Asianet News MalayalamAsianet News Malayalam

ഈ സ്ത്രീകള്‍ നിരത്തുന്നത് വെറും തെളിവുകളല്ല; മുറിവുകളാണ്

കീഴാള ചിന്തകകള്‍- കലാകാരികള്‍-എഴുത്തുകാരികള്‍ എല്ലാം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഈ ഇടപെടലുകള്‍ അത്തരം ഒരു ദിശയിലേക്കാണ് നീങ്ങുന്നത്. ഞാനടക്കമുള്ള ചരിത്രപരമായും ദാര്‍ശനികമായും സ്വയം-വിമര്‍ശനത്തിലും ഹ്യുമിലിറ്റിയിലും ഊന്നിയ മറ്റൊരു യാത്ര നടത്തേണ്ട എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്; ഈ ഇടപെടലുകളുടെ പിന്നില്‍ സൂക്ഷ്മതയുള്ള വിമര്‍ശനവും അതിലേറെ ബഹുമാനവും കൈമുതലാക്കി അണിനിരക്കുക. അതിജീവിക്കുന്നവര്‍ക്കും  അതിനു ശ്രമിക്കുന്നവര്‍ക്കും  പിന്തുണ നല്കുക, അത് മൗനം കൊണ്ടെങ്കില്‍ അങ്ങനെ, സാന്നിധ്യം കൊണ്ടെങ്കില്‍ അങ്ങനെ.

Ardra NG  women voices against sexual violence
Author
New Delhi, First Published Aug 1, 2018, 8:06 PM IST
  • Facebook
  • Twitter
  • Whatsapp

ഈ അവസരം മുതലെടുത്ത് നാളിതുവരെ ഈ സമൂഹത്തിന്റെ മുഖ്യധാരയായി അധികാരകേന്ദ്രീകരണത്തിലും ജാതീയ-ലിംഗപര ചൂഷണത്തിലും അടിച്ചമര്‍ത്തലിലും മുഖ്യ പങ്കു വഹിച്ച വ്യവസ്ഥാപിത ഇടതുപക്ഷം അടക്കമുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും അനുഭാവികളും വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ,'അമാനവ', 'സ്വത്വവാദ' (അവയെ ഇവര്‍ ഉപയോഗിക്കുന്നത് പരിഹസിക്കാന്‍ ആയതുകൊണ്ടാണ് quotes) ചിന്താ പദ്ധതികള്‍ ഇവരുടെ പ്രവചനഫലമായി ചരിത്ര ബലതന്ത്രത്തിന്റെ കാല്‍ക്കല്‍ വീണുടഞ്ഞതല്ല. 
Ardra NG  women voices against sexual violence

ഒരുവ്യക്തിയുടെ സൈദ്ധാന്തിക-സാമൂഹ്യ നിലപാടുകളും അവരുടെ വ്യക്തിപരമായ പെരുമാറ്റവും, പ്രവൃത്തികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാലങ്ങളായി നടക്കുന്നുണ്ടല്ലോ. കലാകാരന്മാരെയോ, ചിന്തകരെയോ എടുത്താല്‍ ഒരു തരത്തില്‍ നമ്മുടെ കലാ-സൌന്ദര്യ ശാസ്ത്ര ചരിത്രത്തിന്റെ ഒരു പ്രധാന കൈവഴി തന്നെ മഹാന്മാരായ കവികള്‍/ കലാകാരന്മാര്‍/ ചിന്തകര്‍ എന്നിവരുടെ കലയും ചിന്തയും, നിത്യജീവിതത്തിലെ സ്ത്രീവിരുദ്ധതയും അക്രമവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെ കൂടി ചരിത്രമാണല്ലോ.

