Asianet News MalayalamAsianet News Malayalam

ജീന്‍സ് ഒരു ഭീകരജീവിയാണ്!

Arun Ashokan on jeans
Author
Thiruvananthapuram, First Published Dec 23, 2017, 8:23 PM IST

ജീന്‍സ് ഒരു ഭീകരജീവിയാണോ? ആണെന്ന് പറയുന്നു, വാര്‍ത്തകള്‍. കോടതികളില്‍ ജിന്‍സ് ധരിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ മാര്‍ച്ചില്‍,  ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ മുംബൈ ഹൈക്കോടതിയില്‍നിന്ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് ജി.എസ് കുല്‍ക്കര്‍ണിയും ഇറക്കി വിട്ടത് വിവാദമായിരുന്നു. ജീന്‍സ് ധരിച്ചെത്തുന്ന പെണ്ണിനെ ഒരാണും വിവാഹം ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ പറഞ്ഞത് അതിനും കുറച്ചു മുമ്പാണ്. ഉത്തര്‍പ്രദേശില്‍ 158 സര്‍ക്കാര്‍ കോളജുകളിലെയും 331 എയ്ഡഡ് കോളജുകളിലെയും അധ്യാപകര്‍ക്ക്  ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത വന്നത് അതിനും തൊട്ടുമുമ്പാണ്. സത്യത്തില്‍ എന്താണ് ജീന്‍സ്? എന്തിനാണ് ആ വസ്ത്രത്തെ ഇങ്ങനെ ഭയക്കുന്നത്? അരുണ്‍ അശോകന്‍ എഴുതുന്നു

Arun Ashokan on jeans

ഇന്നാട്ടിലെന്തോരം പലഹാരങ്ങളുണ്ട്, പക്ഷെ പൊറോട്ടയോളം മര്‍ദ്ദനം അനുഭവിക്കുന്നൊരു പലഹാരം വേറെയില്ലെന്ന് ആരോ എന്നോ പറഞ്ഞു കേട്ടിട്ടുണ്ട്. സംഗതി ആലോചിച്ചാല്‍ സത്യമാണ്. ആദ്യം ചവിട്ടിക്കുഴയ്ക്കല്‍, പിന്നെ വെട്ടിപ്പൊളിക്കല്‍, പരത്തല്‍, വീശിയടി, കീറല്‍, ചുരുട്ടി എടുക്കല്‍ . വീണ്ടും പരത്തി, തൊട്ടാല്‍ പൊള്ളുന്ന കല്ലിലേയ്ക്കുള്ള വലിച്ചെറിയല്‍. നീറിപ്പുകഞ്ഞ് ഒരു പരുവമായി എത്തുമ്പോഴെങ്കിലും പീഡനം തീര്‍ന്നെന്ന് കരുതിയാലും രക്ഷയില്ല. കല്ലില്‍ നിന്ന് എടുത്തശേഷവും ശത്രുവിനോട് പോലും ചെയ്യാന്‍ തോന്നാത്ത പത്ത് പതിനഞ്ച് അടിയാണ്. മനുഷ്യന്‍മാരുടെ ഉദരത്തിലേക്ക് പോകേണ്ടതാണെന്നെങ്കിലും ലവന്‍മാര്‍ ഓര്‍ക്കേണ്ടതല്ലേയെന്ന് ഒരോ പൊറോട്ടയും എത്ര തവണ ഓര്‍ത്തുകാണും. 

പലഹാരത്തില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ട് ഇങ്ങനെ പീഡനം അനുഭവിക്കുന്ന വര്‍ഗങ്ങള്‍. വസ്ത്രത്തിന്റെ കാര്യത്തില്‍ അത് ജീന്‍സാണ്. ഇത്തിരി ആശ്വസം തോന്നിയത് ലഗ്ഗിന്‍സെന്നൊരു പച്ചപരിഷ്‌കാരി സുന്ദരിക്കോത രംഗപ്രവേശം ചെയ്ത ശേഷമാണ്. പക്ഷെ പുത്തന്‍പെണ്ണ് വന്നാലും ആദ്യമരുമകളെ വെറുതെ വിടാത്ത സീരിയല്‍ അമ്മായിഅമ്മമാരുടെ സ്വഭാവമാണ് ലോകത്തിന്. ഇക്കാണായതും ഈരേഴ് പതിനാലു ലോകത്തിലെയും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരന്‍  ഈ ജീന്‍സാണെന്നാണ് ലോകത്തിന്റെ പൊതുഅഭിപ്രായം. അതെന്താ ജീന്‍സേ അങ്ങനെയെന്ന് ചോദിച്ചാല്‍ ജീന്‍സിനും പറയാന്‍ കാണും ഒരു കഥ.

അതെന്താ ജീന്‍സേ അങ്ങനെയെന്ന് ചോദിച്ചാല്‍ ജീന്‍സിനും പറയാന്‍ കാണും ഒരു കഥ.

