍ അവരുടെ സ്‌റ്റോക് ചോദ്യം ചോദിക്കാന്‍ മറക്കുന്നതായി കാണാറുണ്ട്: അനന്തരാവകാശിയുടെ ഏത് മെറിറ്റിന്റെ പുറത്താണ് അദ്ദേഹത്തിന്റെ പൂര്‍വികരുടെ സ്വത്തിന്റെ അവകാശിയായി അദ്ദേഹം മാറുന്നത്? സ്വയം ആര്‍ജ്ജിച്ച ഏതെങ്കിലും കഴിവിന്റെ പുറത്താണോ അപ്പന്റെ ഭൂമി ഒരുവന് ലഭിക്കുന്നത്? അതോ ജന്മം എന്ന ആകസ്മികതയുടെ അടിസ്ഥാനത്തിലോ? 

ഇങ്ങനെ സംവരണം കിട്ടി സ്വന്തമായുള്ള ഭൂമി വിറ്റും പണയം വച്ചും ബുദ്ധിമുട്ടി മെറിറ്റോക്രാട്ടിക് വിപ്ലവം നടത്തുന്നവര്‍, ദലിതരുടെ ജോലിസംവരണത്തെ പുച്ഛിക്കുന്നത് മലര്‍ന്ന് കിടന്ന് കഫം തുപ്പല്‍ അല്ലെങ്കില്‍ മറ്റെന്താണ്?പൂര്‍വ്വാര്‍ജ്ജിതസ്വത്ത് എന്ന സംവരണം കൂടുതല്‍ പിന്‍പറ്റുന്നതാരാണ്? ദലിതരോ സവര്‍ണ്ണരോ? മാത്രമല്ല, ഒരു ദലിതന് ലഭിക്കുന്ന സര്‍ക്കാര്‍ ജോലി സംവരണം ആ വ്യക്തിയുടെ മരണത്തോടുകൂടിയോ റിട്ടയര്‍മെന്റോടുകൂടിയോ അവസാനിക്കുന്ന ഒരു സംവരണപ്രക്രിയയാണെങ്കില്‍, പൂര്‍വ്വാര്‍ജ്ജിതസ്വത്ത് എന്നത് തലമുറകളില്‍ നിന്ന തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സംവരണപ്രക്രിയയാണ്. ഈ രണ്ടു സംവരണങ്ങള്‍ പരസ്പരം താരതമ്യം ചെയ്യുമ്പോള്‍, ഇതില്‍ വലിയ സംവരണം ഏതെന്ന് കാണുവാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. മനസ്സും ബുദ്ധിയും ശരിയായി വിനിയോഗിച്ചാല്‍ മതി. പക്ഷെ മെരിറ്റിനെക്കുറിച്ചും സംവരണത്തിനെക്കുറിച്ചും സ്വജാതിഗ്രൂപ്പുകളില്‍ തങ്ങളുടെ മുന്‍വിധികള്‍ പങ്കുവെക്കുകയെന്നതല്ലാതെ, അവയെക്കുറിച്ച് ഗൗരവമായ, 'മെറിറ്റോക്രാറ്റിക' ആയ ഒരു ചര്‍ച്ചക്കും തയ്യാറല്ലാത്ത സ്വയം പ്രഖ്യാപിത മെറിറ്റോക്രാറ്റുകള്‍ക്കില്ലാത്ത ഒന്നാണ് തുറന്ന മനസ്സും തെളിഞ്ഞബുദ്ധിയും.

ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ എത്ര ശതമാനമാണ് ദലിത് അംബാനിമാരുടെ കയ്യിലുള്ളത്?

ആരാണ് അംബാനിമാര്‍ ആവുന്നത്? 
ഇനി ദലിതര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് അംബാനിമാര്‍ ആകുന്നതാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ അവസരസമത്വ ധ്വംസനം എന്ന ഇവരുടെ പതിവ് പല്ലവി പരിശോധിക്കാം. ഈ ആരോപണത്തിനെ സാധൂകരിക്കുന്ന എന്തെങ്കിലും കണക്കുകള്‍ ഇവരുടെ കയ്യിലുണ്ടോ? ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ എത്ര ശതമാനമാണ് ദലിത് അംബാനിമാരുടെ കയ്യിലുള്ളത് എന്ന് ഇവര്‍ക്ക് എന്തെങ്കിലും ഊഹമുണ്ടോ? മെറിറ്റോക്രാറ്റുകളുടെ കയ്യില്‍ തങ്ങളുടെ മെരിറ്റിനെക്കുറിച്ചുള്ള സ്വയംബോധ്യം അല്ലാതെ ഇപ്രകാരമുള്ള ഒരു കണക്കും ഇല്ല എന്നുള്ളത് പകല്‍ പോലെ വ്യക്തമായ സംഗതിയാണ്. ഇത്തരക്കാരുടെ അറിവിലേക്കായി Oxfam പുറത്തുവിട്ട ഒരു കണക്ക് ഞാന്‍ പറയാം. 

