ആഘോഷിക്കപ്പെടുന്ന ഈ ട്രാന്‍സ് സൗഹൃദാന്തരീക്ഷത്തിലും ഈ വിഭാഗത്തില്‍പെടുന്ന മനുഷ്യര്‍ ഇവിടെ എങ്ങനെയാണ് ജീവിക്കുന്നത്? വീമ്പുപറയലുകള്‍ക്കപ്പുറം എത്ര സൗഹൃദപരമായാണ് നമ്മുടെ സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും അവരെ സമീപിക്കുന്നത്?

ലോകത്തിന്റെ മുമ്പില്‍ ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദദേശമാണ് കേരളം. രാജ്യത്തിന്റെ പൊതുബോധം ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് നികൃഷ്ടമായ ഒരിടം നല്‍കുമ്പോള്‍ കേരളം അതില്‍നിന്നു വേറിട്ടുനില്‍ക്കുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങളടക്കം പറയുന്നത്. എന്നാല്‍, ആഘോഷിക്കപ്പെടുന്ന ഈ ട്രാന്‍സ് സൗഹൃദാന്തരീക്ഷത്തിലും ഈ വിഭാഗത്തില്‍പെടുന്ന മനുഷ്യര്‍ ഇവിടെ എങ്ങനെയാണ് ജീവിക്കുന്നത്? വീമ്പുപറയലുകള്‍ക്കപ്പുറം എത്ര സൗഹൃദപരമായാണ് നമ്മുടെ സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും അവരെ സമീപിക്കുന്നത്? അടുത്തിടെ നടന്ന വിവിധ സംഭവങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ലഭിക്കുന്നത് ഒട്ടും ശുഭകരമായ കാര്യങ്ങളല്ല എന്നതാണ് വസ്തുത.

കേരളം എന്നും ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് എതിരെ മുഖം തിരിച്ചിട്ടേയുള്ളൂ

കേരളം പണ്ടേയിങ്ങനെ
കേരളം എന്നും ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് എതിരെ മുഖം തിരിച്ചിട്ടേയുള്ളൂ. ആയിരകണക്കിന് ട്രാന്‍സ് ജെന്‍ഡറുകള്‍ കേരളത്തിലുണ്ടെങ്കിലും തങ്ങളുടെ ലൈംഗിക സ്വത്വം പുറത്തു പറയാനോ പുറത്തിറങ്ങി നടക്കാനോ ഭയമാണന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതു നിരത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവജ്ഞയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളുമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. മുഖ്യധാരയില്‍ നിന്ന് അകന്ന് നിന്നിട്ടും പിന്തുടര്‍ന്ന് വേട്ടയാടപ്പെടുകയാണ് ഈ ജീവിതങ്ങള്‍. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാന്‍ ഇഷ്ടപ്പെടുന്ന മലയാളികളുടെ ചീഞ്ഞ സ്വഭാവം സ്വസ്ഥമായ ജീവിതം ഇവര്‍ക്ക് അന്യമാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന കേരളത്തിന്റെ സാമൂഹിക ചുറ്റുപാടില്‍ സ്വന്തം സ്വത്വത്തിന് ഇടം ലഭിക്കാതെ വരുമ്പോള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നു ഇവര്‍. കുടുംബങ്ങളോടൊപ്പം വീട്ടിലും സമൂഹത്തിലും ജീവിക്കാന്‍ മനസുകൊണ്ട് കൊതിക്കുന്ന ഇവര്‍ പക്ഷേ, വീട്ടുകാരും, സമൂഹവും അംഗീകരിക്കാത്തതിന്റെ പേരില്‍, അവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അവഹേളനവും പരിഹാസങ്ങളും കാരണം, എത്ര തന്നെ ദുരിതങ്ങളും തിക്താനുഭവങ്ങളും നേരിടേണ്ടി വന്നാലും സ്വന്തം ലോകവും ജീവിതവും വിട്ട് കുടുംബങ്ങളിലേക്ക് തിരിച്ചു പോവാറില്ല. 

