പടക്കപ്പലുകളുടെ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോ എടുത്തത് സദ്ദാംഹുസൈന്റെ കുവൈറ്റ് അധിനിവേശ യുദ്ധം അവസാനിച്ച് അല്‍പ ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമായിരുന്നു.

ബോംബെയില്‍ നിന്ന് അത്യാവശ്യ സാധനങ്ങളുമായി ഒരു ജനറല്‍ കാര്‍ഗോ ഷിപ്പ് കുവൈറ്റിലേക്ക് യാത്ര തിരിച്ചു.

ആയുധങ്ങള്‍ക്ക് വിദ്യാഭ്യാസവും സംസ്‌കാരവുമില്ലെന്ന് തുറന്നു പറയുന്ന യുദ്ധാനന്തര കെടുതിയില്‍ കുവൈറ്റ് തുറമുഖം തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ആ കാഴ്ച കണ്ടു ഞാനും ഒന്ന് നടുങ്ങി. സൗത്ത് ഇന്ത്യയില്‍ എവിടെ യുദ്ധം? യുദ്ധത്തിന്റെ ശരിയായ മുഖം സഫാത്തിന്റെ പല ഭാഗങ്ങളിലും കാണാനിടയായി.

ആയുധം നിര്‍മ്മിച്ചവനും,എടുത്ത് പ്രയോഗിച്ചവനും അന്റെ വിപത്ത് അനുഭവിച്ചവനും മനുഷ്യനാണ്. സ്വഭാവ വൈകല്യമുള്ള പ്രജാപതികളെ നിയന്ത്രിക്കാന്‍ ബോംബും മിസൈലും ആവശ്യമായിവരുന്നു. അവിടുന്നാണ് തുടക്കം.

തുറമുഖത്ത് ടഗ്ഗില്‍ ജോലി ചെയ്യുന്ന ഒരു മഹാരാഷ്ട്രക്കാരന്‍ ഇക്ബാല്‍ കൊപ്പെക്കരും മകനും പറയുന്ന കഥകള്‍ കേള്‍ക്കണം.

സദ്ദാം യുദ്ധം തുടങ്ങി തുറമുഖത്ത് നിന്നും കുവൈറ്റികള്‍ പാലായനം ചെയ്ത് തുടങ്ങിയപ്പോള്‍ പ്രതിരോധത്തിന്റെ പേരില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി വെച്ചത് അമേരിക്കന്‍ സേന തന്നെയായിരുന്നത്രേ. നാഥന്‍ ഇല്ലാത്തിടത്ത് നരനായാട്ട്, പിന്നീട് റീകണ്‍സ്ട്രക്ഷന്‍ ചെയ്യാനുള്ള കൊണ്ട്ട്രാക്റ്റും.

കുവൈറ്റ് ദുരന്തങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ബഹറിനില്‍ അമേരിക്കന്‍ മിലിട്ടറി അടിച്ചു പൊളിച്ചു തിമിര്‍ത്തു. അവിടെയാണ് യുദ്ധത്തിന്റെ മറ്റൊരു മുഖം ദൃശ്യമാവുന്നത്.

ബഹറിനില്‍ ഔട്ടര്‍ അമുനേഷന്‍ ജെട്ടിയില്‍ സള്‍ഫര്‍ ലോഡ് ചെയ്യാന്‍ പോയതായിരുന്നു ഞങ്ങള്‍. പെന്റഗണ്‍ ചാര്‍ട്ടര്‍ ചെയ്ത 'കുനാറഡ് പ്രിന്‍സസ്' എന്ന ബ്രിട്ടീഷ് ക്രൂയിസ് ലൈനര്‍ തൊട്ടടുത്ത് കിടപ്പുണ്ട്. ഇറാക്കിനെതിരെ നടത്തുന്ന Desert Storm എന്ന യുദ്ധത്തില്‍ പങ്കെടുക്കാന്‍ വന്ന സൈനികര്‍ക്ക് മൂന്ന് ദിവസത്തെ ലക്ഷ്വറി ജീവിതം കൊടുക്കാനാണ് ഈ കപ്പല്‍ ഇവിടെ തമ്പടിച്ചിരിക്കുന്നത്. 'Welcome aboard desert shield േൃീops'

സുഖസൗന്ദര്യത്തിന്റെ ഒരു പാക്കേജാണത് ഫിലിപ്പൈന്‍സ്, തായ്‌ലാന്റ്,ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും സൗന്ദര്യവതികളുമുള്‍പ്പെടുന്ന പാക്കേജ്.

ഗള്‍ഫ് യുദ്ധ കാലത്ത് അവിടെയെത്തിയ 3,35000 സൈനികരില്‍ 26000 പേര്‍ സ്ത്രീകളായിരുന്നു. മാസങ്ങളോളം സ്വന്തം നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും മാറി നില്ക്കു മ്പോള്‍ ഉണ്ടാവുന്ന മനക്ഷതം മാറ്റിഎടുക്കാനാണ് പെന്റഗണ്‍ ഈ ലക്ഷ്വറി ജീവിതം അവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്..

ഒരു ഭാഗത്ത് സദ്ദാമിന്റെ സൈന്യം കുവൈറ്റികളെ പീഡിപ്പിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ മറുഭാഗത്ത് അമേരിക്കന്‍ സൈന്യത്തിലെ ചില വീരന്മാര്‍ സ്വന്തം മിലിട്ടറിയിലെ സ്ത്രീകളെയും ബലാല്‍സംഗം ചെയ്ത റിപ്പോര്‍ട്ടുകള്‍ യുദ്ധാനന്തരം പുറത്ത് വന്നു. മരുഭൂമിയിലും ലക്ഷ്വറി കപ്പലിലും നടന്ന പീഡനകഥകളുടെ ഒട്ടനവധി കേസുകള്‍ ഡിഫന്‍സിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

യുദ്ധം ഒരു മനുഷ്യക്കെടുതിയാണ്.

സര്‍പ്പ വിഷം മുനയ്ക്കുള്ളില്‍ ഒളിപ്പിച്ച നാഗാസ്ത്രങ്ങളില്‍ നിന്നും മിസൈലിലേക്ക് പുരോഗമിച്ചവന്റെ മനസ്സിന് ഒരു വളര്‍ച്ചയും ഇതേവരെ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്ന മഹാദുരന്തം.