ഒക്‌സ്ഫാം കണക്ക് പ്രകാരം, ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 58% കേന്ദ്രീകരിച്ചിരിക്കുന്നത് 1% മാത്രം വരുന്ന അതിസമ്പന്നരുടെ കയ്യിലാണ്. ബാക്കി വരുന്ന 99% ആളുകളുടെ കയ്യില്‍ മൊത്തം സമ്പത്തിന്റെ 42% മാത്രമേ ഉള്ളൂ. അതില്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദലിതരുടെ കയ്യില്‍ എന്ത് മാത്രം സ്വത്ത് ഉണ്ടാകും? അത് കൃത്യമായി ലഭ്യമല്ലാത്തതിനാല്‍, ഒരു വാദത്തിന് വേണ്ടി നമുക്ക് അതിശയോക്തിപരമായ ഒരു സാദ്ധ്യത തന്നെ എടുക്കാം. ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 5% ദലിതരുടെ കയ്യിലുണ്ടെന്ന് നമുക്കങ്ങ് വെറുതെ ഊഹിക്കാം (ഒരു കാര്യം മറക്കരുത്, മേല്‍പറഞ്ഞ 42 ശതമാനത്തില്‍ ഭൂരിഭാഗം വരുന്ന സുറിയാനി ക്രിസ്താനികളും നായന്മാരും ഉള്‍പ്പെടുന്നുണ്ട്!) അല്ലെങ്കില്‍ വേണ്ട സംവരണം കൊണ്ട് ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 10% ദലിതരുടെ കയ്യില്‍ കുന്നുകൂടിയിരിക്കുകയാണെന്ന് നമുക്ക് വെറുതെയങ്ങു മനപ്പായസം ഉണ്ണാം. 10% എന്ന് യൂട്ടോപിയന്‍ കണക്ക് വച്ച നോക്കിയാല്‍ പോലും, അത് ഇന്ത്യയുടെ ദലിത് ജനസഞ്ചയത്തിന്റെ ശതമാനതോതില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു കണക്കല്ല! യഥാര്‍ത്ഥത്തില്‍ 10% ഒക്കെ എത്രയോ താഴെയാണ് ദലിതരുടെ ആര്‍ജ്ജിത സമ്പത്ത്. എന്നിട്ടും സവര്‍ണ്ണ അവസരസമത്വവാദികളുടെ ആവശ്യം 1% വരുന്ന അതി സമ്പന്നരുടെ കയ്യില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന മൊത്തം സമ്പത്തിന്റെ 58% പുനര്‍വിതരണം ചെയ്യുക എന്നതല്ല, മറിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ 10% ശതമാനത്തില്‍ മേലെ നില്‍ക്കുന്ന ഒരു ജനവിഭാഗത്തിന് കിട്ടുന്ന 5% ശതമാനം പോലും ഇല്ലാത്ത സമ്പത്ത് കവര്‍ന്നെടുക്കാനാണ്. സവര്‍ണ്ണരുടെ സവിശേഷമായ അനുകമ്പയില്ലാത്ത മനസ്സ് മാത്രമല്ല ഇവിടെ പ്രശ്‌നം. ഇവിടെ കൃത്യമായും കാണാവുന്നത് ജാതി എന്ന ഇന്ത്യന്‍ പ്രതിഭാസത്തിന്റെ യുക്തിയാണ്. തന്റെ മേലെ നില്‍ക്കുന്നവന്റെയടുത്ത് മേല്‍മുണ്ട് ഊരി കുമ്പിട്ടുനില്‍ക്കുകയും തന്റെ താഴെ നില്‍ക്കുന്നവനെ ചെളിയില്‍ ചവിട്ടി പിടിക്കുകയും ചെയ്യുക എന്നതാണ് ജാതിയുടെ സവിശേഷമായ പ്രയോഗരീതി.

മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയുടെ സവിശേഷമായ ഒരു ഘട്ടത്തിലാണ് നാമിപ്പോള്‍ നിലകൊള്ളുന്നത്. Oxfam പഠനം സൂചിപ്പിക്കുന്നത് മാര്‍ക്‌സ് പ്രവചനാത്മകമായി വിലയിരുത്തിയ മുതലാളിത്ത വ്യവസ്ഥിതിയുടെ ഒരു പ്രത്യേക പ്രവണതയെയാണ്. സമ്പത്ത് കൂടുതല്‍ കൂടുതലായി ഒരു ന്യൂനപക്ഷത്തില്‍ കേന്ദ്രീകരിക്കുന്ന ഒരു പ്രവണത. ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് തോമ പിക്കറ്റി (Thomas Picketty) തന്റെ Capital എന്ന കൃതിയില്‍ നടത്തിയിട്ടുള്ള ആര്‍ജ്ജിത സമ്പത്തിനെക്കുറിച്ചുള്ള വിലയിരുത്തലും. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ആര്‍ജ്ജിത സമ്പത്ത് എന്നത് വ്യക്തികള്‍ക്കിടയിലുള്ള വരുമാന അസമത്വം വളരെ രൂക്ഷമാക്കുന്ന ഒരു പ്രക്രിയയാണ്. ചുരുക്കത്തില്‍, സമ്പത്ത് വ്യാപകമായി കുറച്ച് കുടുംബങ്ങളില്‍ കേന്ദ്രീകരിക്കുകയും, അതിലൂടെ ഇരുപതാം നൂറ്റാണ്ടില്‍ മുതലാളിത്തം പ്രകടിപ്പിച്ച ചലനാത്മകത അത് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പ്രകടിപ്പിക്കുവാനുള്ള സാധ്യത കുറഞ്ഞുവരികയും ചെയ്യുന്ന ഒരു സവിശേഷ ചരിത്ര സന്ധിയിലൂടെയാണ് നാം കടന്ന് പോകുന്നത്. നമ്മുടെ നിത്യജീവിതത്തിലെ മുതലാളിത്തത്തിന്റെ ഈ പ്രേതാത്മക സാന്നിധ്യത്തിനെതിരെ ആശയപരമായും പ്രായോഗികമായും സമരം നടത്തുവാനുള്ള ആമ്പിയര്‍ കാണിക്കാതെ, ദലിതരെ പൂജാരിയാക്കിയും മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കിയും ഭരണഘടന ഭേദഗതി ചെയ്യാന്‍ സംഘപരിവാര്‍ ശക്തികളെ പ്രേരിപ്പിച്ചും ആണ് ഇടതുപക്ഷം തങ്ങളുടെ ചരിത്രപരമായ ദൗത്യം നിറവേറ്റികൊണ്ടിരിക്കുന്നത്! പാവം മാര്‍ക്‌സ്! മൂപ്പരുടെ അക്കൗണ്ടിലാണല്ലോ ഈ വിപ്ലവപ്രവര്‍ത്തം എഴുതിച്ചേര്‍ക്കപ്പെടുന്നത്!

അത്തരം ഒരു ആര്‍ഷഭാരതത്തില്‍ കീഴ്ജാതികള്‍ പൂര്‍ണ്ണമായും വംശനാശം സംഭവിക്കും.

ഇനിയൊരു പുണ്യപ്രണയ യുദ്ധമാവാം!
യുക്തിയില്ലായ്മയും മുന്‍ധാരണകളും ആവര്‍ത്തിച്ചു ഛര്‍ദ്ദിക്കുക എന്ന പതിവ് പരിപാടിക്കപ്പുറം സംവരണവിരുദ്ധര്‍ക്ക് ജാതി സംവരണം പൊളിക്കുവാന്‍ ചെയ്യാവുന്ന കൃത്യമായ ഒരു രാഷ്ര്ട്രീയപ്രവര്‍ത്തനമുണ്ട്. മിശ്രവിവാഹിതരായ ദമ്പതികളുടെ കുട്ടികള്‍ക്ക് അച്ഛന്റെ ജാതിയാണ് ലഭ്യമാകുക എന്ന കോടതിവിധി മേല്‍പറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സാധുത ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട്. കീഴ്ജാതിക്കാര്‍ക്കുള്ള സംവരണം അവസാനിപ്പിക്കുവാന്‍ സവര്‍ണ്ണയുവാക്കള്‍ ചെയ്യേണ്ടതിത്രമാത്രം: കീഴ്ജാതിക്കാര്‍ക്കെതിരെ 'ലൗ ജിഹാദ്' മാതൃകയില്‍ ഒരു 'പുണ്യപ്രണയ യുദ്ധം' പ്രഖ്യാപിക്കുക. ദലിത്/പിന്നോക്ക ജാതി സ്ത്രീകളെ പ്രണയിക്കുക. അവരില്‍ സന്താനോല്‍പ്പാദനം നടത്തുക. യുദ്ധം പൂര്‍ണ്ണമായി വിജയിക്കാന്‍ യുവാക്കള്‍ ഏര്‍പ്പെടുന്ന ഈ യുദ്ധത്തിനോടൊപ്പം സംവരണവിരുദ്ധരായ സവര്‍ണ്ണസ്ത്രീകളും പങ്കുചേരണം. അവര്‍ ഒരു കീഴ്ജാതി പുരുഷനുമായി സംസര്‍ഗ്ഗത്തില്‍ ഏര്‍പ്പെടില്ല എന്ന് തീരുമാനിക്കണം. ഇനി അഥവാ അവരുമായി സംസര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍, അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടില്ല എന്ന് തീരുമാനിക്കണം. ഇനി അഥവാ അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍, അതില്‍ കുട്ടികള്‍ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തണം. ഇനി അഥവാ കുട്ടി വയറ്റില്‍ ഉണ്ടായാല്‍, അതിന് ജന്മം കൊടുക്കില്ല എന്ന് തീരുമാനിക്കണം.