ലൈംഗിക തൊഴിലാളികള്‍ എന്ന് മുദ്രകുത്തപ്പെട്ടതിനാല്‍ സമൂഹത്തില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ വിവരണാതീതമാണ്. ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയതിനു ശേഷവും റെക്കോര്‍ഡുകളില്‍ 'സ്ത്രീ' എന്ന് പതിച്ച് കിട്ടിയിട്ടും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് കഴിയേണ്ടി വരുന്ന ഒട്ടനവധി ട്രാന്‍സ് ജെന്‍ഡറുകള്‍ ഉണ്ട്. പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതെയും , യാത്ര ചെയ്തു കൊണ്ടിരിക്കേ ബസില്‍ നിന്ന് ഇറക്കിവിട്ടും, 'സ്ത്രീ', 'പുരുഷന്‍' കോളം വെട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ എന്നെഴുതിയതിന്റെ പേരില്‍  ചികിത്സ നിഷേധിച്ചും, 'ഉന്നതമായ' മാതൃക കാട്ടിയിട്ടുണ്ട്  കേരളം. ബസ് കാത്ത് നില്‍ക്കേ മൂന്ന് കാമഭ്രാന്തന്മാരുടെ അക്രമണം നേരിടേണ്ടി വന്ന പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനേത്രിയുടെ അനുഭവം നമ്മള്‍ അറിഞ്ഞതാണ്. 'ഒറ്റയ്ക്കായി പോയ സ്ത്രീ എന്നും ദുര്‍ബലയാണെന്ന് മനസിലാക്കുന്നുവെന്നും , പരസ്യമായി അക്രമണം നേരിട്ടിട്ടും പ്രതികരിക്കാതെ , അകന്നു മാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു'വെന്നുമാണ് അവര്‍ വേദനയോടെ പങ്കുവെച്ചത്.  പകല്‍ വെളിച്ചത്തില്‍ ഈ സമൂഹത്തെ ദേഹോപദ്രവമേല്‍പിക്കുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന 'മാന്യന്മാര്‍' രാത്രിയുടെ മറവില്‍ ഇവരെ തേടിയെത്തുന്നുവെന്നത് ഒരു നഗ്‌ന സത്യമാണ്.

'ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമായി മാറിയിരിക്കുന്നു, കേരളം

ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ  കാലം
എന്നാല്‍, പഴയ കേരളമല്ല ഇപ്പോള്‍. 'ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമായി മാറിയിരിക്കുന്നു, കേരളം. തുല്യ നീതി, വ്യക്തി സ്വാതന്ത്ര്യം, മുഖ്യധാരയിലെ പങ്കാളിത്തം, തടസങ്ങളില്ലാത്ത വിദ്യാഭ്യാസം എന്നിങ്ങനെ  അക്കമിട്ടു നിരത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിലൂടെ കേരളം ഏറെ ശ്രദ്ധ നേടിയെങ്കിലും ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നിട്ടേയില്ല. മുകളില്‍നിന്ന് പ്രഖ്യാപിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ നയങ്ങള്‍ താഴേക്കിടയില്‍ എത്തിയിട്ടേയില്ല എന്നു സൂചിപ്പിക്കുന്നതാണ് അവസ്ഥ. വാര്‍ത്തകളില്‍ ഇടം കിട്ടാനുള്ള പ്രഖ്യാപനങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായ ഇടപെടലുകളും നടക്കുന്നില്ലെന്നു വേണം കരുതാന്‍. പൊലീസ് സ്‌റ്റേഷനുകളില്‍ പോലും ട്രാന്‍സ് ജെന്‍ഡറുകള്‍ അപമാനിക്കപ്പെടുന്ന അവസ്ഥ മാറ്റാനെങ്കിലും സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കണം.  

സ്വന്തം സ്വത്വത്തിന് ഇടം ലഭിക്കാതെ വന്നപ്പോള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കൂട്ടമായി കുടിയേറി പാര്‍ത്തിരുന്ന ട്രാന്‍സ് ജെന്‍ഡറുകളില്‍
 പലരും പുതിയ നയം നടപ്പാക്കിയതിനു ശേഷം ഏറെ പ്രതീക്ഷയോടെ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. സ്വന്തം ലൈംഗികാവസ്ഥ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചും, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയുമെല്ലാം സ്വാഭിമാനം വീണ്ടെടുത്ത ഇവര്‍, പക്ഷേ കേരളം ഇപ്പോഴും കാര്യമായി മാറിയിട്ടില്ലെന്നാണ് വിളിച്ചു പറയുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിനു ശേഷവും തങ്ങളുടെ അവസ്ഥക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും തങ്ങള്‍ ഇപ്പോഴും മനുഷ്യവകാശത്തിന് പുറത്തുള്ളവര്‍ തന്നെയാണെന്നും അവര്‍ പറയുന്നു. അവരുടെ വാദത്തെ ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു പോളിസി നടപ്പിലാക്കിയതിനു ശേഷവും അവര്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങളും അവഗണനകളും. സമൂഹത്തിന്റെ മുഖ്യധാരയില്‍ ഒരിടം കൊതിക്കുന്ന ട്രാന്‍സ് ജെന്‍ഡറുകളെ അക്രമിക്കാനും തുരത്തിയോടിക്കാനുമാണ് സമൂഹം ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത് .