രമണന്റെയും മദനന്റെയും അമേരിക്കന്‍ കൂട്ടുകാരായ കൗ ബോയ്‌സിനും ഖനിയിലെ കരിവാരലുകാര്‍ക്കും കാട്ടിലെ മരവെട്ടുകാരനുമൊക്കെ വേണ്ടി നിര്‍മ്മിച്ചെടുത്തൊരു ചാക്കുകുപ്പായമാണ് ജീന്‍സിന്റെ മുതുമുത്തച്ഛന്‍. ജേക്കബ് ഡേവിസ് നിര്‍മ്മിച്ച കുപ്പായത്തിന് ലെവിസ്‌ട്രോസ് പേറ്റന്റെടുത്തത് പിന്നത്തെ കഥ. ഇക്കഥയില്‍ ബ്രിട്ടീഷ് ഇന്ത്യാക്കാര്‍ക്കും ചിലത് പറയാനുണ്ട്. ഉത്തരേന്ത്യയിലെ നീലം കര്‍ഷകര്‍ വിയര്‍പ്പൊഴുക്കിയത് ഈ ചാക്ക് കുപ്പായത്തിന് നീലനിറം കൊടുക്കാന്‍ കൂടി വേണ്ടിയായിരുന്നു.  ഖനിയിലെ കരിപിടിച്ച ജീവിതങ്ങളുടെയും പാടത്തെ ചെളിപിടിച്ച ജീവിതങ്ങളുടെയും ഇഷ്ടക്കാരനായ ജീന്‍സ് 1950 കളോടെയാണ് തലതിരിഞ്ഞവന്‍മാരുടെ പൊതുയൂണിഫോമാകുന്നത്.  അതിന് കടപ്പെട്ടിരിക്കുന്നത് സിനിമാലോകത്തോടും.  അങ്ങനെ സിനിമയുടെ പുതുമോടിയിലൂടെ ജീന്‍സ് ലോകത്തിന്റെയാകെ ഇഷ്ടക്കാരനായി.

എന്താന്ന് അറിയില്ല, ആണിനും പെണ്ണിനും ഒരുപോലെ ഇഷ്ടം. കുളിക്കാനും നനയ്ക്കാനുമുള്ള മടിയാണ് ഈ ഇഷ്ടത്തിന്റെ ഒന്നാമത്തെ കാരണമെന്ന് ദോഷൈകദൃക്കുകള്‍ പറയും. അപ്പറയുന്നവര്‍ അസൂയക്കാരാണെന്ന് അപ്പോള്‍ തന്നെ ജീന്‍സും ജീന്‍സിന്റെ ഇഷ്ടക്കാരും മറുപടിയും നല്‍കും.  അപ്പോഴും അതിലിത്തിരി സത്യമില്ലാതില്ലെന്ന് രഹസ്യമായി അവരും സമ്മതിക്കും. അതിപ്പോള്‍ പതിനഞ്ച് മാസം വരെ കഴുകിയില്ലെങ്കിലും ജീന്‍സിലെ ബാക്ടീരിയയുടെ അളവില്‍ വലിയ വര്‍ദ്ധനയൊന്നുമുണ്ടാകില്ലെന്ന് അല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകനായ ജോഷ് ലെ കണ്ടുപിടിച്ചിട്ടുണ്ട് ,പിന്നെന്താ പ്രശ്‌നം. പിന്നെ യൂറിനല്‍ ഇന്‍ഫെക്ഷന്‍, വന്ധ്യത, വെരിക്കോസ്  എന്നൊക്കെ കുറേ ഭീഷണികള്‍. പതിനൊന്ന് മാസം വരെ കഴുകേണ്ടന്ന ഒരൊറ്റ ഗുണം മതി ഇപ്പറഞ്ഞ ചെറിയ ഭീഷണിയൊക്കെ കണ്ടില്ലാന്ന് നടിക്കാനെന്നാണ് ഫ്രീക്കന്‍മാരുടെ പക്ഷം. 

കഥയല്ല, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിലും അതിനെതിരായ പോരാട്ടത്തിലും ജീന്‍സിനുള്ള സ്ഥാനത്തിന്റെ ചരിത്രം

കഴുകണ്ട, ഒന്നു വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ പത്ത് വര്‍ഷത്തേക്ക് വേറൊന്ന് വേണ്ട, നരച്ചാലും കീറിയാലും പിഞ്ഞാലും ഉപയോഗിക്കാം. അരവണ്ണം കൂടിപ്പോയാല്‍ ജോക്കി കാണിച്ച് ലോവെയിസ്റ്റാക്കാം, ഭര്‍ത്താവിനും ഭാര്യക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ മാറിമാറിയും ഇടാം. ഇത്രയൊക്കെ ഗുണമുണ്ടായിട്ടും ചിലര്‍ക്ക് ജീന്‍സ് കണ്ടാല്‍ നീലാണ്ടനെ കാണുന്ന മുണ്ടയ്ക്കല്‍ ശേഖരന്റെ  സ്വഭാവമാണ്. വെറുതേ ചൊറിയും. 