ലിംഗപരമായി (മറ്റു സ്വത്വങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്) നൂറു ശതമാനം അസമത്വം ഉണ്ടായിരുന്ന ഈ  ബൗദ്ധികമേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായി തുടങ്ങിയതിനുശേഷമാണ് ഇത്തരം വിമര്‍നങ്ങളും എതിര്‍വാദങ്ങളും ഉണ്ടാവുന്നത് തന്നെ. ചില സ്ത്രീവാദ ചിന്തകര്‍  (ഉദാഹരണമായി റാഡിക്കല്‍ ഫെമിനിസ്റ്റുുകള്‍) സൂചിപ്പിക്കുന്നത് പോലെ ശരീരവും ചിന്തയും അനുഭവവും സമൂഹവും മൂര്‍ത്തവും അമൂര്‍ത്തവും തമ്മിലുള്ള ബന്ധം ക്ലാസ്സിക്കല്‍ ലിബറല്‍ ചിന്തകര്‍ വാദിച്ചത് പോലെ അത്ര വേറിട്ടതും രേഖീയവുമായിരുന്നില്ല. ഇതെല്ലാം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയ്ക്കു വിഷയമാവുന്നത് ഫേസ് ബുക്കിലെ ചില മലയാളിപുരുഷ സബാള്‍ട്ടേണ്‍ (നാനാവിധ മുഖ്യധാരകള്‍ക്ക് വിരുദ്ധം എന്ന ലളിതാര്‍ത്ഥത്തില്‍) സാന്നിധ്യങ്ങളും ദളിത്/ കീഴാളസ്ത്രീകളില്‍ നിന്നും ലൈംഗിക അതിക്രമ ആരോപണങ്ങള്‍ നേരിടുന്ന അവസ്ഥയിലാണ്.

അതിജീവനത്തിന്റെ പാതയിലുള്ള (അങ്ങനെ ആഗ്രഹിക്കുന്നു) ഈ സ്ത്രീ സുഹൃത്തുക്കളുടെ ഓരോ വാക്കിനും ഒപ്പം പൂര്‍ണമായി നിലയുറപ്പിച്ചു കൊണ്ട് തന്നെ ചിലത് പറയണമെന്ന് തോന്നുന്നു. 

അതിജീവനം എന്ന പ്രക്രിയ മനുഷ്യരില്‍ പൊതുവേ വളരെ സങ്കീര്‍ണമാണ്. ഓര്‍മകളും മറക്കാനുള്ള ഉള്‍ക്കൊതികളും മുതല്‍ സാമൂഹ്യ നിര്‍മിതമായ സദാചാര ബോധവും അതതു മത-ജാതി-ലിംഗ വ്യവസ്ഥകളിലൂടെ വ്യക്തിയോടൊപ്പം വളര്‍ന്ന ശീലങ്ങളും മാനസിക പ്രത്യേകതകളും സാമ്പത്തിക വ്യവസ്ഥയിലെ വ്യക്തിനിലയും ആധുനികരാഷ്ട്ര നിര്‍മിതിയിലെ തന്റെ സമുദായത്തിന്റെ സ്ഥാനവും വരെ ഇതില്‍ നിര്‍ണായക പങ്കുകള്‍ വഹിക്കുന്നുണ്ട്. 

വയലന്‍സ് ഓരോരുത്തരിലും ഉളവാക്കുന്ന മാറ്റത്തിന്റെ ആഴവും പരപ്പും ഈ സാമൂഹ്യ ഘടകങ്ങള്‍ വഴി നിയന്ത്രിതമാണ് എന്നതാണ് അതിനെ അതിജീവിക്കുന്നതിനുള്ള ക്ഷമതയും, രീതികളും, അതിനെടുക്കുന്ന സമയവും ഒക്കെ എല്ലാവരിലും പലതാവുന്നത്. ഭൗതികമായും വൈകാരികമായും സുരക്ഷിതമായ കുട്ടിക്കാലം എന്ന സര്‍വ്വസമ്മതമായ മാനദണ്ഡം മുതല്‍ ഇങ്ങോട്ട് സമൂഹത്തിനും, ഭരണകൂടത്തിനും, സ്വീകാര്യമായ മുഖ്യധാരാ ലൈംഗിക ജീവിതം എന്നത് വരെ  എല്ലാം ഇത്തരം വയലന്‍സിനു മുഖാമുഖം നില്‍ക്കുമ്പോള്‍ നമുക്ക് കൂട്ടിനുണ്ടാവും. നേരെ മറിച്ച് അരക്ഷിതാവസ്ഥ ജീവിതത്തിനു നെടുകെയും കുറുകെയും എക്കാലവും ഓടിക്കൊണ്ടിരുന്നവര്‍ക്ക് വിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ, സൌഹൃദത്തിന്റെ ഒക്കെ 'വയലേഷന്‍' മറികടക്കല്‍ കൂടുതല്‍ ദുഷ്‌കരമാണ്.