സുരക്ഷാ പാലകര്‍ തന്നെ ഇവരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തീരുന്ന അവസ്ഥയാണുള്ളത്

എന്നിട്ടും ഇതാണ് അവസ്ഥ
ട്രാന്‍സ് ജെന്‍ഡറുകളോടുള്ള  വിവേചനം അവസാനിപ്പിക്കാനും അവര്‍ക്ക് സാമൂഹ്യനീതിയും അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോളിസി നടപ്പിലാക്കിയ സംസ്ഥാനമായിട്ടും യഥാര്‍ത്ഥത്തില്‍ എന്ത് സംരക്ഷണമാണ് അവര്‍ ഇവിടെ അനുഭവിക്കുന്നത് ? കള്ളക്കേസില്‍ കുടുക്കിയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കിയും സുരക്ഷാ പാലകര്‍ തന്നെ ഇവരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തീരുന്ന അവസ്ഥയാണുള്ളത് .സമൂഹത്തില്‍ നിന്നും നിയമപാലകരില്‍ നിന്നും അധികാരികളില്‍ നിന്നു പോലും അക്രമണങ്ങള്‍ക്ക് ഇരയാവേണ്ടി വരുന്നവരോട് എന്ത് പോളിസി മാറ്റത്തെക്കുറിച്ചാണ് നാം വീമ്പിളക്കുന്നത്? 

കേരളത്തിന്റെ ആദ്യ ട്രാന്‍സ് ജോക്കിക്കും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റത് മാസങ്ങള്‍ക്ക് മുമ്പാണ്. തൃശൂര്‍ കെ.എസ്.ആര്‍.ടിസി സ്റ്റാന്റില്‍ വെച്ച് ട്രാന്‍സ് ജെന്‍ഡറുകളെ പോലീസ് മര്‍ദ്ദിച്ച സംഭവം ഏറെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. എറണാകുളത്ത് ആറ് ട്രാന്‍സ് യുവതികളെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതിന് കോടതിയുടെ രൂക്ഷമായ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. പിടിച്ചു പറി കേസില്‍ പരാതി പറയാന്‍ ചെന്ന ട്രാന്‍സ് യുവതികളെ പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ പോലീസുദ്യോഗസ്ഥന്‍ ടോയ്‌ലറ്റ് ആയിരുന്നു കാണിച്ചു കൊടുത്തതെന്ന് അവര്‍ പറയുന്നു. 

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ട്രാന്‍സ് ജെന്‍ഡര്‍ ആയ ഗൗരിയുടെ അരുംകൊല. മൃതദേഹത്തോടു പോലും മനുഷ്യത്വരഹിത നടപടിയെടുത്ത സംസ്ഥാനമായി ഈ സംഭവത്തില്‍ കേരളം മാറി. വെളിച്ചമില്ല എന്ന കാരണം പറഞ്ഞ് ഇന്‍ക്വസ്റ്റ് നടപടികള്‍ അടുത്ത ദിവസത്തേക്ക് മാറ്റി വെച്ച പോലീസ് ആ മൃതദേഹത്തോട് ചെയ്ത ക്രൂരത മനസാക്ഷിക്ക് നിരക്കാത്തതായിരുന്നു. ഒരു രാത്രി മുഴുവന്‍ മഴ കൊണ്ട് കിടയ്ക്കുകയും കാല്‍വിരല്‍ പട്ടി കടിച്ചെടുക്കുകയും ചെയ്തിരുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടം ടേബിളിലെത്തുമ്പോഴേക്കും കൊലപാതകത്തെ സംബന്ധിച്ച നിര്‍ണായക തെളിവുകളായ ശരീരത്തിലെ പാടുകളും മുറിവുകളും അഴുകി നശിച്ചിരുന്നു. 