സംവരണവിരുദ്ധര്‍ ഇത്രയും ചെയ്താല്‍ തന്നെ, കോടതി വിധി മുന്നോട്ട് വെക്കുന്ന ലോജിക്കല്‍ സാധ്യത പൂര്‍ണമായും പ്രായോഗികമാക്കാം. സവര്‍ണ്ണ യുവാക്കളും യുവതികളും ഇപ്രകാരം ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കീഴ്ജാതി പുരുഷന്മാര്‍ക്ക് സ്വജാതിയില്‍പ്പെട്ട കുട്ടികളെ ഉത്പാദിപ്പിക്കുവാന്‍ പറ്റാതെയാകും. മേല്‍ജാതി പുരുഷന്മാരുടെ സന്താനങ്ങള്‍ക്കായിരിക്കും കീഴ്ജാതി സ്ത്രീകള്‍ ജന്മം നല്‍കുക. അത്തരം ഒരു ആര്‍ഷഭാരതത്തില്‍ കീഴ്ജാതികള്‍ പൂര്‍ണ്ണമായും വംശനാശം സംഭവിക്കും. പിന്നെ എന്ത് ജാതി സംവരണം!

കാര്യങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ പല സംവരണവിരുദ്ധ സവര്‍ണ്ണരുടെയും കുരു പൊട്ടും. കാരണം സ്വജാതി വിവാഹം ഒരു സംവരണമായിട്ടല്ല, വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായി അനുഭവിക്കുന്നവരാണല്ലോ അവര്‍. ഒരര്‍ത്ഥത്തില്‍ അറേന്‍ജ്ഡ് മേരിജ് എന്നോമനപ്പേരിട്ട് വിളിക്കുന്ന സംഗതി, സ്വന്തം യോനിയും ലിംഗവും മുതല്‍ കാറും വീടും വരെ സ്വജാതിയില്‍പെട്ടവര്‍ക്ക് സംവരണം ചെയ്യുന്ന സംഭവമാണല്ലോ. ഈയൊരു നിസ്സാര സംവരണം പോലും പൊളിച്ചെഴുതുവാന്‍ കഴിയാത്തവര്‍ ആണ്, തൊഴിലിടങ്ങളിലെ സംവരണം പോലെ വളരെ വിശാലമായ ജനാധിപത്യപ്രക്രിയയെ തച്ചുടക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്! എന്താലേ? 

PS: സംവരണം കുട്ടികളുടെ ഇടയില്‍ ജാതി വളര്‍ത്തുന്ന എന്ന ഒരു നിഷ്‌കളങ്ക ചിന്താഗതി മേജര്‍ രവി പോലുള്ള വലിയ ചിന്തകന്മാര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അതിന് പകരമായി സമൂഹത്തില്‍ നിന്ന് ജാതി ചിന്ത, ജാതി പേര്, സ്വജാതി വിവാഹം എന്നിവ ഒഴിവാക്കാനല്ല ഇവരുടെ താല്പര്യം, മറിച്ച് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ജാതി ഇല്ലാതാക്കാനാണ്. പാവങ്ങള്‍! മണ്ണുത്തി നഴ്‌സറിയില്‍ നിന്ന് വാങ്ങി കുട്ടികളുടെ ഇടയില്‍ വളര്‍ത്തുന്ന ഏതോ ചെടിയാണ് ജാതി എന്നാണീ നിഷ്‌കളങ്കര്‍ മനസ്സിലാക്കിയിരിക്കുന്നതെന്നു തോന്നുന്നു.