ഈ സങ്കീര്‍ണത മനസ്സിലാക്കാതിരിക്കാനുള്ള യാതൊരു ന്യായീകരണവും ഒരു ചിന്തകനോ, സാമൂഹ്യ പ്രവര്‍ത്തകനോ, കലാകാരനോ നിരത്താനാവില്ല. നാമിടപെടുന്ന സഹജീവികളുടെ, അതും അടുത്തു പെരുമാറുന്ന, അറിയുന്ന, സ്‌നേഹിക്കുന്നവരുടെ ഇത്തരം സവിശേഷ സ്വകാര്യ-വൈകാരിക ചരിത്രം/ യാത്രകള്‍ മനസ്സിലാക്കാനും അതിനു കൂടെ സഞ്ചരിക്കുക വഴി തന്നെത്തന്നെ മെച്ചപ്പെടുത്താനുമുള്ള അവസരം ആണ് ഈ കുറ്റാരോപിതരും അതുപോലെ താല്‍ക്കാലികമായി അദൃശ്യരായി തുടരുന്ന അനേകം പുരുഷന്മാരും ഇല്ലാതാക്കുന്നത്. പരസ്പരം മുറിവുകളുണക്കുക എന്നത് എത്ര മനോഹരമായ ഒരു യാത്രയാണ്. അതിന് ക്ഷമയും സഹാനുഭൂതിയും വേണം, അപരനോടല്ല, തന്നോടുതന്നെ. നിയമത്തിന്റെ പല പൊതുവല്‍ക്കരണങ്ങളിലും പെട്ട് ഇത്തരം മുറിവുകള്‍ അദൃശ്യമായേക്കാം, അവയ്ക്ക് തെളിവുകള്‍ ഇല്ലാതായേക്കാം. എങ്കിലും സമൂഹത്തിന്റെ മാറ്റങ്ങളില്‍ പലപ്പോഴും നിലനില്‍ക്കുന്ന നിയമത്തെക്കാള്‍ പങ്കു വഹിച്ചിട്ടുള്ളത് നിലവിലില്ലാത്ത നിയമത്തിലേക്കെത്തുന്നതിനുള്ള നീതിയുമായുള്ള, ഭരണകൂടവുമായുള്ള മനുഷ്യരുടെ, സമുദായങ്ങളുടെ മല്‍പ്പിടിത്തങ്ങളാണ്.

