പല വീടുകളിലും മനോഹരമായ പൂന്തോട്ടങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. അതേസമയം അത്തരമൊരു പൂന്തോട്ടം ഒരു ഓട്ടോയിൽ നിർമ്മിച്ചാൽ എങ്ങനെ ഇരിക്കും? ഒഡീഷയിലെ ഭുവനേശ്വറിൽ താമസിക്കുന്ന ഒരു ഓട്ടോ ഡ്രൈവറാണ് തന്റെ ഓട്ടോയെ ഒരു കൊച്ചുപൂന്തോട്ടമാക്കി മാറ്റിയത്. അവിടെ ചെടികൾ മാത്രമല്ല, അക്വേറിയവും, പക്ഷികളും, മുയലുകളും എല്ലാമുണ്ട്.    

കൊറോണ മഹാമാരിക്ക് ശേഷം അദ്ദേഹത്തിന് സ്വന്തം ഗ്രാമത്തിലേയ്ക്ക് പോകാൻ സാധിച്ചിരുന്നില്ല. വീടിനെയും നാടിനെയും ഒരുപാട് മിസ്സ് ചെയ്യുന്ന അദ്ദേഹം തന്റെ വീടിന്റെ ഓർമ്മയ്ക്കായിട്ടാണ് ഇത്തരമൊരു  പൂന്തോട്ടം ഓട്ടോയിൽ നിർമ്മിച്ചത്. “കാന്ധമാലിലെ ഒരു ഗ്രാമത്തിലാണ് എന്‍റെ വീട്. എനിക്ക് എന്റെ നാട് വല്ലാതെ ഓർമ്മ വരുന്നു. ഈ വലിയ നഗരത്തിൽ എനിക്ക് ശ്വാസംമുട്ടുന്ന പോലെ തോന്നുന്നു" സുജിത് ദിഗൽ പറഞ്ഞു. പ്രകൃതിയാൽ ചുറ്റപ്പെട്ട അദ്ദേഹത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ ഓർമ്മയ്ക്കായി മൃഗങ്ങളെയും അദ്ദേഹം ഓട്ടോയിൽ വച്ചിരിക്കുന്നു.     

സുജിത്തിന്റെ ഉപജീവനമാർഗ്ഗം നഗരത്തിലായത് കൊണ്ട് മുൻപും അദ്ദേഹത്തിന് ഗ്രാമത്തിൽ പോകാൻ സാധിക്കാറില്ല. അതിനെത്തുടർന്നാണ് ഇത്തരമൊരു ആശയവുമായി അദ്ദേഹം മുന്നോട്ട് വന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇത് വൈറലായതോടെ പലരും ഇതിനെ പ്രശംസിക്കുകയും, ചെടികൾ നല്ലതാണെന്ന് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മൃഗങ്ങളെ അതിനകത്ത് വയ്ക്കുന്നതിനോട് അവർക്ക് വിയോജിപ്പാണ്. വാഹനത്തിലെ മൃഗങ്ങളുടെ സുരക്ഷയെക്കുറിച്ച് പലരും ആശങ്കപ്പെടുന്നു. 

മൃഗങ്ങൾ വലിയ ഒച്ച കേട്ടാൽ പേടിക്കുമെന്നും, അപ്പോൾ എങ്ങനെയാണ് റോഡിലെ ബഹളത്തിനിടയിൽ അവ സ്വസ്ഥമായി അവിടെ ഇരിക്കുന്നതെന്നും, നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടോയിൽ അവ എത്രത്തോളം സുരക്ഷിതരാകുമെന്നും ഒക്കെ പലരും ചോദിച്ചിരിക്കുന്നു. ഈ മഹാമാരി സമയങ്ങളിൽ നിരവധി ആളുകൾ വീട്ടിൽ നിന്ന് അകന്നു കഴിയുകയാണ്. അവർക്ക് അവരുടെ നാടും, വീടും ഓർമ്മ വരുന്നത് തീർത്തും സ്വാഭാവികമാണ്. അതിന്റെ പേരിൽ പലരും പല പരീക്ഷങ്ങളും ഇന്ന് നടത്തുന്നു. അതിലൊന്ന് മാത്രമാണ് ഇത്.