ട്രാന്‍സ് ജെന്‍ഡറുകളെ ജോലിക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമാണ് കൊച്ചി മെട്രോ.

കൊച്ചി മെട്രോയില്‍ സംഭവിക്കുന്നത്
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പ്രത്യേക ക്ലിനിക് ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു. ഭീമമായ തുക നല്‍കി ശസ്ത്രക്രിയ നടത്തേണ്ട ബാധ്യതയുള്ള ഒരു സമൂഹത്തിന് വലിയ ആശ്വാസമാവുന്ന തീരുമാനം. എന്നാല്‍, നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്നത് എന്താണ്? രണ്ട് മാസം മുമ്പാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ട്രാന്‍സ് യുവതിക്ക് ഡോക്ടര്‍മാരുടെയും , ജീവനക്കാരുടേയും അവഗണനയെ തുടര്‍ന്ന് തൊട്ടടുത്ത പ്രൈവറ്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയുണ്ടായത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് കൊണ്ടാണ് തനിക്ക് ചികിത്സ നിഷേധിച്ചതെന്ന് ആ യുവതി തുറന്നു പറഞ്ഞിരുന്നു. 

ട്രാന്‍സ് ജെന്‍ഡറുകളെ ജോലിക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമാണ് കൊച്ചി മെട്രോ. വഴികാട്ടുന്ന കേരളം എന്ന നിലയില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഈ തീരുമാനം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാഴ്ത്തി. എന്നാല്‍, യാതൊരു വിവേചനവും ഉണ്ടാവില്ല എന്ന് ഉറപ്പില്‍ ജോലിയില്‍ പ്രവേശിച്ച പലര്‍ക്കും ഉണ്ടായത് നല്ല അനുഭവമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തില്‍ 23 ട്രാന്‍സ് ജെന്‍ഡറുകളെയാണ് ഇവിടെ ജോലിക്കെടുത്തത്. ഇതില്‍ തന്നെ രണ്ടു പേര്‍ പരിശീലനം നല്‍കിയതിനു ശേഷം ജോലിയില്‍ നിന്നും ഒഴിവാക്കി എന്ന ആരോപണം ഉയര്‍ത്തിയിരുന്നു. നിലവില്‍ 12 പേര്‍ മാത്രമാണ് സ്ഥിരമായി ജോലിക്കെത്തുന്നതെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. 

മെട്രോ  ജീവനക്കാരിയായ സ്വീറ്റി ബെര്‍ണാഡ് ഒരുമാസത്തിനകം ജോലി ഉപേക്ഷിച്ചു. സഹജീവനക്കാരില്‍ നിന്നും സ്റ്റേഷന്‍ മാസ്റ്ററില്‍ നിന്നും നേരിട്ട അവഗണന സഹിക്കാന്‍ കഴിയാതെയാണ് രാജി എന്നായിരുന്നു സ്വീറ്റി പറഞ്ഞത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടതിനാല്‍, താമസ സൗകര്യം ലഭിക്കാതെ പ്രതിദിന ശമ്പളത്തിന്റെ ഇരട്ടി ചിലവാക്കി ലോഡ്ജ് മുറികളില്‍ തങ്ങാന്‍ നിര്‍ബന്ധിതയാകുന്നതായി മെട്രോ ജീവനക്കാരികളായ രാഗരഞ്ജിനി, ജാസ്മിന്‍ എന്നിവരെ ഉദ്ധരിച്ച് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനാല്‍, ഷെല്‍ട്ടര്‍ ഹോമുകള്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. 9500 രൂപയാണ് ഇവരുടെ വേതനം.  പ്രശ്‌നങ്ങളെല്ലാമുണ്ടെങ്കിലും മാന്യമായ ജോലി എന്ന സ്വപ്നം തന്നെയാണ് പലരെയും ഇപ്പോഴും മെട്രോയില്‍ പിടിച്ചു നിര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