എഫ്.ബി പോലെ ഒരു പരിധി വരെ അദൃശ്യത കാത്തുസൂക്ഷിച്ച് ഇടപെടാവുന്ന ഒരിടത്തില്‍ പൂര്‍ണമായും തങ്ങളെ വെളിപ്പെടുത്തിക്കൊണ്ട്, തങ്ങളുടെ മുറിവുകളെ, വേദനകളെ വാമൊഴിയിലാക്കിക്കൊണ്ട്, മറ്റു പലതിലും വലിയ ശത്രുവായ വിഷാദത്തെ അടിച്ചമര്‍ത്തിക്കൊണ്ട് കുറച്ചു സ്ത്രീകള്‍ തങ്ങളുടെ മനസ്സും ശരീരവും നേരിടേണ്ടി വന്ന അക്രമങ്ങളെക്കുറിച്ച് വിശ്വാസ ഭംഗങ്ങളെക്കുറിച്ച്, അത് മൂലം കാലങ്ങളോളം അനുഭവിച്ച അപകര്‍ഷതയെക്കുറിച്ച്, സ്വയംവെറുപ്പിനെക്കുറിച്ച് സംസാരിക്കുന്നു. സുഹൃത്തുക്കളോടും അപരിചിതരോടും ചര്‍ച്ച ചെയ്യുന്നു. അവരില്‍ പലരും നിയമപരമായി റെമഡി ലക്ഷ്യം വയ്ക്കുന്നവരല്ല. അവര്‍ നിരത്തുന്നത് വെറും തെളിവുകളല്ല; മുറിവുകളാണ്. കാലങ്ങളായി പൂര്‍ണമായി കരിയാത്ത മുറിവുകള്‍, ചില വടുക്കള്‍. ഈ മുറിവുകള്‍ ഇവരുടെ കാര്യത്തില്‍ കൂടുതല്‍ ചരിത്രപരമാണ്. കീഴാളസ്ത്രീ എന്ന നിലയില്‍ നിന്ന് കുടുംബവും, ഭരണകൂടവും അടക്കമുള്ള സ്ഥാപനങ്ങളോട് പ്രത്യക്ഷമായും, പരോക്ഷമായും പോരാടി, തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും  വേണ്ടി മാന്യമായ സാമൂഹ്യ ഇടം നിര്‍മ്മിക്കുന്നതില്‍ അറിഞ്ഞും അറിയാതെയും വ്യാപരിക്കുകയാണ് ഈ സ്ത്രീകള്‍. അതുകൊണ്ട് തന്നെ നീതിയേയും, ചൂഷണത്തെയും, ഭാഷാപരവും, സൈദ്ധാന്തികവുമായ മുഖ്യധാര അക്രമങ്ങളെയും എതിര്‍ക്കുന്നവര്‍ (കുറ്റാരോപിതരുടെ  പല പഴയ ഇടപെടലുകളും അത്തരത്തിലുള്ളതാണ് എന്നെനിക്ക് തോന്നുന്നു) ഈ സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ തങ്ങളുടെ മേല്‍പറഞ്ഞ സ്ഥാനം ഉപയോഗിച്ചത് മാപ്പ് നല്‍കാന്‍ വിഷമമുള്ള തെറ്റാണ്.

എന്നാല്‍, ഇതില്‍ ഏറെ പ്രധാനപ്പെട്ട വിഷയം, ഇത്തരം ബൗദ്ധിക ഇടപെടലുകള്‍ നടത്തുന്ന വ്യക്തികളില്‍ നിന്നും അതും അധികാര സ്ഥാനങ്ങളിലുള്ളവരില്‍ നിന്നും മുമ്പും ഇത്തരം അക്രമങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എഫ്.ബിയില്‍ പ്രചരിച്ച റയാ സര്‍ക്കാര്‍ ലിസ്റ്റ്  ഒരുദാഹരണം മാത്രം. അന്ന് വ്യക്തിപരമായി ഏറെ നല്ലവരായി നാം കരുതിയിരുന്ന പല മുതിര്‍ന്ന ഫെമിനിസ്റ്റുകളും കൃത്യമായ നിലപാടുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കെതിരെ സ്വീകരിക്കാതെ നമ്മെ നിരാശരാക്കിയിരുന്നു. പക്ഷെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാം കണ്ടത് മറ്റൊരു ചരിത്ര സംഭവമാണ്. എല്ലാ അറിയപ്പെടുന്ന ദളിത്-കീഴാള ചിന്തകകളും ഒറ്റക്കെട്ടായി ഈ ശബ്ദങ്ങളുടെ കൂടെ നിന്നു. അടുപ്പവും പരിചയവും സ്‌നേഹവും ഒക്കെ മാറ്റി വെച്ച് അവര്‍ ചിന്തകകളും കലാകാരികളും എഴുത്തുകാരും ഒക്കെയായി പരിചയമുള്ളവരും ഇല്ലാത്തവരുമായ ഈ സ്ത്രീകളുടെ ഒപ്പം നിന്നു. സ്ത്രീ കൂട്ടായ്മയുടെ മാതൃക എന്നതിലുപരി, അവര്‍ ചിന്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കലാ-സാംസ്‌കാരിക ജീവികള്‍ എന്ന നിലയ്ക്കുള്ള അവരുടെ കടമകള്‍ മനോഹരമായി നിര്‍വഹിക്കുകയായിരുന്നു എന്ന് പറയാതെ വയ്യ. അത് ഒരു പ്രതിസന്ധി മാനേജ് ചെയ്യാന്‍ മാത്രമായിരുന്നില്ല, അത് ഒരു ദീര്‍ഘകാല അനുഭവ പ്രക്രിയയുടെ, ചിന്തകളുടെ, ചര്‍ച്ചകളുടെ, പ്രവര്‍ത്തനങ്ങളുടെ ഒക്കെ ഭാഗമായി ഉരുത്തിരിഞ്ഞ അവരുടെ സമഗ്ര വൈകാരിക-ധൈഷണിക വ്യക്തിത്വങ്ങളുടെ പ്രകാശനം കൂടിയായിരുന്നു.