അധ്യാപകര്‍, പൊലീസുകാര്‍, സാംസ്‌കാരിക സംരക്ഷകര്‍, ജഡ്ജിമാര്‍ തുടങ്ങി ദൈവങ്ങള്‍വരെയാണ് ആ നിര. ചില ഫ്രീക്കന്‍മാരുടെയും ഫ്രീക്കത്തിമാരുടെയും നടപ്പ് കണ്ടാല്‍ ഈ അസഹിഷ്ണത അസ്ഥാനത്താണെന്ന് പറയാനും  കഴിയില്ല. എങ്കിലും നീതിപീഠം വരെ  ജീന്‍സിന് വിലക്കേര്‍പ്പെടുത്തുമ്പോള്‍  വേറൊരു കഥ പറയാതെ പോകുന്നത് ശരിയല്ല.  

കഥയല്ല. ചരിത്രമാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തിലും അതിനെതിരായ പോരാട്ടത്തിലും ജീന്‍സിനുള്ള സ്ഥാനത്തിന്റെ ചരിത്രം. 1990ല്‍ ഇറ്റലിയിലെ മൂറൊ ലുക്കാനോയിലാണ് സംഭവം നടന്നത്. ഡ്രൈവിംഗ് പഠിക്കാന്‍ പോയ പതിനെട്ടുകാരിയെ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ബലാത്സംഗം ചെയ്തുവെന്നൊരു കേസ് ഇതേ വര്‍ഷം ഫയല്‍ ചെയ്യപ്പെടുകയുണ്ടായി. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷെ കേസ് അപ്പീല്‍ കോടതിയില്‍ എത്തിയപ്പോള്‍  പ്രതിയുടെ അഭിഭാഷകന്‍ ഒരു പുതിയ വാദം അവതരിപ്പിച്ചു. സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് യുവതി ധരിച്ചിരുന്നത് ഇറുക്കമുള്ള ജീന്‍സാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ കണ്ടെത്തല്‍. ധരിച്ചിരിക്കുന്ന ആളിന്റെ സഹായം ഇല്ലാതെ ജീന്‍സ് അഴിക്കാനോ, ബലാത്സംഗം നടത്താനോ കഴിയില്ലെന്നതായിരുന്നു വാദത്തിന്റെ പ്രസക്തി.  ഇത്  അംഗീകരിച്ച കോടതി , പെണ്‍കുട്ടിയുടെ സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധം എന്ന നിഗമനത്തിലാണ് എത്തിയത്. തുടര്‍ന്ന് പ്രതിയുടെ ശിക്ഷ ഒഴിവാക്കിയ സംഭവം രാജ്യാന്തര തരത്തില്‍ വലിയ ശ്രദ്ധ നേടി. 

ഇറ്റലിയിലെ കോടതികളില്‍ 'ഡെനിം ഡിഫന്‍സ് ' എന്നാണ് ഇത് അറിയപ്പെട്ടത്.

ഇറ്റലിയിലെ കോടതികളില്‍ 'ഡെനിം ഡിഫന്‍സ് ' എന്നാണ് ഇത് അറിയപ്പെട്ടത്. ഇതിനെതിരെ ആഗോളതലത്തില്‍ വന്‍പ്രതിഷേധങ്ങളുണ്ടായി . ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വനിതകളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന സംഘടനകള്‍ ജീന്‍സ് ദിനാചരണം വരെ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തി.  ഇന്നും പ്രതിഷേധങ്ങള്‍ തുടരുന്നു.

ഇങ്ങനെയൊക്കെ വലിയ ചരിത്രമുള്ള സംഗതിയാണ് അലക്കാതെയും തേയ്ക്കാതെയും നാം ഓരോരുത്തരും എടുത്തിടുന്ന സാക്ഷാല്‍ ജീന്‍സ്.  കീറിയതും നരച്ചതുമായ ജീന്‍സ് ഇടാനായി ഇനി കയ്യിലെടുക്കുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കുക, ഖനികളില്‍ ജീവിതം ഹോമിച്ച ആയിരക്കണക്കിന് തൊഴിലാളികളുടെ, രണ്ടാം ലോകമഹായുദ്ധത്തില്‍ സ്വന്തം രാജ്യത്തിനായി പടപൊരുതിയ ലക്ഷക്കണക്കിന് സൈനികരുടെ, സ്ത്രീയുടെ അവകാശങ്ങള്‍ക്കായി തെരുവോരത്ത് തൊണ്ടപൊട്ടെ മുദ്രാവാക്യം വിളിച്ച ധീരവനിതകളുടെ  ശരീരങ്ങളോട് ഒട്ടിക്കിടന്ന അതേ ജീന്‍സാണ് നിങ്ങളുടെ കൈകളിലും ഇരിപ്പുറപ്പിച്ചിരിക്കുന്നത് 

ലക്ഷക്കണക്കിന് സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥയായ,  വലിയ സ്വാതന്ത്ര്യസമരങ്ങളുടെയും, സ്ത്രീവിമോചന സമരങ്ങളുടെയും  ചരിത്രത്തെ ഉള്‍ക്കൊള്ളുന്ന ജീന്‍സേ നിനക്ക് ആയിരമായിരം വിപ്ലവാഭിവാദ്യങ്ങള്‍.

Follow Us:
Download App:
  • android
  • ios