മാന്യമായി ജോലി ചെയ്യാന്‍ അവസരം കൊടുത്തിട്ട് മാനസികമായി അവരെ തകര്‍ക്കുന്ന കാഴ്ചയാണ് അവിടെ കാണുവാന്‍ സാധിക്കുന്നത് . ജോലി നല്‍കി എന്നതുകൊണ്ട് മാത്രം അവസാനിക്കുന്നില്ല അവരുടെ പ്രശ്‌നങ്ങള്‍. നമ്മെ പോലെ സ്വാതന്ത്ര്യവും അവകാശങ്ങളുമുള്ള മനുഷ്യരാണ് അവരെന്ന സത്യം അംഗീകരിക്കാനുള്ള മനസ് വളര്‍ത്തിയെടുക്കുകയും വേണം. ഏറെ പ്രചരണം നല്‍കി ഒരു സമൂഹത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കി കൊട്ടിഘോഷിച്ചു നടത്തിയ പദ്ധതി സുഗമമായി മുന്നോട്ടു കൊണ്ടു പോകേണ്ട ഉത്തരവാദിത്വം കൂടി സര്‍ക്കാരില്‍ അര്‍പ്പിതമാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഇത്തരം സംഭവങ്ങള്‍. 

ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണെന്ന ലേബലാണ് സമൂഹം ഇപ്പോഴുമിവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നത്.

മെച്ചപ്പെട്ട ജീവിത സാഹചര്യം 
ഔദാര്യമല്ല; അവകാശമാണ്

ട്രാന്‍സ് ജെന്‍ഡറുകളോട് അറപ്പോടെ പെരുമാറുന്ന മാനസികാവസ്ഥയാണ് കേരളത്തില്‍ ഇപ്പോഴും നില നില്‍ക്കുന്നത്. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണെന്ന ലേബലാണ് സമൂഹം ഇപ്പോഴുമിവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നത്. ഇവര്‍ക്കെതിരെ ഓഫ്‌ലൈനിലും ഓണ്‍ലൈനിലും നടക്കുന്ന പ്രചരണങ്ങള്‍ കേരള സമൂഹം ട്രാന്‍സ് ജെന്‍ഡറുകളെ എങ്ങനെ കാണുന്നു എന്നതിനു തെളിവുതന്നെയാണ്. സംസ്ഥാനത്ത് നിന്ന് തന്നെ ഇവരെ ഓടിച്ചുവിടണം എന്നതടക്കമുള്ള 'സദാചാര' മുറവിളികള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും കാണാം. മാന്യമായ ജോലി ചെയ്യാനനുവദിക്കാതെ ലൈംഗിക തൊഴിലിലേക്കും ഭിക്ഷാടനത്തിലേക്കും അവരെ തള്ളിവിടുന്നത് ഇതേ സമൂഹം തന്നെയല്ലേ? അധികാരിവര്‍ഗ്ഗത്തിനും നിയമ പാലകര്‍ക്കും ട്രാന്‍സ് ജെന്‍ഡറുകളോടുള്ള നിലപാട് ഇതാണ് എങ്കില്‍ പൊതു സമൂഹത്തിന്റെ അവസ്ഥയെന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കടും നിറങ്ങളോട് പ്രണയമുള്ള ഇവരില്‍ പലരുടേയും ജീവിതം പക്ഷേ ഒട്ടും നിറമില്ലാത്തവയാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവരുണ്ടായിട്ടും തൊഴിലുടമകളുടെ താല്‍പര്യക്കുറവ് മൂലം മാന്യമായ ജോലികള്‍ ഇവര്‍ക്കന്യമാക്കപ്പെടുന്നു.  താമസിക്കാന്‍ ആരും വീടു നല്‍കുന്നില്ല എന്നതിനാല്‍, അമിത വാടക ഈടാക്കപ്പെട്ട് ലോഡ്ജുകളിലാണ് പലരുടേയും താമസം. 

ഇക്കാര്യത്തില്‍, പുതു തലമുറയുടെ നിലപാടു മാറ്റങ്ങളാണ് ഏറെ പ്രതീക്ഷ നല്‍കുന്നത്. ട്രാന്‍സ് ജെന്‍ഡറുകളെ  മനുഷ്യരായി കാണാനുള്ള ബോധം പ്രസരിപ്പിക്കുന്നവര്‍ പുതുതലമുറയില്‍ ഏറെയുണ്ട്. ആ ബോധം വ്യാപകമാവുകയാണ് വേണ്ടത്. ട്രാന്‍സ് ജെന്‍ഡറുകളുടെ വരും തലമുറയ്‌ക്കെങ്കിലും മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കുന്ന ഒരു കേരളത്തിന്റെ സൃഷ്ടിക്ക് അടിയന്തിരമായി വേണ്ടത് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളാണ്. ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവുക എന്നത് നമ്മുടെ ഔദാര്യമല്ല, അവരുടെ അവകാശമാണ്.