സങ്കുചിത താല്പര്യങ്ങളല്ല, നേട്ടങ്ങളല്ല, സൗഹൃദമോ, മാനാഭിമാന ചിന്തകളോ, അല്ല, മറ്റൊരര്‍ത്ഥത്തില്‍ കാപ്പിറ്റലിസ്‌റ്റോ ഫ്യൂഡലോ ആയ സമൂഹത്തിന്റെ ഉത്പന്നങ്ങള്‍ അല്ലായിരുന്നു അവരുടെ വാക്കുകളും പ്രവൃത്തികളും. നമ്മളിനിയും നിര്‍മ്മിച്ചിട്ടില്ലാത്ത, പൂര്‍ണമായും നിര്‍മ്മിച്ചേക്കാന്‍ ഇടയില്ലാത്ത ഒരു ലോകത്തിന്റെ  മൂല്യങ്ങളുടെ പ്രകാശനമായിരുന്നു ഈ ചര്‍ച്ചകളില്‍ ഈ ദളിത്-കീഴാള സ്ത്രീ ചിന്തകകള്‍ കാഴ്ച വെച്ചത്. അതാണ് അവര്‍ തന്നെ തള്ളിപ്പറഞ്ഞ കപട പുരുഷ നിലപാടുകള്‍ക്കുള്ള മറുപടി.

അല്ലാതെ, ഈ അവസരം മുതലെടുത്ത് നാളിതുവരെ ഈ സമൂഹത്തിന്റെ മുഖ്യധാരയായി അധികാരകേന്ദ്രീകരണത്തിലും ജാതീയ-ലിംഗപര ചൂഷണത്തിലും അടിച്ചമര്‍ത്തലിലും മുഖ്യ പങ്കു വഹിച്ച വ്യവസ്ഥാപിത ഇടതുപക്ഷം അടക്കമുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും അനുഭാവികളും വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ,'അമാനവ', 'സ്വത്വവാദ' (അവയെ ഇവര്‍ ഉപയോഗിക്കുന്നത് പരിഹസിക്കാന്‍ ആയതുകൊണ്ടാണ് quotes) ചിന്താ പദ്ധതികള്‍ ഇവരുടെ പ്രവചനഫലമായി ചരിത്ര ബലതന്ത്രത്തിന്റെ കാല്‍ക്കല്‍ വീണുടഞ്ഞതല്ല. ഏതു സമൂഹത്തിലും അതിന്റെ ഏറ്റവും താഴെക്കിടയില്‍ നിന്നും, തങ്ങളുടെ ജീവിതത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാനുംചൂഷണത്തിന്റെയും അനീതിയുടെയും അനുഭവങ്ങള്‍ അപഗ്രഥനവുമായി കൂട്ടിയിണക്കാനും പുതിയൊരു ലോകം സ്വപ്നം കാണാനും അതിനു വേണ്ടി തങ്ങളെത്തന്നെ ആയുധങ്ങള്‍ ആക്കാനും ഒക്കെ കരുത്തുള്ള ഒരു കൂട്ടം മനുഷ്യര്‍ (സ്ത്രീകള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ്, അവരുടെ ഏവരിലും താഴ്ന്ന നിലമൂലം) അവരുടെ ദൗര്‍ബല്യങ്ങളും, കവിതകളും, വേദനകളും മുറിവുകളും എല്ലാം കൊണ്ട് വരുന്നതാണ്, വിപ്ലവം. വിപ്ലവം എന്ന വാക്ക് തന്നെ, നമ്മുടെ സമൂഹത്തില്‍ ഈ സ്ത്രീകളുടെ കാല്‍ക്കീഴില്‍ വിമോചനം തേടി കിടക്കുകയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. അത് സിനിമാ രംഗത്തായാലും കായിക രംഗത്തായാലും അങ്ങനെ തന്നെ വിലയിരുത്തപ്പെടണം.

കീഴാള ചിന്തകകള്‍- കലാകാരികള്‍-എഴുത്തുകാരികള്‍ എല്ലാം ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഈ ഇടപെടലുകള്‍ അത്തരം ഒരു ദിശയിലേക്കാണ് നീങ്ങുന്നത്. ഞാനടക്കമുള്ള ചരിത്രപരമായും ദാര്‍ശനികമായും സ്വയം-വിമര്‍ശനത്തിലും ഹ്യുമിലിറ്റിയിലും ഊന്നിയ മറ്റൊരു യാത്ര നടത്തേണ്ട എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇതാണ്; ഈ ഇടപെടലുകളുടെ പിന്നില്‍ സൂക്ഷ്മതയുള്ള വിമര്‍ശനവും അതിലേറെ ബഹുമാനവും കൈമുതലാക്കി അണിനിരക്കുക. അതിജീവിക്കുന്നവര്‍ക്കും  അതിനു ശ്രമിക്കുന്നവര്‍ക്കും  പിന്തുണ നല്കുക, അത് മൗനം കൊണ്ടെങ്കില്‍ അങ്ങനെ, സാന്നിധ്യം കൊണ്ടെങ്കില്‍ അങ്ങനെ.

കുറ്റാരോപിതര്‍ വ്യക്തിപരമായി അടുത്ത സുഹൃത്തുക്കള്‍ അല്ലെങ്കിലും ഇതേ ടൂളുകള്‍ (വ്യവസ്ഥാപിത അധികാര സ്ഥാനം ഉപയോഗിച്ച് ഇതിലും തരം താണതും) പ്രയോഗിച്ചുള്ള റിബല്‍ ആയ സ്ത്രീകളെ/ വിദ്യാര്‍ത്ഥിനികളെ/ മൈനര്‍ പെണ്‍കുട്ടികളെ ഒക്കെ ചൂഷണം ചെയ്യുന്ന 'പുരോഗമന' അതികായന്മാരെ കണ്ടു കണ്ടു തഴക്കം വന്നതിനാല്‍ ഞെട്ടലൊന്നും രേഖപ്പെടുത്താനില്ല. ആക്രമിക്കപ്പെട്ടവരുടെ താല്‍പര്യത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് ഇത് മുന്നോട്ടു കൊണ്ടുപോകാനുള്ള അറിവും ആര്‍ജ്ജവവും ആത്മാര്‍ത്ഥതയുമുള്ളവരാണ് ഇതില്‍ നില്‍ക്കുന്നത് എന്ന ഉറപ്പുണ്ട്. എല്ലാവര്‍ക്കും ആദരപൂര്‍വത്വമുള്ള അഭിവാദ്യങ്ങള്‍.

Follow Us:
Download App:
  • android
  • ios